സ്വപ്‌നങ്ങളുടെ സ്റ്റുഡിയോയിൽ ഭയം പൂവിട്ട മണിക്കൂറുകൾ | Mumbai hostage drama explained

പൊലീസ് വെടിവച്ചു കൊന്ന പ്രതി രോഹിത് ആര്യ.

സ്വപ്‌നങ്ങളുടെ സ്റ്റുഡിയോയിൽ ഭയം പൂവിട്ട മണിക്കൂറുകൾ

മുംബൈയിലെ ബന്ദി നാടകം: രോഹിത് ആര്യയുടെ അവസാനത്തെ 'ഓഡിഷൻ'. എയർ ഗൺ മാത്രം കൈയിലുണ്ടായിരുന്ന പ്രതിയുടെ നെഞ്ചിലേക്ക് പൊലീസ് വെടിവച്ചതെന്തിന്? മരണശേഷവും രോഹിത് ആര്യ അവശേഷിപ്പിക്കുന്ന ചോദ്യങ്ങൾ.
Summary

മുംബൈയിലെ പവായ് സ്റ്റുഡിയോയിൽ രോഹിത് ആര്യ 17 കുട്ടികളെ ബന്ദിയാക്കിയ നാടകം മൂന്ന് മണിക്കൂറിനുള്ളിൽ അവസാനിച്ചു. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള 2 കോടി രൂപയുടെ കുടിശികയായിരുന്നു ഇയാളുടെ പ്രധാന ആവശ്യം. ചർച്ചകൾ പരാജയപ്പെട്ടപ്പോൾ ക്വിക്ക് റെസ്‌പോൺസ് ടീം സ്റ്റുഡിയോയിലേക്ക് നുഴഞ്ഞു കയറി. ആര്യ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്തപ്പോൾ പൊലീസ് തിരികെ നെഞ്ചത്ത് നിറയൊഴിച്ചു. ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് രോഹിത് ആര്യ വീണു മരിച്ചു.

പ്രത്യേക ലേഖകൻ

ബോളിവുഡ് സ്വപ്നങ്ങളുമായി നൂറുകണക്കിന് യുവപ്രതിഭകൾ വന്നുപോകാറുള്ള പവായിലെ ആർ.എ. സ്റ്റുഡിയോ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അപ്രതീക്ഷിതമായി ഒരു വയലൻസ് മൂവിയുടെ മൂഡിലായി. ഒരു വെബ് സീരീസിലേക്കുള്ള 'ഓഡിഷൻ' എന്ന് വിശ്വസിച്ച് സ്റ്റുഡിയോയ്ക്കുള്ളിൽ തങ്ങിയ 17 കുട്ടികളും രണ്ട് മുതിർന്നവരുമാണ് നിമിഷങ്ങൾക്കകം ബന്ദികളാക്കപ്പെട്ടത്.

എന്നാൽ, ഇതൊരു കൊള്ളക്കാരന്‍റെയോ ഭീകരന്‍റെയോ ദൗത്യമായിരുന്നില്ല; മറിച്ച്, സർക്കാരിൽ നിന്ന് ലഭിക്കാനുള്ള രണ്ടുകോടി രൂപയുടെ കുടിശ്ശികയും, സ്വന്തം പദ്ധതിക്ക് ലഭിക്കാത്ത അംഗീകാരവും ഒരു മനുഷ്യനെ എത്തിച്ച നിസ്സഹായാവസ്ഥയുടെ അവസാനത്തെ ഓഡിഷനായിരുന്നു!

രോഹിത് ആര്യ: നിരാശയുടെ ക്ലൈമാക്സ് സീൻ

മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യ സംരംഭകനും പ്രൊജക്റ്റ് കൺസൾട്ടന്‍റുമായിരുന്നു രോഹിത് ആര്യ. 'സ്വച്ഛത മോണിറ്റർ', 'മാജി ശാല, സുന്ദർ ശാല' (എന്‍റെ വിദ്യാലയം, സുന്ദര വിദ്യാലയം) തുടങ്ങിയ സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഇദ്ദേഹം, സ്വന്തം ആശയങ്ങൾക്ക് അംഗീകാരമോ പ്രതിഫലമോ ലഭിച്ചില്ലെന്ന് ആരോപണമുയർത്തിയിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർക്കറിനെതിരേയും ഉദ്യോഗസ്ഥർക്കെതിരേയും രോഹിത് പലതവണ പ്രതിഷേധിക്കുകയും നിരാഹാര സമരം നടത്തുകയും ചെയ്തിട്ടുണ്ട്.

സ്വപ്‌നങ്ങളുടെ സ്റ്റുഡിയോയിൽ ഭയം പൂവിട്ട മണിക്കൂറുകൾ | Mumbai hostage drama explained

മഹാരാഷ്ട്രയിലെ മുൻ മന്ത്രി ദീപക് കേസാർക്കർ.

"ഞാൻ ആത്മഹത്യ ചെയ്യുന്നതിനു പകരം ഒരു പദ്ധതിയിട്ടു" – ബന്ദിയാക്കിയ ശേഷം രോഹിത് ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞ വാക്കുകളാണിത്. പണമായിരുന്നില്ല, ചില വ്യക്തികളോട് 'ധാർമികവും നൈതികവുമായ' ചില ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമാണ് തനിക്കു വേണ്ടതെന്നും, ഏതെങ്കിലും തെറ്റായ നീക്കമുണ്ടായാൽ എല്ലാവരെയും കത്തിച്ചു കളയുമെന്നും അയാൾ ഭീഷണിപ്പെടുത്തി.

രോഹിത്തിന്‍റെ ഈ മാനസിക നില അയാളുടെ കടുത്ത നിരാശയുടെ പ്രതിഫലനമായിരുന്നു. ഒരു കലാകാരന്‍റെയും സാമൂഹ്യ പ്രവർത്തകന്‍റെയും പശ്ചാത്തലമുള്ള ഒരാൾ, 17 പിഞ്ചുവിദ്യാർഥികളെ ബന്ദിയാക്കി ശ്രദ്ധ നേടാൻ ശ്രമിച്ചത്, ഔദ്യോഗിക സംവിധാനങ്ങൾ ഒരു വ്യക്തിയിൽ വരുത്തിയ സമ്മർദത്തിന്‍റെ ആഴം വ്യക്തമാക്കുന്നു.

ഹൊറർ മൂഡ് നിറഞ്ഞ മണിക്കൂറുകൾ

ഉച്ചയ്ക്ക് 1.45 ഓടെയാണ് സ്റ്റുഡിയോയ്ക്ക് പുറത്ത് ഭീതി പരന്നത്. കുട്ടികളെ കാണാതായതിനെത്തുടർന്ന് ആശങ്കയിലായ മാതാപിതാക്കൾ സ്റ്റുഡിയോയിലെ സുരക്ഷാ ജീവനക്കാരനോട് വിവരം തിരക്കി. കുട്ടികളെ രോഹിത് ബന്ദിയാക്കി എന്നറിഞ്ഞതോടെ പവായിലെ തെരുവുകൾ നിലവിളികളാലും പൊലീസിന്‍റെ സൈറൺ ശബ്ദങ്ങളാലും നിറഞ്ഞു. ക്വിക്ക് റെസ്‌പോൺസ് ടീമും (QRT), ബോംബ് സ്ക്വാഡും, അഗ്‌നിശമന സേനയും ഉൾപ്പെടെയുള്ള വൻ പൊലീസ് സന്നാഹം ഉടൻ തന്നെ സ്ഥലത്തെത്തി.

സ്റ്റുഡിയോയുടെ വാതിലുകളിൽ സെൻസറുകൾ ഘടിപ്പിച്ച്, അകത്തു കയറാനുള്ള പൊലീസിന്‍റെ എല്ലാ ശ്രമങ്ങളെയും രോഹിത് ആര്യ തടസപ്പെടുത്തി. ചില്ലുജനലുകൾക്കു പിന്നിൽ ഭയന്നുവിറച്ച് നിന്നിരുന്ന കുട്ടികളുടെ ദൃശ്യവും അവരുടെ അലർച്ചകളും മാതാപിതാക്കളെ കൂടുതൽ വേദനയിലാഴ്ത്തി. രണ്ടു മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലും രോഹിത് ആര്യ വഴങ്ങാൻ തയാറായില്ല.

അമോൽ വാഗ്മാരെ: ഒരൊറ്റ ബുള്ളറ്റിൽ എല്ലാം കഴിഞ്ഞു

സ്വപ്‌നങ്ങളുടെ സ്റ്റുഡിയോയിൽ ഭയം പൂവിട്ട മണിക്കൂറുകൾ | Mumbai hostage drama explained

രോഹിത് ആര്യയുടെ നെഞ്ചിൽ വെടിവച്ച് വീഴ്ത്തിയ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ അമോൽ വാഗ്മാരെ.

കുട്ടികളുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്ന് ഉറപ്പായതോടെ പൊലീസ് ഒരു അന്തിമ തീരുമാനമെടുത്തു. അപകടകരമായ സാഹചര്യം മുന്നിൽക്കണ്ട പൊലീസ്, അഗ്‌നിശമന സേനയുടെ സഹായത്തോടെ കെട്ടിടത്തിന്‍റെ ഡക്റ്റ് ലൈനിലൂടെയും ഒരു ബാത്ത്റൂം വെന്‍റിലൂടെയും സ്റ്റുഡിയോയിലേക്ക് രഹസ്യമായി കടന്നു.

പൊലീസ് അകത്തേക്ക് പ്രവേശിച്ച ഉടൻ രോഹിത് ആര്യ കൈയിലുണ്ടായിരുന്ന എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്തു. നിമിഷങ്ങൾക്കകം, ആന്‍റി-ടെററിസ്റ്റ് സെല്ലിലെ ഓഫിസറായ അമോൽ വാഗ്മാരെ, രോഹിത്തിനെ ലക്ഷ്യമാക്കി വെടിവച്ചു. നെഞ്ചിൽ തന്നെ വെടിയേറ്റ രോഹിത് തൽക്ഷണം വീണു.

35 മിനിറ്റ് മാത്രം നീണ്ടുനിന്ന അതിവേഗ ഓപ്പറേഷൻ 'വിജയകരമായി' പൂർത്തിയാക്കി പൊലീസ് 17 കുട്ടികളെയും മറ്റ് രണ്ട് പേരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. രക്ഷപെടുത്തിയ ഉടൻ കുട്ടികളെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് മാതാപിതാക്കളുടെ അടുക്കൽ എത്തിക്കുകയും ചെയ്തു. രോഹിത് ആര്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

അവശേഷിക്കുന്ന ചോദ്യങ്ങൾ

രണ്ടുകോടി രൂപയുടെ കടമോ, അതോ അംഗീകാരം നിഷേധിക്കപ്പെട്ടതിലുള്ള നിരാശയോ? എന്താണ് രോഹിത് ആര്യയെ ഈ കടുംകൈയിലേക്കു നയിച്ചത്? ഒരു എയർ ഗൺ മാത്രമായിരുന്നു രോഹിത്തിന്‍റെ കൈയിലുണ്ടായിരുന്നതെങ്കിലും, വെടിയുതിർക്കാനുള്ള പൊലീസിന്‍റെ തീരുമാനം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഏകമാർഗമായിരുന്നു എന്ന് പൊലീസ് കമ്മീഷണർ ദേവൻ ഭാരതി വ്യക്തമാക്കി.

മുംബൈ നഗരത്തെ ഭീതിയിലാഴ്ത്തിയ മൂന്ന് മണിക്കൂറുകൾ അവസാനിക്കുമ്പോൾ, കുട്ടികൾ സുരക്ഷിതരായി വീടണഞ്ഞു. എന്നാൽ, നീതി നിഷേധിക്കപ്പെട്ടു എന്ന് വിശ്വസിച്ച ഒരു മനുഷ്യന്‍റെ ദുരന്തപര്യവസാനം ഭരണകൂട വ്യവസ്ഥയോട് ഇപ്പോഴും ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com