മോദി: സാങ്കേതിക വിദ്യയുടെ ചാംപ്യൻ

ഏറെക്കാലമായി രൂപകൽപ്പനാ വിദഗ്ധരുടെ കേന്ദ്രമാണ് ഇന്ത്യ. ലോകത്തു ചിപ്പ് രൂപകൽപ്പന ചെയ്യുന്നവരുടെ 20 ശതമാനത്തിലധികം പേരും ഇവിടെയാണ്
Modi is a champion of technology
Narendra Modi

file image

Updated on

അശ്വിനി വൈഷ്ണവ്,

കേന്ദ്ര വാർത്താവിതരണ- പ്രക്ഷേപണ വകുപ്പ് മന്ത്രി

ഗവൺമെന്‍റിൽ നിന്ന് ഒരു രേഖ ലഭിക്കാൻ സുദീർഘ പ്രയത്നമായിരുന്ന കാലം ഓർക്കുന്നുണ്ടോ? ഒന്നിലധികം യാത്രകൾ, നീണ്ട ക്യൂകൾ, ക്രമരഹിതമായ ഫീസ്..? ഇപ്പോൾ അത് നിങ്ങളുടെ ഫോണിലാണ്. ഈ പരിവർത്തനം യാദൃശ്ചികമായി സംഭവിച്ചതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സാങ്കേതികവിദ്യയെ ഇന്ത്യയുടെ ഏറ്റവും വലിയ ആയുധമാക്കി മാറ്റി. മുംബൈയിലെ ഒരു വഴിയോരക്കച്ചവടക്കാരൻ ഒരു കോർപ്പറേറ്റ് എക്സിക്യൂട്ടീവിന്‍റെ അതേ യുപിഐ പേയ്‌മെന്‍റ് സംവിധാനം ഉപയോഗിക്കുന്നു. സാങ്കേതികവിദ്യ, അദ്ദേഹത്തിന്‍റെ ദർശനത്തിൽ, സ്ഥാനക്രമങ്ങൾക്ക് അതീതമാണ്.

ഈ പരിവർത്തനം അദ്ദേഹത്തിന്‍റെ അന്ത്യോദയ എന്ന പ്രധാന തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്നു- വരിയിലെ ഏറ്റവും അവസാന വ്യക്തിയിലേക്കും എത്തിച്ചേരുക. എല്ലാവർക്കുമായി സാങ്കേതികവിദ്യയെ ജനാധിപത്യവത്കരിക്കുക. ഇതാണ് എല്ലാ ഡിജിറ്റൽ സംരംഭങ്ങളുടെയും ലക്ഷ്യം. ഗുജറാത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന്‍റെ അടിത്തറയായി.

ആരംഭം കുറിച്ചയിടം

മുഖ്യമന്ത്രിയായിരിക്കെ, സാങ്കേതികവിദ്യയുടെയും നൂതനാശയത്തിന്‍റെയും ഉപയോഗത്തിലൂടെ മോദി ഗുജറാത്തിനെ രൂപാന്തരപ്പെടുത്തി. 2003ൽ ആരംഭിച്ച ജ്യോതിഗ്രാം പദ്ധതിയിൽ ഫീഡർ വേർതിരിക്കൽ സാങ്കേതികവിദ്യ ഉപയോഗിച്ചു. ആസൂത്രണം ചെയ്ത കാർഷിക വൈദ്യുതിയിലൂടെ ഭൂഗർഭജല ശോഷണം മന്ദഗതിയിലായപ്പോൾ, 24x7 വൈദ്യുതി ഉപയോഗിച്ച് ഗ്രാമീണ വ്യവസായങ്ങൾ പുനരുജ്ജീവിപ്പിച്ചു. സ്ത്രീകൾക്ക് രാത്രിയിൽ പഠിക്കാൻ സാധിച്ചു, ചെറുകിട ബിസിനസുകൾ അഭിവൃദ്ധിപ്പെട്ടു, ഗ്രാമീണ- നഗര കുടിയേറ്റം കുറച്ചു. ₹1,115 കോടി നിക്ഷേപം വെറും 2.5 വർഷത്തിനുള്ളിൽ തിരിച്ചുപിടിച്ചു.

2012ൽ നർമദ കനാലിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ആ പദ്ധതി പ്രതിവർഷം 16 ദശലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിച്ചു, 16,000 വീടുകൾക്ക് അത് ധാരാളമായിരുന്നു. അത് ബാഷ്പീകരണ നിരക്ക് കുറയ്ക്കുകയും ജലലഭ്യത വർധിപ്പിക്കുകയും ചെയ്തു.

ആ ഇരട്ട ആനുകൂല്യ സമീപനം മോദിയുടെ സാങ്കേതികവിദ്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ പ്രകടമാക്കുന്നു. ഒരൊറ്റ ഇടപെടലിലൂടെ അത് ഒന്നിലേറെ പ്രശ്നങ്ങൾ പരിഹരിച്ചു. ജലം സംരക്ഷിക്കുന്നതിനൊപ്പം ശുദ്ധമായ ഊർജം ഉത്പാദിപ്പിച്ചു. അമെരിക്കയും സ്പെയിനും ആഗോളതലത്തിൽ സ്വീകരിച്ചത് നൂതനാശയത്തിന്‍റെ ഫലപ്രാപ്തിക്ക് വിശ്വാസ്യത നൽകുന്നു.

ഇ- ധാര സംവിധാനം വഴി ഭൂമി രേഖകൾ ഡിജിറ്റൈസ് ചെയ്തു. വീഡിയൊ കോൺഫറൻസിങ്ങിലൂടെ മുഖ്യമന്ത്രിയെ കാണാൻ SWAGAT പൗരന്മാരെ അനുവദിച്ചു. ഓൺലൈൻ ടെൻഡറുകൾ അഴിമതി ഇല്ലാതാക്കി. ആ സംരംഭങ്ങൾ അഴിമതി കുറച്ചു, ഗവൺമെന്‍റ് സേവനം എളുപ്പത്തിൽ ലഭ്യമാക്കി. ഗുജറാത്തിൽ തുടർച്ചയായി നേടിയ വലിയ തെരഞ്ഞെടുപ്പു വിജയത്തിൽ പ്രതിഫലിക്കുന്ന ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസം അദ്ദേഹം പുനഃസ്ഥാപിച്ചു.

ദേശീയ ക്യാൻവാസ്

2014ൽ അദ്ദേഹം ഗുജറാത്തിന്‍റെ അനുഭവവും പഠനവും ഡൽഹിയിലേക്കു കൊണ്ടുവന്നു. എന്നാൽ മാനദണ്ഡം വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ, ലോകത്തെ ഏറ്റവും കൂടുതൽ ഉൾച്ചേർക്കൽ നടപ്പിൽ വരുത്തിയ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യമായ ഇന്ത്യ സ്റ്റാക്ക് രൂപപ്പെട്ടു. JAM ത്രിത്വം അതിന് അടിത്തറയിട്ടു.

ജൻ ധൻ അക്കൗണ്ടുകൾ 53 കോടിയിലധികം ജനങ്ങളെ ബാങ്കിങ് സംവിധാനത്തിലേക്കു കൊണ്ടുവന്നു. സാമ്പത്തികമായി ഒഴിവാക്കപ്പെട്ടിരുന്നവരെ ഇത് ആദ്യമായി ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേക്ക് ആനയിച്ചു. വഴിയോര കച്ചവടക്കാർ, ദിവസ വേതന തൊഴിലാളികൾ, ഗ്രാമീണ കുടുംബങ്ങൾ എന്നിവർക്കെല്ലാം ഇപ്പോൾ ബാങ്ക് അക്കൗണ്ടുകളുണ്ട്. അത് അവർക്ക് സുരക്ഷിതമായി സമ്പാദിക്കാനും ഗവൺമെന്‍റ് ആനുകൂല്യങ്ങൾ നേരിട്ട് സ്വീകരിക്കാനും വായ്പ ലഭ്യതയ്ക്കും പ്രാപ്തമാക്കി.

ആധാർ ഇതുവരെ 142 കോടി രജിസ്ട്രേഷനുകൾ നടത്തി പൗരന്മാർക്ക് ഡിജിറ്റൽ ഐഡന്‍റിറ്റി നൽകി. ഒന്നിലധികം രേഖാ പരിശോധനകൾക്കു പകരം ഗവൺമെന്‍റ് സേവനങ്ങൾ പ്രാപ്യമാകുന്നത് എളുപ്പമായി. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) ഇടനിലക്കാരെ ഇല്ലാതാക്കുകയും പണച്ചോർച്ച കുറയ്ക്കുകയും ചെയ്തു. ഡിബിടിയുടെ ഉപയോഗത്തിൽ നിന്നുള്ള ലാഭം ഇതുവരെ ₹4.3 ലക്ഷം കോടിയിലധികമാണ്. കൂടുതൽ സ്‌കൂളുകൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവ നിർമിക്കാനാണ് ഈ സമ്പാദ്യം ഉപയോഗിക്കുന്നത്.

മുമ്പ്, ഉപഭോക്തൃ പരിശോധന ഒരു സങ്കീർണ പ്രക്രിയയായിരുന്നു. അതിന് ഭൗതിക രേഖാ പരിശോധനകൾ, നേരിട്ടു ഹാജരായുള്ള പ്രക്രിയകൾ, ഒന്നിലധികം ടച്ച് പോയിന്‍റുകൾ എന്നിവ ആവശ്യമായിരുന്നു. മുമ്പ് സേവന ദാതാക്കൾക്ക് ഒരു പരിശോധനയ്ക്ക് നൂറുകണക്കിനു രൂപ ചെലവാകുമായിരുന്നു. ആധാർ അധിഷ്ഠിത ഇ- കെവൈസി ഇത് ഒരു പ്രാമാണീകരണത്തിന് വെറും 5 രൂപയായി കുറച്ചു. ഇപ്പോൾ ഏറ്റവും ചെറിയ ഇടപാടുകൾ പോലും സാമ്പത്തികമായി ലാഭകരമായി മാറി.

പണം നൽകുന്ന രീതിയെ യുപിഐ മാറ്റിമറിച്ചു. ഇതുവരെ 55 കോടിയിലധികം ഉപയോക്താക്കൾ ഇടപാട് നടത്തി. 2025 ഓഗസ്റ്റിൽ മാത്രം ₹24.85 ലക്ഷം കോടി മൂല്യമുള്ള 20 ബില്യണിലധികം ഇടപാടുകൾ നടന്നു. മണിക്കൂറുകൾ ദൈർഘ്യമുള്ള ബാങ്ക് ഇടപാടുകളിൽ നിന്ന് 2 സെക്കൻഡിൽ താഴെയുള്ള ഫോൺ സ്കാനിലേക്ക് പണ കൈമാറ്റം മാറി. ബാങ്ക് സന്ദർശനം, ക്യൂ, പേപ്പർ വർക്ക് എന്നിവ ഏതാണ്ട് കാലഹരണപ്പെട്ടു. തൽക്ഷണ ക്യുആർ കോഡ് പേയ്‌മെന്‍റുകൾ വഴി ഇടപാടുകൾ മാറ്റിമറിച്ചു.

ഇന്ന്, ലോകത്തിലെ പകുതിയോളം തത്സമയ ഡിജിറ്റൽ പേയ്‌മെന്‍റുകളും ഇന്ത്യ കൈകാര്യം ചെയ്യുന്നു. ഒരു ദശാബ്ദം മുമ്പ്, ഇന്ത്യ പ്രധാനമായും നോട്ടു രൂപത്തിലുള്ള പണത്തെ ആശ്രയിച്ചായിരുന്നു മുന്നോട്ടുപോയിരുന്നത്. പ്രധാനമന്ത്രി മോദിയുടെ ദർശനം JAM ത്രിത്വത്തിനും യുപിഐ അടിസ്ഥാന സൗകര്യങ്ങൾക്കും അന്തിമ രൂപം നൽകി.

കൊവിഡ് മഹാമാരിക്കാലത്ത് അദ്ദേഹം ഡിജിറ്റൽ ഇടപാടുകൾക്ക് ആഹ്വാനം ചെയ്തപ്പോൾ, ഈ ആവാസ വ്യവസ്ഥ കൈവന്നു. തൽഫലമായി, യുപിഐ ഇപ്പോൾ വിസയേക്കാൾ കൂടുതൽ ഇടപാടുകൾ ആഗോളതലത്തിൽ പ്രോസസ് ചെയ്യുന്നു. ഒരോ സാധാരണ മൊബൈൽ ഫോണും ഇപ്പോൾ ഒരു ബാങ്കും പേയ്‌മെന്‍റ് ഗേറ്റ്‌വേയും സേവന കേന്ദ്രവുമാണ്.

പ്രഗതി ഭരണ ഉത്തരവാദിത്തത്തെ മാറ്റിമറിച്ചു. പ്രതിമാസ വീഡിയൊ കോൺഫറൻസുകളിലൂടെ പ്രധാനമന്ത്രിയെ നേരിട്ട് പദ്ധതി നിരീക്ഷണത്തിലേക്ക് ഈ പ്ലാറ്റ്‌ഫോം കൊണ്ടുവരുന്നു. പ്രധാനമന്ത്രി തത്സമയ വീഡിയൊയിലെ അവരുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയുമ്പോൾ ഉത്തരവാദിത്തം കൂടുതൽ മെച്ചപ്പെടും. ഉദാഹരണത്തിന്, വൈകിയ ഒരു ഹൈവേ പദ്ധതി പ്രഗതി അവലോകനങ്ങളിൽ ഉടനടി ശ്രദ്ധ നേടുന്നു. കാലതാമസം എന്തെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കണം. അത് വേഗത്തിലുള്ള തിരുത്തൽ ഉറപ്പാക്കും.

എല്ലാവർക്കുമുള്ള സാങ്കേതികവിദ്യ

സാങ്കേതികവിദ്യ കൃഷിയെയും ആരോഗ്യ സംരക്ഷണത്തെയും മാറ്റിമറിച്ചു. വിള തീരുമാനങ്ങളെടുക്കാൻ ഇപ്പോൾ എഐ ആപ്പുകൾ ഉപയോഗിക്കുന്ന ഹരിയാനയിലെ ഒരു കർഷകനായ ജഗ്‌ദേവ് സിങ്ങിനെ നോക്കൂ. അദ്ദേഹത്തിന് തത്സമയ കാലാവസ്ഥാ വിവരങ്ങളും മണ്ണിന്‍റെ ആരോഗ്യ ഡാറ്റയും ഫോണിൽ ലഭിക്കുന്നു. പിഎം- കിസാൻ പദ്ധതി 11 കോടി കർഷകർക്ക് നേരിട്ട് വരുമാന പിന്തുണ ഡിജിറ്റലായി നൽകുന്നു.

ഡിജിലോക്കറിൽ ഇപ്പോൾ 57 കോടിയിലധികം ഉപയോക്താക്കളുണ്ട്, 967 കോടി രേഖകൾ ഡിജിറ്റലായി സംഭരിച്ചിരിക്കുന്നു. നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ആധാർ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ ഫോണിൽ സുരക്ഷിതമായി നിലനിൽക്കുന്നു.

റോഡിലായിരിക്കുമ്പോൾ പൊലീസ് പരിശോധനകൾക്ക് പേപ്പർ രേഖകൾക്കായി ബുദ്ധിമുട്ടേണ്ടതില്ല. ഡിജിലോക്കറിൽ നിന്നുള്ള ലൈസൻസ് കാണിക്കുക. ആധാർ പരിശോധനയിലൂടെ ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നത് ഇപ്പോൾ സുഗമമായി. ഒരുകാലത്ത് രേഖകളുടെ ഫോൾഡറുകൾ കൊണ്ടുപോകുന്നത് ഇപ്പോൾ പോക്കറ്റിൽ ഒതുങ്ങുന്ന രീതിയിലായി.

ബഹിരാകാശവും നൂതനാശയവും

അസാധ്യമെന്ന് തോന്നിയത് ഇന്ത്യ നേടിയെടുത്തു. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തി, അതും ഒരു ഹോളിവുഡ് സിനിമയേക്കാൾ കുറഞ്ഞ ബജറ്റിൽ. മാർസ് ഓർബിറ്റർ മിഷന് വെറും ₹450 കോടിയാണ് ചെലവായത്. ഇന്ത്യൻ എൻജിനീയറിങ് ലോകോത്തര ഫലങ്ങൾ നൽകുന്നു എന്ന് ഇതു തെളിയിക്കുന്നു. ചന്ദ്രയാൻ-3 ഇന്ത്യയെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായും ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങുന്ന രാജ്യമായും മാറ്റി.

ഐഎസ്ആർഒ ഒറ്റ ദൗത്യത്തിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച്, ലോക റെക്കോഡ് സ്ഥാപിച്ചു. ഇന്ത്യൻ റോക്കറ്റുകൾ ഇപ്പോൾ 34 രാജ്യങ്ങൾക്കായി ഉപഗ്രഹങ്ങൾ വഹിക്കുന്നു. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന നാലാമത്തെ രാജ്യമായി ഗഗൻയാൻ ദൗത്യം ഇന്ത്യയെ മാറ്റും. പ്രധാനമന്ത്രി മോദി നമ്മുടെ ശാസ്ത്രജ്ഞരോടൊപ്പം തോളോടു തോൾ ചേർന്നുനിന്നു, അവരുടെ കഴിവുകളിൽ 100% വിശ്വാസമർപ്പിച്ചു.

ആഗോള നേതൃത്വം

കൊവിഡ്19 ബാധിച്ചപ്പോൾ, ലോകം വാക്സിൻ വിതരണത്തിൽ പ്രതിസന്ധി നേരിട്ടു. ഇന്ത്യ അതിന്‍റെ ശക്തിയിലൂടെ പ്രതികരിച്ചു. കൊവിൻ പ്ലാറ്റ്‌ഫോം റെക്കോഡ് സമയത്തിനുള്ളിൽ നിർമിച്ചു- ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് യജ്‍ഞം എന്ന ഡിജിറ്റൽ പരിഹാരം. ഡിജിറ്റൽ കൃത്യതയോടെ 200 കോടി വാക്സിൻ ഡോസുകൾ പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്തു. കരിഞ്ചന്തയില്ല, പക്ഷപാതമില്ല, സുതാര്യമായ വിഹിതം മാത്രം. ചലനാത്മകമായി വിഹിതം അനുവദിച്ചത് പാഴാക്കൽ തടഞ്ഞു. ഉപയോഗിക്കാത്ത വാക്സിനുകൾ കൂടുതൽ ആവശ്യമുള്ള പ്രദേശങ്ങളിലേക്കു തൽക്ഷണം വഴിതിരിച്ചുവിട്ടു.

നിർമാണ വിപ്ലവം

നാമെന്തെങ്കിലും നിർമിക്കുകയാണെങ്കിൽ, അടിസ്ഥാന കാര്യങ്ങൾ പഠിക്കാതെ നേരെ ചിപ്പ് നിർമാണത്തിലേക്കു കടക്കാൻ കഴിയില്ല. ഇതു കോഡിങ് പഠിക്കുന്നതു പോലെയാണ്; ആപ്ലിക്കേഷനുകൾ ഉണ്ടാക്കുന്നതിനു മുൻപു "ഹലോ വേൾഡ്' എന്നാകും നാം പറഞ്ഞുതുടങ്ങുക.

ഇലക്‌ട്രോണിക്സ് ഉത്പാദനവും ഇതേ പാതയാണു പിന്തുടരുന്നത്. രാജ്യങ്ങൾ ആദ്യം അസംബ്ലിയിൽ വൈദഗ്ധ്യം നേടുന്നു. തുടർന്ന് ഉപ-മൊഡ്യൂളുകൾ, ഘടകങ്ങൾ, ഉപകരണങ്ങൾ എന്നിവയിലേക്കു നീങ്ങുന്നു. ഇന്ത്യയുടെ യാത്രയും ഈ പുരോഗതിയെയാണു പ്രതിഫലിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടനുസരിച്ച്, ഇലക്‌ട്രോണിക്സ് ഉത്പാദനത്തിലെ നമ്മുടെ കരുത്തുറ്റ അടിത്തറ ഇപ്പോൾ നൂതനമായ സെമികണ്ടക്റ്റർ ഉത്പാദനത്തിലേക്കുള്ള കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്നു.

ഏറെക്കാലമായി രൂപകൽപ്പനാ വിദഗ്ധരുടെ കേന്ദ്രമാണ് ഇന്ത്യ. ലോകത്തു ചിപ്പ് രൂപകൽപ്പന ചെയ്യുന്നവരുടെ 20 ശതമാനത്തിലധികം പേരും ഇവിടെയാണ്. ഇന്ത്യയ്ക്കിപ്പോൾ നൂതനമായ 2nm, 3nm, 7nm ചിപ്പുകൾ രൂപകൽപ്പന ചെയ്യാൻ ശേഷിയുണ്ട്. ഇവ ലോകത്തിനു വേണ്ടി ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയാണ്.

ഫാബുകളും പാക്കെജിങ് സൗകര്യങ്ങളും നിർമിക്കുന്നതിലുള്ള ശ്രദ്ധ സ്വാഭാവിക പരിണാമത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. എന്നാൽ ഈ സമീപനം നിർമാണത്തിനതീതമായി വ്യാപിക്കുന്നു. സെമികണ്ടക്റ്റർ ഉത്പാദനത്തിന് ആവശ്യമായ രാസവസ്തുക്കൾ, വാതകങ്ങൾ, പ്രത്യേക സാമഗ്രികൾ എന്നിവയ്ക്കും പിന്തുണയേകുന്നു. ഇത് ഒറ്റപ്പെട്ട നിർമാണശാലകൾ മാത്രമല്ല സൃഷ്ടിക്കുന്നത്; മറിച്ച്, സമ്പൂർണ ആവാസവ്യവസ്ഥ കൂടിയാണ്. മൂല്യശൃംഖലകളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വ്യക്തമായ ധാരണയാണ് ഈ മേഖലകളിലെ വളർച്ച സാധ്യമാക്കിയത്.

ബൗദ്ധിക പ്രഭയുള്ള അടിസ്ഥാന സൗകര്യങ്ങൾ

പിഎം ഗതിശക്തി പോർട്ടൽ അഭൂതപൂർവമായ തോതിൽ ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. എല്ലാ അടിസ്ഥാന സൗകര്യ പദ്ധതികളും ഡിജിറ്റലായി രേഖപ്പെടുത്തുന്നു. റോഡുകൾ, റെയ്‌ൽ പാതകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ ഒന്നിച്ച് ആസൂത്രണം ചെയ്യുന്നു. ഇനി പ്രതിസന്ധികൾ പ്രതിബന്ധമാകില്ല. ഏകോപനത്തിലെ കാലതാമസവും ഇനിയില്ല.

"ഇന്ത്യ എഐ ദൗത്യം' വഴി, ആഗോളതലത്തിലെ ചെലവിന്‍റെ മൂന്നിലൊന്നു നിരക്കിൽ 38,000ത്തിലധികം ജിപിയു ലഭ്യമാണ്. ഇതു സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർക്കു മണിക്കൂറിന് ₹67 എന്ന ശരാശരി നിരക്കിൽ സിലിക്കൺ വാലി ലെവൽ കംപ്യൂട്ടിങ് ലഭ്യമാക്കി.

കാലാവസ്ഥ മുതൽ മണ്ണിന്‍റെ ആരോഗ്യം വരെയുള്ള 2000+ ഡേറ്റാസെറ്റുകൾ AIKosh പ്ലാറ്റ്‌ഫോമിൽ ലഭ്യം. ഇന്ത്യയുടെ ഭാഷകൾ, നിയമങ്ങൾ, ആരോഗ്യ സംവിധാനങ്ങൾ, ധനകാര്യം എന്നിവയ്ക്കായി വികസിപ്പിച്ചെടുത്ത തദ്ദേശീയ LLMകൾക്ക് ഇവ കരുത്തു പകരും.

സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്, ഇന്ത്യയുടെ അതുല്യമായ നിർമിതബുദ്ധി നിയന്ത്രണ സമീപനത്തിലും പ്രതിഫലിക്കുന്നു. വിപണി അടിസ്ഥാനമാക്കിയുള്ള മാതൃകയിൽ നിന്നോ ഗവണ്മെന്‍റ് നിയന്ത്രിത സമീപനത്തിൽ നിന്നോ വ്യത്യസ്തമായി, അദ്ദേഹം സവിശേഷമായ സാങ്കേതിക- നിയമ ചട്ടക്കൂടാണു വിഭാവനം ചെയ്യുന്നത്.

അടിസ്ഥാന സൗകര്യ സാങ്കേതികവിദ്യ

ഗുജറാത്ത് കെവാഡിയയിലെ സർദാർ പട്ടേൽ ഏകതാ പ്രതിമയ്ക്ക് 182 മീറ്റർ ഉയരമുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ. ഇത് പ്രതിവർഷം 58 ലക്ഷം സന്ദർശകരെ ആകർഷിക്കുന്നു. ഈ പദ്ധതി ആയിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, കെവാഡിയയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റി.

359 മീറ്റർ ഉയരമുള്ള ചെനാബ് പാലം കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി കൂട്ടിയിണക്കുന്നു. ഐസ്വാൾ റെയ്‌ൽ പാത നൂതന ഹിമാലയൻ ടണലിങ് രീതി ഉപയോഗിച്ച്, വളരെ ദുർഘടമായ ഭൂപ്രകൃതിയിലെ തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയും കടന്നുപോകുന്നു. പുതിയ പാമ്പൻ പാലം നൂറ്റാണ്ടു പഴക്കമുള്ള ഘടനയെ ആധുനിക എൻജിനീയറിങ്ങിന്‍റെ സഹായത്താൽ മാറ്റി സ്ഥാപിക്കുന്നു.

ഇവ വെറും എൻജിനീയറിങ് വിസ്മയങ്ങളല്ല. സാങ്കേതികവിദ്യയും നിശ്ചയദാർഢ്യവും ഉപയോഗിച്ച് ഇന്ത്യയെ കൂട്ടിയിണക്കാനുള്ള മോദിയുടെ കാഴ്ചപ്പാടാണ് ഇവയെല്ലാം പ്രതിനിധാനം ചെയ്യുന്നത്.

മാനുഷിക തലം

പ്രധാനമന്ത്രി മോദി സാങ്കേതികവിദ്യയെ മനസിലാക്കുന്നു. പക്ഷേ അതിലേറെ അദ്ദേഹം ജനങ്ങളെ മനസിലാക്കുന്നു. "അന്ത്യോദയ'യെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടാണ് എല്ലാ ഡിജിറ്റൽ സംരംഭങ്ങളെയും നയിക്കുന്നത്. യുപിഐ ഇപ്പോൾ വിവിധ ഭാഷകളിൽ പ്രവർത്തിക്കുന്നു. ഏറ്റവും ദരിദ്രനായ കർഷകനു പോലും ഏറ്റവും ധനികനായ വ്യവസായിക്കു സമാനമായ ഡിജിറ്റൽ സ്വത്വമുണ്ട്.

സിംഗപ്പുർ മുതൽ ഫ്രാൻസ്‌ വരെയുള്ള രാജ്യങ്ങൾ യുപിഐയുമായി സംയോജിപ്പിച്ചിരിക്കുന്നു. ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കു ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം അത്യാവശ്യമാണെന്നു ജി20 അംഗീകരിച്ചു. ജപ്പാൻ ഇതിനു പേറ്റന്‍റ് നൽകിയി. ഇന്ത്യക്കായുള്ള പ്രതിവിധിയായി ആരംഭിച്ചത്, ഡിജിറ്റൽ ജനാധിപത്യത്തിനുള്ള ലോകത്തിന്‍റെ മാതൃകയായി മാറി.

ഗുജറാത്തിലെ അദ്ദേഹത്തിന്‍റെ ആദ്യകാല പരീക്ഷണങ്ങൾ മുതൽ ഡിജിറ്റൽ ഇന്ത്യയുടെ സമാരംഭം വരെയുള്ള യാത്ര, ജീവിതങ്ങളെ പരിവർത്തനം ചെയ്യാനുള്ള സാങ്കേതികവിദ്യയുടെ കരുത്തിനെയാണു വെളിപ്പെടുത്തുന്നത്. സാങ്കേതികവിദ്യയെ ഭരണത്തിന്‍റെ വ്യാകരണമാക്കി അദ്ദേഹം മാറ്റി. മാനുഷിക തലത്തിനൊപ്പം നേതാക്കൾ സാങ്കേതികവിദ്യയെ സ്വീകരിക്കുമ്പോൾ, രാജ്യമാകെ ഭാവിയിലേക്കു കുതിച്ചുചാട്ടം നടത്തുമെന്ന് അദ്ദേഹം കാണിച്ചു തന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com