ബംഗളൂരു, ദുബായ്, മുംബൈ, കേരളം...!

മഴ പെയ്യാതെ ഒന്നിനും വഴിയില്ല. മഴ മേഘങ്ങൾക്കായി കാത്തിരിക്കുന്നത് വേഴാമ്പൽ മാത്രമല്ല.
heat
heat

"മണ്‍സൂണ്‍ ലഭ്യത കുറഞ്ഞതോടെ നഗരത്തിലെ ഏഴായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റിവരണ്ടു. പ്രതിസന്ധി രൂക്ഷമായതോടെ ഐടി കമ്പനികളിലും വന്‍കിട അപ്പാര്‍ട്ടുമെന്‍റുകളിലും വെള്ളത്തിന്‍റെ ഉപയോഗത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടി ക്ലാസുകള്‍ ഓണ്‍ലൈനിലേക്കു മാറ്റി. ഹോട്ടലുകള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലേറ്റുകളിലും സ്പൂണുകളിലുമാണു ഭക്ഷണങ്ങള്‍ നല്‍കുന്നത്'- ബംഗളൂരുവിൽ നിന്നുള്ള വാർത്തയാണ്.

വെള്ളമില്ലാതെ ജീവിക്കാന്‍ നിർബന്ധിതരാവുകയാണ് മലയാളികളടക്കമുള്ള ബംഗളൂരു നിവാസികള്‍. മഴ പെയ്യാതെ ഒന്നിനും വഴിയില്ല. മഴ മേഘങ്ങൾക്കായി കാത്തിരിക്കുന്നത് വേഴാമ്പൽ മാത്രമല്ല.

സ്വകാര്യ ടാങ്കറുകൾ 1,500 രൂപയിലേറെയാണ് ഒരു ടാങ്ക് വെള്ളത്തിന് ഈടാക്കുന്നത്. മാസം 6,000ത്തിലേറെ രൂപയോളം ടാങ്കർ വെള്ളത്തിനു ചെലവഴിക്കേണ്ട അവസ്ഥ. നേരത്തെ ഇത് 700 രൂപയായിരുന്നു. 12,000 ലിറ്റർ ടാങ്കറിലെ വെള്ളത്തിന്‍റെ വില നിലവിൽ 2,000 രൂപയിലേറെയാണ്. ഒരു മാസം മുമ്പ് ഇത് ഏകദേശം 1,200 രൂപയായിരുന്നു.

ബംഗളൂരു നഗരത്തിലെ നിലവിലുള്ള ജലസ്രോതസുകൾക്ക് താങ്ങാവുന്നതിലും കൂടുതലാണ് ഇപ്പോഴത്തെ ജല ഉപഭോഗം. ഒരു കോടിയോളം ആളുകൾ ബംഗളൂരു നഗരത്തിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോ വർഷവും 10 ലക്ഷം വീതം ജനസംഖ്യ വർധിക്കുന്നു. 2025ഓടെ ഇത് 1.25 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ പഠനമനുസരിച്ച്, 4 പതിറ്റാണ്ടിനിടെ ബെംഗളൂരുവിലെ 79 ശതമാനം ജലാശയങ്ങളും 88 ശതമാനം പച്ചപ്പും നഷ്ടമായി. ആസൂത്രണവുമില്ലാതെ അതിവേഗത്തിലുള്ള നഗരവത്കരണമാണ് നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ നടക്കുന്നത്.

ഇനി ദുബായിലേക്ക്: യുഎഇയിൽ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചതിന്‍റെ പ്ലാറ്റിനം ജൂബിലി വർഷമാണ് ഇത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 150 വർഷം തികയുന്ന വേളയുമാണിതെന്നും ഓർക്കാം. മഴ അപൂർവമായിരുന്ന യുഎഇയിൽ അത് അടയാളപ്പെടുത്തി വയ്ക്കാൻ തുടങ്ങിയത് 1949ലാണ്. ബ്രിട്ടീഷ് പാരമ്പര്യം പിന്തുടരുന്നതിനാലാണ് യുഎഇ നിലവിൽ വന്ന 1971നും മുമ്പ് കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചത്.

ഒന്നര വർഷം കൊണ്ടു കിട്ടേണ്ട മഴ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്തിറങ്ങിയത് സമീപകാലത്ത് ദുബായിയെ പ്രതിസന്ധിയിലാക്കിയത് മലയാളികളെയും ആശങ്കിയിലാക്കിയിരുന്നല്ലോ. 2016 മാർച്ചിലും ദുബായിൽ കനത്ത മഴ പെയ്തിരുന്നു. അന്ന് ഏകദേശം 240 എംഎം മഴയാണ് ലഭിച്ചത്. അന്നും ഒമാനിൽ നിന്നാണ് മഴമേഘം എത്തിയത്. വേണ്ടത്ര ഓടകളില്ലാതെ നിർമിച്ചിരിക്കുന്ന റോഡുകളാണ് ദുബായിയുടെ പോരായ്മ. കാര്യമായ മഴ കിട്ടാത്തിടത്ത് തോടും ഓടകളും എന്ന ചിന്തയാവാം അതിന് കാരണം. 30 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ദുബായ് നഗരത്തിൽ 142 മില്ലീമീറ്റർ മഴ പെയ്തു. രാജ്യാന്തര വിമാനത്താവളത്തിൽ 127 എംഎം മഴ പെയ്തു. ആ പ്രദേശത്തെ ശരാശരി വാർഷിക മഴ 76 എംഎം ആണ്. ഇനി ഇത്തരം തീവ്രമഴകൾ പതിവായി മാറാനുള്ള സാധ്യതകളിലേക്കാണ് ചൂണ്ടുന്നത്. താപതരംഗത്തെ മാത്രമല്ല ഗൾഫ് മേഖല ഭാവിയി‍ൽ മിന്നൽ പ്രളയങ്ങളെയും കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വിദഗ്ധരുടേത്.

അടുത്ത ദൃശ്യം മുംബൈയിൽ നിന്ന്: 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയ്ക്ക് ദുബായ് സാക്ഷ്യം വഹിച്ചപ്പോൾ അതേ ദിവസം മുംബൈ സാക്ഷ്യം വഹിച്ചത് അത്യപൂർവമായ താപതരംഗത്തിന്. മുംബൈയും ദുബായും തമ്മിൽ ഏകദേശം 2,000 കിലോമീറ്റർ ദൂരമുണ്ട്. ഒരു നഗരത്തെ ചുട്ടുപഴുപ്പിച്ച അതേ അന്തരീക്ഷച്ചുഴലി മറുവശത്തെ മരുഭൂമിയെ മഴഭൂമിയാക്കിയെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.

അന്തരീക്ഷത്തിൽ എതിർ ചുഴലി രൂപപ്പെട്ടതു മൂലം മുംബൈയിൽ 16ന് കനത്ത ചൂടായിരുന്നു. കടൽ കടന്ന് വളരെ വിസ്തൃതമായ മേഖലയിലേക്ക് എതിർ ചുഴലി രൂപപ്പെടുമ്പോൾ ആ പ്രദേശത്തെ വായു ചൂടുപിടിച്ചു താഴേക്ക് വരും. ഇങ്ങനെ വരുമ്പോൾ മർദം കൂടി വായു കൂടുതൽ ചൂടു പിടിക്കും. മറ്റു കാറ്റുകളെയും ആഗോള അന്തരീക്ഷ ചലനങ്ങളെയും തടസപ്പെടുത്തുമെന്നതാണ് എതിർ ചുഴലിയുടെ പ്രത്യേകത. ദുബായിലെ മഴയ്ക്ക് കാരണമായ ഈർപ്പം വന്നത് ഭൂമധ്യരേഖാ പ്രദേശത്തു നിന്നും അറബിക്കടലിൽ നിന്നുമാകാനാണു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.

വയലുകളും തോടുകളുമെല്ലാം നികത്തിയും പാറയെല്ലാം പൊട്ടിച്ചും മലകളും കുന്നുകളും ഇടിച്ചു നിരത്തിയും നാടെല്ലാം കോൺക്രീറ്റും ടാറും കോരിയൊഴിച്ച് ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്ക് ഇറങ്ങരുതെന്ന് വാശിപിടിച്ച് വികസനം കെട്ടിപ്പൊക്കുന്നവർക്ക് കണ്ടു പഠിക്കേണ്ടതാണ് ദുബായ് അനുഭവം.

രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളെപ്പോലെ ചൂടുള്ളതും ചുട്ടുപൊള്ളുന്നതുമായ ചൂടുള്ള ഒരു വരണ്ട കാലഘട്ടവും കേരളത്തിന് അനുഭവിക്കേണ്ടി വന്നിരുന്നില്ല. ഏപ്രിൽ മുതൽ ജൂൺ വരെയാണ് നമ്മുടെ വേനൽക്കാലം. ഈ കാലയളവിൽ താപനില പരമാവധി 33 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു. പക്ഷേ, ഇപ്പോഴത് 40 ഡിഗ്രി കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനകാലത്തെ വികസനവും ജീവിതവും ഇപ്പോഴത്തേതു പോലെ പോരാ. ശാസ്ത്രീയമായി ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് മറ്റുള്ളിടങ്ങളിൽ നിന്നുള്ള അനുഭവ പാഠം.

പാലക്കാടൻ ചൂടിലേയ്ക്ക് മൂന്നാറും ഊട്ടിയും എത്തുന്ന കാലം അധികം അകലെയല്ല. ഇപ്പോൾ തന്നെ മൂന്നാറിലും ഊട്ടിയിലും വീടുകളിൽ ഫാൻ വാങ്ങിവയ്ക്കുന്നവരുടെ തിരക്കേറിയതായി വ്യാപാരികൾ പറയുന്നു.

വേനലിൽ കോരിച്ചൊരിയുന്ന മഴ, മഴക്കാലത്താണെങ്കിലോ ചുട്ടു പൊള്ളുന്ന ചൂട് , ചെറിയ മഴയ്ക്കു പകരം തീവ്രതയേറിയ മഴപ്പെയ്ത്തുകള്‍... കേരളത്തിന്‍റെ കാലാവസ്ഥ ആകെ മാറിയതായി നമ്മൾ കഴിഞ്ഞ കൊല്ലങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു ഋതുവില്‍ ലഭിക്കേണ്ട മഴ ഒന്നോ രണ്ടോ ദിവസം കോരിച്ചൊരിഞ്ഞ് ഒഴിഞ്ഞുപോവുന്നു. ഈ മഴ പെയ്തതിന്‍റെ അടുത്ത ആഴ്ച മുതൽ കുടിവെള്ള ക്ഷാമം നേരിടേണ്ടിവരുന്ന പ്രദേശങ്ങളുമുണ്ട്.

ആഗോളതലത്തില്‍ അപകടകരമാം വിധം തകിടം മറിയുകയാണ് കാലാവസ്ഥയെന്നും മനുഷ്യരാശിക്ക് ഇത് വലിയ ഭീഷണിയായി മാറുമെന്നും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഐക്യരാഷ്‌ട്ര സഭാ സമിതിയായ ഐപിസിസി കഴിഞ്ഞ വർഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിന്‍റെ മേൽത്തട്ടിലെ ചൂട് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഇത് ചുഴലിക്കാറ്റുകള്‍, അതിതീവ്ര മഴ എന്നിവക്ക് കാരണമാകും. സമുദ്ര നിരപ്പ് ഓരോ വര്‍ഷവും ഉയരുകയാണ്. ഇത് കടല്‍ക്കയറ്റവും തീരശോഷണവും കൂടുതല്‍ ശക്തവും സങ്കീര്‍ണവുമാക്കും. അത്യുഷ്ണവും വരള്‍ച്ചാ മാസങ്ങളും കൂടുന്നു. നഗരപ്രദേശങ്ങളിലെ ചൂട് അതീവ അസഹ്യമാകും. കരയിലെയും കടലിലെയും ജൈവ വൈവിധ്യത്തെ കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുകയും കൃഷി മുതല്‍ മത്സ്യസമ്പത്ത് വരെ അപകടാവസ്ഥയിലാകുകയും ചെയ്യും. ഇന്ത്യയില്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും 17 മീറ്റര്‍ വീതം കടല്‍ കരയിലേക്ക് കയറാമെന്നാണ് മുന്നറിയിപ്പ്.

"ആടിമുകില്‍മാല കുടിനീരു തിരയുന്നു

ആവണികള്‍ കുളിരു തിരയുന്നു

ആതിരകള്‍ ഒരു കുഞ്ഞുപൂവ് തിരയുന്നു

ആറുകളൊഴുക്കു തിരയുന്നു...'

കവി ക്രാന്തദർശിയാണ്. ഒ.എൻ.വി. കുറുപ്പിന്‍റെ ഈ വരികൾ മലയാളികൾ അനുഭവിക്കുകയാണിപ്പോൾ. ഇനി എന്തൊക്കെ അനുഭവിക്കാനിരിക്കുന്നു... !

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com