എം.വി. രാഘവനും ന്യൂനപക്ഷ, പിന്നാക്ക രാഷ്‌ട്രീയവും

1985 കാലഘട്ടത്തിലാണു രാഘവന്‍റെ ബദൽ രേഖ പുറത്തുവരുന്നത്
M.V. Raghavan and minority and backward politics special story

എം.വി. രാഘവൻ

Updated on

അഡ്വ. ജി. സുഗുണന്‍

കേരള രാഷ്ട്രീയത്തിൽ വീരോചിത അധ്യായം എഴുതിച്ചേർത്ത കമ്യൂണിസ്റ്റ് നേതാവ് എം.വി. രാഘവന്‍റെ 11ാം ചരമവാര്‍ഷികദിനമാണ് ഇന്ന്. 1985 കാലഘട്ടത്തിലാണു രാഘവന്‍റെ ബദൽ രേഖ പുറത്തുവരുന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ സിപിഎം ചേര്‍ത്തുപിടിക്കണമെന്നും കൂടെ നിര്‍ത്തണമെന്നുമാണ് ആ രേഖയില്‍ ഊന്നിപ്പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ (മുസ്‌ലിംകളും ക്രിസ്ത്യാനികളും) രാഷ്‌ട്രീയമായി സംഘടിതരാണെന്നും അതുകൊണ്ടു അവരുടെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമായി ഐക്യമുണ്ടാക്കിയാലേ ഈ വിഭാഗത്തെ പാര്‍ട്ടിയുമായി സഹകരിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്നുമാണ് അദ്ദേഹം ബദൽ രേഖയില്‍ ചൂണ്ടിക്കാട്ടിയത്. മുസ്‌ലിംകളുടെ പ്രസ്ഥാനമായ മുസ്‌ലിം ലീഗുമായും ക്രിസ്ത്യന്‍ ജനവിഭാഗത്തിന്‍റെ പ്രസ്ഥാനമായ കേരള കോണ്‍ഗ്രസുമായും എല്ലാ നിലയിലും സഹകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ബദൽ രേഖയുടെ സാരം.

ബദൽ രേഖയില്‍ എം.വി.ആർ. ചൂണ്ടിക്കാട്ടിയ ഒരു കാര്യം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളെപ്പറ്റിയാണ്. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്കു നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ രാജ്യം നിഷേധിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഏറ്റവും കടുത്ത അനീതി നേരിടുകയാണെന്നും അവരെ സംരക്ഷിക്കാനുള്ള ബാധ്യത സിപിഎമ്മിന് ഉണ്ടെന്നുമാണ് എം.വി.ആർ. നിലപാടെടുത്തത്.

ന്യൂനപക്ഷങ്ങള്‍ അത്ര കടുത്ത അനീതിയെ നേരിടുകയാണോ എന്നും കേരളത്തിൽ ഈ വിഭാഗങ്ങൾ സംഘടിതരും അവകാശങ്ങള്‍ ഒരു പരിധിവരെ നേടിയെടുത്തവരുമ‌ല്ലേയെന്നും ഞാന്‍ എംവിആറിനോട‌ു ഒരിക്കല്‍ നേരിട്ട് ചോദിക്കുകയുണ്ടായി. എന്നാല്‍ കേരളത്തിലെ മാത്രം സ്ഥിതിയല്ല ഇതെന്നും, രാജ്യവ്യാപകമായുള്ള ഇക്കൂട്ടരുടെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണെന്നുമായിരുന്നു അദ്ദേഹം നൽകിയ മറുപടി. യുപിയിലും ഗുജറാത്തിലും മറ്റു പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദളിതരുടെ നിലവാരം തന്നെയാണ് ഈ ന്യൂനപക്ഷങ്ങള്‍ക്ക് ഉള്ളതെന്നും അദ്ദേഹം എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. മുസ്‌ലിം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും ഹിന്ദു വര്‍ഗീയവാദികള്‍ അവിടെ തകര്‍ക്കുന്നത് അന്നും ഒരു വാര്‍ത്ത തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഈ ലേഖകനു യുപിയിലെയും ഗുജറാത്തിലെയും മറ്റുമുള്ള ന്യൂനപക്ഷ മേഖലകള്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടായിട്ടുണ്ട്. എംവിആർ ബദൽ രേഖയില്‍ പറഞ്ഞിട്ടുള്ളത് 100 ശതമാനവും ശരിയാണെന്ന് അന്ന് ബോധ്യപ്പെട്ടിട്ടുമുണ്ട്.

സിഎംപി രൂപീകരണത്തെ തുടര്‍ന്നു സിപിഎം ശക്തമായ ആക്രമണങ്ങളാണ് പാര്‍ട്ടിക്കു നേരെ അഴിച്ചുവിട്ടത്. ഈ പാര്‍ട്ടിയുടെ ആയുസ് ആറു മാസം മാത്രമാണെന്ന് ഇഎംഎസ് തന്നെ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. നിയമസഭയ്ക്കുള്ളിൽപോലും എംവിആർ കിരാതമായ കൈയേറ്റത്തിനിരയായി.

കിളിമാനൂരില്‍ ഒരു യോഗത്തിന് എത്തിയ ലേഖകനെ അവിടെവച്ച് രാഷ്‌ട്രീയ എതിരാളികള്‍ അക്രമിച്ച് പരുക്കേല്‍പ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് പിറ്റേദിവസം ഞാന്‍ പ്രാക്റ്റീസ് ചെയ്തിരുന്ന ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാ‌ഷകര്‍ ഒന്നടങ്കം പണിമുടക്കി യോഗം ചേര്‍ന്നു. ഞാന്‍ ഹാളിനു പുറത്തു നില്‍ക്കുകയായിരുന്നു. അതാ, അവിടേക്ക് കടന്നുവരുന്നു സാക്ഷാല്‍ എംവിആർ. സി.പി. ജോണും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. എനിക്ക് നേരെയുണ്ടായ മര്‍ദനത്തിന്‍റെ വിവരം അന്വേഷിച്ച് എന്നെ ആശ്വസിപ്പിച്ചശേഷമാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്.

സിഎംപി രൂപകരണത്തെ തുടര്‍ന്നു സാമൂഹികമായ ബഹിഷ്‌കരണമാണു എം.വി. രാഘവനും പ്രവര്‍ത്തകരും നേരിടേണ്ടിവന്നത്. പയ്യന്നൂരിലെ സിപിഎം നേതാവായിരുന്ന ബാലന്‍ മാസ്റ്റര്‍ എംവിആറിന് ഒരു ദിവസം ഉച്ചഭക്ഷണം നല്‍കി. അന്നു തന്നെ ബാലന്‍ മാസ്റ്ററെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ലേഖകന്‍ അടക്കമുള്ളവരെ വിവാഹവും മരണവും മറ്റ് വിശേഷങ്ങളും ഒന്നും അറിയിക്കാതെ ഒറ്റപ്പെടുത്താനുള്ള ശ്രമവും രാഷ്‌ട്രീയ എതിരാളികള്‍ നടത്തിയിരുന്നു. ഫലത്തില്‍ മനുഷ്യത്വം മരവിച്ച ഒരു പാര്‍ട്ടിയായി സിപിഎം അന്ന് മാറുകയായിരുന്നു. എന്നാല്‍ അതൊന്നും നീണ്ടകാലം നിലനിന്നില്ല. രാഷ്‌ട്രീയ എതിരാളികള്‍ക്ക് തന്നെ തങ്ങളുടെ തെറ്റായ നിലപാട് തിരുത്തേണ്ടിവന്നു.

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും അതു നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവുമുണ്ടായ 1990 കളില്‍ കേരളത്തിലാദ്യമായി കമ്മിഷന്‍ റിപ്പോര്‍ട്ടിനെയും അതുമായി ബന്ധപ്പെട്ട നടപടികളെയും സ്വാഗതം ചെയ്തത് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സിപിഐ മാത്രമായിരുന്നു. ഈ സമയത്ത് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ വിശദീകരിച്ചുകൊണ്ടും അതിനെ സ്വാഗതം ചെയ്തുകൊണ്ടും ഒരു ലേഖനം ഞാന്‍ എഴുതി. ഈ ലേഖനം വായിച്ചിട്ട് എം.വി.ആർ. പറഞ്ഞത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല.

മണ്ഡല്‍ കമ്മിഷനെ സംബന്ധിച്ച് സുഗുണന്‍റെ ലേഖനം തന്നെയാണു പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടെന്ന് അദ്ദേഹം പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുന്ന നിലപാടാണ് എം.വി.ആർ. കൈകൊണ്ടത്. സംസ്ഥാനത്തു ബഹുഭൂരിപക്ഷം പാര്‍ട്ടികളും ഈ വിഷയത്തില്‍ ആ സമയത്തു നിശബ്ദത പാലിക്കുകയായിരുന്നു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ വളരെ താമസിച്ചാണ് സിപിഎം സ്വാഗതം ചെയ്തത്. ഇതു സംബന്ധിച്ചു ഈ ലേഖകനുമായി സംസാരിക്കുന്നതിനിടയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ഭൂരിഭാഗവും സവര്‍ണരും ബ്രാഹ്മണരുമൊക്കെയാണെന്നും അതുകൊണ്ടുതന്നെ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അവര്‍ക്ക് എളുപ്പം ദഹിക്ക‌ില്ലെന്നും തമാശരൂപത്തില്‍ പറഞ്ഞതും ഓര്‍ക്കുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിപിഎമ്മിൽ ഇത് ഇല്ലാത്തതുകൊണ്ടാണ് തനിക്ക് പുറത്തുപോകേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു മന്ത്രി എന്ന നിലയില്‍ സഹകരണ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളാണു വികസനത്തിനായി അദ്ദേഹം നടപ്പിലാക്കിയത്. സഹകരണ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചതും തെരഞ്ഞെടുപ്പു ക്രമക്കേട് തടയാന്‍ ഐഡന്‍റിറ്റി കാര്‍ഡ് നടപ്പിലാക്കിയതും അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ തന്നെയാണ്. സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കുകയും കണ്ണൂര്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളെജ് സ്ഥാപിക്കുകയും ചെയ്തു. ചുരുക്കത്തിൽ എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനത്തെ കൊണ്ടെത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ എം.വി. രാഘവന്‍ ചെയര്‍മാനും ലേഖകന്‍ അടക്കമുള്ളവര്‍ ഭരണസമിതി അംഗങ്ങളുമായിരുന്ന പരിയാരം മെഡിക്കല്‍ കോളെജ് സിപിഎം ബലമായി പിടിച്ചെടുത്തത് ചരിത്രം.

സിഎംപിക്ക് അടിത്തറയുണ്ടാക്കാന്‍ എംവിആറിനെ സഹായിച്ചത് മൂസാന്‍കുട്ടി, സി.കെ. ചക്രപാണി, ചാത്തുണ്ണി മാസ്റ്റര്‍, എം.കെ. കണ്ണന്‍, പാട്യം രാജന്‍, കെ.ആര്‍. അരവിന്ദാക്ഷന്‍, സി.പി. ജോണ്‍, എം.എച്ച്. ഷാര്യന്‍ തുടങ്ങിയ നേതാക്കളാണ്. ഇവരില്‍ പലരും ഇന്നു നമ്മളോടൊപ്പം ഇല്ല.

സിഎംപി രൂപീകരണം മുതല്‍ തന്നെ വളരെ പ്രയാസകരമായ രാഷ്‌ട്രീയ സാഹചര്യങ്ങളാണ് അദ്ദേഹത്തിന് അഭിമുഖികരിക്കേണ്ടിവന്നത്. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംവിആറിന് മത്സരിക്കാനുള്ള സീറ്റിന്‍റെ കാര്യത്തില്‍ അവ്യക്തതയാണുണ്ടായത്. ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിര്‍ണയ സമയത്ത് ഒരു ദിവസം ഉച്ചതിരിഞ്ഞ് എംവിആർ എന്നെ ഫോണില്‍ വിളിച്ചു. വൈകിട്ട് എട്ട് മണിക്ക് എംഎൽഎ ഹോസ്റ്റലില്‍ എത്തണമെന്നും കെ. കരുണാകരനെ കാണാന്‍ പോകാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ കൃത്യസമയത്തു തന്നെ എംഎൽഎ ഹോസ്റ്റലില്‍ എംവിആറിന്‍റെ റൂമിലെത്തി. കരുണാകരനെ വീട്ടില്‍പ്പോയി ഞങ്ങള്‍ കണ്ടു. കഴക്കൂട്ടം സീറ്റ് അന്ന് മുസ്‌ലിം ലീഗിന്‍റെ കൈയിലായിരുന്നു. അവരില്‍ നിന്ന് സീറ്റ് എടുത്തുവേണം എംവിആറിന് അവിടെ മത്സരിക്കേണ്ടത്. ലീഗ് നേതാക്കളുമായി സംസാരിച്ച് എംവിആറിനു മത്സരിക്കാന്‍ സീറ്റ് തരപ്പെടുത്താമെന്ന് ലീഡര്‍ പറയുകയും ചെയ്തു.

അന്നു കഴക്കൂട്ടത്ത് സിറ്റിങ് എംഎൽഎ സിപിഎമ്മിലെ നബീസാ ഉമ്മാളായിരുന്നു. അവരെ പരാജയപ്പെടുത്തിയാണ് എംവിആർ നിയമസഭയിലെത്തിയത്. വിജയിച്ച എംവിആർ പുതിയ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് രാഷ്‌ട്രീയ എതിരാളികള്‍ക്കാകെ വലിയ പ്രഹരമാണ് നല്‍കിയത്. ഇക്കാര്യത്തിലും കരുണാകരന്‍റെ സഹായം എടുത്ത് പറയേണ്ട ഒന്നായിരുന്നു. ""കരിങ്കാലി കരുണാകരാ..'' എന്ന് അസംബ്ലിയില്‍ കരുണാകരന്‍റെ മുഖത്ത് നോക്കി പലപ്രാവശ്യം എംവിആർ ആക്രോശിച്ചിട്ടുണ്ട്. ലീഡറെന്ന ആ വലിയ മനുഷ്യന് അതൊന്നും ഒരു പ്രശ്‌നമല്ലെന്നാണ് ഇതു തെളിയിക്കുന്നത്.

കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടര്‍ന്ന് എംവിആറിന് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. പൊതു പരിപാടികളെല്ലാം മാറ്റിവച്ച് ഓഫിസിലും വീട്ടിലുമായി അദ്ദേഹത്തിനിരിക്കേണ്ടിവന്നു. ഒരാളിനു സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതു മൗലികാവകാശലംഘനവും ഭരണഘടനാ വിരുദ്ധവും അല്ലെയെന്ന് ചോദിച്ചുകൊണ്ട് ഒരു തുറന്ന‌കത്ത് അന്നു ഞാന്‍ ഇ.എം.എസിന് അയയ്ക്കുകയുണ്ടായി. ഇ.എം.എസ്. ഈ കത്തിന് വിശദമായ മറുപടി അയയ്ക്കുകയും ചെയ്തു. പൗരാവകാശങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരല്ല പാര്‍ട്ടിയെന്ന് ഇ.എം.എസ്. ഈ കത്തില്‍ കുറിച്ചു. ഇ.എം.എസിന് ഈ വിഷയത്തില്‍ ഞാന്‍ ഒരു തുറന്ന കത്ത് അയച്ചിട്ടും അദ്ദേഹം മറുപടി അയച്ചില്ലെന്നും സുഗുണനു മാത്രം അദ്ദേഹം മറുപടി അയച്ചത് എന്തുകൊണ്ടാണെന്നും എം.വി.ആർ. എന്നോട് ചോദിച്ചത് ഞാന്‍ ഓര്‍ക്കുന്നു. എം.വി.ആറിനുള്ള മറുപടിക്ക് പകരമായിരിക്കും എനിക്ക് മറുപടി അയച്ചതെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞതും ഓര്‍മയില്‍ വരുന്നു. ചിരിച്ചുകൊണ്ടാണ് എംവിആർ അതു കേട്ടത്.

വിഴിഞ്ഞം പോര്‍ട്ട് സ്ഥാപിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായ പങ്കാണ് എം.വി.ആർ. വഹിച്ചത്. ഒരു ചൈനീസ് കമ്പനിയുടെ ടെൻഡർ അംഗീകരിക്കുന്നിടത്തോളം അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ചെന്നെത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ നിർമാണ കരാർ നല്‍കിയത് ശത്രു രാജ്യത്തെ കമ്പനിക്കാണെന്നു പറഞ്ഞ്, അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പോര്‍ട്ടിന് അംഗീകാരം നിഷേധിക്കുകയായിരുന്നു.

എം.വി.ആർ. അസുഖം ബാധിച്ച് കണ്ണൂരിലെ വീട്ടില്‍ കിടന്നിരുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് ഇടതുമുന്നണിയുമായി സഹകരിച്ച് മുന്നാട്ടുപോകാന്‍ സിഎംപി തീരുമാനിച്ചത്. മുന്നണിയുമായും സിപിഎമ്മുമായും ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കമ്യൂണിസ്റ്റുകളായ നാം എൽഡിഎഫിൽ തന്നെ ഉറച്ച് നില്‍ക്കേണ്ടതാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

എംവിആറിന്‍റെ മരണം സംഭവിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഭാര്യ ലതാംബികയോടൊപ്പം അദ്ദേഹത്തെ കാണാന്‍ ഞാന്‍ കണ്ണൂരിലെ വീട്ടില്‍ പോയിരുന്നു. എംവിആറിന്‍റെ ഭാര്യ ജാനകി ചേച്ചിയും മകള്‍ ഗിരിജയും എംവിആറിനടുത്ത് ഉണ്ടായിരുന്നു. രോഗശയ്യയിൽ കിടന്നുകൊണ്ട്, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്താന്‍ ആരും ഇല്ലേ? കമ്യൂണിസ്റ്റ് പാര്‍ട്ടി നശിക്കുകയാണോ? ലോക തൊഴിലാളി വർഗത്തിന് ആരുമില്ലേ?' എന്ന് എല്ലാം അദ്ദേഹം വിളിച്ചുപറയുന്നത് കേള്‍ക്കാമായിരുന്നു. എംവിആറിനെ തട്ടിവിളിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: തൊഴിലാളി വര്‍ഗത്തോടൊപ്പവും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പവും ഞാന്‍ കാണുമെന്ന്. എംവിആർ ചിരിച്ചുകൊണ്ട് എന്‍റെ കൈയില്‍ പിടിച്ചത് ഓര്‍ക്കുന്നു.

മാനവികതയില്‍ ഊന്നിനിന്നുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നാട്ടുപോകണമെന്നും അതായിരിക്കണം പാര്‍ട്ടിയുടെ മുഖമുദ്രയുമെന്നുള്ള എം.വി.ആറിന്‍റെ വാദം ഇനിയെങ്കിലും അംഗീകരിച്ചാല്‍ ഇടതുപക്ഷം മുന്നാട്ട് കുതിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

(ലേഖകന്‍ സിഎംപി മുന്‍ പോളിറ്റ് ബ്യൂറോ അംഗവും പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ്. ഫോണ്‍: 9847132428)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com