​​ന്യൂനപക്ഷ, പിന്നാക്ക വികാരങ്ങളും ഇടതു പരാജയവും

രാജ്യത്തെ നിലവിലുള്ള ജാതി സംവരണം വെറും "മനക്കണക്കുകളുടെ' അടിസ്ഥാനത്തിലാണ്.
Minority and backward sentiments and the failure of the Left

​​ന്യൂനപക്ഷ, പിന്നാക്ക വികാരങ്ങളും ഇടതു പരാജയവും

Updated on

അഡ്വ. ജി. സുഗുണന്‍

പ്രാദേശിക പ്രശ്‌നങ്ങളോടൊപ്പം രാഷ്‌ട്രീയ പ്രശ്‌നങ്ങളും സ്വഭാവികമായും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കടന്നുവരാറുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളെക്കാള്‍ കൂടുതല്‍ രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായതായാണു റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സാധാരണ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം ലഭിക്കാറുള്ളത്. ആയിരക്കണക്കിന് സ്ഥാനാര്‍ഥികളില്‍ സ്വാഭാവികമായും വാര്‍ഡിലെ ജനങ്ങളുമായി കൂടുതല്‍ ബന്ധം ഇടതു സ്ഥാനാര്‍ഥികള്‍ക്ക് ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ അവർക്ക് വോട്ടര്‍മാര്‍ മുന്‍തൂക്കം നല്‍കിവരുന്നതും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു രാഷ്‌ട്രീയ നീരീക്ഷകന്‍ ഈ ലേഖകനോട് പറഞ്ഞത് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 5 ശതമാനത്തോളം കൂടുതൽ വോട്ടുകൾ തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുമെന്നാണ്.

എന്നാല്‍, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗണ്യമായ നിലയില്‍ സീറ്റിന്‍റെയും വോട്ടിന്‍റെയും കുറവ് ഇടതുപക്ഷത്തിന് ഉണ്ടായിരിക്കുകയാണ്. ഈ ദുഃസ്ഥിതിയുടെ കാരണം ഗൗരവമായി പരിശോധിക്കുമെന്നും തിരുത്തേണ്ടത് തിരുത്തുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും, ശബരിമലയിലെ സ്വര്‍ണക്കൊള്ള ഈ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും സിപിഎം പ്രസ്താവിച്ചു കണ്ടു. ആ നിലപാട് വസ്തുതാപരമാണോ എന്നു വിലയിരുത്തേണ്ടത് ജനങ്ങളാണ്.

കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ അടിത്തറ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയില്‍ നില്‍ക്കുന്ന ലക്ഷോപലക്ഷം ജനങ്ങളാണ്. അവരില്‍ മഹാഭൂരിപക്ഷവും പിന്നാക്ക - ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരുമാണ്. ഇക്കൂട്ടര്‍ ജനസംഖ്യയില്‍ 87% വരുമെന്നാണ് അനദ്യോഗിക കണക്ക്. ഈ വിഭാഗത്തെയാണ് ഇടതുപക്ഷം കൂടെ നിര്‍ത്തേണ്ടത്. ഇടതുപക്ഷത്തിന്‍റെ "വര്‍ഗം' പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളാണ്. അവർക്കു വേണ്ട നയ സമീപനങ്ങളാണ് സിപിഎമ്മില്‍ നിന്നും ഉണ്ടാവേണ്ടത്.

സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കും ഉപരി സാമൂഹികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരവുമായിട്ടുള്ള വലിയ പിന്നാക്കാവസ്ഥയാണ് ഈ ജനവിഭാഗങ്ങളാകെ നേരിടുന്നത്. നൂറ്റാണ്ടുകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവരാണിവര്‍. ഇവരെ ഉയര്‍ത്തിക്കാണ്ടുവരാനാണ് ഭരണഘടനയില്‍ തന്നെ സംവരണം ഉല്‍പ്പെടുത്തിയത്. സംവരണത്തിന്‍റെ അടിത്തറ ഒരിക്കലും സാമ്പത്തികമല്ല.

എന്നാല്‍ ഈ വസ്തുതയ്ക്ക് വിരുദ്ധമായാണ് ഒന്നാം പിണറായി സര്‍ക്കാര്‍ രാജ്യത്താദ്യമായി സാമ്പത്തിക സംവരണം കേരളത്തില്‍ നടപ്പിലാക്കിയത്. മുന്നാക്ക സമുദായങ്ങള്‍ 97% ജോലി ചെയ്യുന്ന ദേവസ്വം ബോർഡിലാണ് 10% മുന്നാക്ക സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. സംസ്ഥാനത്ത് നടപ്പിലാക്കിയ ഈ സംവരണത്തിന്‍റെ ചുവടുപിടിച്ചാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ 10% മുന്നാക്ക സാമ്പത്തിക സംവരണം രാജ്യത്തു നടപ്പാക്കിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും 10% സാമ്പത്തിക സംവരണം നടപ്പിലാക്കും മുമ്പു തന്നെ ആവേശപൂര്‍വം കേരളത്തില്‍ അത് നടപ്പിലാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്.

പിന്നാക്ക ജനവിഭാഗത്തിന്‍റെ വികാരങ്ങളെ മാനിക്കാതെയുള്ള ഈ നടപടികള്‍ക്ക് വളരെ ശക്തമായി എതിര്‍പ്പാണ് ആ ജനവിഭാഗങ്ങളില്‍ നിന്നും ഉണ്ടായത്.

രാജ്യത്തെ നിലവിലുള്ള ജാതി സംവരണം വെറും "മനക്കണക്കുകളുടെ' അടിസ്ഥാനത്തിലാണ്. ജാതി അടിസ്ഥാനത്തിലുള്ള വിവരങ്ങളുടെ ഒരു രേഖയും ഇല്ലെന്നതാണ് വസ്തുത. പ്രധാനമന്ത്രി മന്‍മോഹൻ സിങ്ങിന്‍റെ കാലത്ത് യുപിഎ സര്‍ക്കാര്‍ ജാതി സെന്‍സസ് എടുത്തെങ്കിലും അത് പുറത്തുവന്നില്ല. പിന്നാക്ക ജനവിഭാഗങ്ങള്‍ 87%, മുന്നാക്കക്കാര്‍ 13% എന്നാണ് അനൗദ്യോഗിക കണക്കുകള്‍. പക്ഷേ, സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മറ്റും ഏതാണ്ട് 65% മുന്നാക്കക്കാരുടെ കൈവശമാണ്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഭാരവാഹികളില്‍ മഹാഭൂരിപക്ഷവും മുന്നാക്ക സമുദായങ്ങളില്‍പ്പെട്ടവരാണ്. മുന്നാക്ക വിഭാഗങ്ങളാണ് ഭൂരിപക്ഷം എന്നു പറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ സീറ്റുകളില്‍ കൂടുതലും മുന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവര്‍ എല്ലാ പാര്‍ട്ടികളിലും കൈവശപ്പെടുത്തുന്നു. ജാതി സെന്‍സസ് നടപ്പാക്കി സാമുദായികമായ കണക്കു വന്നാലേ ഈ സ്ഥിതിക്ക് കുറച്ചെങ്കിലും പരിഹാരം കാണാനാവൂ. അതുകൊണ്ടാണ് സവര്‍ണ വിഭാഗം ഇപ്പോഴും ജാതി സെന്‍സസിനെ നഖശിഖാന്തം എതിര്‍ക്കുന്നത്.

ജാതി സെന്‍സസ് നടപ്പാക്കണമെന്ന് രാജ്യത്താദ്യമായി ശക്തമായി ആവശ്യപ്പെട്ടത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറാണ്. അദ്ദേഹം അത് അവിടെ നടപ്പിലാക്കുകയും സെന്‍സസിന്‍റെ അടിസ്ഥാനത്തില്‍ പിന്നാക്ക സംവരണം ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തു. അതിനു ജനങ്ങൾ നല്‍കിയ അംഗീകാരമാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷിന്‍റെ നേതൃത്വത്തിലുള്ള മുന്നണിക്കു കിട്ടിയ വന്‍ വിജയം. പിന്നാക്ക ജനവിഭാഗങ്ങള്‍ മഹാഭൂരിപക്ഷമുള്ള ബിഹാറില്‍ അവരുടെ വികാരങ്ങള്‍ മാനിക്കാന്‍ തയാറായ നിതീഷിനെ ജനങ്ങള്‍ അംഗീകരിച്ചതില്‍ യാതൊരു അത്ഭുതവുമില്ല. അതിന്‍റെ ആനുകൂല്യം അദ്ദേഹത്തിന്‍റെ മുന്നണിയിലെ ബിജെപിക്കും കിട്ടിയെന്ന് മാത്രം.

അര ഡസനോളം സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടപ്പിലാക്കുകയോ അതിനായി നടപടികള്‍ ആരംഭിക്കുകയോ ചെയ്തിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍, ഇടതുപക്ഷം അധികാരത്തിലുള്ള നമ്മുടെ സംസ്ഥാനത്ത് അതിനുള്ള ഒരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല. മാത്രമല്ല, ജാതി സെന്‍സസ് നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് പറഞ്ഞ് ഈ ബാധ്യതയില്‍ നിന്നും കൈയൊഴിയുകയും ചെയ്തു. മുന്നാക്ക- സവര്‍ണ വിഭാഗത്തെ ഭയന്നാണ് പിണറായി സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചതെന്നാണ് പിന്നാക്ക ജനവിഭാഗം കരുതുന്നത്. ജാതി സെന്‍സസ് നടത്തി സംവരണ ശതമാനം കൂട്ടണമെന്ന ജനവികാരത്തെ നിഷ്‌കരുണം അവഗണിച്ച് തള്ളുകയാണ് പിണറായി സര്‍ക്കാര്‍.

ജാതി സെന്‍സസിനേയും സംവരണത്തേയും ശക്തമായി എതിര്‍ക്കുന്ന എന്‍എസ്എസ് പോലുള്ള മുന്നാക്ക വിഭാഗ സാമൂഹിക സംഘടനകളുമായുള്ള സിപിഎമ്മിന്‍റെ പുതിയ ബന്ധങ്ങള്‍ പിന്നാക്ക ജനവിഭാഗങ്ങളില്‍ വലിയ അതൃപ്തിക്കു കാരണമായി. എന്‍എസ്എസ് അടുത്തകാലത്തൊന്നും ഒരു തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടെടുത്തിട്ടില്ല. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ സഹായിച്ചില്ല. സഹായിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം നഗരം ഒരിക്കലും ബിജെപിയുടെ കൈയില്‍ വരുമായിരുന്നില്ല.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി, പ്രത്യേകിച്ച് മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരായി നിരന്തരം പ്രസ്താവനകള്‍ നടത്തുന്നു. അദ്ദേഹവുമായുള്ള പിണറായി വിജയന്‍റെയും മറ്റും അടുപ്പം ന്യൂനപക്ഷങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയതും മറ്റും മുസ്‌ലിം ജനവിഭാഗത്തിന് സിപിഎമ്മിനോടുള്ള അതൃപ്തി വര്‍ധിപ്പിച്ചു.

വര്‍ഷങ്ങളായി സിപിഎം മുസ്‌ലിം ലീഗിനെ രാഷ്‌ട്രീയമായി എതിര്‍ത്തു കൊണ്ടിരിക്കുകയാണ്. അതില്‍ ആര്‍ക്കും വിയോജിപ്പുമില്ല. എന്നാല്‍ മിക്ക മുസ്‌ലിം സംഘടനകളേയും അടച്ചാക്ഷേപിക്കുകയും, ഇക്കൂട്ടരെല്ലാം ന്യൂനപക്ഷ വര്‍ഗീയത പ്രചരിപ്പിക്കുകയുമാണെന്ന് വിമർശിക്കുകയും ചെയ്യുന്നതു കൊണ്ട് ന്യൂനപക്ഷങ്ങളാകെ സിപിഎമ്മിന് എതിരായി മാറുകയാണെന്ന യാഥാര്‍ഥ്യം നേതൃത്വം മനസിലാക്കണം.

വിദ്യാഭ്യാസ മേഖലയില്‍ ക്യാബിനറ്റ് തീരുമാനം പോലുമില്ലാതെ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതും പുതിയ കേന്ദ്ര ലേബര്‍ കോഡുകള്‍ നടപ്പാക്കാന്‍ സംസ്ഥാനം പ്രാഥമിക വിജ്ഞാപനം പുറപ്പെടിവിച്ചതും സിപിഎം -ബിജെപി ബാന്ധവത്തിന്‍റെ ഭാഗമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുയും, ന്യൂനപക്ഷത്തെ പാര്‍ട്ടിയില്‍ നിന്നും അകറ്റുകയും ചെയ്തിട്ടുണ്ട്. സവര്‍ണ ജാതിസംഘടനകൾ അടക്കമുള്ള ചിലർക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം കൊടുക്കുന്നതും അവരുമായി സഹകരിക്കുന്നതും ന്യൂനപക്ഷത്തെ ഇടതുപക്ഷത്തില്‍ നിന്നും അകറ്റി.

ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ പോലും ഇന്ന് നിഷേധിക്കപ്പെടുന്നു. കൃസ്ത്യന്‍, മുസ്‌ലിം പള്ളികളും ദേവാലയങ്ങളും തകര്‍ക്കപ്പെടുക മാത്രമല്ല, പൗരത്വ ഭേദഗതി നിയമം പോലുള്ളവ പാസാക്കി ഇക്കൂട്ടരുടെ ജീവിക്കാനുള്ള അവകാശം പോലും കേന്ദ്ര ഭരണകൂടം നിക്ഷേധിക്കുന്നു. അതുകൊണ്ടു തന്നെ ന്യൂനപക്ഷത്തെ ആകെ കൂടെ നിര്‍ത്തുകയും ആ വിഭാഗത്തെ സംസക്ഷിക്കുകയും ചെയ്യേണ്ട ബാധ്യതയാണ് സിപിഎമ്മിനും ഇടതുപക്ഷത്തിനുമുള്ളത്. സിപിഎം സ്വീകരിച്ചിരിക്കുന്നതായി ജനങ്ങള്‍ കരുതുന്ന "ഇടതു ഹിന്ദുത്വ' പ്രീണന സമീപനം ഒരിക്കലം ഇടതുപക്ഷത്തിന് ഗുണകരമല്ല. ഹിന്ദുത്വത്തിന് ഇന്നൊരു പാര്‍ട്ടിയുണ്ട്. അത് ബിജെപിയുമാണ്. ഹിന്ദുത്വം പറഞ്ഞ് ഹിന്ദുത്വവാദികളുടെ വോട്ടു തട്ടാന്‍ മറ്റാരും ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. അത് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെല്ലാം ബോധ്യം വന്നിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ പഴയ മൃദു ഹിന്ദുത്വ സമീപനത്തില്‍ മാറ്റം വരുത്തിയത്. നിര്‍ഭാഗ്യവശാല്‍ സിപിഎമ്മിന്‍റെ ചില സവര്‍ണ പ്രീണന നയങ്ങള്‍ പിന്നാക്ക ജനവിഭാഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി. അത് ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ പിന്നാക്ക, ദളിത്, മുസ്‌ലിം, ന്യൂനപക്ഷ വിഭാഗങ്ങളുടെ മുഖ്യതൊഴിലായ കയര്‍, നെയ്ത്ത്, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ മിക്കവാറും നിലച്ചിരിക്കുകയാണ്. അവ നിലനിർത്താൻ ആത്മാര്‍ഥമായ ഒരു നടപടിയും ഇടതു സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അതിന്‍റെയും പ്രതിഫലനം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ട്.

പരാജയത്തിന് നിശ്ചയമായും ശബരിമല സ്വര്‍ണക്കൊള്ളയും ഭരണവിരുദ്ധ വികാരവുമെല്ലാം കാര്യമായ പങ്ക് വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു എന്ന വ്യാപകമായ ആക്ഷേപം ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയിലും ഗവണ്‍മെന്‍റിലുമെല്ലാം തീരുമാനം അദ്ദേഹത്തിന്‍റേതു മാത്രമാണെന്നാണ് ജനങ്ങള്‍ കരുതുന്നത്. സിപിഎം ഇപ്പോള്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നശിച്ച പാര്‍ട്ടിയും, അടിമകളുടെ പാര്‍ട്ടിയുമായി മാറിയെന്ന് ഇടതുപക്ഷക്കാര്‍ പോലും കരുതുന്ന സാഹചര്യവുമുണ്ട്. ഇതിനൊക്കെയുള്ള പരിഹാരവും ഉടന്‍ കണ്ടേ മതിയാവൂ.

ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പില്‍ അക്ഷരാര്‍ഥത്തില്‍ പരാജയപ്പെട്ടു. ജനവികാരം പാര്‍ട്ടിക്കെതിരാണ്. ഈ സംസ്ഥാനത്തെ നയിക്കേണ്ടത് ഇടതു പക്ഷമാണെന്നുള്ളത് തര്‍ക്കമില്ല. അതുകൊണ്ടു തന്നെ തെറ്റായ നിലപാടുകള്‍ തിരുത്താനും പിന്നാക്ക - ന്യൂനപക്ഷ ജനവിഭാഗത്തിന്‍റേത് അടക്കമുള്ള വികാരങ്ങളെ മാനിക്കാനും വൈകിയ വേളയിലെങ്കിലും ഇടതുപക്ഷ നേതൃത്വം തയാറാകണം.

(ലേഖകന്‍റെ ഫോണ്‍ : 9847132428)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com