
പരിസ്ഥിതി സംരക്ഷണത്തിൽ ഊന്നിയ ദേശീയപാത വികസനം
പ്രത്യേക ലേഖകൻ
പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധത എടുത്തുകാട്ടുന്നതാണ് ദേശീയ പാത അഥോറിറ്റി പുറത്തുവിട്ട 2023-24 സാമ്പത്തിക വർഷത്തെ രണ്ടാമത് 'സുസ്ഥിരതാ റിപ്പോർട്ട്'. സമസ്ത പ്രവര്‍ത്തന തലങ്ങളിലും പാരിസ്ഥിതിക- സാമൂഹ്യ- ഭരണനിര്‍വഹണ തത്വങ്ങള്‍ സംയോജിപ്പിക്കുന്ന അഥോറിറ്റിയുടെ ശക്തമായ ചട്ടക്കൂട് സമഗ്ര റിപ്പോർട്ടില്‍ വിശദീകരിക്കുന്നു. ഇന്ത്യയുടെ ആഗോള പ്രതിബദ്ധതകളോട് ചേര്‍ന്നുനില്‍ക്കുന്ന അഥോറിറ്റിയുടെ സമീപനവും'ലൈഫ് ദൗത്യ'ത്തിലും (പരിസ്ഥിതി സൗഹൃദ ജീവിതശൈലി) പുനചംക്രമണ സമ്പദ് വ്യവസ്ഥയിലും അധിഷ്ഠിതമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുസ്ഥിര ഭാവി ദർശനവും റിപ്പോര്‍ട്ട് വരച്ചുകാട്ടുന്നു. കേന്ദ്ര ഉപരിതല ഗതാഗത - ദേശീയ പാത മന്ത്രി നിതിൻ ഗഡ്കരിയാണ് അടുത്തിടെ റിപ്പോർട്ട് പുറത്തുവിട്ടത്.
പരിസ്ഥിതി - ഊർജ സംരക്ഷണത്തിന് നാഷണൽ ഹൈവേ അഥോറിറ്റി നടത്തിയ പരിശ്രമങ്ങളുടെ ഫലപ്രാപ്തി സുസ്ഥിരത റിപ്പോർട്ട് പ്രത്യേകം പരാമര്‍ശിക്കുന്നു. റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷം ദേശീയ പാത നിർമാണത്തിൽ 20% വർധനയുണ്ടായപ്പോഴും ഹരിതഗൃഹ വാതക പുറംതള്ളൽ തീവ്രത കിലോമീറ്ററിന് 1.0 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡിന് തുല്യമായ നിലയിൽ നിന്ന് 0.8 മെട്രിക് ടണ്ണായി കുറയ്ക്കാന്‍ സാധിച്ചു. ഇത് നിർമാണരംഗത്തെ വളർച്ചയും കാര്‍ബണ്‍ ബഹിര്‍ഗമനവും തമ്മിലെ വ്യക്തമായ വേർതിരിവ് പ്രകടമാക്കുന്നു.
സുസ്ഥിരതയുടെ പ്രധാന സ്തംഭങ്ങളിലൊന്നായ പുനചംക്രമണ സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കാന്‍ അഥോറിറ്റി നടത്തുന്ന ശ്രമങ്ങളെയും റിപ്പോർട്ട് അടിവരയിടുന്നു. ചാരം, പ്ലാസ്റ്റിക് മാലിന്യങ്ങൾ, പുനഃസ്ഥാപിച്ച താര്‍ എന്നിവയടക്കം 631 ലക്ഷം മെട്രിക് ടണ്ണിൽ അധികം പുനചംക്രമണ - പുനരുപയോഗ വസ്തുക്കൾ 2023-24 സാമ്പത്തിക വർഷം റോഡ് നിർമാണത്തിന് ഉപയോഗിച്ചു. ഇതിനുപുറമെ രാജ്യവ്യാപകമായി ദേശീയ പാതകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങളും തുടർന്നു. 2023-24 സാമ്പത്തിക വർഷം 56 ലക്ഷത്തിലധികം തൈകളും 2024-25 ൽ 67.47 ലക്ഷം തൈകളും നട്ടുപിടിപ്പിച്ചു. ഇതോടെ 2015-ലെ ഹരിത ദേശീയ പാത നയം (നട്ടുപിടിപ്പിക്കല്‍, മാറ്റി നടല്‍, സൗന്ദര്യവത്കരണം, പരിപാലനം) നടപ്പാക്കിയശേഷം ആകെ നട്ട വൃക്ഷത്തൈകള്‍ 4.69 കോടി പിന്നിട്ടു. ഈ സംരംഭം ദേശീയ പാതകളില്‍ ഗണ്യമായ കാർബൺ ആഗിരണത്തിനും പാരിസ്ഥിതിക സുസ്ഥിരതയുടെ വികാസനത്തിനും വഴിയൊരുക്കി.
ദേശീയ പാതകള്‍ക്ക് സമീപത്തെ ജലാശയ സംരക്ഷണവും പുനരുജ്ജീവനവും അഥോറിറ്റി ഏറ്റെടുത്തിട്ടുണ്ട്. അമൃത് സരോവർ ദൗത്യത്തിന് കീഴിൽ രാജ്യത്തുടനീളം 467 ജലാശയങ്ങളുടെ വികസനം പൂർത്തീകരിച്ചു. ഈ സംരംഭം പ്രാദേശിക ജലസ്രോതസുകളെ പുനരുജ്ജീവിപ്പിച്ചതിനൊപ്പം ദേശീയ പാത നിർമാണത്തിന് ഏകദേശം 2.4 കോടി ക്യൂബിക് മീറ്റർ മണ്ണ് നൽകി. ഇതിലൂടെ 16,690 കോടിയോളം രൂപ ലാഭിക്കാന്‍ വഴിയൊരുക്കി. കൂടാതെ മുൻ കാലത്തെ അപേക്ഷിച്ച് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ദേശീയപാതയ്ക്കായുള്ള ജല ഉപയോഗം 74% കുറച്ചു. മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കുന്നതിന് ഉപരിതല ഗതാഗതത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വന്യജീവികളില്‍ ചെലുത്തുന്ന ആഘാതം കുറയ്ക്കാനുള്ള നടപടികളും കൈക്കൊണ്ടു.
സുസ്ഥിര വികസനത്തിന് പുറമെ സമഗ്രവും ഉത്തരവാദിത്തപൂര്‍ണവുമായ തൊഴില്‍ രീതികൾ സൃഷ്ടിക്കാന്‍ അഥോറിറ്റി കൈക്കൊള്ളുന്ന പ്രതിബദ്ധതയും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. അഥോറിറ്റിയുടെ 100% പ്രത്യക്ഷ ജീവനക്കാരും കരാർ തൊഴിലാളികളും തൊഴില്‍സംബന്ധ ആരോഗ്യ - സുരക്ഷ (ഒഎച്ച്എസ്) നിര്‍വഹണ ചട്ടക്കൂടിന്‍റെ ഭാഗമാണ്. തൊഴിലിട വിവേചനത്തിന്‍റെ ഒരു സംഭവവും റിപ്പോർട്ട് ചെയ്യാത്തത് വൈവിധ്യം, തുല്യത, ഉൾച്ചേര്‍ക്കല്‍ എന്നിവയോടുള്ള ശക്തമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.
കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിജയകരമായി നടപ്പാക്കിയ എഐ അധിഷ്ഠിത 'ഡാറ്റ ലേക്ക് 3.0' പ്ലാറ്റ്‌ഫോം പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കിയതിനൊപ്പം 155 തര്‍ക്കപരിഹാരങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇതിലൂടെ ഏകദേശം 25,680 കോടി രൂപ ലാഭിക്കാനും സാധിച്ചു. കൂടാതെ, 98.5% ഫാസ്ടാഗ് വ്യാപനത്തിലൂടെ കാർബൺ പുറംതള്ളൽ കുറച്ചതിനൊപ്പം ടോൾ പ്ലാസകളിലെ തിരക്കും വാഹന മലിനീകരണവും ഏറെക്കുറെ ഒഴിവാക്കാനും കഴിഞ്ഞു.
പുനരുപയോഗ ഊർജ സ്രോതസുകളുടെ ഉപയോഗം, ഹരിത ദേശീപാതകളുടെ പ്രോത്സാഹനം, മാലിന്യ സംസ്കരണ രീതികളുടെ അവലംബം എന്നിവയടക്കം സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ രീതികൾ സ്വീകരിക്കുന്നതിൽ അഥോറിറ്റി സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ദേശീയപാത അഥോറിറ്റിയുടെ പ്രകടനത്തിന്‍റെ സുതാര്യ വിവരണം നൽകുന്ന രണ്ടാമത് സുസ്ഥിരത റിപ്പോർട്ട് അതിവേഗ അടിസ്ഥാന സൗകര്യ വളർച്ചയും പരിസ്ഥിതി സംരക്ഷണവും സംതുലിതമാക്കാൻ ലക്ഷ്യമിടുന്ന ഭാവി സംരംഭങ്ങള്‍ക്ക് വ്യക്തമായ രൂപരേഖ മുന്നിൽവയ്ക്കുന്നു.
പൂർണ റിപ്പോർട്ട് ദേശീയപാത അഥോറിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്: https://nhai.gov.in/nhai/sites/default/files/2025-07/Sustainability-Report-of-NHAI-for-FY-2023-24.pdf