

ഡോള്‍ഫിനുകള്‍ യുഎസ് നാവിക സേനയില്‍
നാവിക സേനയുടെ മറൈന്‍ സസ്തനി പരിപാടിയുടെ ഭാഗമായി 40 വര്‍ഷത്തിലേറെയായി ഡോള്‍ഫിനുകള്‍ യുഎസ് നാവിക സേനയില്‍ സേവനമനുഷ്ഠിക്കുന്നു
വിജയ് ചൗക്ക്|സുധീര്‍ നാഥ്
രാജ്യത്തെ സൈനിക ശക്തി മനുഷ്യരില്‍ മാത്രം ഒതുങ്ങുന്നതല്ല. സൈനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മൃഗങ്ങളേയും പക്ഷികളേയും പണ്ടുകാലം മുതലേ ഉപയോഗിച്ചുവരുന്നുണ്ട്. യുദ്ധമുഖത്തും, ചരക്കുനീക്കത്തിനും, സുരക്ഷാ പരിശോധനകള്‍ക്കും, സന്ദേശങ്ങള്‍ കൈമാറുന്നതിനും ഇവ പ്രധാന പങ്കുവഹിക്കുന്നു. വളരെ രസകരമായ പല സൈനിക നീക്കങ്ങളും വിവിധ രാജ്യങ്ങളിലെ സൈനികര്‍ മൃഗങ്ങളെയും പക്ഷികളെയും ഉപയോഗിച്ച് ചെയ്യുന്നു. വളരെ വിചിത്രമാണെന്ന് തോന്നാമെങ്കിലും ലോകത്തു പല രാജ്യങ്ങളിലും ഇങ്ങനെയൊക്കെയുണ്ട്. നമ്മുടെ സൈന്യം പട്ടികളേയേും ആനകളേയേും കുതിരകളേയും ഒട്ടകങ്ങളേയുമൊക്കെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
കടലുകളില്‍ ഡോള്‍ഫിനുകളുടെ സഹായം ഉപയോഗിക്കുന്ന അമെരിക്കന്‍ സൈനികരെ കുറിച്ചാണ് ആദ്യം പരാമര്‍ശിക്കുന്നത്. ഡോള്‍ഫിനുകളും കടല്‍ സിംഹങ്ങളും അമെരിക്കന്‍ നാവികസേനയുടെ ഭാഗമാണ്. കടലിനടിയിലെ മൈനുകള്‍ കണ്ടെത്താനും, മുങ്ങല്‍ വിദഗ്ധരെ സഹായിക്കാനും, കടല്‍മാര്‍ഗമുള്ള ശത്രുക്കളുടെ കടന്നുകയറ്റം കണ്ടെത്താനും ഇവയെ പരിശീലിപ്പിച്ച് ഉപയോഗിക്കുന്നു. നാവിക സേനയുടെ മറൈന്‍ സസ്തനി പരിപാടിയുടെ ഭാഗമായി 40 വര്‍ഷത്തിലേറെയായി ഡോള്‍ഫിനുകള്‍ യുഎസ് നാവിക സേനയില്‍ സേവനമനുഷ്ഠിക്കുന്നു, വിയറ്റ്നാം യുദ്ധത്തിലും ഓപ്പറേഷന് ഇറാഖി ഫ്രീഡത്തിലും ഇവ ഉപയോഗിച്ചിരുന്നു. വളരെ ബുദ്ധിശക്തിയുള്ള ഈ മൃഗങ്ങള്‍ക്ക് മൈനുകള്‍ കണ്ടെത്താന്‍ പരിശീലനം നല്കുന്നു.
തേനീച്ചകളെ ചില വിദേശ രാജ്യങ്ങള്‍ ബോംബ് ചേരുവകളുടെ മണം പിടിക്കാന്‍ പരിശീലിപ്പിച്ച് സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളങ്ങളിലും റെയ്ല്‍വേ പ്ലാറ്റ്ഫോമിലുമൊക്കെ സ്ഥാപിച്ചിരിക്കുന്ന ഒരു ലളിതമായ പെട്ടിയിലാണ് തേനീച്ച ബോംബ് കണ്ടെത്തല്‍ യൂണിറ്റ് ഉണ്ടാകുക. പെട്ടിക്കുള്ളില്‍, തേനീച്ചകളെ ട്യൂബുകളില്‍ കെട്ടി വായു ശ്വസിപ്പിക്കും, അവിടെ അവയ്ക്ക് ബോംബിന്റെ നേരിയ ഗന്ധം നിരന്തരം പരിശോധിക്കാന്‍ കഴിയും. തേനീച്ചകള്‍ അവയുടെ ആന്റിന ഉപയോഗിച്ച് സംശയാസ്പദമായ ഗന്ധം തിരിച്ചറിയുമ്പോള്‍, അവ അവയുടെ പ്രോബോസൈസുകള് - വായില്‍ നിന്ന് വ്യാപിക്കുന്ന ഒരു ട്യൂബുലാര്‍ ഭക്ഷണ അവയവം - പറത്തുന്നു. തേനീച്ചകള്‍ അവയുടെ പ്രോബോസൈസുകള് ഒരേ സ്വരത്തില്‍ വീശാന്‍ തുടങ്ങുമ്പോള്‍ അധികാരികളെ അറിയിക്കുന്ന അലാറം മുഴങ്ങും. ഇങ്ങനെയാണത്രെ തേനീച്ച ബോംബ് സ്കോഡ് പ്രവര്‍ത്തിക്കുന്നത്.
രണ്ടാം ലോകമഹാ യുദ്ധസമയത്ത് അമേരിക്കന്‍, ബ്രിട്ടീഷ് സേനകള്‍ ഹോമിങ് പ്രാവുകളെ വ്യാപകമായി ഉപയോഗിച്ചിരുന്നു. യുഎസ് സൈന്യത്തിന് ഫോര്‍ട്ട് മോണ്‍മൗത്തില്‍, ന്യൂജേഴ്സിയിലെ ഒരു പ്രാവ് പ്രജനന പരിശീലന കേന്ദ്രം ഉണ്ടായിരുന്നു. അവിടെ സന്ദേശങ്ങള്‍, ഭൂപടങ്ങള്‍, ഫോട്ടൊകള്‍, ക്യാമറകള്‍ എന്നിവ അടങ്ങിയ ചെറിയ കാപ്സ്യൂളുകള്‍ കൊണ്ടുപോകാന്‍ പ്രാവുകളെ പരിശീലിപ്പിച്ചിരുന്നു. യുദ്ധസമയത്ത് യുഎസ് സൈന്യം അയച്ച പ്രാവുകള്‍ കൊണ്ടുപോകുന്ന സന്ദേശങ്ങളില്‍ 90 ശതമാനത്തിലധികവും ലഭിച്ചതായി സൈനിക ചരിത്രകാരന്മാര് അവകാശപ്പെടുന്നു. ശത്രുക്കളുടെ ചെറിയ ഡ്രോണുകളെയും സന്ദേശവാഹകരായ പ്രാവുകളെയും ആകാശത്തു പിടികൂടി നശിപ്പിക്കാന്‍ ചില രാജ്യങ്ങളിലെ സൈന്യം പരുന്തുകളെ പരിശീലിപ്പിക്കുന്നുമുണ്ട്.
രണ്ട് ലോകമഹായുദ്ധങ്ങളിലും രഹസ്യ സന്ദേശങ്ങള്‍ കൈമാറാന്‍ പ്രാവുകളെ വ്യാപകമായി ഉപയോഗിച്ചിരുന്നു. റേഡിയോ തരംഗങ്ങള്‍ തടസപ്പെടുന്ന സാഹചര്യങ്ങളില്‍ ഇവ നിര്‍ണായക പങ്കുവഹിച്ചു. 1944 ജൂണ്‍ 6ന് നടന്ന ഡി- ഡേ അധിനിവേശത്തില്‍ പക്ഷികള്‍ പങ്കെടുത്തത് റേഡിയോ നിശബ്ദതയില്‍ സൈനികര്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ്. നോര്‍മാണ്ടി ബീച്ചുകളിലെ ജര്‍മന്‍ സ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രാവുകള്‍ അയയ്ക്കുകയും ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഹോമിങ് പ്രാവുകള്‍ വളരെ പ്രധാനപ്പെട്ട സൈനിക പങ്ക് വഹിച്ചതിനാല്‍ 32 എണ്ണം മൃഗ ധൈര്യത്തിനുള്ള ബ്രിട്ടന്റെ പരമോന്നത അവാര്‍ഡായ ഡിക്കിന് മെഡലിന് അര്‍ഹമായി. മെഡല്‍ ലഭിച്ചവരില്‍ യുഎസ് ആര്‍മി പിജിയണ്‍ സര്‍വീസിന്റെ പക്ഷിയായ ജിഐ ജോയും പാഡി എന്നറിയപ്പെടുന്ന ഐറിഷ് പ്രാവും ഉള്‍പ്പെടുന്നു.
ഒന്നാം ലോകമഹായുദ്ധകാലത്തും രണ്ടാം ലോകമഹായുദ്ധകാലത്തും ബ്രിട്ടീഷ്, അമെരിക്കന്‍, ഇന്ത്യന്‍ സൈന്യങ്ങള്‍ ദുഷ്കരമായ ഭൂപ്രദേശങ്ങളിലൂടെ സാധനങ്ങളും ഉപകരണങ്ങളും കൊണ്ടുപോകാന്‍ കോവര്‍ കഴുതകളെ ഉപയോഗിച്ചിരുന്നു. കോവര്‍ കഴുതകള്‍ ക്ഷമയും ജാഗ്രതയും കരുത്തും ഉള്ളവയാണ്. ജീപ്പുകള്‍ക്കും കുതിരകള്‍ക്കും പോലും സഞ്ചരിക്കാന്‍ കഴിയാത്ത ദുര്‍ഘടമായ മലനിരകളിലും കുന്നിന്‍പ്രദേശങ്ങളിലും കനത്ത ആയുധങ്ങളും ഭക്ഷണസാധനങ്ങളും മരുന്നുകളും ചുമന്നെത്തിക്കാന്‍ ഇവയെ ഉപയോഗിക്കുന്നു. ഒന്നാം ലോകമഹാ യുദ്ധകാലത്ത് പലസ്തീന്, സിനായ്, മെസൊപ്പൊട്ടേമിയന്‍ പ്രദേശങ്ങളിലും രണ്ടാം ലോകമഹാ യുദ്ധകാലത്ത് വടക്കേ ആഫ്രിക്ക, ബര്‍മ, ഇറ്റലി എന്നിവിടങ്ങളിലും കോവര്‍ കഴുതകളെ ഉപയോഗിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
ഒന്നാം ലോകമഹാ യുദ്ധത്തില്‍ കടുക് വാതകം കണ്ടെത്താന്‍ ഒച്ചുകളെ ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. യുദ്ധങ്ങളില്‍ എലികളെയും പന്നികളെയും പൂച്ചകളേയും ഉപയോഗിച്ചതായി രേഖകളുണ്ട്. ഭാരം കുറവായതിനാല്‍ കുഴിബോംബുകള്‍ക്ക് മുകളിലൂടെ ഇവയൊക്കെ നടന്നാലും അവ പൊട്ടിത്തെറിക്കില്ല. അതിനാല്‍ മണ്ണില്‍ കുഴിച്ചിട്ട ബോംബുകള്‍ മണത്തു കണ്ടുപിടിക്കാന്‍ ആഫ്രിക്കന്‍ ഭീമന് എലികളെയും മറ്റും പരിശീലിപ്പിച്ച് ഉപയോഗിക്കുന്നു.
ഒരു ദക്ഷിണാഫ്രിക്കന്‍ യൂണിറ്റില്‍ "ജാക്കി' എന്ന ശക്തമായ കേള്‍വി ശക്തിയുള്ള ഒരു ബാബൂണ്‍ ഉണ്ടായിരുന്നു, അത് ശത്രുക്കളുടെ മുന്നേറ്റങ്ങള്‍ കണ്ടെത്തിയാല്‍ സൈനികരുടെ കൈകളില്‍ വലിക്കും. ആഫ്രിക്കയിലെയും അറേബ്യയിലെയും വരണ്ട പ്രദേശങ്ങളിലും പുല്‍മേടുകളിലും കാണപ്പെടുന്ന വലിയ ഇനം കുരങ്ങുകളാണ് ബാബൂണുകള്‍. ഒന്നാം ലോകമഹാ യുദ്ധത്തിലെ വിവിധ മേഖലകളിലെ വാഹനങ്ങള്‍ വഹിക്കാന്‍ കാളകളെ ഉപയോഗിച്ചിരുന്നു. ഒന്നാം യുദ്ധത്തിലെ ബുള്ളോക്ക് കോര്‍പ്സിന് പലസ്തീന്/ സിനായി/ മെസൊപ്പൊട്ടേമിയ സെക്റ്ററുകളില്‍ ഡിപ്പോകളുണ്ടായിരുന്നു.
പുരാതന കാലം മുതല്‍ മധ്യകാലഘട്ടം വരെ യുദ്ധങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന ശക്തമായ പോരാട്ട സന്നാഹമായിരുന്നു ആന. ശത്രു സൈന്യത്തെ ഭയപ്പെടുത്താനും അവരുടെ പ്രതിരോധ നിരകളെ തകര്‍ക്കാനുമാണ് ആനയെ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലെ സൈന്യങ്ങളിലാണ് ആനപ്പട ആദ്യമായി ഉള്‍പ്പെടുത്തിയത്, എന്നാല്‍ കാലക്രമേണ, എപ്പിറസിലെ പൈറസ്, ഹാനിബാള്‍, അലക്സാണ്ടര്‍ എന്നിവരുള്‍പ്പെടെ പ്രശസ്ത ജനറല്‍മാരെല്ലാം എതിരാളികളെ തകര്‍ക്കാന്‍ ആനകളെ ഉപയോഗിച്ചിരുന്നു. ടാങ്കുകളും ഹെലികോപ്റ്ററുകളും യുദ്ധമുഖത്ത് എത്തുന്നതിന് മുന്‍പ്, ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലൂടെ ഭാരമേറിയ വസ്തുക്കള്‍ കൊണ്ടുപോകാനും ആനയെ ഉപയോഗിച്ചിരുന്നു. കേരളത്തിലെ പുരാതന രാജവംശങ്ങളായ ചേരന്മാര്, സാമൂതിരിമാര്‍, തിരുവിതാംകൂര്‍ രാജാക്കന്മാര് എന്നിവരുടെ സൈന്യങ്ങളില്‍ ആനപ്പടയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. നെടുങ്കോട്ട യുദ്ധത്തിലും മറ്റും ആനകളെ പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്നു.
ബിസി 4000ത്തിനും 3000ത്തിനും ഇടയിലുള്ള യുദ്ധങ്ങളിലാണ് കുതിരകളെ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ആദ്യകാലങ്ങളില്‍ കുതിരകളെ നേരിട്ട് ഓടിക്കുന്നതിന് പകരം യുദ്ധരഥങ്ങള്‍ വലിക്കാനാണ് ഉപയോഗിച്ചിരുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളോളം ലോകത്തിലെ മിക്ക സൈനിക നീക്കങ്ങളുടെയും വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ കുതിരപ്പട നിര്‍ണ്ണായക പങ്കുവഹിച്ചു. കുതിരകള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതിന്റെ ആദ്യ തെളിവുകള്‍ യുറേഷ്യയില്‍ നിന്ന് ബിസി 4000 നും 3000 നും ഇടയിലാണ് ലഭിക്കുന്നത്. ആധുനിക സൈന്യത്തില്‍ പട്രോളിങ്ങിനും, പര്‍വത പ്രദേശങ്ങളിലൂടെയുള്ള യാത്രകള്‍ക്കും, ഔദ്യോഗിക പരേഡുകള്‍ക്കും ചടങ്ങുകള്‍ക്കുമായി കുതിരകളെ ഉപയോഗിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും പഴക്കമേറിയതും മുതിര്‍ന്നതുമായ കുതിരപ്പട വിഭാഗം ഇന്നും രാഷ്ട്രപതിയുടെ ഔദ്യോഗിക അംഗരക്ഷകരായി പ്രവര്‍ത്തിക്കുന്നു. കേരളത്തിലുമുണ്ട് പൊലീസിന്റെ കുതിരപ്പട.
വെള്ളവും ഭക്ഷണവുമില്ലാതെ ദിവസങ്ങളോളം മരുഭൂമിയിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്ന മൃഗമാണല്ലോ ഒട്ടകങ്ങള്‍. ലോക ചരിത്രത്തിലെ മരുഭൂമിയിലെ യുദ്ധതന്ത്രങ്ങളിലും സൈനിക നീക്കങ്ങളിലും നിര്‍ണായക പങ്ക് വഹിക്കാന്‍ ഒട്ടകങ്ങള്‍ക്ക് സാധിക്കും. കഠിനമായ കാലാവസ്ഥയെയും ഭൂപ്രകൃതിയെയും അതിജീവിക്കാനുള്ള ഒട്ടകങ്ങളുടെ കഴിവാണ് അവയെ സൈനിക ആവശ്യങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. മരുഭൂമികളിലൂടെ ഭാരമേറിയ ആയുധങ്ങള്‍, ഭക്ഷണം, വെള്ളം എന്നിവ കൊണ്ടുപോകാന്‍ ഒട്ടകങ്ങളെ വ്യാപകമായി ഉപയോഗിച്ചിരുന്നു. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത മണല്‍ക്കാടുകളിലൂടെ ഇവയ്ക്ക് എളുപ്പത്തില്‍ സഞ്ചരിക്കാം. മരുഭൂമി പ്രദേശങ്ങളിലെ അതിര്‍ത്തികള്‍ സംരക്ഷിക്കാനും പട്രോളിങ് നടത്തുന്നതിനും ഇന്നും ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും ഒട്ടകങ്ങളെ ഉപയോഗിക്കുന്നു.
നായകള്‍ ലോകത്തെ മിക്ക രാജ്യങ്ങളിലേയും സൈന്യത്തിന്റേയും പൊലീസിന്റേയും അവിഭാജ്യ ഘടകമാണ്. യുദ്ധരംഗത്ത് നായ്ക്കളെ നൂറ്റാണ്ടുകളായി പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അവയുടെ അസാമാന്യമായ ഘ്രാണശക്തിയും കേള്‍വിശക്തിയും യജമാനനോടുള്ള കൂറും യുദ്ധമുഖത്ത് വലിയ സഹായമാകുന്നു. സ്ഫോടക വസ്തുക്കളും മയക്കു മരുന്നുകളും കണ്ടെത്തുക, ശത്രുക്കളെ തുരത്തുക, രക്ഷാപ്രവര്‍ത്തനം നടത്തുക, കാവല്‍ നില്ക്കുക, മൃതദേഹങ്ങൾ തെരയുക എന്നിവയാണ് ഇവയുടെ പ്രധാന ചുമതലകള്‍. ജര്‍മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍, ബെല്‍ജിയന്‍ മലിനോയിസ് തുടങ്ങിയ ഇനങ്ങളെയാണ് സാധാരണയായി ഉപയോഗിക്കുന്നത്.
നമ്മൾ പലരും മനസിലാക്കിയിരിക്കുന്നത് സൈന്യം എന്നത് മനുഷ്യരാണെന്നാണ്. മനുഷ്യരില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നാണ് ഈ സൂചിപ്പിച്ച പല മൃഗങ്ങളുടെയും പക്ഷികളുടെയും സൈന്യത്തിലെ ഇടപെടലുകള്‍. ഓരോ സൈനികര്‍ക്കും നല്കുന്ന റാങ്ക് പോലെ തന്നെ എല്ലാ മൃഗങ്ങള്‍ക്കുമുണ്ട് റാങ്കുകൾ. സര്‍വീസ് കൂടുതലുള്ള മൃഗങ്ങള്‍ക്ക് അതിന്റേതായ റാങ്കുകളും ശമ്പളവും ഒക്കെ ഉണ്ടാകും. ഇവരെ പരിചരിക്കാനും പരിശീലനം നൽകാനും പരിചാരകന്മാരും ഉണ്ടാകും. ഇത് ഇന്ത്യയില്‍ മാത്രമുള്ള നടപടിക്രമമല്ല.