സീല്‍ : അശരണര്‍ക്കായി ജീവിതം നെയ്തെടുക്കുന്ന അഭയകേന്ദ്രം

സ്നേഹം കൊണ്ടു മുറിവുണക്കി ജീവിതം തിരികെ നല്‍കുകയാണിവിടെ. മലയാളിയായ പാസ്റ്റര്‍ ഫിലിപ്പാണ് സീലില്‍ കാരുണ്യത്തിന്‍റെ ആള്‍രൂപമായി അശരണര്‍ക്ക് അഭയമാകുന്നത്
സീല്‍ : അശരണര്‍ക്കായി ജീവിതം നെയ്തെടുക്കുന്ന അഭയകേന്ദ്രം

## ഹണി വി.ജി

ജീവിതത്തിന്‍റെ ഓരങ്ങളില്‍ അശരണരെന്ന വിശേഷണവും പേറി ജീവിക്കുന്നവരുണ്ട്. ആരും ഇല്ലാതെ, ആര്‍ക്കും വേണ്ടാതെ അവഗണിക്കപ്പെട്ടു പോകുന്നവര്‍. ഭൂമിയിലെ അശരണര്‍ക്കു ശരണം നല്‍കാന്‍ മനുഷ്യര്‍ക്കല്ലാതെ ആര്‍ക്ക് സാധിക്കും. അവര്‍ക്കൊരു നേരത്തെ ആഹാരം നല്‍കുന്നതും അഭയം നല്‍കുന്നതും മനുഷ്യനു ചെയ്യാനാകുന്ന ഏറ്റവും വലിയ പുണ്യപ്രവര്‍ത്തിയാണ്. ഈ തിരിച്ചറിവ് പലര്‍ക്കുമില്ല. എന്നാല്‍ ഇത്തരം പുണ്യപ്രവര്‍ത്തിയിലൂടെ സേവനത്തിന്‍റെ മഹനീയ മാതൃക കാണിച്ചു തരുന്ന ഒരു സ്ഥാപനമുണ്ട്, മുംബൈ പനവേലിലെ സീല്‍ ആശ്രമം. 

സ്നേഹത്താല്‍ ആശ്വാസം പകര്‍ന്ന്

ജീവിതം എന്തെന്നു തിരിച്ചറിയാന്‍ സീല്‍ ആശ്രമം സന്ദര്‍ശിക്കണം. പിറന്നു വീണ കുഞ്ഞു മുതല്‍ വാര്‍ധക്യത്തിന്‍റെ അവശത അനുഭവിക്കുന്നവര്‍ വരെ സീലിന്‍റെ കുടക്കീഴില്‍ അഭയം തേടുന്നുണ്ട്. മനുഷ്യജീവിതത്തില്‍ എങ്ങനെ ആയിത്തീരരുതെന്നു നാം ആഗ്രഹിക്കുന്നുവോ, അത്തരത്തിലുള്ളവരുടെ കഥകളാണ് സീല്‍ ആശ്രമത്തിലെ അന്തേവാസികളില്‍ നിന്നും അറിയാനാകുക. അവരുടെ കഷ്ടതകള്‍ക്കും ദുഖങ്ങള്‍ക്കും സ്നേഹത്താല്‍ ആശ്വാസം നല്‍കി സീല്‍ ആശ്രമം അവരെ പുതിയ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തുന്നു. 1999-ല്‍ മുംബ്രായിലാണു സീല്‍ ആശ്രമത്തിന്‍റെ തുടക്കം. ആശ്രമത്തില്‍ സ്നേഹമല്ലാതെ മറ്റൊന്നുമില്ല.

SEAL (Social & Evangelical Association Love For Love). ഈ പേരിനെ അന്വര്‍ത്ഥമാക്കുന്നതാണു സീലിന്‍റെ പ്രവര്‍ത്തനം. സ്നേഹം കൊണ്ടു മുറിവുണക്കി ജീവിതം തിരികെ നല്‍കുകയാണിവിടെ. മലയാളിയായ പാസ്റ്റര്‍ ഫിലിപ്പാണ് സീലില്‍ കാരുണ്യത്തിന്‍റെ ആള്‍രൂപമായി അശരണര്‍ക്ക് അഭയമാകുന്നത്. സമൂഹം തെരുവിലേക്ക് വലിച്ചെറിഞ്ഞവരെ ആശ്രമത്തിലെത്തിച്ച് ജീവിതം തിരിച്ചു നല്‍കുകയാണു പാസ്റ്റര്‍ ഫിലിപ്പ് ചെയ്യുന്നത്.

ഒരു വാടകമുറിയില്‍ തുടക്കം

വര്‍ഷങ്ങള്‍ക്കു മുമ്പ് സഹോദരനെ കാണാനാണു ഫിലിപ്പ് മുംബൈയില്‍ എത്തിയത്. ആ സമയത്തു തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒമ്പതു മാസം പ്രായമായ ആണ്‍കുഞ്ഞിനെ കാണാനിടയായി. ഏതെങ്കിലും അനാഥാലയത്തില്‍ ഏല്‍പ്പിക്കാം എന്നു തീരുമാനിച്ചു. കുഞ്ഞ് എച്ച്ഐവി ബാധിതനായതിനാല്‍ ആരും ഏറ്റെടുക്കാന്‍ തയാറായില്ല. ഇത്തരത്തിലുള്ളവര്‍ക്ക് ആശ്രയം നല്‍കാനൊരു ഇടം എന്ന ആശയം മനസില്‍ തെളിയുന്നത് ഈ സാഹചര്യത്തിലാണ്. അങ്ങനെ ഒരു മുറി വാടകയ്ക്കെടുത്ത് കുട്ടിയെ പരിപാലിക്കാന്‍ തയാറായി. വാടകമുറിയും രണ്ടു പായയും മാത്രമായിരുന്നു മൂലധനം. ഇങ്ങനെയായിരുന്നു സീല്‍ ആശ്രമത്തിന്‍റെ തുടക്കം. ഒരു ബൈബിള്‍ വചനത്തെ നെഞ്ചോടു ചേര്‍ത്തുള്ള പ്രവര്‍ത്തനമാണ് സീല്‍ ഇന്നു നടത്തുന്നത്, ''നീ ശബ്ദമില്ലാത്തവന് ശബ്ദമാകണം, കാതില്ലാത്തവന് കാതാകണം, കൈയില്ലാത്തവനു കൈയാകണം, കാലില്ലാത്തവന് കാലാകണം'' . ഇന്നു സീലിനെ സ്നേഹിക്കാന്‍ നൂറുകണക്കിന് ആളുകളുണ്ട്. കോവിഡ് സമയത്തു പോലും മറ്റുള്ളവര്‍ക്കു സഹായം ചെയ്യാന്‍ സീലിനു കഴിഞ്ഞു.

വീടുകളിലേക്ക് തിരികെയെത്തിച്ചത് 500-ഓളം പേരെ

സീല്‍ ആശ്രമത്തില്‍ ഇപ്പോള്‍ 253 അന്തേവാസികളുണ്ട്. ആശ്രമത്തിനു തുടക്കം കുറിക്കാന്‍ കാരണക്കാരനായ ആ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് വളര്‍ന്ന്, മികച്ച കലാകാരനായി മാറി. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, അനാഥര്‍, രോഗബാധിതര്‍, മാനസിക പ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവരെല്ലാം സീലിന്‍റെ തണലില്‍ അണയുന്നു. പതിമൂന്ന് ഏക്കറിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പാസ്റ്റര്‍ ഫിലിപ്പിന് കൂട്ടായി പാസ്റ്റര്‍ ബിജു സാമുവലും, പിന്നീട് സിസ്റ്റര്‍ ജൈനമ്മയും എത്തിയതോടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കി.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ സീല്‍ ആശ്രമത്തിലുണ്ട്. നാടുവിട്ട് മഹാനഗരത്തില്‍ എത്തിയവര്‍ക്കും, ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും ആശ്രമം ആശ്രയമാകുന്നു. പരമാവധി ആളുകളെ പുതിയ ജീവിതത്തിലേക്ക് എത്തിക്കുക എന്ന വലിയ ദൗത്യമാണ് സീലിന്‍റേത്. അഭയം നല്‍കുക മാത്രമല്ല, അന്തേവാസികളെ വേണ്ടപ്പെട്ടവരിലേക്ക് തിരികെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും ചെയ്യുന്നു. അഞ്ഞൂറോളം പേരെ വീടിന്‍റെ സുരക്ഷിതത്വത്തിലേക്കു തിരികെ എത്തിക്കാന്‍ കഴിഞ്ഞുവെന്നു പാസ്റ്റര്‍ ഫിലിപ്പ് പറയുന്നു. പ്രതിഫലേച്ഛയില്ലാതെയാണു പ്രവര്‍ത്തനങ്ങളെല്ലാം.  

തെരുവുജീവിതങ്ങളെ പുനരധിവസിപ്പിക്കണം

അന്തേവാസികളായ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, മരുന്ന്, ചികിത്സ, സര്‍ജറി തുടങ്ങിയവയ്ക്കെല്ലാം ഭാരിച്ച ചെലവുകളുണ്ട്. ഇതിനുള്ള പണം ദൈവാനുഗ്രഹത്താല്‍ എത്തുമെന്നാണ് പാസ്റ്റര്‍ ഫിലിപ്പും സംഘവും പറയുന്നത്. ആദ്യഘട്ടത്തില്‍ അകന്നുനിന്ന നാട്ടുകാരും, മറ്റുള്ളവരുമൊക്കെ ഇപ്പോള്‍ സീല്‍ ആശ്രമത്തിന്‍റെ പങ്കാളികളാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്രമം സന്ദര്‍ശിച്ച് സഹായഹസ്തങ്ങള്‍ നീട്ടുന്നുണ്ട്. പൊലീസുകാരും സാമൂഹിക പ്രവര്‍ത്തകരും തെരുവില്‍ ഒറ്റപ്പെട്ടു പോയവരെ ആശ്രമത്തില്‍ എത്തിക്കാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ഇതിനുവേണ്ട സഹായങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. എങ്കിലും അല്ലലില്ലാതെ ആശ്രമം മുന്നോട്ടു പോകുന്നു. പാസ്റ്റര്‍ ഫിലിപ്പിനൊരു സ്വപ്നമുണ്ട്. അശരണരരെ ആശ്രമത്തില്‍ എത്തിച്ച്, ചികിത്സ നല്‍കിയ ശേഷം ബന്ധുക്കളെ തിരികെ ഏല്‍പ്പിക്കണം.

''ഭൂരിഭാഗം പേരും സ്വന്തമായി ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ യിലാണ് സീലില്‍ വരുന്നത്. അങ്ങനെയുള്ളവരെ ശുശ്രൂഷ ചെയ്ത് എല്ലാം മാറ്റിയെടുത്തു സ്വന്തം വീട്ടിലേക്ക് അയക്കും. അങ്ങനെയുള്ളവരെയാണ് സീലിന് വേണ്ടത്, കാരണം രോഗമുക്തി നേടി അവര്‍ ഇവിടെ നിന്നും സ്വന്തം വീടുകളിലേക്ക് പറഞ്ഞയക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതാണ് സീലിന്‍റെ ദൗത്യവും'', പാസ്റ്റര്‍ ഫിലിപ്പ് പറയുന്നു.

എത്രയോ അനുഭവങ്ങള്‍

എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷം ഇന്ത്യയില്‍ കാണാതാകുന്നത് ഏകദേശം 7 ലക്ഷത്തോളം പേരാണ്. പക്ഷേ പാസ്റ്റര്‍ ഫിലിപ്പിന്‍റെ അഭിപ്രായമനുസരിച്ച് ഇതിന്‍റെ ഇരട്ടിയെങ്കിലും വരും. 'കാരണം 50 ശതമാനം പേര്‍ മാത്രമേ കാണാതായവരെക്കുറിച്ച് പരാതി നല്‍കുന്നുള്ളൂ. ബാക്കി പകുതി പേര്‍ പല കാരണങ്ങളാല്‍ പരാതി നല്‍കുന്നില്ല. കാണാതായവരെ കണ്ടുപിടിക്കാന്‍ യാതൊരു സംവിധാനവും രാജ്യത്തില്ല. ഇവരുടെ ഡേറ്റ കിട്ടിയാല്‍ പലതും ചെയ്യാന്‍ സാധിക്കും. ഇതിലാണ് ഇനി സര്‍ക്കാരിന്‍റെ ശ്രദ്ധ പതിയേണ്ടത്.

ജീവിതത്തിലെ പല അനുഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊച്ചി വൈറ്റിലയിലെ ഒരു അപ്പന്‍ രോഗശയ്യയില്‍ കിടന്ന് കാണാതായ മകന്‍ ചാര്‍ളി വരുമെന്നു പറഞ്ഞു. ചാര്‍ളി സീലിലുണ്ടായിരുന്നു. എന്നാല്‍ ചാര്‍ളി സ്വന്തം വീട്ടിലേക്കു പോയപ്പോഴേക്കും അപ്പന്‍ മരണപ്പെട്ടു. ആ അപ്പന് വേറെ മക്കളുണ്ടായിരുന്നു. അതിസമ്പന്നരായ കുടുംബമായിരുന്നു അവരുടേത്. എന്നിട്ടും കാണാതായ മകനെക്കുറിച്ചുള്ള വേദനയായിരുന്നു ആ അപ്പന്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമങ്ങളുണ്ടായാല്‍ ഈ സ്ഥിതിക്കൊക്കെ മാറ്റം വരും, പാസ്റ്റര്‍ ഫിലിപ്പ് പറയുന്നു.

 സെന്‍സസില്‍ ഒരു ചോദ്യം കൂടി

ഇന്ത്യയിലെ അടുത്ത സെന്‍സസ് ഈ വര്‍ഷം നടക്കും. മുപ്പത്തൊന്നു ചോദ്യങ്ങളാണ് സെന്‍സസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാസ്റ്റര്‍ ഫിലിപ്പിന്‍റെ അഭിപ്രായത്തില്‍ മുപ്പത്തിരണ്ടാമത്തെ ചോദ്യമായി ഒരു കാര്യം കൂടി ഉള്‍പ്പെടുത്തണം, നിങ്ങളുടെ വീട്ടില്‍ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന ചോദ്യം. ഈ ആവശ്യം ഉന്നയിച്ച് സീല്‍ ആശ്രമം കേന്ദ്രസര്‍ക്കാരിലും കോടതിയിലും നിവേദനം സമര്‍പ്പിക്കാന്‍ തയാറെടുക്കുകയാണ്. അങ്ങനെയെങ്കില്‍ കാണാതായവരുടെ ഡേറ്റ സമഗ്രമായി ശേഖരിക്കാന്‍ സാധിക്കും. അവരെ വീടുകളില്‍ തിരികെ എത്തിക്കാനും കഴിയും. ശുശ്രൂഷിക്കാന്‍ ആരുമില്ലാതെ, ഓര്‍മകള്‍ നഷ്ടപ്പെട്ടു തെരുവില്‍ അലയുന്നവരെ സ്വന്തം വീടുകളിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തിലൂടെ സീല്‍ പ്രയാണം തുടരുകയാണ്.

SEAL Ashram, Vangani, Nere, New Panvel -410206

Mob. +91 8108688029 / 9321253899 / 9594903121

Email : admin@sealindia.org

https://www.sealindia.org/

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com