യുഗ സ്രഷ്ടാവിന്‍റെ ജയന്തി

ശ്രീനാരായണ ഗുരുജയന്തിയോടനുബന്ധിച്ച് സ്വാമി അസംഗാനന്ദഗിരി എഴുതിയ ലേഖനം
sree narayana guru

ശ്രീനാരായണ ഗുരു

Updated on
Summary

ധരയില്‍ നടപ്പത് തീണ്ടലായ കാലം മാറി എങ്കിലും തീണ്ടലും തൊടീലും ഒക്കെ പലരൂപത്തില്‍ ഒളിഞ്ഞും മറഞ്ഞും ഇവിടെ നിലനില്‍ക്കുന്നു എന്നതാണ് സത്യം. കൂടല്‍ മാണിക്യവും ഗുരുവായൂരും ഒക്കെ ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്...

സ്വാമി അസംഗാനന്ദഗിരി

ലോകത്ത് അനേകം ആളുകള്‍ ജനിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടേയിരിക്കും അവരുടെ ജന്മദിനമോ വിയോഗദിനമോ ലോകം ചിന്തിക്കാറില്ല.

എന്നാല്‍ അപൂര്‍വം ചില ആളുകളുടെ മാത്രം ജന്മദിനം ലോകം ആഘോഷിക്കുന്നു, അവരെയാണ് മഹാത്മാക്കള്‍ എന്ന് ലോകം ഹൃദയത്തിലേറ്റിയിരിക്കുന്നത്. എത്രയോ ചക്രവര്‍ത്തിമാരും ഭരണാധികാരികളും കലാകാരന്മാരും ഒക്കെ ഈ ഭൂമിയില്‍ വന്നുപോയി. എങ്കിലും എല്ലാവരെയുമെന്നും ലോകം സ്മരിക്കുന്നില്ല. നിത്യ സ്മരണാര്‍ഹമായ വലിയ നന്മ ലോകത്തിനു ചൊരിഞ്ഞവരെയാണ് എക്കാലവും ജനങ്ങള്‍ സ്മരിക്കുന്നതും ജന്മദിവസവും മറ്റും ആഘോഷങ്ങളായി കൊണ്ടാടുന്നത്.

171ാം ശ്രീനാനാരായണ ഗുരുദേവ ജയന്തി നാം ആഘോഷിക്കുമ്പോള്‍ ഗുരുദേവന്‍റെ വ്യക്തിത്വമായി നമ്മളില്‍ തെളിയുന്നത് ഗുരുദേവന്‍ ലോകത്തിനു നല്‍കിയ മഹത്വമാര്‍ന്ന സന്ദേശങ്ങളിലൂടെയാണ്.ആ സന്ദേശത്തിന്‍റെ ആകെ തുക മത, ജാതി, വര്‍ഗ, വര്‍ണ, ദേശ, ഭാഷാ ചിന്തകള്‍ക്കപ്പുറമുള്ള മനുഷ്യത്വവും മനുഷ്യ നന്മയുമാണ്.

ഗുരുദേവന്‍ സഹോദരന്‍ അയ്യപ്പന് സ്വന്തം കൈകൊണ്ട് എഴുതി നല്‍കിയ വിഖ്യാതമായ സന്ദേശം ഇങ്ങനെയാണ്-''മനുഷ്യരുടെ മതം വേഷം ഭാഷ മുതലായവ എങ്ങനയിരുന്നാലും, അവരുടെ ജാതി ഒന്നായതു കൊണ്ടു അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല''.

മനുഷ്യനെ മനുഷ്യന്‍ തൊട്ടാല്‍ അശുദ്ധമാകുമെന്നും ഒരുമിച്ചിരുന്നു വിദ്യാഭ്യാസം ചെയ്യുന്നതിനും പരസ്പരം വിവാഹം ചെയ്യുന്നതിനുമൊക്കെ ജാതിയും മതവും എപ്പോഴും തടസമായി നില്‍ക്കുമ്പോളും ഒരു നൂറ്റാണ്ടിന്നപ്പുറം ലോകനന്മയെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് ഗുരു നല്‍കിയ സന്ദേശങ്ങള്‍ സഫലീകൃതമാകാതിരിക്കുകയാണ്.

ധരയില്‍ നടപ്പത് തീണ്ടലായ കാലം മാറി എങ്കിലും തീണ്ടലും തൊടീലും ഒക്കെ പലരൂപത്തില്‍ ഒളിഞ്ഞും മറഞ്ഞും ഇവിടെ നിലനില്‍ക്കുന്നു എന്നതാണ് സത്യം. കൂടല്‍ മാണിക്യവും ഗുരുവായൂരും ഒക്കെ ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്.

മത വിദ്വേഷത്തിന്‍റെ തീപ്പൊരികള്‍ പലയിടത്തുനിന്നും പലരും വിതറി വിടുമ്പോള്‍ കേരളം ആളിക്കത്താതിരിക്കുന്നത് കേരള ഹൃദയത്തില്‍ ഗുരു ഉള്ളതുകൊണ്ടാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന തിരുവാക്യം ഇല്ലാത്തിരുന്നു എങ്കില്‍ ഇവിടം എന്നേ കലാപഭൂമിയാകുമായിരുന്നു. ഗുരുദേവന്‍ ഉപദേശിച്ച എല്ലാ സന്ദേശങ്ങളും നമുക്ക് ഉള്‍കൊള്ളാന്‍ സാധിച്ചില്ല എങ്കിലും എല്ലാവരുടെയും പൊതു നന്മക്യ്ക്കു ആവിശ്യമായവ ഉള്‍ക്കൊണ്ടില്ല എങ്കില്‍ സര്‍വ നാശമായിരിക്കും ഫലം.

ലഹരി മുക്തമായ ഒരു ജീവിതത്തിനു ഗുരു വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ടല്ലോ. അന്നത്തെ ലഹരിയായ മദ്യം ഉണ്ടാകുകയും കൊടുക്കുകയും കുടിക്കുകയും ചെയ്യരുത് എന്ന് സമൂഹത്തെ ശാസിച്ചു. മദ്യത്തിന്‍റെ എത്രയോ മടങ്ങു ലഹരി തരുന്ന നൂതന രാസ ലഹരികള്‍ ഇന്ന് കേരളത്തെ ഗ്രസിക്കുമ്പോള്‍ ആര്‍ക്കാണ് മോചന മന്ത്രം അരുളാന്‍ സാധിക്കുക?

നാം ഗുരുവിലേക്ക് മടങ്ങിയില്ല എങ്കില്‍ സ്വാർഥബുദ്ധികള്‍ ചേര്‍ന്ന് കുതന്ത്രങ്ങള്‍ മെനഞ്ഞ് മാതൃക സ്ഥാനമായ നമ്മുടെ നാടിനെ ഭ്രാന്താലയമാക്കി മാറ്റും എന്നുറപ്പാണ്. പലതരം ഭ്രാന്തുകള്‍ നടമാടുന്ന ഈ കാലത്ത് കേരള സമൂഹത്തിന്‍റെ എല്ലാ ഭ്രാന്തുകളും ചികിത്സിച്ച മഹാഗുരു എന്ന അപൂര്‍വ വൈദ്യന്‍റെ വാക്കുകള്‍ക്ക് വളരെ മൂല്യമാണുള്ളത്. അതു കേരളത്തിന്‍റെ ജീവന്‍റെ മൂല്യം തന്നെയാണ്.

രോഗിയുടെ വൈദ്യശാസനം ലംഘിച്ചുകൊണ്ടുള്ള യാത്ര മരണത്തിലേക്കാണല്ലോ എന്നതുപോലെ രോഗാതുരമായ മനസ്സുകള്‍ ഉള്ളവര്‍ അന്ധര്‍ അന്ധരെ നയിക്കുന്നതുപോലെ സമൂഹത്തെ തെറ്റില്‍ നിന്ന് തെറ്റിലേക്ക് നയിക്കുമ്പോള്‍ ഗുരുവിന്‍റെ വലിയ ശരികള്‍ ചോദ്യ ചിഹ്നമായി നിലകൊള്ളുകയാണ്.

ഓരോ തിരു ജയന്തിയും കടന്നു വരുമ്പോള്‍ നാം ചിന്തിക്കണം ഒരു വര്‍ഷം കൊണ്ട് ഗുരുവിനോടു അടുത്തുവോ അകന്നുവോ എന്ന്. അന്ധമായ ആരാധനകള്‍ക്കും ആഘോഷങ്ങള്‍ക്കും അപ്പുറം ഹൃദയം കൊണ്ട് ഒരു ആണു അളവെങ്കിലും ഗുരുവിനോട് അടുക്കുവാന്‍ സാധിച്ചാല്‍ അതുതന്നെയാണ് തിരു ജയന്തിദിനത്തില്‍ നമുക്ക് നല്‍കാന്‍ പറ്റിയ ഏറ്റവും വലിയ ഗുരുപൂജ. ഗുരുപകര്‍ന്ന അറിവിന്‍റെ ലോകത്തേക്ക് ഒരുമയുടെ മാതൃകാ സ്ഥാനത്തേക്ക് നമുക്ക് ഏവര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കട്ടെ എന്നു പ്രാർഥിക്കുന്നു. 171ാം തിരുജയന്തി ആശംസകളും നേരുന്നു.

(ശിവഗിരി മഠത്തിലെ ഗുരുദേവ ജയന്തി ആഘോഷ കമ്മറ്റി സെക്രട്ടറിയാണു ലേഖകൻ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com