സഹകരണ മേഖലയ്ക്കു പുതിയ ഭീഷണിയായി അന്തർസംസ്ഥാന സൊസൈറ്റികൾ

തട്ടിപ്പ് ആരോപണങ്ങളിൽ ഉഴലുന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്ക് പുതിയ ഭീഷണിയായി അന്തർ സംസ്ഥാന സഹകരണ സംഘങ്ങളുടെ വരവ്
Indian rupee money bag
Indian rupee money bagImage by Freepik
Updated on

അജയൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിന്‍റെ നിഴലിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനം അപ്പാടെ ആശങ്കയുടെ നിഴലിൽ നിൽക്കുമ്പോൾ, അന്തർ സംസ്ഥാന സഹകരണ സംഘങ്ങളുടെ രൂപത്തിൽ പുതിയ ഭീഷണി മുളച്ചുപൊന്തുന്നു. കേന്ദ്ര സർക്കാർ പദ്ധതിക്കു കീഴിൽ ഇത്തരത്തിൽ പന്ത്രണ്ടിലധികം സൊസൈറ്റികൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

2002ലെ മൾട്ടി-സ്റ്റേറ്റ് കോഓപ്പറേറ്റിവ് സൊസൈറ്റീസ് ആക്റ്റ് പ്രകാരമാണ് ഇവയുടെ പ്രവർത്തനം. പലിശ നിരക്ക് നിയന്ത്രിക്കാൻ കേന്ദ്രീകൃത സംവിധാനം ഇല്ലെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പോരായ്മ. 14% വരെയാണ് ഇത്തരത്തിലുള്ള ചില പുതിയ സൊസൈറ്റികൾ വാഗ്ദാനം ചെയ്യുന്ന പലിശ. ഏതു ദേശസാത്കൃത ബാങ്കും, ഓഹരി വിപണിയും വരെ നൽകുന്നതിൽ അധികം വരുമാനമാണിത്. അതുകൊണ്ടു തന്നെ ഇവയുടെ ദീർഘകാല നിലനിൽപ്പ് സംശയത്തിലാണ്.

ഇത്തരമൊരു പ്രസ്ഥാനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും താരതമ്യേന ലളിതമാണമെന്ന് മേഖലയിലുള്ളവർ പറയുന്നു. കുറഞ്ഞത് 100 അംഗങ്ങളാണ് ഇങ്ങനെയൊരു സൊസൈറ്റി രൂപീകരിക്കാൻ ആവശ്യം. ഇതിൽ പകുതിയെങ്കിലും ഒറ്റ സംസ്ഥാനത്തുനിന്നുള്ളവരായിരിക്കണം. ഇത്തരത്തിലുള്ള സൊസൈറ്റികൾ രൂപീകരിക്കാനുള്ള ബൈലോ തയാറാക്കാൻ നിരവധി ആളുകളെ തന്നെ സമീപിച്ചുകഴിഞ്ഞതായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അഭിഭാഷകൻ മെട്രൊ വാർത്തയോടു പറഞ്ഞു. ഇവരുടെ ആവശ്യം നിരാകരിച്ചെങ്കിലും, സൊസൈറ്റി രൂപീകരിക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 50 പേരെ സംഘടിപ്പിക്കുന്നതിനുള്ള രീതികളെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചിരുന്നു. കർണാടക പോലെ അയൽ സംസ്ഥാനങ്ങളിലുള്ള ബന്ധുക്കളെ കൂട്ടി കുടുംബ വ്യവസായം എന്ന നിലയിലാണ് പലരും ഈ പ്രസ്ഥാനവുമായി മുന്നോട്ടു പോകാൻ ശ്രമിക്കുന്നത്.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തരമൊരു സൊസൈറ്റിയിൽ ജോലിക്ക് അപേക്ഷിച്ച മലപ്പുറം സ്വദേശിനിയുടെ അനുഭവം അവരുടെ സഹോദരനും വിവരിച്ചു. അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയാൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. അതല്ലെങ്കിൽ മറ്റാരുടെയെങ്കിലും 10 ലക്ഷം രൂപയുടെ നിക്ഷേപം കൊണ്ടുവരണം. ഇത്തരം സൊസൈറ്റികൾക്കുള്ളിൽ അഴിമതിയും ചൂഷണവും നടക്കാനുള്ള സാധ്യതകളിലേക്ക് വ്യക്തമായ സൂചനയാണിത്.

പഴയ പരിചയക്കാരുമായി ബന്ധപ്പെട്ട് നിക്ഷേപം സമാഹരിക്കുകയാണെന്ന് പൊട്ടിപ്പോയൊരു ചിട്ടി ഫണ്ടിലെ മുൻ ജീവനക്കാരൻ പറയുന്നു. ആകർഷകമായ കമ്മീഷൻ കിട്ടുമെന്നതാണ് കാരണം. പഴയ ചിട്ടി ഫണ്ടുകളുടെ ഗതി തന്നെയാകും ഇവയ്ക്കും എന്ന് അദ്ദേഹവും കരുതുന്നു. പക്ഷേ, പെട്ടെന്ന് പണമുണ്ടാക്കാൻ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യുന്നു.

സഹകരണ പ്രസ്ഥാനങ്ങളെയാകെ ഭീഷണിയിലാക്കുന്നതാണ് അന്തർ സംസ്ഥാന സഹകരണ സംഘങ്ങളെന്ന് മുൻ എംഎൽഎ അനിൽ അക്കര പറഞ്ഞു. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ വെളിച്ചത്തു കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചവരിലൊരാളാണ് അനിൽ അക്കര. പുതിയ പ്രസ്ഥാനങ്ങളുടെ ദൗർബല്യം അവയെ അൽപ്പായുസ്സാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ഇത്തരം സൊസൈറ്റികൾക്കും, ഒപ്പം സഹകരണ ബാങ്കുകൾക്കും മേൽ റിസർവ് ബാങ്കിന്‍റെ വ്യക്തമായ നിയന്ത്രണങ്ങൾ ആവശ്യമാണ്. മേഖലയിലെ വേരുറപ്പിച്ച അഴിമതിയും ക്രമക്കേടുകളും പിഴുതുമാറ്റാൻ അതേ മാർഗമുള്ളൂ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com