മിസോറാം റെയ്‌ൽവേ ഭൂപടത്തിൽ

51 കിലോമീറ്റർ പാത ശനിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Mizoram Railway on the map

മിസോറാം റെയ്‌ൽവേ ഭൂപടത്തിൽ

Updated on

അശ്വിനി വൈഷ്ണവ്

വികസനത്തിനായി കാത്തിരിക്കുന്ന ഒരു വിദൂര അതിർത്തി പ്രദേശമായാണ് വടക്കുകിഴക്കൻ മേഖലയെ പതിറ്റാണ്ടുകളായി കണക്കാക്കിയിരുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വസിച്ചിരുന്ന നമ്മുടെ സഹോദരീസഹോദരന്മാർ പുരോഗതിക്കായുള്ള അഭിലാഷങ്ങൾ പേറി ജീവിച്ചു. എന്നാൽ അർഹിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും എത്തിപ്പിടിക്കാനാവാത്ത അവസ്ഥയിൽ തുടരുകയായിരുന്നു അവർ.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത 'ആക്റ്റ് ഈസ്റ്റ്' നയം ഇതെല്ലാം പഴങ്കഥയാക്കി മാറ്റി. വിദൂരമായ അതിർത്തി പ്രദേശമെന്ന നിലയിൽ നിന്ന്, രാജ്യത്തിന്‍റെ മുൻനിര പ്രദേശങ്ങളിലൊന്നായി ഇപ്പോൾ വടക്കുകിഴക്കൻ മേഖല അംഗീകരിക്കപ്പെട്ടിരിക്കുന്നു.

സമാധാനം, പുരോഗതി

റെയ്‌ൽവേ, റോഡുകൾ, വിമാനത്താവളങ്ങൾ, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നീ മേഖലകളിലെ റെക്കോഡ് നിക്ഷേപത്തിലൂടെയാണ് ഈ പരിവർത്തനം സാധ്യമായത്. സമാധാന കരാറുകൾ സ്ഥിരത കൊണ്ടുവന്നു. ഗവൺമെന്‍റ് പദ്ധതികളിൽ നിന്ന് ഇപ്പോൾ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇതാദ്യമായി, ഇന്ത്യയുടെ വികസന ഗാഥയുടെ കേന്ദ്രമായി വടക്കുകിഴക്കൻ മേഖല വീക്ഷിക്കപ്പെടുന്നു.

ഉദാഹരണത്തിന്, റെയ്‌ൽവേ നിക്ഷേപങ്ങൾ. 2009-14നെ അപേക്ഷിച്ച് മേഖലയ്ക്കുള്ള ബജറ്റ് വിഹിതം അഞ്ചു മടങ്ങു വർധിച്ചു. ഈ സാമ്പത്തിക വർഷം മാത്രം ₹10,440 കോടി വകയിരുത്തി. 2014 മുതൽ 2025 വരെയുള്ള മൊത്തം ബജറ്റ് വിഹിതം ₹62,477 കോടിയാണ്. നിലവിൽ ₹77,000 കോടി രൂപയുടെ റെയ്‌ൽവേ പദ്ധതികൾ പുരോഗമിക്കുന്നു. വടക്കുകിഴക്കൻ മേഖല ഇത്തരത്തിലുള്ള റെക്കോഡ് നിക്ഷേപത്തിന് മുമ്പെങ്ങും സാക്ഷ്യം വഹിച്ചിട്ടില്ല.

മിസോറാമിൽ ഇതാദ്യം

ഈ വളർച്ചാ ഗാഥയിലെ അവിഭാജ്യഘടകമാണ് മിസോറാം. സമ്പന്നമായ സംസ്‌കാരത്തിനും കായിക പ്രേമത്തിനും മനോഹരമായ കുന്നുകൾക്കും പേരുകേട്ട സംസ്ഥാനം. എന്നാൽ, പതിറ്റാണ്ടുകളായി, കണക്റ്റിവിറ്റിയുടെ മുഖ്യധാരയിൽ നിന്ന് സംസ്ഥാനം അകന്നു നിന്നു. റോഡ്, വ്യോമ കണക്റ്റിവിറ്റി പരിമിതമായിരുന്നു. തലസ്ഥാന നഗരത്തിൽ പോലും റെയ്‌ൽവേ എത്തിയിരുന്നില്ല. ഇപ്പോൾ സാഹചര്യം അടിമുടി മാറിയിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബൈറാബി- സൈരാങ് റെയ്‌ൽ പാത ഉദ്ഘാടനം ചെയ്യുന്നത് മിസോറാമിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു നാഴികക്കല്ലാണ്. ₹8,000 കോടിയിലധികം ചെലവിൽ നിർമിച്ച 51 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത ഐസ്വാളിനെ ആദ്യമായി ദേശീയ റെയ്‌ൽ ശൃംഖലയുമായി ബന്ധിപ്പിക്കും. ഇതോടൊപ്പം, സൈരാങ്- ഡൽഹി (രാജ്‌ധാനി എക്‌സ്പ്രസ്), കൊൽക്കത്ത (മിസോറാം എക്‌സ്പ്രസ്), ഗുവാഹത്തി (ഐസ്‌വാൾ ഇന്‍റർസിറ്റി) എന്നീ മൂന്നു പുതിയ ട്രെയ്‌ൻ സർവീസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഒഫ് ചെയ്യും.

അതീവ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയാണ് ഈ റെയ്‌ൽ പാത കടന്നുപോകുന്നത്. ഇന്ത്യൻ റെയ്‌ൽ ശൃംഖലയിലേക്കു മിസോറാമിനെ ബന്ധിപ്പിക്കാനായി റെയ്‌ൽവേ എൻജിനീയർമാർ 143 പാലങ്ങളും 45 തുരങ്കങ്ങളും നിർമിച്ചു. കുത്തബ് മിനാറിനേക്കാൾ ഉയരമുള്ളതാണ് നിർമിക്കപ്പെട്ട ഒരു പാലം. ഹിമാലയൻ ഭൂപ്രകൃതിയിലെ പ്രായോഗികത കണക്കിലെടുത്ത്, മറ്റെല്ലാ ഹിമാലയൻ പാതകളെയും പോലെ ഒരു പാലം, തുടർന്ന് ഒരു തുരങ്കം, തുടർന്ന് ഒരു പാലം എന്നിങ്ങനെയാണ് ഈ പാതയും നിർമിച്ചിരിക്കുന്നത്.

ഹിമാലയൻ തുരങ്ക

നിർമാണ രീതി

വടക്കുകിഴക്കൻ ഹിമാലയം മൃദുവായ പർവതനിരകളാണ്. മൃദുവായ മണ്ണും ജൈവവസ്തുക്കളും അടങ്ങിയ വലിയ പ്രദേശങ്ങൾ. ഈ സാഹചര്യത്തിൽ തുരങ്കങ്ങളും പാലങ്ങളും നിർമിക്കുന്നതിൽ അസാധാരണമായ വെല്ലുവിളികൾ നേരിട്ടു. മൃദുവായ മണ്ണിലെ നിർമാണ പ്രവർത്തനങ്ങൾ വെല്ലുവിളികൾ നേരിട്ടതോടെ പരമ്പരാഗത രീതികൾ പരാജയപ്പെടുകയും ചെയ്തു. അതു മറികടക്കാൻ, നമ്മുടെ എൻജിനീയർമാർ നൂതനവും സമർഥവുമായ ഒരു സമീപനം വികസിപ്പിച്ചെടുത്തു. അതിപ്പോൾ 'ഹിമാലയൻ തുരങ്ക നിർമാണ രീതി' എന്നറിയപ്പെടുന്നു.

ഈ സാങ്കേതിക വിദ്യ പ്രകാരം, തുരങ്ക നിർമാണവും മറ്റു നിർമാണ പ്രവർത്തനങ്ങളും നടത്താനായി ആദ്യം മണ്ണ് സ്ഥിരപ്പെടുത്തുകയും പിന്നീട് ദൃഢമാക്കുകയും ചെയ്യുന്നു. മേഖലയിലെ ബുദ്ധിമുട്ടേറിയ പദ്ധതികളിൽ ഒന്ന് പൂർത്തിയാക്കാൻ ഇത് സഹായിച്ചു. ഭൂകമ്പങ്ങൾക്കു സാധ്യതയുള്ള ഒരു പ്രദേശത്ത് വലിയ ഉയരത്തിലുള്ള പാലങ്ങളുടെ സ്ഥിരത ഉറപ്പാക്കുക എന്നതായിരുന്നു മറ്റൊരു പ്രധാന വെല്ലുവിളി. അവിടെയും, പാലങ്ങളെ പ്രതിരോധ ശേഷിയുള്ളതും സുരക്ഷിതവുമാക്കുന്നതിന് പ്രത്യേക രൂപകൽപ്പനയും നൂതന സാങ്കേതിക വിദ്യകളും വിന്യസിച്ചു.

ലോകമെമ്പാടുമുള്ള സമാന ഭൂപ്രദേശങ്ങൾക്ക് ഒരു മാതൃകയാണ് ഈ സ്വദേശി‌ നിർമിത നൂതനാശയം. ഇത് സാധ്യമാക്കാൻ ആയിരക്കണക്കിന് എൻജിനീയർമാരും തൊഴിലാളികളും പ്രാദേശിക സമൂഹങ്ങളും ഒത്തുചേർന്നു പ്രവർത്തിച്ചു. ഇന്ത്യ നിർമിക്കാനുള്ള ദൃഢനിശ്ചയം സ്വീകരിക്കുമ്പോൾ, ബുദ്ധിപൂർവം നിർമാണം പൂർത്തിയാക്കുന്നു!!

കാത്തിരിക്കുന്ന നേട്ടങ്ങൾ

വളർച്ചയുടെ എൻജിനായി റെയ്‌ൽവേ കണക്കാക്കപ്പെടുന്നു. ഇത് പുതിയ വിപണികളെ ബന്ധിപ്പിക്കുകയും വ്യാപാര അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. മിസോറാമിലെ ജനങ്ങൾക്ക് പുതിയ റെയ്‌ൽ പാത ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തും. മിസോറാമിൽ നിന്ന് രാജധാനി എക്സ്പ്രസ് ആരംഭിക്കുന്നതോടെ ഐസ്വാളിനും ഡൽഹിക്കും മധ്യേയുള്ള യാത്രാ സമയം 8 മണിക്കൂർ കുറയും. പുതിയ എക്സ്പ്രസ് ട്രെയ്‌നുകൾ ഐസ്വാൾ, കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലേക്കുള്ള യാത്ര വേഗത്തിൽ പൂർത്തിയാക്കാനും സുഗമമാക്കാനും സഹായിക്കും.

കർഷകർക്ക്, വിശിഷ്യാ, മുള കൃഷിയിലും പൂന്തോട്ട പരിപാലനത്തിലും ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക്, ഉത്പന്നങ്ങൾ വിശാലമായ വിപണികളിലേക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും എത്തിക്കാൻ സാധിക്കും. ഭക്ഷ്യധാന്യങ്ങൾ, വളങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ ചരക്കുനീക്കം സുഗമമാകും. മിസോറാമിന്‍റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വഴിതെളിയുന്നതോടെ വിനോദസഞ്ചാരത്തിനും ഉത്തേജനം ലഭിക്കും. ഇത് പ്രാദേശിക ബിസിനസുകൾക്കും യുവാക്കൾക്കും അവസരങ്ങൾ സൃഷ്ടിക്കും.

ഈ പദ്ധതിയിലൂടെ ജനങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴിൽ എന്നിവയിലേക്ക് മികച്ച പ്രവേശനം ഉറപ്പാക്കാം. മിസോറാമിനെ സംബന്ധിച്ചിടത്തോളം ഈ കണക്റ്റിവിറ്റി വൻ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇനി മേൽ, ഐസ്വാൾ കേവലം വിദൂരമായ ഒരു പ്രദേശമല്ല എന്നർഥം.

രാജ്യമെമ്പാടുമുള്ള വികസനം

രാജ്യമെമ്പാടുമുള്ള റെയ്‌ൽവേ വികസനം റെക്കോഡ് പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നു. അടുത്തിടെ 100ലധികം അമൃത് ഭാരത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. 1,200 സ്റ്റേഷനുകൾ കൂടി വികസന പാതയിലാണ്. 150ലധികം അതിവേഗ വന്ദേ ഭാരത് ട്രെയ്‌നുകൾ യാത്രക്കാർക്കുള്ള സൗകര്യങ്ങളുടെ കാര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു. ഏതാണ്ട് മുഴുവൻ ശൃംഖലയുടെയും വൈദ്യുതീകരണം അതിനെ കൂടുതൽ ഹരിതാഭമാക്കുന്നു.

2014ന് ശേഷം, 35,000 കിലോമീറ്റർ റെയ്‌ൽ പാത പുതുതായി നിർമിച്ചു. 6 പതിറ്റാണ്ടുകളിൽ സാധ്യമായതിനേക്കാൾ കൂടുതലാണിത്. കഴിഞ്ഞ വർഷം മാത്രം 3,200 കിലോമീറ്റർ പുതിയ റെയ്‌ൽവേ ലൈനുകൾ കൂട്ടിച്ചേർത്തു. വടക്കുകിഴക്കൻ മേഖലയിലും വികസനത്തിന്‍റെയും പരിവർത്തനത്തിന്‍റെയും ഈ വേഗത പ്രതിഫലിക്കുന്നു.

വടക്കുകിഴക്കിനായുള്ള ദർശനം

"നമ്മെ സംബന്ധിച്ചിടത്തോളം, ഈസ്റ്റ് (EAST) എന്നാൽ - ശാക്തീകരിക്കുക, പ്രവർത്തിക്കുക, ദൃഢീകരിക്കുക, പരിവർത്തനം ചെയ്യുക (Empower, Act, Strengthen and Transform) എന്നാണർഥം'എന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. വടക്കുകിഴക്കൻ മേഖലയോടുള്ള അദ്ദേഹത്തിന്‍റെ സമീപനത്തിന്‍റെ സത്ത ഈ വാക്കുകളിൽ ഉൾക്കൊള്ളുന്നു.

വിവിധ മേഖലകളിലെ നിർണായക നടപടികൾ മേഖലയുടെ പരിവർത്തനം ഉറപ്പാക്കി. അസമിൽ ടാറ്റ നടപ്പാക്കുന്ന സെമികണ്ടക്റ്റർ പദ്ധതി, അരുണാചൽ പ്രദേശിലെ ടാറ്റോ പോലുള്ള ജലവൈദ്യുത പദ്ധതികൾ, ബോഗിബീൽ റെയ്‌ൽ- കം- റോഡ് ബ്രിഡ്ജ് പോലുള്ള അദ്‌ഭുതകരമായ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ മേഖലയെ പുനർനിർമിക്കുന്നു.

ഇവയ്‌ക്കൊപ്പം, 10 പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളും ഗോഹട്ടിയിൽ എയിംസും സ്ഥാപിക്കുന്നത് ആരോഗ്യ സംരക്ഷണവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തും.

അതിർത്തി പ്രദേശങ്ങൾ മുൻ നിരയിലേക്ക്

റോഡുകൾക്കും സ്ക്കൂളുകൾക്കും റെയ്‌ൽവേയ്ക്കുമായി കാത്തിരിക്കാനാണ് പതിറ്റാണ്ടുകളായി മിസോറാമിലെ ജനങ്ങളോട് ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. ആ കാത്തിരിപ്പ് ഇപ്പോൾ അവസാനിച്ചിരിക്കുന്നു. വടക്കുകിഴക്കൻ മേഖലയ്ക്കായി പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന ദർശനത്തിന് ഉത്തമ ഉദാഹരണമാണ് ഈ പദ്ധതികൾ. ഒരുകാലത്ത് കേവലം അതിർത്തിയായി മാത്രം കണക്കാക്കപ്പെട്ടിരുന്ന പ്രദേശങ്ങൾ ഇപ്പോൾ ഇന്ത്യൻ വളർച്ചയുടെ പതാകാവാഹകരായി വാഴ്ത്തപ്പെടുന്നു.

(കേന്ദ്ര റെയ്‌ൽവേ, ഇലക്‌ട്രോണിക്സ്, വിവരസാങ്കേതിക, വാർത്താവിതരണ- പ്രക്ഷേപണ മന്ത്രിയാണ് ലേഖകൻ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com