മോദിയോടുള്ള രണ്ടു ചോദ്യങ്ങൾ, അവയ്ക്കുള്ള ഉത്തരങ്ങൾ - Video

പ്രധാനമന്ത്രിയായ ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ നേരിടുന്നത് ഇതാദ്യം, വേദി യുഎസ് പ്രസിഡന്‍റുമൊത്തുള്ള സംയുക്ത വാർത്താസമ്മേളനം
മോദിയോടുള്ള രണ്ടു ചോദ്യങ്ങൾ, അവയ്ക്കുള്ള ഉത്തരങ്ങൾ - Video

പ്രധാനമന്ത്രിയായ ശേഷം ഇതുവരെ ഒരു വാർത്താസമ്മേളനം പോലും നടത്തിയിട്ടില്ലാത്ത നരേന്ദ്ര മോദി ഒടുവിൽ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള ചർച്ചയ്ക്കു ശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു; രണ്ടേരണ്ടു ചോദ്യങ്ങൾക്ക്.

ഇരു നേതാക്കളുടെയും പ്രാരംഭ സംബോധനയ്ക്കു ശേഷമാണ് മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാൻ അവസരം കിട്ടിയത്. ഇന്ത്യയിൽനിന്നും യുഎസിൽ നിന്നും ഓരോ മാധ്യമ പ്രവർത്തകർക്ക് മോദിയോട് ഓരോ ചോദ്യം മാത്രം ചോദിക്കാനായിരുന്നു അനുമതി. മോദി പ്രസ് മീറ്റിൽ പങ്കെടുക്കുന്നതിനെ 'വലിയ കാര്യം' എന്ന് വൈറ്റ് ഹൗസ് വക്താവ് കഴിഞ്ഞ ദിവസം വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിൽനിന്നു പിടിഐ ലേഖകൻ രാകേഷ് കുമാറിനും, യുഎസിൽ നിന്ന് വോൾസ്ട്രീറ്റ് ജേണൽ ലേഖിക സബ്രീന സിദ്ദിഖിക്കുമാണ് ചോദ്യം ചോദിക്കാൻ അവസരം കിട്ടിയത്.

ചോദ്യം #1: മിസ്റ്റർ പ്രൈം മിനിസ്റ്റർ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് ദീർഘകാലം അഭിമാനംകൊണ്ടിരുന്നു ഇന്ത്യ. പക്ഷേ, ഇപ്പോൾ താങ്കളുടെ സർക്കാർ മത ന്യൂനപക്ഷങ്ങൾക്കെതിരേ വിവേചനം കാട്ടുന്നതായി നിരവധി മനുഷ്യാവകാശ സംഘടനകൾ ആരോപണമുന്നയിക്കുന്നുണ്ട്. അനവധി ലോക നേതാക്കൾ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ചിട്ടുള്ള വൈറ്റ് ഹൗസിന്‍റെ ഈ ഈസ്റ്റ് റൂമിൽ നിൽക്കുമ്പോൾ, താങ്കളുടെ രാജ്യത്ത് മുസ്‌ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ താങ്കളും താങ്കളുടെ സർക്കാരും സന്നദ്ധമാണ്?
സബ്രീന സിദ്ദിഖി, ദ വോൾസ്ട്രീറ്റ് ജേണൽ, യുഎസ്എ

ഉത്തരം #1

നരേന്ദ്ര മോദി, ഇന്ത്യൻ പ്രധാനമന്ത്രി

ജനാധിപത്യരാജ്യമാണെന്ന് ആളുകൾ പറയുന്നു എന്നു താങ്കൾ പറയുന്നത് എന്നെ ശരിക്കും അമ്പരപ്പിക്കുന്നുണ്ട്. ആളുകൾ പറയുന്നു എന്നല്ല, ഇന്ത്യ ‍യഥാർഥത്തിൽ ജനാധിപത്യരാജ്യം തന്നെയാണ്.

പ്രസിഡന്‍റ് ബൈഡൻ സൂചിപ്പിച്ചതുപോലെ, ഇന്ത്യയുടെയും അമെരിക്കയുടെയും ഡിഎൻഎയിലുള്ളതാണ് ജനാധിപത്യം. അതു ഞങ്ങളുടെ സിരകളിൽ ഒഴുകുന്നുണ്ട്. ജനാധിപത്യത്തിലാണ് ഞങ്ങൾ ജീവിക്കുന്നത്. ഈ ആശയത്തിനു ഞങ്ങളുടെ പൂർവികർ നൽകിയ മൂർത്തരൂപമാണ് ഞങ്ങളുടെ ഭരണഘടന.

ജനാധിപത്യത്തിന്‍റെ അടിസ്ഥാന ആശയങ്ങൾ ഞങ്ങളുടെ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ ഭരണഘടന രൂപീകരിച്ചത്, രാജ്യമാകെ അതിലാണ് പ്രവർത്തിക്കുന്നത് - ഞങ്ങളുടെ ഭരണഘടനയും ഞങ്ങളുടെ സർക്കാരും. പ്രയോഗത്തിൽ വരുത്തുക എന്നു ഞാൻ പറയുമ്പോൾ, അത് ജാതിഭേദത്തിനും മതഭേദത്തിനും ലിംഗഭേദത്തിനും ഉപരിയാണ്. വിവേചനത്തിന് തീർത്തും ഒരിടവുമില്ല.

ജനാധിപത്യം ഞങ്ങളുടെ ആത്മാവിലുണ്ട്. ഞങ്ങളതിൽ ജീവിക്കുന്നു. അതു ഞങ്ങളുടെ ഭരണഘടനയിലുണ്ട്. മതത്തിന്‍റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്‍റെ ചോദ്യമേ ഉദിക്കുന്നില്ല. സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ പ്രയാസ് എന്ന സങ്കൽപ്പത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്.

നിങ്ങൾ ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുമ്പോൾ, അവിടെ മാനുഷിക മൂല്യങ്ങളോ മാനവികതയോ മനുഷ്യാവകാശമോ ഇല്ലെങ്കിൽ, അതു ജനാധിപത്യമാകില്ല.

അതിനാൽത്തന്നെ, നിങ്ങൾ ജനാധിപത്യമെന്നു പറയുകയും ജനാധിപത്യത്തെ സ്വീകരിക്കുകയും ജനാധിപത്യത്തിൽ ജീവിക്കുകയും ചെയ്യുമ്പോൾ, അതിൽ വിവേചനത്തിന് ഒരു സ്ഥാനവുമില്ല. അതിനാലാണ് ഇന്ത്യ എല്ലാവർക്കുമൊപ്പം വിശ്വാസത്തോടെയും എല്ലാവരുടെയും പ്രയത്നത്തോടെയും മുന്നോട്ടുപോകുന്നതിൽ വിശ്വസിക്കുന്നത്.

ഇതു ഞങ്ങളുടെ അടിസ്ഥാന ആശയങ്ങളാണ്. ഞങ്ങൾ പ്രവർത്തിക്കുന്നതും ഞങ്ങളുടെ ജീവിതം ജീവിക്കുന്നതും അതിന്‍റെ അടിസ്ഥാനത്തിലാണ്. ഇന്ത്യയിൽ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ എല്ലാവർക്കും പ്രാപ്യമാണ്. ആനുകൂല്യങ്ങൾക്ക് അർഹതയുള്ള എല്ലാവർക്കും അതു ലഭിക്കും. അതുകൊണ്ടാണ് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളിൽ ജാതിയുടെയോ മതത്തിന്‍റെയോ പ്രായത്തിന്‍റെയോ മേഖലയുടെയോ ഒന്നും അടിസ്ഥാനത്തിൽ ഒരു വിവേചനത്തിനും സ്ഥാനമില്ലാത്തത്.

ചോദ്യം #2: ഇരുരാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനെക്കുറിച്ചു സംസാരിച്ചു. എന്നാൽ, വലിയ ലക്ഷ്യങ്ങൾ മുന്നിൽ കാണുമ്പോഴും അവ നേടുന്നതിൽ പിന്നോട്ടുപോകുകയാണ്. വികസിത രാജ്യങ്ങളിൽ നിന്ന് വികസ്വര രാജ്യങ്ങളിലേക്ക് മതിയായ അളവിൽ സാങ്കേതികവിദ്യയും സമ്പത്തികസഹായവും കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിൽ മുന്നോട്ടുള്ള വഴി എന്താണ് കാണുന്നത്?
രാകേഷ് കുമാർ, പിടിഐ, ഇന്ത്യ

ഉത്തരം #2

നരേന്ദ്ര മോദി, ഇന്ത്യൻ പ്രധാനമന്ത്രി

താങ്കൾ അക്കാര്യം പറഞ്ഞത് വളരെ ശരിയാണ്. ഇന്ത്യയെ സംബന്ധിച്ച്, പരിസ്ഥിതിയും കാലാവസ്ഥയും ഞങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തിൽ തന്നെ സുപ്രധാനമാണ്. ഞങ്ങൾക്ക് പരിസ്ഥിതി എന്നാൽ വിശ്വാസത്തിന്‍റെ തന്നെ ഭാഗമാണ്. സൗകര്യത്തിനു വേണ്ടി ചെയ്യേണ്ടുന്ന ഒരു കാര്യമല്ല ഇത്; ഞങ്ങൾ ഇതിൽ വിശ്വസിക്കുന്നുണ്ട്.

ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ, ഞങ്ങൾ ഞങ്ങൾക്കു വേണ്ടിയുള്ള കാര്യങ്ങൾ മാത്രമല്ല ചെയ്യുന്നത്, പല ആഗോള ദൗത്യങ്ങൾക്കും മുൻകൈയെടുക്കുന്നുണ്ട്.

പാരിസിൽ ജി20 രാജ്യങ്ങൾ നൽകിയ ഉറപ്പുകളെക്കുറിച്ച് താങ്കൾക്ക് അറിവുള്ളതായിരിക്കുമല്ലോ. ആ ഉറപ്പുകളെല്ലാം പാലിച്ച ഒരേയൊരു രാജ്യം ഇന്ത്യയാണ്.

അതുമാത്രമല്ല, സൗരോർജത്തിന്‍റെ കാര്യത്തിൽ 500 ജിഗാവാട്ട് പാരമ്പര്യേതര ഊർജോത്പാദനം എന്ന ലക്ഷ്യം ഗ്ലാസ്ഗോയിൽ സ്വീകരിച്ചതാണ്. 2030 ആകുമ്പോഴേക്കും ഇന്ത്യൻ റെയിൽവേയ്‌സിന്‍റെ കാർബൺ പുറന്തള്ളൽ നെറ്റ് സീറോയിലെത്തിക്കും.

ഇന്ത്യൻ റെയിൽവേയ്‌സിനെക്കുറിച്ചു ഞാൻ പറയുമ്പോൾ, അതിന്‍റെ വ്യാപ്തി കൂടി നിങ്ങൾ മനസിലാക്കേണ്ടതാണ്. ഞങ്ങളുടെ ട്രെയ്‌നുകളിൽ ദിവസേന യാത്ര ചെയ്യുന്നവരുടെ എണ്ണം ഓസ്ട്രേലിയയിലെ ജനസംഖ്യയ്ക്കു തുല്യമാണ്. ആ റെയ്‌ൽവേയിലാണ് ഞങ്ങൾ നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കാൻ പോകുന്നത്.

സൗരോർജത്തിന്‍റെയും എഥനോളിന്‍റെയും കാര്യത്തിൽ ഞങ്ങൾ ലക്ഷ്യങ്ങൾ സ്വീകരിച്ചിരുന്നു. നിശ്ചിത സമയത്തിനു മുൻപു തന്നെ ഞങ്ങളത് നേടുകയും ചെയ്തു.

ഹരിത ഹൈഡ്രജൻ മേഖലയിലും ഞങ്ങൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയെ ഹരിത ഹൈഡ്രജൻ ഹബ് ആക്കി മാറ്റണമെന്നാണ് ആഗ്രഹം.

അന്താരാഷ്‌ട്ര സൗര സഖ്യം ഇന്ത്യ മുന്നോട്ടുവച്ച ആശയമാണ്. പല രാജ്യങ്ങളും അതിൽ ചേരുകയും ഇന്ത്യയുമായി യോജിച്ച് പ്രവർത്തിച്ചുവരുകയും ചെയ്യുന്നു. ദ്വീപ് രാജ്യങ്ങൾക്ക് ഇന്ത്യ സൗരോർജ മേഖലയിൽ സഹായങ്ങൾ നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രയത്നങ്ങളിൽ ഒറ്റയ്ക്കല്ലെന്ന വിശ്വാസം അങ്ങനെ അവർക്കുണ്ടായിട്ടുമുണ്ട്. ഞങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുക മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം നേരിടുന്ന കാര്യത്തിൽ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യും.

പ്രകൃതി ദുരന്തങ്ങൾ കാരണമുണ്ടാകുന്ന ആൾനാശത്തെക്കുറിച്ചു നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ, പ്രകൃതി ദുരന്തങ്ങൾ വലിയ തോതിൽ അടിസ്ഥാന സൗകര്യങ്ങൾ തകരാനും കാരണമാകുന്നുണ്ട്. അതിനാൽ തന്നെ, കാലാവസ്ഥാ വ്യതിയാനം കാരണം സുസ്ഥിരത ഉറപ്പാക്കിക്കൊണ്ടുള്ള അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഞങ്ങൾ സിഡിആർഐ എന്ന ആഗോള സംഘടനയ്ക്കു രൂപം നൽകിയത്. ഗ്ലാസ്ഗോയിൽ ഞാൻ ലോകത്തിനു മുന്നിൽ ഒരു വിഷയം അവതരിപ്പിച്ചത് നിങ്ങൾ ഒരുപക്ഷേ അറിഞ്ഞിട്ടുണ്ടാകും. അതിന് അടുത്തകാലത്ത് ഐക്യരാഷ്‌ട്ര സഭ തുടക്കം കുറിച്ചിരിക്കുന്നു, സെക്രട്ടറി ജനറലും ഞാനും ചേർന്ന്. മിഷൻ ലൈഫ് എന്നാണതിന്‍റെ പേര്. ലൈഫ് എന്നു ഞാൻ പറയുമ്പോൾ, പരിസ്ഥിതിക്കു വേണ്ടിയുള്ള ജീവിതശൈലി എന്നാണ് അതിനർഥം. ആയതിനാൽ, ഓരോ വ്യക്തിയും പരിസ്ഥിതിക്കും വികസനത്തിനും അനുകൂലമായി വേണം ജീവിക്കാൻ. അതിലേക്കാണ് ഞങ്ങളുടെ പ്രവർത്തനം.

ലോകത്ത് ഏറ്റവും കൂടുതൽ പരിസ്ഥിതി നാശം സംഭവിക്കുന്നത് ഇന്ത്യയിലായതുകൊണ്ടല്ല ഈ മേഖലകളിലെല്ലാം ഇന്ത്യ പലവിധ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതെന്ന് എനിക്കുറപ്പുണ്ട്. ഭാവി തലമുറകളെക്കുറിച്ച് ഉത്കണ്ഠയുള്ളതുകൊണ്ടാണ് ഞങ്ങൾ ഇതൊക്കെ ചെയ്യുന്നത്. ജീവിതം ദുർഘടമാക്കുന്നൊരു ലോകം ഭാവി തലമുറയ്ക്കു കൈമാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

അതിനാൽ, ആഗോള ഉത്തരവാദിത്വമെന്ന നിലയിൽ, ഇന്ത്യ പരിസ്ഥിതിക്ക് ഒരു തരത്തിലുള്ള കോട്ടവും വരുത്തിയിട്ടില്ല. അതിന്‍റെ സംരക്ഷണത്തിന് നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്യും.

സമ്പന്ന രാജ്യങ്ങളുടെ കാര്യത്തിൽ, സാങ്കേതിക വിദ്യയുടെയും ധനസഹായത്തിന്‍റെയും കൈമാറ്റത്തെക്കുറിച്ച് എപ്പോഴും ചർച്ചകളുണ്ടാകും. അതാവശ്യമുള്ള രാജ്യങ്ങളുമുണ്ടാകും. ഈ മേഖലയിൽ മുന്നോട്ടുപോകുന്ന മുറയ്ക്ക്, കാലാവസ്ഥാ വ്യതിയാന പ്രശ്നം പരിഹരിക്കാനും ഞങ്ങൾക്കു സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

വളരെ നന്ദി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com