
മുനമ്പം, വയനാട്... പരിഹാരമാണു വേണ്ടത്|ജ്യോത്സ്യൻ
സുപ്രീം കോടതി മുതൽ താഴേത്തട്ടിലുള്ള കോടതികൾ വരെ ഭരണഘടനയുടെ സംരക്ഷകരും ജനങ്ങൾക്ക് സമയബന്ധിതമായി നീതി ലഭ്യമാക്കുന്നതിനുള്ള ശക്തമായ ഏജൻസികളുമായി മാറുന്നതാണ് അടുത്ത കാലത്ത് നാം കാണുന്നത്.
കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം സുപ്രീം കോടതി തന്നെ തടഞ്ഞുവച്ചിരിക്കുകയാണ്. എറണാകുളത്തെ മുനമ്പം ഉൾപ്പെടെ, വഖഫ് വസ്തുക്കളുമായി ബന്ധപ്പെട്ടു ധാരാളം കേസുകൾ രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നടക്കുന്നുണ്ട്.
വഖഫ് നിയമ ഭേദഗതിപ്രാബല്യത്തിൽ വന്നപ്പോൾ പ്രശ്ന പരിഹാരമായി എന്നാണ് മുനമ്പം നിവാസികൾ വിശ്വസിച്ചിരുന്നതെങ്കിലും കേന്ദ്രസർക്കാരിന്‍റെ കുരുക്കുകൾ കൂടുതൽ മുറുകുകയാണുണ്ടായത്.
ക്രയവിക്രയ സ്വാതന്ത്ര്യത്തോടു കൂടി നാട്ടിലുള്ള നിയമമനുസരിച്ച് ഫാറൂഖ് കോളെജിന്‍റെ ഉടമസ്ഥതയിൽ നിന്ന് മുനമ്പം നിവാസികൾ വാങ്ങിയ ഭൂമി വഖഫ് ഭേദഗതി നിയമം വന്നതോടെ ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്ന തരത്തിൽ മാറിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ലഭിക്കാൻ രാഷ്‌ട്രീയ പാർട്ടികളും നേതാക്കളും മോഹനസുന്ദര വാഗ്ദാനങ്ങൾ അടിച്ചു വിടാറുണ്ട്. എന്നാൽ ബിജെപിക്കു ശക്തമായ വേരുകളില്ലാത്ത കേരളത്തിൽ ക്രൈസ്തവ സഭകളെ കൂടെ നിർത്തുന്നതിനുവേണ്ടി മുനമ്പം സമരക്കാരോടൊപ്പം ചുക്കാൻ പിടിക്കാൻ വന്ന ബിജെപി നേതാക്കളുടെ തന്ത്രം കാറ്റിൽ പറന്നു പോയി.
പരസ്പരം ആക്ഷേപിച്ചും തമ്മിൽത്തല്ലിയും ദുർബലമായിരുന്ന കേരളത്തിലെ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് കടന്നുവന്ന രാജീവ് ചന്ദ്രശേഖറിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താം എന്ന വ്യോമോഹം തകർന്നു വീണു. എന്നാൽ ഇതെല്ലാം മാറ്റിവച്ചുകൊണ്ട് അറുനൂറിൽപ്പരം വരുന്ന മുനമ്പം നിവാസികൾക്ക് തങ്ങളുടെ ഭൂമിയിൽ ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടി പ്രവർത്തിക്കാനുള്ള സാഹചര്യം സംസ്ഥാന സർക്കാർ നേടിക്കൊടുക്കണമെന്ന് ജോത്സ്യൻ അഭ്യർഥിക്കുന്നു.
അതുപോലെ തന്നെയാണ് വയനാട്ടിൽ കടക്കെണിയിൽ പെട്ടിരിക്കുന്ന ദുരിതബാധിതരുടെ പ്രശ്നവും. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ഉരുൾപൊട്ടലോടു കൂടി ജീവനോപാധി തന്നെ നഷ്ടപ്പെട്ടവർക്ക് ബാങ്കുകളുടെ നിലപാട് ഇടിത്തീയായി മാറിയിരിക്കുകയാണ്.
കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ബാങ്ക് ദുരിതബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ നടപടി ആരംഭിച്ചെങ്കിലും കേന്ദ്ര സർക്കാരിനു കീഴിലുള്ള ബാങ്കുകൾ വായ്പകൾ എഴുതിത്തള്ളുന്നതിനു പകരം മൊറട്ടോറിയം ഏർപ്പെടുത്താമെന്ന നിലപാടിലാണ്.
വിദ്യാഭ്യാസ- കാർഷിക വായ്പകൾ തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക ശേഷി ഇപ്പോൾ ദുരിതബാധിതർക്കില്ല. കേന്ദ്ര ദുരിത അഥോറിറ്റിയ്ക്കാണ് വായ്പകൾ എഴുതിത്തള്ളാമെന്ന തീരുമാനമെടുക്കാനുള്ള അധികാരവും അവകാശവുമുള്ളത്. സമയബന്ധിതമായി ആ തീരുമാനമെടുക്കുന്നതിന് പകരം സംസ്ഥാന മുഖ്യമന്ത്രി ചെയർമാനായ ബാങ്കുകളുടെ സംസ്ഥാന അഡ്വൈസറി കമ്മറ്റി ദുരിത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന തീരുമാനം എടുത്തിട്ടില്ലെന്ന മറു ആരോപണമാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്നത്.
എന്നാൽ അത് തെറ്റായ വാദമാണെന്ന് സംസ്ഥാന സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. മൊറട്ടോറിയം ആശ്വാസകരമല്ല എന്ന് ഈ കമ്മറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന സത്യം പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ള നിവേദനത്തിൽ വായ്പകൾ എഴുതിത്തള്ളണമെന്നു തന്നെയാണ് പറഞ്ഞിട്ടുള്ളത്.
ദുരിതബാധിത പ്രദേശം സന്ദർശിച്ച പ്രധാനമന്ത്രിയും തുടർന്ന് സന്ദർശനം നടത്തിയ കേന്ദ്ര ഉദ്യോഗസ്ഥ സംഘവും ധാരാളം വാഗ്ദാനങ്ങൾ നൽകിയെങ്കിലും ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കാൻ അവർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ പശ്ചാതലത്തിലാണ് ഹൈക്കോടതി മുമ്പാകെ ദുരിത ബാധിതർ എത്തിയത്.
അവരെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ മുന്നോട്ടുവരാത്ത ഇതേ കേന്ദ്ര സർക്കാർ തന്നെയാണ് 2015 മുതൽ 2024 വരെയുള്ള 12.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളാൻ വാണിജ്യ ബാങ്കുകൾക്ക് അനുവാദം കൊടുത്തത്.
കർഷകരുടെയും വിദ്യാർഥികളുടെയും ചെറുകിട സംരഭകരുടെയും കണ്ണുനീര് കേന്ദ്ര സർക്കാർ കാണാതിരിക്കരുത്. കോർപ്പറേറ്റുകൾക്ക് ഉദാരമായ സാമ്പത്തിക ക്രമീകരണങ്ങൾ ചെയ്തു കൊടുക്കുന്ന കേന്ദ്ര സർക്കാർ പാവപ്പെട്ട ദുരിതബാധിതരുടെ കടബാധ്യത എഴുതിത്തള്ളി അവരെ പുതിയൊരു ജീവിതത്തിലേക്ക് നയിക്കണമെന്നാണ് ജോത്സ്യന് പറയാനുള്ളത്