

ഒ.ജെ. ജനീഷ്
https://www.facebook.com/janeeshoj
AI generated summary, newsroom reviewed
ലിന്‍റിഷ് ആന്‍റോ
മാള | തൃശൂർ ജില്ലയിലെ കുഴൂരിൽ നിന്ന് ആരംഭിച്ച് കേരള രാഷ്ട്രീയത്തിന്‍റെ മുൻനിരയിലേക്ക് വളർന്ന ഒ.ജെ. ജനീഷിന്‍റെ ജീവിതം അതിജീവനത്തിന്‍റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെയും കഥയാണ്. ഓടാശ്ശേരി ജനരഞ്ജൻ–പുഷ്പ ദമ്പതികളുടെ മൂത്ത മകനായി 1988-ലാണ് ജനീഷ് ജനിച്ചത്.
പഠനവും ജീവിതവും
പോളിടെക്നിക്കിൽ പഠിക്കുമ്പോൾ അപ്രതീക്ഷിതമായി പിതാവിനെ നഷ്ടപ്പെട്ടതോടെ ആ കൗമാരക്കാരന്‍റെ തോളിലേക്ക് കുടുംബത്തിന്‍റെ വലിയ ഉത്തരവാദിത്വങ്ങൾ വന്നുചേർന്നു. ചാലക്കുടിയിൽ ബാർ ജീവനക്കാരനായിരുന്ന പിതാവിന്‍റെ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ പകച്ചുനിൽക്കാതെ, അമ്മ പുഷ്പക്കൊപ്പം കുടുംബത്തെ മുന്നോട്ട് നയിക്കാനായിരുന്നു പിന്നെ ജനീഷിന്‍റെ ഓട്ടം.
തൊഴിലുറപ്പ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്താണ് പുഷ്പ മക്കളെ വളർത്തിയത്. അമ്മയുടെ കഷ്ടപ്പാടുകൾക്ക് താങ്ങാകാൻ, കോളെജ് വിദ്യാഭ്യാസത്തോടൊപ്പം സെക്യൂരിറ്റി ജോലി ഉൾപ്പെടെയുള്ള പാർട്ട് ടൈം ജോലികൾ ജനീഷും സ്വീകരിച്ചു. അങ്ങനെ ജീവിതവും പഠനവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോയ നാളുകൾ.
തളരാത്ത പോരാളി
വിദ്യാഭ്യാസ കാലം മുതൽക്കേ ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ജനീഷ്, ശാരീരികമായ ആക്രമണങ്ങളെയും ഭരണകൂടത്തിന്‍റെ അടിച്ചമർത്തലുകളെയും അതിജീവിച്ചാണ് വളർന്നുവന്നത്. വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ കാലത്ത് എതിർ പാർട്ടിക്കാരിൽ നിന്നും പൊലീസിൽ നിന്നും ക്രൂര മർദനങ്ങൾ ഏറ്റുവാങ്ങി.
തൃശൂർ ഗവൺമെന്‍റ് ലോ കോളെജിൽ പഠിക്കുന്ന സമയത്ത് ഏറ്റ അതിഭീകരമായ മർദനത്തെത്തുടർന്ന് പലതവണ ആശുപത്രിയിലായി. പക്ഷേ, അവകാശ പോരാട്ടങ്ങളിൽ നിന്ന് ഒരടി പോലും പിന്നോട്ടുപോകാൻ തയാറായില്ല. ആ നിശ്ചയദാർഢ്യം തന്നെയാണ് ജനീഷിനെ പിൽക്കാലത്ത് ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാക്കി മാറ്റിയത്.
കെ-റെയിൽ വിരുദ്ധ സമരത്തിൽ ഒ.ജെ. ജനീഷ്.
https://www.facebook.com/janeeshoj
ടോൾ പ്ലാസ മുതൽ നവകേരള സദസ് വരെ
ജനീഷിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകളിലൊന്നായിരുന്നു പാലിയേക്കര ടോൾ പ്ലാസക്കെതിരായ സമരം. സുപ്രീം കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിൽ, ടോൾ പിരിവിലെ ക്രമക്കേടുകൾക്കെതിരേ ശക്തമായ വിധി സമ്പാദിക്കാൻ സാധിച്ചു.
സംസ്ഥാന സർക്കാരിനെതിരേയും ജനകീയ സമരങ്ങളുടെ മുന്നണിയിൽ ജനീഷ് ഉണ്ടായിരുന്നു. നവകേരള സദസിനെതിരായ പ്രതിഷേധത്തെത്തുടർന്ന് 21 ദിവസം ജയിലിൽ കിടന്നു. പാഠപുസ്തക സമരം ഉൾപ്പെടെയുള്ള വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്‍റെ പേരിൽ എഴുപതോളം കേസുകൾ ഇപ്പോഴും അദ്ദേഹത്തിനെതിരേയുണ്ട്. ജനങ്ങൾക്കു വേണ്ടി തെരുവിലിറങ്ങിയതിന്‍റെ പേരിൽ പാസ്‌പോർട്ട് തടയുന്നത് അടക്കമുള്ള നടപടികളും നേരിട്ടു.
സമര മുഖങ്ങളിലെ തളരാത്ത പോരാളി.
https://www.facebook.com/janeeshoj
ജനകീയന് ജനങ്ങളുടെ അംഗീകാരം
രാഷ്ട്രീയ-ജീവത പോരാട്ടങ്ങൾക്കിടയിൽ വിദ്യാഭ്യാസ രംഗത്തും മികവ് പുലർത്തിയ ജനീഷ്, കുഴൂർ ഗവൺമെന്‍റ് ഹൈസ്കൂളിലും പുത്തൻവേലിക്കര വിസിഎസ്എച്ച്എസ്എസിലുമായാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. പെരുമ്പാവൂർ ഗവൺമെന്‍റ് പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിപ്ലോമയും തുടർന്ന് തൃശൂർ ഗവൺമെന്‍റ് ലോ കോളെജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി.
നിലവിൽ ചാലക്കുടിയിലെ പ്രമുഖ അഭിഭാഷകൻ എം.കെ. റോയിയുടെ ജൂനിയറായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം, യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലെ മികച്ച പ്രവർത്തനങ്ങൾക്കു ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായി.
അഭിഭാഷകയായ ശ്രീലക്ഷ്മിയാണ് ഭാര്യ, ധനേഷ് ഏക സഹോദരനാണ്. പൊരുതി നേടിയ ജീവിതാനുഭവങ്ങളുമായി കൊടുങ്ങല്ലൂർ മണ്ഡലത്തിന്‍റെ വികസന സ്വപ്നങ്ങൾക്ക് കാവലാളാകാനാണ് ജനീഷ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. ജനങ്ങൾക്കൊപ്പം നിന്ന ജനീഷിനെ ജനങ്ങൾ കൈവിട്ടില്ല. കന്നിയങ്കം ജയിച്ചു കയറിയ യുവ എംഎൽഎയ്ക്ക് കിട്ടുന്ന മന്ത്രിസ്ഥാനം, ജനകീയ പ്രശ്നങ്ങളിൽ തളരാതെ പോരാടിയതിനുള്ള അംഗീകാരവും, ഒപ്പം അവസാനിക്കാത്ത പോരാട്ടങ്ങൾക്ക് ഇന്ധനവുമാണ്.