'ചേരിയിലെ രാജകുമാരി' മോഡലായി മാറുമ്പോൾ...(Video)

ധാരാവിയിലെ നിറം മങ്ങിയ ചേരിയിൽ നിന്നും മോഡലായി മാറിയ മലീഷയുടെ ജീവിതം നാടോടിക്കഥ പോലെ മനോഹരമാണ്.
മലീഷ ഖർവ
മലീഷ ഖർവ

മലീഷ ഖർവയെന്ന പതിനാലുകാരിയുടെ ജീവിതം ഒരു നാടോടിക്കഥ പോലെ മനോഹരമാണ്. ബാന്ദ്രയിലെ കടലോരത്ത്, ഉപ്പുകാറ്റിൽ ഉലയുന്ന മേൽക്കൂരയുള്ള കുഞ്ഞു വീട്ടിലിരുന്ന് തിരമാലകൾ പോലെ സ്വപ്നം കണ്ടിരുന്ന കൊച്ചു പെൺകുട്ടി... ആ സ്വപ്നങ്ങളാണ് അവളെ ആരും കൊതിക്കുന്ന ആഡംബര മേയ്ക്കപ്പ് ബ്രാൻഡിന്‍റെ മോഡലാക്കി മാറ്റിയത്. ധാരാവിയിലെ നിറം മങ്ങിയ ചേരികളിൽ നിന്ന് മോഡലിങ്ങിന്‍റെ തിളക്കവുമായി നിൽക്കുന്ന കൗമാരക്കാരിയുടെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണ്.

ഫോറസ്റ്റ് എസൻഷ്യൻ എന്ന പേരു കേട്ട മേക്കപ്പ് ബ്രാൻഡ് അവരുടെ യുവതി കളക്ഷൻസ് എന്ന കാംപെയ്നിന്‍റെ ഭാഗമായാണ് മലീഷയെ മോഡലായി തെരഞ്ഞെടുത്തത്. യൂണിഫോം അണിഞ്ഞ് അവൾ മോഡലായുള്ള ചിത്രങ്ങൾ ഉള്ള ഫോറസ്റ്റ് എസൻഷ്യലിന്‍റെ സ്റ്റോർ സന്ദർശിക്കാനെത്തുന്ന മലീഷയുടെ വിഡിയോ സമൂഹമാധ്യങ്ങളിൽ വൈറലാകുകയാണ്. അവളുടെ മുഖം ആനന്ദത്താൽ നിറഞ്ഞു എന്ന കുറിപ്പോടെ ഫോറസ്റ്റ് എസൻഷ്യലാണ് ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്.

ബാന്ദ്രയിലെ കടലോരത്ത് തുണികളും ടാർപ്പായും വലിച്ചു കെട്ടിയ താത്കാലിക വീട്ടിൽ അച്ഛനും അനുജനും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ജീവിച്ചിരുന്ന ഒരു സാധാരണ പെൺകുട്ടി. മുംബൈയിൽ ചിത്രീകരണത്തിനായി എത്തിയ അമെരിക്കൻ താരം റോബർട്ട് ഹോഫ്മാനെ കണ്ടു മുട്ടിയതോടെയാണ് മലീഷയുടെ ജീവിതം മറ്റൊന്നായി മാറാൻ തുടങ്ങിയത്. മോഡൽ ആകണമെന്നുള്ള സ്വപ്നം മലീഷ ഹോഫ്മാനുമായി പങ്കു വച്ചിരുന്നു.

അങ്ങനെയാണ് ഹോഫ്മാൻ അവളെ സഹായിക്കുന്നതിനായി ഇൻസ്റ്റഗ്രാമിൽ ഒരു അക്കൗണ്ട് തുടങ്ങിയത്. അവൾ‌ക്കു വേണ്ടി ഒരു ഗോഫണ്ട് മി ക്യാംപെയ്നും തുടങ്ങി. അക്കൗണ്ട് ധാരാളം പേരിലേക്ക് എത്താൻ തുടങ്ങിയതോടെ മലീഷയുടെ മോഡലിങ് സ്വപ്നങ്ങളും പൂവണിയാൻ തുടങ്ങുകയായിരുന്നു. ഇപ്പോൾ 2.3 ലക്ഷം പേരാണ് ഇൻസ്റ്റഗ്രാമിൽ മലീഷയെ ഫോളോ ചെയ്യുന്നത്. ചേരിയിൽ നിന്നുള്ള രാജകുമാരി എന്നാണ് ഇൻസ്റ്റഗ്രാമിൽ അവളെ വിശേഷിപ്പിക്കുന്നത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്വന്തം വീടും അടുക്കളയും നിത്യജീവിതവുമെല്ലാം മലീഷ സുഹൃത്തുക്കളുമായി പങ്കു വയ്ക്കാറുണ്ട്. പലരും തന്നോട് ചേരിയിലെ ജീവിതം സങ്കടപ്പെടുത്താറില്ലേ എന്നു ചോദിക്കാറുണ്ട്. പക്ഷേ ഇതെന്‍റെ വീടാണ്..എന്‍റെ വീടിനെ ഞാൻ സ്നേഹിക്കുന്നുവെന്നാണ് മലീഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുള്ളത്. കുഞ്ഞായിരിക്കുമ്പോൾ മുതൽ അനുഭവിച്ചിരുന്ന ദാരിദ്ര്യത്തെക്കുറിച്ചും മലീഷ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചിട്ടുണ്ട്.

കുഞ്ഞായിരിക്കുമ്പോൾ എനിക്കും അനുജനും വയറു നിറയെ ഭക്ഷണം കിട്ടാറില്ലയെന്നതായിരുന്നു എനിക്കേറ്റവും വിഷമമുള്ള കാര്യം. ചിലപ്പോൾ ആവശ്യത്തിന് വെള്ളം പോലും കിട്ടാറില്ല. മഴക്കാലമാകുമ്പോൾ കാര്യങ്ങൾ പിന്നെയും കുഴഞ്ഞുമറിയും. ടാർപ്പാ വലിച്ചു കെട്ടികെട്ടിയ വീടാണ് ഞങ്ങളുടേത്. മഴ പെയ്യുമ്പോൾ ഉറങ്ങാൻ പോലും സാധിക്കുമായിരുന്നില്ല എന്നും മലീഷ. അവിടെ നിന്നുമാണ് മോഡലിങ്ങിന്‍റെ കൈ പിടിച്ച് മലീഷ ഉയിർത്തെഴുന്നേൽക്കുന്നത്.

മുംബൈയിലെ സാധാരണ സർക്കാർ സ്കൂളിലാണ് മലീഷ പഠിക്കുന്നത്. ഇംഗ്ലിഷാണ് ഇഷ്ടപ്പെട്ട വിഷയമെന്ന് മലീഷ. പരീക്ഷകളിൽ നല്ല ഗ്രേഡോടു കൂടി വിജയിക്കുമ്പോൾ അച്ഛന് ഏറെ സന്തോഷമാകാറുണ്ടെന്നും മലീഷ പറയുന്നു. മോഡലിങ്ങിൽ ആരും കൊതിക്കുന്ന അവസരമാണ് മലീഷയ്ക്കു ലഭിച്ചത്. പക്ഷേ ഭാവിയെ കുറിച്ചുള്ള അവളുടെ സ്വപ്നങ്ങൾ ലളിതമാണ്. ഈ തെരുവിൽ തനിക്ക് പ്രിയപ്പെട്ട ഒരുപാട് ബന്ധുക്കളുണ്ട്. ഞങ്ങളെല്ലാം ഒരുമിച്ചാണ് താമസം. കുടുംബത്തിന് കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനായി സഹായിക്കാനായാൽ വലിയ സന്തോഷമെന്ന് മലീഷ.

ചെറിയ ഫോട്ടൊഷൂട്ടുകൾക്കൊപ്പം ലിവ് യുവർ ഫെയറി ടെയിൽ എന്ന ഹ്വസ്വചിത്രത്തിലും മലീഷ പങ്കാളിയായി.ഹോളിവുഡിൽ നിന്നും മലീഷയ്ക്ക് രണ്ട് ഓഫറുകൾ ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com