അവൾ ഇനിയൊരിക്കലും ആ നാട്ടിലേക്കില്ല...

മുസാഫർ നഗർ കൂട്ട ബലാത്സംഗക്കേസിലെ അതിജീവിത നടത്തിയ പോരാട്ടത്തിന്‍റെ കഥ കണ്ണു നനയിപ്പിക്കുന്നതാണ്
അവൾ ഇനിയൊരിക്കലും ആ നാട്ടിലേക്കില്ല...

ന്യൂഡൽഹി: പത്തു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ അനുകൂല വിധി നേടി തന്നെ ആക്രമിച്ചവരെ തടവറയ്ക്കുള്ളിലടച്ചിട്ടും ജനിച്ച ഗ്രാമത്തിലേക്ക് തിരിച്ചു പോകുന്നതിനെക്കുറിച്ച് ഓർക്കാൻ പോലും ഭയമാണവൾക്ക്. അത്രയേറെ വേദനിപ്പിക്കുന്ന ഓർമകളാണ് മുസാഫർ നഗറിലെ ആ കലാപകാലം അവൾക്കു നൽകിയത്. മുസാഫർ നഗർ കൂട്ട ബലാത്സംഗക്കേസിലെ അതിജീവിത നടത്തിയ പോരാട്ടത്തിന്‍റെ കഥ വിസ്മയിപ്പിക്കുന്നതാണ്.

2013 ൽ മുസാഫർ നഗർ കലാപത്തിനിടെയാണ് അവൾ ബലാത്സംഗം ചെയ്യപ്പെട്ടത്. പത്തു വർഷത്തിനു ശേഷവും ജനിച്ചു വളർന്ന ആ ഗ്രാമത്തെക്കുറിച്ചോർക്കുമ്പോൾ‌ അവൾക്കു ഭയമാണ്. ആ ഗ്രാമത്തിലെത്തിയാൽ താനും തന്‍റെ മക്കളും ജീവനോടെ കാണുമെന്ന് ഇപ്പോഴും ഉറപ്പില്ലെന്ന് അവൾ പറയുന്നു. മുസാഫർ‌ നഗർ ജില്ലാ കോടതിയാണ് കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്. കേസിൽ പ്രതികളായ മഹേശ്വിർ, സിക്കന്ദർ എന്നിവർക്ക് 20 വർഷം വീതം തടവും 15,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മറ്റൊരു പ്രതി വിചാരണക്കാലത്തു തന്നെ മരിച്ചു. എന്നാൽ, ഈ വിധിയൊന്നും ജീവനിലുള്ള ഭയത്തെ ഇല്ലാതാക്കുന്നില്ലെന്ന് അവൾ പറയുന്നു.

അതിജീവിതയുടെ വാക്കുകളിലേക്ക്...

"കുറ്റവാളികൾ ജയിലറയ്ക്കുള്ളിലായിരിക്കാം. പക്ഷേ, അവരുടെ കുടുംബം ഇപ്പോഴും പുറത്തുണ്ട്. അവരിപ്പോഴും ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്, ഭീഷണിപ്പെടുത്തുന്നുമുണ്ട്. ആ ദിവസത്തെ കുറിച്ച് ഓർക്കുമ്പോൾ എനിക്കിപ്പോഴും ഭയമാണ്. സാധാരണ പോലെ വീട്ടു പണികളിലായിരുന്നു ഞാനന്നും. മുസ്ലിം പുരുഷനും ഹിന്ദു യുവതിയുമായുണ്ടായ ഒരു പ്രശ്നത്തിന്‍റെ പേരിൽ കലാപം കത്തിപ്പടർന്നത് വളരെ പതുക്കെ ഗ്രാമത്തിലെല്ലാവരും അറിഞ്ഞു... ജാട്ട് സമുദായക്കാർ അതീവ കോപത്തിലായിരുന്നു. ഗ്രാമത്തിൽ പലയിടങ്ങളിലും അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടായതോടെ ഓടി രക്ഷപ്പെടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നായി. എന്നെന്നേക്കുമായി അവിടം ഉപേക്ഷിച്ച് മക്കളെയും ചേർത്തു പിടിച്ച് ഞാൻ ഓടുകയായിരുന്നു. വയലുകളിലൂടെ ഞാൻ ഓടി. പക്ഷേ ഓടി‍യോടി എങ്ങോട്ടു പോകണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ തളർന്നു. കലാപകാരികൾ എന്നെ പിടികൂടി. ക്രൂരമായ ബലാത്സംഗത്തിനിരയാക്കി. മൂന്നു മാസം പ്രായമുള്ള കുഞ്ഞ് ആ സമയത്തും എനിക്കരികിലുണ്ടായിരുന്നു. കുഞ്ഞുങ്ങളെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്താണ് എന്നെ അവർ നിശബ്ദയാക്കിയത്....''

ആക്രമണം നടന്ന ശേഷവും കേസ് കൊടുക്കാൻ ഭയമായിരുന്നു. പക്ഷേ, സാമൂഹ്യപ്രവർത്തകനായ ശബ്നം ഹാഷ്മി വഴി അവൾ ഇത്തരത്തിൽ ലൈംഗികമായി ആക്രമിക്കപ്പെട്ട ആറു പേരെ പരിചയപ്പെട്ടു. അങ്ങനെയാണ് വൃന്ദ ഗ്രോവർ എന്ന വക്കീലുമായി പരിചപ്പെടുന്നതും കേസ് കൊടുക്കുന്നതും. അതിനു ശേഷം പത്തു വർഷം നീണ്ട നിയമ യുദ്ധം. കോടതിയിൽ പ്രതികളുടെ അഭിഭാഷകർ പല തവണ അവളുടെ സ്വഭാവത്തെ ചോദ്യം ചെയ്തു. ഒരു പക്ഷേ കുറ്റകൃത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളേക്കാൾ അധികം ചോദ്യങ്ങൾ അവളുടെ സ്വഭാവം മോശമാണോ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. മാനസികമായി തളർത്താൻ ശ്രമിച്ചു. കേസ് പിൻവലിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. കേസ് കൊടുത്ത ഏഴിൽ ആറ് പേരും മാനസിക സമ്മർദം സഹിക്കാനാകാതെ കേസിൽ നിന്നു പിന്മാറി. പക്ഷേ എന്തു വില കൊടുത്തും നീതിക്കു വേണ്ടി പൊരുതുമെന്ന് അവളുറപ്പിച്ചിരുന്നു. ആ തീരുമാനം ഒടുവിൽ വിജയം കണ്ടു.

കുറ്റവാളികൾ പ്രബലരാണ്, അവർക്ക് രാഷ്ട്രീയ സ്വാധീനം ഉണ്ട്. അതു കൊണ്ടു തന്നെ അവർ ഹൈക്കോടതി സമീപിക്കുമെന്നതിൽ സംശയമില്ല. പക്ഷേ അവർ വിജയിക്കാൻ പോകുന്നില്ല, കാരണം കേസ് ശക്തമാണെന്ന് അതിജീവിത പറയുന്നു. പന്ത്രണ്ടും പത്തും ആറും വയസുള്ള കുട്ടികളാണ് അവൾക്കുള്ളത്. അവരുടെ വിദ്യാഭ്യാസത്തിനായിരിക്കും പ്രാധാന്യം നൽകുകയെന്ന് അവൾ പറയുന്നു. മുസാഫർ നഗർ കലാപത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. 50,000 പേരെ മാറ്റിപ്പാർപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com