
തൊഴിൽ കോഡുകൾ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത
xtestator
എസ്.പി. തിവാരി
വലിയ വഴിത്തിരിവിലാണ് ഇന്ത്യയുടെ തൊഴിൽ ലോകം. വളർച്ചാ നേട്ടങ്ങൾ ഏവർക്കും സുരക്ഷിതവും അന്തസുറ്റതുമായ ഉപജീവനമാർഗമായി പരിണമിക്കേണ്ടതുണ്ട്. അതിന് തൊഴിലാളികൾക്കു രേഖാമൂലമുള്ള കരാറുകൾ, മതിയായ വേതനം, സമഗ്രമായ സാമൂഹ്യസംരക്ഷണം എന്നിവയുടെ പിന്തുണയോടെ ഔപചാരിക തൊഴിലുകളിൽ കൂടുതൽ ഇടം കണ്ടെത്തണം. പഴയ നിയന്ത്രണ ചട്ടക്കൂടുകളുടെ നിലനിൽപ്പ് ഒരു പരിധി വരെ ഔപചാരികവത്കരണത്തിന്‍റെ വേഗതയെ പരിമിതപ്പെടുത്തുകയും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ തൊഴിലുകൾ സൃഷ്ടിക്കാനുള്ള സംരംഭങ്ങളുടെ കഴിവിനെ തടയുകയും ചെയ്തിട്ടുണ്ട്.
വേതനം, വ്യാവസായിക ബന്ധങ്ങൾ, സാമൂഹ്യ സുരക്ഷ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയിൽ 2019നും 2020നും ഇടയിൽ പാർലമെന്‍റ് നടപ്പാക്കിയ 4 തൊഴിൽ കോഡുകൾ ഈ സ്ഥിതി മാറ്റാനുള്ള ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന പരിഷ്കാരങ്ങളാണ്. 2002ൽ രവീന്ദ്ര വർമ അധ്യക്ഷനായ രണ്ടാം ദേശീയ തൊഴിൽ കമ്മിഷൻ നിർദേശിച്ച "നിലവിലുള്ള തൊഴിൽ ചട്ടക്കൂട് ക്രോഡീകരിക്കുക, ലളിതമാക്കുക, പരിഷ്കരിക്കുക' എന്ന ദൗത്യം യാഥാർഥ്യമാക്കുകയായിരുന്നു ഈ 4 തൊഴിൽ കോഡുകളും. രാജ്യത്തെ തൊഴിൽ ഭൂമിക ആധുനികവത്കരിക്കാനും ഘടനാപരമായ അസന്തുലിതാവസ്ഥകൾ പരിഹരിക്കാനുമുള്ള സമഗ്ര ചട്ടക്കൂട് ഈ കോഡുകൾ വാഗ്ദാനം ചെയ്യുന്നു. എല്ലാ സംസ്ഥാനങ്ങളിലും അവയുടെ ഏകീകൃത നടപ്പാക്കൽ അടിയന്തര ദേശീയ മുൻഗണനയായി മാറിയിരിക്കുന്നു.
പുതിയ കോഡുകൾ 20ാം നൂറ്റാണ്ടിന്‍റെ മധ്യം മുതൽ നിലനിന്നിരുന്ന 29 കേന്ദ്ര തൊഴിൽ നിയമങ്ങൾ ലളിതമാക്കുകയും ആധുനികവത്കരിക്കുകയും ചെയ്യുന്നു. നിയമങ്ങൾ സംയോജിപ്പിക്കുക മാത്രമല്ല, തൊഴിലാളികളുടെയും ജീവനക്കാരുടെയും വിവിധ നിർവചനങ്ങൾ ലളിതമാക്കാനും അവ ശ്രമിക്കുന്നു. ഓരോ കോഡും തൊഴിലാളികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും കരുത്തേകും, തൊഴിലുടമകൾക്കു വ്യക്തതയും പ്രവചനാത്മകതയും നൽകും.
2019ലെ വേതന കോഡ് തൊഴിലിന്‍റെ അന്തസിനെ മാനിക്കുന്ന വേതനം ഓരോ തൊഴിലാളിക്കും ലഭിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ചുവടുവയ്പ്പാണ്. സാർവത്രികമായ കുറഞ്ഞ വേതനവും ദേശീയ അടിസ്ഥാന വേതനവും അവതരിപ്പിക്കുന്നതിലൂടെ, തൊഴിലോ സ്ഥലമോ പരിഗണിക്കാതെ, ഒരു തൊഴിലാളിക്കും അടിസ്ഥാന വരുമാനം കിട്ടാതെ വരില്ല എന്ന് ഇത് ഉറപ്പുനൽകുന്നു. വ്യവസായ ഷെഡ്യൂൾ ഇല്ലാതാക്കുന്നത് സാർവത്രിക വേതനത്തിനു വഴിയൊരുക്കുന്നു.
സമയബന്ധിതമായ വേതന വ്യവസ്ഥകൾ ശക്തിപ്പെടുത്തിയത്, ഒരു കാലത്ത് കുടുംബങ്ങളെ കടത്തിലേക്കു തള്ളിവിട്ട വേതനം ലഭിക്കുന്നതിലെ കാലതാമസം ഇല്ലാതാക്കുന്നു. നൽകാനുള്ള വേതനമോ ബോണസോ കൂടുതൽ എളുപ്പത്തിൽ ഇപ്പോൾ ക്ലെയിം ചെയ്യാം. അത്തരം തർക്കങ്ങളിൽ തെളിയിക്കാനുള്ള ബാധ്യത തൊഴിലുടമയിലായിരിക്കും എന്ന വ്യവസ്ഥ കൂടുതൽ ഉത്തരവാദിത്വം ഉറപ്പാക്കുന്നു.
അതേസമയം, സംരംഭങ്ങളുടെ ചട്ടങ്ങൾ പാലിക്കൽ പ്രക്രിയ ഈ കോഡ് കാര്യക്ഷമമാക്കുന്നു. ഇലക്‌ട്രോണിക് രേഖാ സംഭരണം, ഒറ്റ രജിസ്ട്രേഷൻ, ഏകീകൃത റിട്ടേണുകൾ എന്നിവ വഴി കടലാസ് ജോലികൾ കുറയ്ക്കും, കൃത്രിമത്വത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കും.
സ്വതന്ത്ര ഇന്ത്യയിലെ ക്ഷേമപദ്ധതികളുടെ ചരിത്രത്തിലെ ഏറ്റവും സമഗ്രമായ വിപുലീകരണത്തെയാണ് 2020ലെ സാമൂഹ്യ സുരക്ഷാ കോഡ് പ്രതിനിധാനം ചെയ്യുന്നത്. പ്രൊവിഡന്‍റ് ഫണ്ട് നിയമം, സംസ്ഥാന ഇൻഷ്വറൻസ് നിയമം, പ്രസവാനുകൂല്യ നിയമം എന്നിവയുൾപ്പെടെ 9 പ്രധാന നിയമങ്ങൾ ഏകീകരിച്ച്, ഇത് പരമ്പരാഗത തൊഴിലിനെയും ഭാവിയിലെ തൊഴിൽ രീതികളെയും ഉൾക്കൊള്ളുന്ന ഏകീകൃത സംവിധാനം സ്ഥാപിക്കുന്നു.
ഇതാദ്യമായി ഗിഗ് തൊഴിലാളികൾ, പ്ലാറ്റ്‌ഫോം തൊഴിലാളികൾ, അസംഘടിത മേഖലയിലുള്ളവർ എന്നിവരെ ദേശീയ തൊഴിൽ സേനയുടെ ഭാഗമായി അംഗീകരിക്കുന്നു. ആരോഗ്യ ഇൻഷ്വറൻസ്, പെൻഷനുകൾ, പ്രസവ സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ നേരിട്ടു വിതരണം ചെയ്യാൻ പ്രാപ്തമാക്കുന്ന തരത്തിൽ ഇ- ശ്രം പോർട്ടൽ വഴി ഓരോ തൊഴിലാളിയെയും രജിസ്റ്റർ ചെയ്യുകയും സവിശേഷ സാമൂഹ്യ സുരക്ഷാ നമ്പർ നൽകുകയും ചെയ്യും. ആപ്ലിക്കേഷൻ അധിഷ്ഠിത വിതരണ പങ്കാളികൾ അല്ലെങ്കിൽ നിർമാണ തൊഴിലാളികൾ പോലുള്ളവർ ഇനി സുരക്ഷാ വലയത്തിനു പുറത്താകാതെയിരിക്കാൻ കേന്ദ്ര, സംസ്ഥാന തലങ്ങളിൽ സാമൂഹ്യ സുരക്ഷാ നിധിക്കു രൂപം നൽകും. ഈ തുക സമഗ്രമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കും.
തൊഴിൽ രംഗത്ത് മാർഗനിർദേശവും കൗൺസലിങ്ങും തൊഴിൽ സേവനങ്ങളും നൽകുന്ന ഡിജിറ്റൽ- ഭൗതിക കരിയർ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും ഈ കോഡിന്‍റെ മറ്റൊരു പ്രധാന ഭാഗമാണ്. ഈ സ്ഥാപന പിന്തുണ ക്ഷേമത്തെ ഒന്നിലധികം തൊഴിൽ സാധ്യതകളുമായി ബന്ധിപ്പിക്കുന്നു. ഇത് തൊഴിലാളികളെ അരക്ഷിതാവസ്ഥയിൽ നിന്ന് അവസരത്തിലേക്കു കുതിക്കാൻ സഹായിക്കുന്നു.
രാഷ്‌ട്രം കെട്ടിപ്പടുക്കുന്നവരോടുള്ള കരുതലിന്‍റെയും ഉത്തരവാദിത്വത്തിന്‍റെയും പ്രഖ്യാപനമാണു തൊഴിൽ സുരക്ഷ- ആരോഗ്യ- തൊഴിൽ സാഹചര്യ കോഡ്, 2020 (ഒഎസ്എച്ച് കോഡ്). ""സ്ഥാപനം'' എന്നതിന്‍റെ നിർവചനം വിശാലമാക്കുന്നതിലൂടെ മുമ്പ് സുരക്ഷാ നിയമനിർമാണത്തിന്‍റെ പരിധിയിൽ ഉൾപ്പെടാതിരുന്ന ദശലക്ഷക്കണക്കിനു പേർക്ക് ഈ കോഡ് സംരക്ഷണം നൽകുന്നു.
ഇതു തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ നിർബന്ധമാക്കുന്നു. ജീവനക്കാർക്കു സാമ്പത്തിക ബാധ്യത വരാതെ, സുരക്ഷിതവും ശുചിത്വമുള്ളതുമായ ജോലിസ്ഥലങ്ങൾ ഒരുക്കാൻ തൊഴിലുടമകളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ദേശീയ തൊഴിൽ സുരക്ഷാ- ആരോഗ്യ ഉപദേശക ബോർഡിനു രൂപം നൽകുന്നത് മാറിക്കൊണ്ടിരിക്കുന്ന വ്യാവസായിക സാഹചര്യങ്ങൾക്കനുസരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ വികസിക്കുന്നു എന്ന് ഉറപ്പാക്കുന്നു.
ഒഎസ്എച്ച് കോഡ് ലിംഗസമത്വത്തിൽ പ്രധാന മുന്നേറ്റം നടത്തുന്നു. ആവശ്യമായ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടെങ്കിൽ എല്ലാ സ്ഥാപനങ്ങളിലും രാത്രി ഷിഫ്റ്റുകളിലുൾപ്പെടെ വനിതാ തൊഴിലാളികളെ അനുവദിക്കുന്നു. ഇത് കൂടുതൽ സ്ത്രീകളെ തൊഴിൽ സേനയിൽ ചേരാനും തുടരാനും പ്രാപ്തരാക്കും. കുടിയേറ്റ തൊഴിലാളികൾക്കും ദേശീയ രജിസ്ട്രേഷൻ സംവിധാനത്തിലൂടെ അംഗീകാരം ലഭിക്കും. ഇത് ക്ഷേമ പദ്ധതികളിലേക്കും സഞ്ചാര ആനുകൂല്യങ്ങളിലേക്കും പ്രവേശനം സാധ്യമാക്കും, അന്തസുറ്റ ജീവിതവും ഉപജീവന മാർഗവും ഉറപ്പാക്കുന്ന മേൽനോട്ട സംവിധാനങ്ങൾ രൂപപ്പെടുത്തും.
ചെറിയ സ്ഥാപനങ്ങൾ പോലും ക്യാന്‍റീനുകൾ, വിശ്രമ മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഇപ്പോൾ നിർബന്ധമായി ഒരുക്കണം എന്ന വ്യവസ്ഥ വന്നു. കൂടാതെ കരാർ തൊഴിലാളികളെയും ഇത്തരം സൗകര്യങ്ങളുടെ കണക്കെടുപ്പിൽ ഉൾപ്പെടുത്തുന്നു. തൊഴിലാളി ക്ഷേമത്തിനായുള്ള യഥാർഥ സമീപനത്തിലേക്കുള്ള മാറ്റമാണ് ഇതൊക്കെ പ്രതിഫലിപ്പിക്കുന്നത്.
2020ലെ വ്യാവസായിക ബന്ധങ്ങളുടെ കോഡ് തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള ബന്ധത്തിൽ വ്യക്തത കൊണ്ടുവരുന്നു. മുമ്പുണ്ടായിരുന്ന 3 നിയമങ്ങൾക്കു പകരം ഏകീകൃത ചട്ടക്കൂട് സ്ഥാപിക്കുന്നു. 20, അതിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ പരാതിപരിഹാര സമിതികൾ സ്ഥാപിക്കണം. തർക്കങ്ങൾ പണിമുടക്കുകളിലേക്കോ വ്യവഹാരങ്ങളിലേക്കോ നീങ്ങുന്നതിനു പകരം സ്ഥാപനതലത്തിൽ ഉടനടി പരിഹരിക്കപ്പെടുന്നു എന്ന് ഇതുറപ്പാക്കുന്നു.
ചർച്ചാ യൂണിയൻ അല്ലെങ്കിൽ കൗൺസിൽ എന്ന ആശയത്തിലൂടെ ട്രേഡ് യൂണിയനുകൾ അംഗീകാരം നേടുന്നു. കൂട്ടായ വിലപേശൽ ശക്തി ലഭിക്കുന്നു. ഇത് തൊഴിലാളികൾക്ക് തൊഴിലിടത്തെ കാര്യങ്ങൾ രൂപപ്പെടുത്തുന്നതിൽ ഫലപ്രദമായ ശബ്ദം നൽകും. പിരിച്ചുവിടൽ നേരിടുന്ന തൊഴിലാളികൾക്ക് ഇപ്പോൾ 30 ദിവസ നോട്ടീസും മതിയായ നഷ്ടപരിഹാരവും ലഭിക്കാൻ അർഹതയുണ്ട്. ഇത് മാനുഷിക പരിഷ്കരണമാണ്. പിരിച്ചുവിടൽ നേരിടുന്ന തൊഴിലാളികൾക്കു നവനൈപുണ്യ നിധി സ്ഥാപിക്കുന്നത് മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ പഠനത്തെയും പൊരുത്തപ്പെടുത്തലിനെയും വിലമതിക്കുന്ന ഭാവിയിലേക്കുള്ള സമീപനത്തെ സൂചിപ്പിക്കുന്നു. പണിമുടക്ക് അവകാശങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പുനഃപരിശോധിക്കണം. അടച്ചുപൂട്ടലിനോ ലോക്ക് ഔട്ടിനോ എളുപ്പത്തിൽ അനുമതി ലഭിക്കാൻ വ്യവസായത്തിനുള്ള തൊഴിലാളികളുടെ പരിധി 300 ആയി ഉയർത്തുന്നതും പരിശോധിക്കാം.
ഔപചാരികമായി അംഗീകരിച്ച നിശ്ചിതകാല തൊഴിൽ, വ്യവസായങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ കോഡ് ഒരുക്കുന്നു. അതേസമയം, വേതനത്തിലും ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റു സാമൂഹ്യ സുരക്ഷാ വ്യവസ്ഥകളിലും തുല്യത ഉറപ്പാക്കുന്നു. ഇത് ആധുനിക സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾക്കൊപ്പം, അതിൽ ജോലി ചെയ്യുന്നവർക്കു നീതിയും സുരക്ഷയും ഉറപ്പാക്കുന്നു.
സാമ്പത്തിക വളർച്ചയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ തൊഴിൽ പരിഷ്കാരങ്ങൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നു നിരവധി വികസ്വര രാജ്യങ്ങളിലെ തെളിവുകൾ വ്യക്തമാക്കുന്നു. വർധിച്ചുവരുന്ന തീരുവകളും മാറിക്കൊണ്ടിരിക്കുന്ന വ്യാപാര രീതികളും അടങ്ങുന്ന ആഗോള സമ്പദ്‌വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ, ഇന്ത്യ പുതിയ തൊഴിൽ കോഡുകൾ അടിയന്തിരമായി നടപ്പാക്കണം. ലളിതവും സുതാര്യവുമായ നിയമങ്ങൾ നിക്ഷേപം ആകർഷിക്കും, ഔപചാരിക തൊഴിൽ പ്രോത്സാഹിപ്പിക്കും, തൊഴിലാളികളുടെ അന്തസ് ഉയർത്തിപ്പിടിക്കും. സമയബന്ധിതമായ വിജ്ഞാപനം ഇന്ത്യയ്ക്കു വികസിത രാജ്യമായി മാറാൻ വഴിയൊരുക്കും.
ഓട്ടോമേഷനും ഡിജിറ്റൈസേഷനും പരമ്പരാഗത ജോലികളെ ഇല്ലാതാക്കാൻ സാധ്യതയുള്ള കാലഘട്ടത്തിൽ, സാങ്കേതികവിദ്യ പുരോഗമിക്കുമ്പോഴും മനുഷ്യന്‍റെ അന്തസ് സംരക്ഷിക്കുന്ന സന്തുലിത വളർച്ചയ്ക്കുള്ള ചട്ടക്കൂടാണ് ഈ കോഡുകൾ നൽകുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഇതു നടപ്പാക്കുന്നത് ഏകീകൃത മാനദണ്ഡങ്ങൾ സൃഷ്ടിക്കും, അവ്യക്തത കുറയ്ക്കും, ജോലികളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകും.
സാമ്പത്തിക ചലനാത്മകതയും സാമൂഹ്യനീതിയും സംയോജിപ്പിക്കുന്ന വികസിത- സ്വയംപര്യാപ്ത രാജ്യമെന്ന നിലയിൽ "വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്നതിന്‍റെ സ്വപ്നങ്ങളുടെ പിൻബലമാണ് ഈ 4 കോഡുകൾ. അവ പരിശോധകരെ സഹായികളാക്കി മാറ്റുന്നു. കാലഹരണപ്പെട്ടതും ആവർത്തിക്കപ്പെടുന്നതുമായ നിയമങ്ങൾക്കു പകരം വ്യക്തവും സ്ഥിരതയുള്ളതുമായ നിയമങ്ങൾ കൊണ്ടുവരുന്നു. തൊഴിലാളി ക്ഷേമത്തെ സാമ്പത്തിക നയത്തിന്‍റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നു.
ചില പരിമിതികളുണ്ടെങ്കിലും, ഈ പരിഷ്കാരങ്ങളുടെ ചൈതന്യം ഏകീകരണത്തിൽ മാത്രമല്ല; അനുകമ്പയിലുമാണ്. ഫാക്റ്ററി തലം മുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരെയുള്ള ഓരോ തൊഴിലാളിയും അന്തസും സുരക്ഷയും ആസ്വദിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവ നീതിയും അവസരവും വാഗ്ദാനം ചെയ്യുന്നു.
അതിനാൽ ഈ കോഡുകൾ വേഗത്തിലും ഏകീകൃതമായും നടപ്പാക്കണം. അത് ഭരണപരമായ അടിയന്തരാവസ്ഥ മാത്രമല്ല; വളർച്ച പങ്കിടുകയും തൊഴിലിനെ ബഹുമാനിക്കുകയും രാജ്യപുരോഗതിക്ക് സംഭാവനയേകുന്ന ഓരോ കൈയും സംരക്ഷിക്കപ്പെടുകയും ജീവിതസൗകര്യം ലഭ്യമാക്കുകയും ചെയ്യുന്ന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതിനുള്ള ദേശീയ പ്രതിജ്ഞാബദ്ധത കൂടിയാണ്.