

യുദ്ധം ജയിക്കാൻ ആൾക്കൂട്ടം മാത്രം പോരാ...
file photo
ജ്യോത്സ്യൻ| ഗ്രഹനില
യുദ്ധതന്ത്രത്തിൽ ഏറ്റവും പ്രധാനം നായകൻ മുന്നിൽ നിന്നു തന്നെ നയിക്കണം എന്നതാണ്. തന്നോടൊപ്പമുള്ള സൈന്യ വ്യൂഹത്തിന് ചിതറാതെ ധൈര്യത്തോടെ കടന്നാക്രമിച്ചു പോകണമെങ്കിൽ അഗ്രേസരനായി നിൽക്കേണ്ടത് സേനാപതി തന്നെയാണ്. ലോക ചരിത്രത്തിൽ അങ്ങനെയുള്ള രണ്ടു സേനാധിപതികളെ എടുത്തു കാണിക്കുന്നുണ്ട്. ഒന്ന്- മുഗൾ ചക്രവർത്തി അക്ബർ.
1556ൽ ഹുമയൂൺ മരിച്ച സന്ദർഭത്തിൽ 12 വയസുള്ള അദ്ദേഹത്തിന്‍റെ മകൻ അക്ബറാണ് ഭരണം ഏറ്റെടുത്തത്. ആ സന്ദർഭത്തിൽ ഹേമു എന്നറിയപ്പെടുന്ന സമ്രാട്ട് ഹേമചന്ദ്ര വിക്രമാദിത്യ തന്‍റെ സൈന്യങ്ങളുമായി ഡൽഹി പിടിച്ചെടുക്കാൻ വന്നു. പാനിപ്പറ്റിലാണ് യുദ്ധം നടന്നത്. മുപ്പതിനായിരം പേരടങ്ങുന്ന കാലാൾപ്പടയും പടക്കോപ്പുകൾ ധരിച്ച 50 ആനകളും അടങ്ങിയതായിരുന്നു ഹേമുവിന്‍റെ സൈന്യം. പതിനായിരം കുതിരപ്പടയാളികളായിരുന്നു മുഗളന്മാരുടെ ശക്തി.
22 യുദ്ധങ്ങൾ ജയിച്ചിട്ടുള്ള ഹേമുവാണ് ഹവായ് എന്ന വലിയ ആനയുടെ പുറത്തിരുന്ന് യുദ്ധം നയിച്ചത്. അക്ബറും അദ്ദേഹത്തിന്‍റെ അമ്മാവൻ ബൈറാം ഖാനും നയിക്കുന്ന പടയെ വിറപ്പിച്ചു കൊണ്ടായിരുന്നു ഹേമുവിന്‍റെ ആനയോട്ടം. എന്നാൽ അവിചാരിതമായി ഒരു മുഗൾ പടയാളിയുടെ അമ്പേറ്റ് ഹേമു ആനപ്പുറത്തു നിന്ന് വീഴുകയും കൂടെ നിന്ന പടയാളികൾ ഇതു കണ്ട് ഓടിയൊളിക്കുകയും ചെയ്തു. നായകന്‍റെ സാന്നിധ്യം ശക്തിയാണ്, എന്നാൽ സസൂക്ഷ്മമായ സംവിധാനം ഇല്ലെങ്കിൽ ആ ശക്തി നിമിഷനേരം കൊണ്ട് നഷ്ടമാകും എന്ന് ഇവിടെ ചരിത്രം നമ്മോടു പറയുന്നു.
അതുപോലെ തന്നെയാണ് 33 കപ്പലുകളുമായി ഫ്രഞ്ച് സൈനിക ജനറലായ നെപ്പോളിയൻ ബോണെപ്പാർട്ട് 1805ൽ വൈസ് അഡ്മിറൽ ഹോറേഷ്യോ നെൽസന്‍റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് റോയൽ നേവിയെ ആക്രമിച്ചത്. അറ്റ്ലാന്‍റിക് സമുദ്രത്തിലെ കേപ് ട്രാഫൽഗറിൽ 27 കപ്പലുകളുമായി ലോർഡ് നെൽസൺ നെപ്പോളിയനെ നേരിട്ടു.
വളരെ തന്ത്രപൂർവമാണ് രണ്ട് സമാന്തര നിരകളിലൂടെ നെൽസന്‍റെ കപ്പൽപ്പട നെപ്പോളിയനെ സമീപിച്ചത്. ആ യുദ്ധത്തിൽ ബ്രിട്ടീഷ് സൈനികപ്പട നിർണായക വിജയം നേടിയെങ്കിലും മുങ്ങിക്കൊണ്ടിരിക്കുന്ന ഫ്രഞ്ച് കപ്പലിൽ നിന്നും നെപ്പോളിയന്‍റെ കൂടെയുള്ള ഒരു സൈനികൻ നെൽസനെ വെടിവച്ചിടുകയും, അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. നായകൻ വീണാലും, സംവിധാനവും ഏകോപനവും ഉറച്ചാൽ വിജയം നിലനിൽക്കുമെന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
കേരളത്തിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു യുദ്ധം അരങ്ങേറാനിരിക്കുകയാണ്- "ബാലറ്റ് യുദ്ധം'..! മൂന്നു ശക്തമായ രാഷ്‌ട്രീയ ചേരികൾ തെരഞ്ഞെടുപ്പ് മൈതാനത്ത് ഇറങ്ങിക്കഴിഞ്ഞു- പിണറായി വിജയൻ നയിക്കുന്ന ഇടതു മുന്നണിയും, രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ബിജെപിയും വി.ഡി. സതീശൻ നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയും. ഇടതുമുന്നണിയിലും ബിജെപിയിലും ചോദ്യം ചെയ്യപ്പെടാത്ത ഒറ്റ നേതാവേ ഉള്ളൂവെങ്കിൽ യുഡിഎഫിൽ കുറഞ്ഞത് അഞ്ച് നേതാക്കന്മാരുണ്ട്.
എഐസിസിയുടെ ശക്തനായ സംഘടന സെക്രട്ടറി കെ.സി. വേണുഗോപാൽ, ആരെയും കൂസാത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ചെറിയ പിഴവു കൊണ്ട് മുഖ്യമന്ത്രി പദവി വരെ നഷ്ടപ്പെട്ട ശാന്തനായ രമേശ് ചെന്നിത്തല, പ്രഗദ്ഭനായ പിതാവിന്‍റെ പിൻഗാമിയായി വന്ന കെ. മുരളീധരൻ, ഭാഗ്യം കൊണ്ട് കെപിസിസി അധ്യക്ഷ പദവി ലഭിച്ച സണ്ണി ജോസഫ്. തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പോലെ തലയെടുപ്പും പ്രവൃത്തിപരിചയവുമുള്ളവർ വേറെ. ഇവരെല്ലാം വലിയ നായകന്മാരാണ്.
പക്ഷേ യുദ്ധഭൂമിയിലെ ഒരു അടിസ്ഥാന സത്യം രാഷ്‌ട്രീയത്തിലും ബാധകമാണ് -ശത്രുവിനെതിരേ അസ്ത്രം വിടുമ്പോൾ സ്വന്തം നിരയിൽ എന്താണു നടക്കുന്നത് എന്നും ശ്രദ്ധിക്കണം. മുന്നണിക്കകത്ത് തന്നെ ആശയ വ്യത്യാസങ്ങളും നേതൃ മത്സരവും ശക്തമാകുമ്പോൾ, എങ്ങനെയായിരിക്കും ശത്രുപക്ഷത്തോട് ഏറ്റുമുട്ടി വിജയക്കൊടി പാറിക്കുക എന്ന ചോദ്യം സ്വാഭാവികമാണ്.
ചരിത്രം നമ്മെ പഠിപ്പിക്കുന്ന കാര്യം വീണ്ടും ഓർമിപ്പിക്കുന്നു: നായകൻ മുന്നിൽ നിൽക്കണം. പക്ഷേ, പിന്നിൽ ഉറച്ച സംഘാടനവും ഐക്യവും ഇല്ലെങ്കിൽ ആ മുന്നേറ്റം നിലനിൽക്കില്ല.
ബാലറ്റ് യുദ്ധത്തിൽ വിജയക്കൊടി പാറിക്കുക ആരെന്നു തീരുമാനിക്കുന്നത് ജനങ്ങളാണ്. നേതാക്കളുടെ വ്യക്തിപരമായ കഴിവോ കരുത്തോ മാത്രമല്ല വിജയത്തിനു വേണ്ടത്, ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന ഐക്യവും വിശ്വാസവും ദിശാബോധവും കൂടിയാണ് എന്നാണ് ജോത്സ്യന് പറയാനുള്ളത്.