മഹാനഗരത്തിന്‍റെ സ്വന്തം മണീസ് ഹോട്ടല്‍

ചെമ്പൂരിലും സയണിലും മാട്ടുങ്കയിലും മലയാള രുചിഭേദങ്ങളുടെ പാരിതോഷികമൊരുക്കുന്നു മണീസ് ഹോട്ടല്‍. ആഘോഷവേളകളിലല്ലാതെ സദ്യ കഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കു ശങ്കിക്കാതെ മണീസിലേക്കു പോകാം
മഹാനഗരത്തിന്‍റെ സ്വന്തം മണീസ് ഹോട്ടല്‍

ഹണി വി. ജി.

തൂശനില മുറിച്ചുവച്ചു, തുമ്പപ്പൂ ചോറു വിളമ്പി, ആശിച്ച കറിയെല്ലാം നിരത്തിവച്ചു. മുംബൈ മഹാനഗരത്തിന് ഇതൊരു പാട്ടിലെ വരികള്‍ മാത്രമല്ല. വരികളിലെ പോലെ, അക്ഷരാര്‍ഥത്തില്‍ കേരളീയരുചിയുടെ വിരുന്നൊരുക്കുന്ന ഒരിടമുണ്ട്. ചെമ്പൂരിലും സയണിലും മാട്ടുങ്കയിലും മലയാള രുചിഭേദങ്ങളുടെ പാരിതോഷികമൊരുക്കുന്ന മണീസ് ഹോട്ടല്‍. ആഘോഷവേളകളിലല്ലാതെ സദ്യ കഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കു ശങ്കിക്കാതെ മണീസിലേക്കു പോകാം.

തൂശനിലയില്‍ ഇഞ്ചിക്കറിയും നാരങ്ങയും മാങ്ങാക്കറിയും പച്ചടിയും തോരനും അവിയലും കൂട്ടുകറിയും പരിപ്പും സാമ്പാറും പുളിശ്ശേരിയും രസവും മോരുമൊക്കെയായി വിഭവസമൃദ്ധമായ സദ്യ കഴിച്ചു മനസും വയറും നിറയ്ക്കാം. മലയാളികള്‍ക്കു മാത്രമല്ല, മുംബൈ നഗരത്തിലെത്തുന്ന എല്ലാവര്‍ക്കും പ്രിയപ്പെട്ട ഹോട്ടലാണ് മണീസ്. ഭക്ഷണത്തില്‍ ഗുണനിലവാരവും രുചിയും നിലനിര്‍ത്തികൊണ്ടൊരു ബ്രാന്‍ഡായിത്തന്നെ മണീസ് മുംബൈയുടെ മനസിലിടം പിടിച്ചു കഴിഞ്ഞു.

അന്വേഷിച്ചെത്തുന്ന ഭക്ഷണപ്രിയര്‍

ഉച്ചനേരത്തെ സദ്യ തന്നെയാണു മണീസിലെ പ്രധാന ആകര്‍ഷണം. കേരളത്തിന്‍റെ സദ്യ ഇത്രയധികം കറികള്‍ കൂട്ടി കഴിക്കാന്‍ കഴിയുന്ന മറ്റൊരിടം മുംബൈയില്‍ ഇല്ല. അതുകൊണ്ടു തന്നെ ഈ ഹോട്ടല്‍ അന്വേഷിച്ചെത്തുന്നവരും ഏറെ. വാഴയിലയിലാണു ചോറു വിളമ്പുന്നത്. ചൂടുചോറില്‍ സാമ്പാറും പുളിശ്ശേരിയും ഒഴിച്ച്, അവിയലും തോരനും കൂട്ടുകറിയും ചേര്‍ത്ത്, അച്ചാറിന്‍റെ മേമ്പൊടിയോടെ, ഒരു ഉരുള വായിലേക്ക് വെക്കുമ്പോള്‍ തന്നെ ഏതൊരു ഭക്ഷണപ്രേമിയുടെയും മനസു നിറയും. ഇല കാലിയാക്കി, പായസവും പപ്പടവും പഴവും ചേര്‍ത്ത് അവസാന തുള്ളിയും തുടച്ചെടുത്തു നാക്കില്‍ വെക്കുമ്പോള്‍ വയറും നിറയും.

വി. എസ്. മണി അയ്യർ
വി. എസ്. മണി അയ്യർ

മിതമായ നിരക്കില്‍, രുചിയേറിയ ശുദ്ധ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ മണീസ് ഹോട്ടല്‍ തന്നെയാണ് ആശ്രയം. എപ്പോഴും തിരക്കാണെങ്കിലും അതിഥ്യമരാദ്യയിലും വൃത്തിയിലും ഒരിക്കലും പിന്നോട്ടില്ല. ജീവനക്കാരുടെ പെരുമാറ്റവും മണീസ് ഹോട്ടലിനൊരു മുതല്‍ക്കൂട്ടാണ്. സദ്യ മാത്രമല്ല, രാവിലെയും വൈകിട്ടും ദോശ, ഇഡലി, ഊത്തപ്പം, മസാലദോശ തുടങ്ങിയ അനവധി ഭക്ഷണവൈവിധ്യങ്ങളും ഈ ഹോട്ടലിലുണ്ട്.

തലമുറകള്‍ നെഞ്ചേറ്റിയ ജീവിതനിയോഗം

75 വര്‍ഷത്തിലേറെ സേവനപാരമ്പര്യമുണ്ട് മണീസ് ഹോട്ടലിന്. 1937-ല്‍ മുംബൈ മാട്ടുങ്കയില്‍ റൂയാ കോളെജിനടുത്താണു മണീസ് ഹോട്ടലിന്‍റെ തുടക്കം. പാലക്കാടന്‍ തമിഴ് വംശജനായ ബ്രാഹ്‌മണന്‍ വി എസ് മണി അയ്യരാണു ഹോട്ടല്‍ തുടങ്ങിവച്ചത്. പിന്നീട് നല്ല ഭക്ഷണം നല്‍കുക എന്ന ജീവിതനിയോഗം, അദ്ദേഹത്തിന്‍റെ മകന്‍ നാരായണ സ്വാമിയും ഇളയ സഹോദരന്‍മാരും ഏറ്റെടുത്തു.

നടൻ നെപ്പോളിയനോടൊപ്പം നാരായണ സ്വാമി
നടൻ നെപ്പോളിയനോടൊപ്പം നാരായണ സ്വാമി

നാരായണ സ്വാമിയുടെ മരണശേഷം, അദ്ദേഹത്തിന്‍റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ഇളയ സഹോദരന്‍ വെങ്കടേഷ് എന്ന രാജാമണിയും, രാമനും സഹോദരന്മാരും, നാരായണസ്വാമിയുടെ മകനായ സുബ്രമണിയുമാണു ഹോട്ടല്‍ നടത്തി വരുന്നത്. 1948-ല്‍ സയണിലും 2016-ചെമ്പൂരിലും മണീസ് ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി.

മുംബൈ പോലൊരു നഗരത്തില്‍ 110 രൂപ മാത്രമേ ഊണിന് ചാര്‍ജ് ചെയ്യുന്നുള്ളൂ. അണ്‍ ലിമിറ്റഡ് ഊണിന് 200 രൂപയും. ശനിയും ഞായറും പായസം ലഭിക്കും. മറ്റു ദിവസങ്ങളില്‍ ശുദ്ധമായ നെയ്യില്‍ നിര്‍മ്മിച്ച മധുര പലഹാരങ്ങളും.

കോയമ്പത്തൂരില്‍ നിന്നും വരുത്തുന്ന നെയ്യാണ് ഉപയോഗിക്കുന്നത്. ദൂരങ്ങളില്‍ നിന്നു പോലും മണീസിലെ മധുരപലഹാരങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്താറുണ്ട്. ഈ പലഹാരങ്ങളും നിരവധി പേര്‍ക്കു പ്രിയപ്പെട്ടതാണ്. രാവിലെ 7.30 മുതല്‍ രാത്രി 10 വരെയാണു പ്രവര്‍ത്തനസമയം. ഉച്ചയ്ക്ക് 11 മുതല്‍ 3 മണി വരെയാണു ഉച്ചഭക്ഷണസമയം. തിങ്കളാഴ്ച് അവധിദിവസം.

അന്നദാനം മഹാദാനം

മുപ്പത്തിമൂന്നു വര്‍ഷമായി ഇവിടെയുള്ള രാജാമണിയും അദ്ദേഹത്തിന്‍റെ സഹോദരന്‍ രാമനുമാണ് ഹോട്ടലിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടത്തുന്നത്. ഇവരുടെ പിതാവായ വി.എസ്.മണി അയ്യരെ നഷ്ടപ്പെടുമ്പോള്‍ ഇളയവനായ രാജാമണിയുടെ വയസ്സ് പതിനൊന്ന് . അച്ഛനെ നഷ്ടപ്പെട്ട രാജാമണിയെ പിന്നീടു മകനെ പോലെ വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെ മൂത്ത ജേഷ്ഠനായ നാരായണസ്വാമിയായിരുന്നു. നാരായണസ്വാമി രാജാമണിയെ പഠിപ്പിച്ച കുറെ കാര്യങ്ങളുണ്ട്. അതൊന്നും തകര്‍ക്കാതെയാണ്, വിശ്വാസ്യതയോടെ രാജാമണി ഹോട്ടല്‍ നടത്തിക്കൊണ്ടു പോകുന്നത്.

വെങ്കടേഷ് (രാജാമണി)
വെങ്കടേഷ് (രാജാമണി)

'സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭക്ഷണം ലഭ്യമാകണം. അതുകൊണ്ടുതന്നെ ഇത്രയേറെ വിലക്കയറ്റത്തിലും ഞങ്ങള്‍ അമിതചാര്‍ജ് ഒന്നും ഈടാക്കുന്നില്ല, അന്നദാനം മഹാദാനം എന്നതാണ് എന്നെ നാരായണസ്വാമി പഠിപ്പിച്ചത്. അതിന്നും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കും', രാജാമണി പറയുന്നു. ഭക്ഷണം നല്‍കുന്നതിനപ്പുറം മഹത്തരമായ സേവനങ്ങളും കോവിഡ് കാലത്തു ചെയ്യാന്‍ കഴിഞ്ഞു രാജാമണിക്ക്. നിരവധി കലാകാരന്മാരെ ആ കാലയളവില്‍ സഹായിക്കാന്‍ സാധിച്ചതു വലിയ ഭാഗ്യം തന്നെയാണെന്നു പാട്ടുകാരന്‍ കൂടിയായ കലാസ്വാദകന്‍ രാജാമണി പറയുന്നു. തികഞ്ഞ അയ്യപ്പ ഭക്തനും, 40 വര്‍ഷമായി ശബരിമലയിലെക്ക് പോവുകയും, അവിടെയുള്ള അഖില ഭാരത അയ്യപ്പ സേവ സംഘത്തിലെ cwc മെംബറുമാണ്.

അതിര്‍ത്തികളില്ലാത്ത രുചിവൈവിധ്യം

നഗരത്തിലെ പല പ്രശസ്തരും മണീസിലെ നിത്യസന്ദര്‍ശകരാണ്. ക്രിക്കറ്റര്‍മാരായ രവി ശാസ്ത്രി, വെങ്‌സാര്‍ക്കര്‍, സന്ദീപ് പാട്ടീല്‍ തുടങ്ങിയവരും ഗായകന്‍ ശങ്കര്‍ മഹാദേവനും ബോളിവുഡിലെ പ്രമുഖ വ്യക്തിത്വങ്ങളുമൊക്കെ മണീസ് ഹോട്ടലിന്‍റെ രുചിയറിഞ്ഞവരാണ്. നഗരത്തിലെ മലയാളികളുടെ ഏക വെജിറ്റേറിയന്‍ ഹോട്ടലാണു മണീസെങ്കിലും, ഭാഷയുടെയും വേഷത്തിന്‍റെയോ വേര്‍തിരിവുകളില്ലാതെ വിളമ്പുന്ന രുചിയില്‍ ആകൃഷ്ടരായി നിരവധി പേരെത്തുന്നുണ്ട് ഈ ഹോട്ടലിലേക്ക്.

കോവിഡ് മഹാമാരിയുടെ കാലത്തും സഹായഹസ്തവുമായി മണീസ് ഹോട്ടലുണ്ടായിരുന്നു. ജനങ്ങളുടെ സഹകരണമാണു മണീസിന്‍റെ കരുത്തും പ്രചോദനവും. അവര്‍ നല്‍കുന്ന സ്‌നേഹം ഉള്‍ക്കൊണ്ടാണു മുന്നോട്ടു പോകുന്നത്. മനസു നിറയ്ക്കുന്ന രുചിവൈവിധ്യങ്ങളുമായി എല്ലാകാലത്തും മുമ്പോട്ടു പോകാന്‍ സാധിക്കുന്നതും അതുകൊണ്ടു തന്നെ.

Matunga Manis lunch home-02224127188, 9820334887.

Chembur Manis lunch home- 02225200201.

Sion Manis lunch home-02224079584.

manis.rajamani@gmail.com

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com