ആനക്കടമ്പ കടന്ന് ദൗത്യം : അരിക്കൊമ്പനെ 'കാട്' കടത്തി

പെരുമഴയത്ത് പാതിമയക്കത്തിൽ, കഴുത്തിൽ നിരന്തര നിരീക്ഷണത്തിന്‍റെ റേഡിയോ കോളറുമായി, അതുവരെ വിഹരിച്ച ആനത്താരകളിൽ നിന്നും അരിക്കൊമ്പൻ അകന്നു
ആനക്കടമ്പ കടന്ന് ദൗത്യം : അരിക്കൊമ്പനെ 'കാട്' കടത്തി

ഇടുക്കി: ചിന്നക്കനാൽ-ശാന്തൻപാറ മേഖലകളിൽ ഭീതി വിതച്ചിരുന്ന അരിക്കൊമ്പനെ പിടികൂടിയത് രണ്ടു ദിവസത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ. സുപ്രീം കോടതി വരെ ഇടപെട്ട അരിക്കൊമ്പൻ വിഷയത്തിൽ, മനുഷ്യന്‍റെ ആസൂത്രണങ്ങൾക്കും അപ്പുറമായിരുന്നു കാടിനെ ഏറെ അറിയുന്ന അരിക്കൊമ്പന്‍റെ നീക്കങ്ങൾ.

അനിശ്ചിതത്വങ്ങളുടെ ആദ്യദിനം. സർവ സന്നാഹങ്ങളുമായി ദൗത്യസംഘം പ്രദേശത്ത് എത്തിയെങ്കിലും അരിക്കൊമ്പൻ അപ്രത്യക്ഷനായിരുന്നു. പുലർച്ചെ അഞ്ചു മണിയോടടുപ്പിച്ചു തന്നെ മിഷൻ അരിക്കൊമ്പനു തുടക്കമായി, എന്നാൽ സ്ഥിരം കാണുന്ന പ്രദേശങ്ങളിലൊന്നും കാട്ടാനയില്ലായിരുന്നു. അരിക്കൊമ്പനെന്നു തെറ്റിദ്ധരിച്ച് ചക്കക്കൊമ്പനെ നിരീക്ഷിച്ചതും ദൗത്യത്തെ സങ്കീർണമാക്കി. ഒരു പകൽ മുഴുവൻ ദൗത്യസംഘത്തിന്‍റെ കാഴ്ചയുടെ പരിധിയിലേക്കു പോലും വരാതെ അരിക്കൊമ്പൻ മറഞ്ഞിരുന്നു.

ഒടുവിൽ ഉച്ചയ്ക്കു ശേഷം, ആ ദിവസത്തേക്കു ദൗത്യം നിർത്തിവയ്ക്കാനുള്ള തീരുമാനമെടുത്ത് സംഘം കാടിറങ്ങി. ഒറ്റദിവസം കൊണ്ടു പൂർണതയിലെത്തുന്ന ദൗത്യമല്ല ഇതെന്ന രീതിയിലായിരുന്നു മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ പ്രതികരണം. ആനയുടെ കഴുത്തിൽ ധരിപ്പിക്കാനുള്ള റേഡിയോ കോളറും ബേസ് ക്യാംപിലേക്കു തിരികെയെത്തിച്ചു. തുടർന്നു വൈകിട്ട് ആറു മണിയോടെയാണ് അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട് ഭാഗത്ത് കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നത്.

ആന നിരീക്ഷണത്തിലുണ്ടെന്ന വലിയ സാധ്യതയുടെ രണ്ടാം ദിനത്തിൽ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ദൗത്യത്തിന്‍റെ തുടക്കം. ശങ്കരപാണ്ഡ്യമേടിൽ കണ്ടതു മുതൽ അരിക്കൊമ്പന്‍റെ ഓരോ നീക്കവും സംഘം കൃത്യമായി നിരീക്ഷിച്ചു. പുലർച്ചയോടെ അവിടെ നിന്നും താഴേക്കിറങ്ങി. അരിക്കൊമ്പൻ വിഹരിക്കുന്ന പ്രദേശത്തു നിന്നും സ്ഥലവും സാഹചര്യവും അനുകൂലമാകുന്ന ഇടത്തേക്ക് കാട്ടാന എത്തുമ്പോൾ മയക്കുവെടി വയ്ക്കുക എന്നതായിരുന്നു ലക്ഷ്യം.

പടക്കം പൊട്ടിച്ച് അരിക്കൊമ്പനെ പതുക്കെ താഴേക്കു കൊണ്ടു വന്നു. ഏറെ നേരത്തെ പരിശ്രമത്തിനും ക്ഷമയോടെയുള്ള കാത്തിരിപ്പിനുമൊടുവിൽ രാവിലെ 11.55 ഓടെ അരിക്കൊമ്പനെ ആദ്യ മയക്കുവെടി വച്ചു. മയക്കത്തിലെത്താനുള്ള കാത്തിരിപ്പിന്‍റെ മിനിറ്റുകൾ. അരിക്കൊമ്പനെ കരുത്താൽ വരുതിയിലാക്കാൻ നാല് കുങ്കിയാനകളും സ്ഥലത്തെത്തി. പൂർണമയക്കത്തിലാവുന്നത്, വഴി ഇല്ലാത്തിടത്താണെങ്കിൽ വഴി വെട്ടാനുള്ള ജെസിബിയും എത്തി. എന്നാൽ 12.40നു ബൂസ്റ്റർ ഡോസ് നൽകിയപ്പോഴും അരിക്കൊമ്പൻ പൂർണമയക്കത്തി ലായില്ല. ഇതിനിടയിൽ ദൗത്യപ്രദേശത്ത് ചക്കക്കൊമ്പന്‍റെ സാന്നിധ്യവും ഉണ്ടായി.

അരികിലേക്കു കുങ്കിയാനകൾ നടന്നടുത്ത നിമിഷങ്ങളിലും മയങ്ങാതെ ശക്തിയോടെ തന്നെ അരിക്കൊമ്പൻ നിലകൊണ്ടു. ഒരു ഘട്ടത്തിൽ കുങ്കിയാനകളുടെ നേരെ കുതിക്കുന്ന സാഹചര്യവുമുണ്ടായി. ഒടുവിൽ അഞ്ചാം വട്ടം മയക്കുവെടി വച്ചതിനു ശേഷം മാത്രമാണു മുപ്പത്തഞ്ചുകാരൻ ആനയെ ചെറുതായെങ്കിലും മയക്കാനായത്. അപ്പോഴേക്കും റോഡിൽ നിന്നു അൽപ്പം ദൂരെയായി അരിക്കൊമ്പൻ എത്തിയിരുന്നു. പിന്നീട് ഏറെ ശ്രമകരമായി, കുങ്കിയാനകളുടെ കാവലിൽ, ആനയുടെ നാലു കാലുകൾ വടം ഉപയോഗിച്ചു ബന്ധിച്ചു. അതിനുശേഷം കറുത്ത തുണി ഉപയോഗിച്ച് കണ്ണുകളും കെട്ടി. പതുക്കെ പതുക്കെ അരിക്കൊമ്പനെ പൂർണമായും വരുതിയിലാക്കി.

ദൗത്യത്തിന്‍റെ അവസാനഘട്ടത്തിൽ പ്രദേശത്ത് മഴ പെയ്തതും ശക്തമായി കാറ്റടിച്ചതും കനത്ത മൂടൽമഞ്ഞും തിരിച്ചടിയായി. ജെസിബി ഉപയോഗിച്ചു വഴിവെട്ടി ലോറി എത്തിച്ച്, കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ വാഹനത്തിലേക്കു കയറ്റാനുള്ള ശ്രമം തുടങ്ങിയത്. എന്നാൽ ആദ്യഘട്ടത്തിൽ തള്ളിക്കളയാനുള്ള കുങ്കിയാനകളുടെ എല്ലാ ശ്രമത്തെയും ശക്തമായി തന്നെ അരിക്കൊമ്പൻ പ്രതിരോധിച്ചു. ഒടുവിൽ പെരുമഴയത്ത് പാതിമയക്കത്തിൽ, കഴുത്തിൽ നിരന്തര നിരീക്ഷണത്തിന്‍റെ റേഡിയോ കോളറുമായി, അതുവരെ വിഹരിച്ച ആനത്താരകളിൽ നിന്നും അരിക്കൊമ്പൻ അകന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com