പ്രധാനമന്ത്രിയുടെ പ്രസംഗവും ന്യൂനപക്ഷവും

രാജ്യത്തിലെ സമ്പത്തിന്‍റെ ആദ്യ അവകാശി മുസ്‌ലിങ്ങളാണെന്ന് കോണ്‍ഗ്രസിന്‍റെ മുന്‍ പ്രധാനമന്ത്രിയ മന്‍മോഹന്‍ സിങ് മുമ്പ് പ്രസ്താവിച്ചിട്ടുണ്ട്
പ്രധാനമന്ത്രിയുടെ പ്രസംഗവും ന്യൂനപക്ഷവും

#അഡ്വ. ജി. സുഗുണന്‍

നമ്മുടേത് ഒരു മതേതര രാജ്യമാണ്. എല്ലാ മതങ്ങള്‍ക്കും ഇവിടെ തുല്യസ്ഥാനം. ഒരു മതത്തിനും പ്രത്യേകമായ അധികാര- അവകാശങ്ങളൊന്നും ഭരണഘടന അനുവദിക്കുന്നില്ല. നമ്മുടെ ഭരണഘടനയുടെ അടിത്തറ മതേതരത്വമാണെന്നതില്‍ തര്‍ക്കമില്ല. നിര്‍ഭാഗ്യവശാല്‍ ഏവരും കൊട്ടിഘോഷിച്ചുകൊണ്ടിരുന്നു നമ്മുടെ മതേതരത്വം വലിയ വെല്ലുവിളിയെ ഇന്ന് നേരിട്ടുകൊണ്ടിരിക്കുകയാണ്. മതതരത്വം നേരിടുന്ന വലിയ വെല്ലുവിളിയുടെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ ബാന്‍സ്വരയിലെയും ജാല്വോറിലേയും പ്രസംഗം.

വര്‍ഗീയതയാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. യാഥാസ്ഥികത്വം, വിജ്ഞാനവിരോധം എന്നിവയുടെ പര്യായമായി പലപ്പോഴും ഈ വര്‍ഗീയത മാറുകയും ചെയ്യുന്നു. ഒരു മതത്തിന്‍റെ വളര്‍ച്ചയ്ക്ക് മറ്റു മതങ്ങള്‍ തടസമാണെന്ന വിശ്വാസമാണ് ജനങ്ങളില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നത്. സ്വന്തം മതത്തോട് അഭിനിവേശവും, മറ്റുമതങ്ങളോട് വിദ്വേഷവും വച്ചുപുലര്‍ത്താന്‍ അത് പ്രേരിപ്പിക്കുന്നു. ചുരുക്കത്തില്‍ സ്വന്തം മതത്തോടുള്ള അതിര് കവിഞ്ഞ സ്‌നേഹം മറ്റു മതങ്ങളോടുള്ള വിരോധമായി മാറുമ്പോഴാണ് വര്‍ഗീയത ഉടലെടുക്കുന്നത്. മതങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി അത് മാറുകയും ചെയ്യുന്നു.

വ്യക്തിഗതമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും, രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും മതത്തെ ഉപയോഗിക്കുകയും, ചൂഷണവിധേയമാക്കുകയും ചെയ്യുന്ന വ്യക്തിയെയാണ് രാഷ്‌ട്രീയ രംഗത്തെ വര്‍ഗീയവാദി എന്നു വിളിക്കുന്നത്. അതിനാല്‍ വര്‍ഗീയവാദി ബാഹ്യമായി മതത്തോട് താല്‍പര്യം കാണിക്കുകയും, ആന്തരികമായി അധികാരത്തോട് ഭ്രമം വച്ചുപുലര്‍ത്തുകയും ചെയ്യുന്നു. വര്‍ഗീയത ദേശീയതയ്ക്കും മതേതരത്വത്തിനും മാനവികതയ്ക്കും ജനാധിപത്യത്തിനും എതിരായ ഒരു വികാരമാണ്. പരസ്പര വെറുപ്പും മുന്‍വിധികളും സംശയവും ഹിംസയുമാണ് അതിന്‍റെ പ്രധാന സവിശേഷതകള്‍. "വര്‍ഗീയത ഫാസിസത്തിന്‍റെ ഇന്ത്യന്‍ പതിപ്പാണെന്ന്' ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടിട്ടുണ്ട്.

ജാതി, മതം, ഭാഷ, ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള എല്ലാ ഭിന്നതകളെയും പഴയ ബ്രിട്ടീഷ് ഭരണാധികാരികള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. അബ്രാഹ്മണരെ ബ്രാഹ്മണര്‍ക്കെതിരേയും താഴ്ന്ന ജാതിക്കാരെ ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരേയും അവര്‍ ഇളക്കിവിട്ടു. രണ്ട് പ്രമുഖ മതവിഭാഗങ്ങളായ ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും അവര്‍ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചു. നിലവിലെ മോദി സര്‍ക്കാരും ഈ പണി തന്നെയാണ് തുടരുന്നത്.

അധികാരി വര്‍ഗം ഭരണപരാജയങ്ങള്‍ മൂടിവെയ്ക്കാന്‍ വര്‍ഗീയത എന്ന കുറുക്കുവഴിയാണ് സ്വീകരിക്കുന്നത്. രാജ്യത്തെ സമ്പന്ന വിഭാഗങ്ങളും അവരുടെ നേതൃത്വത്തിലുള്ള ഭരണകൂടവും തങ്ങളുടെ മേധാവിത്വം സ്ഥാപിക്കുന്നതിനായി ജാതിയേയും മതത്തേയും ഉപയോഗിച്ചുവരികയാണ്. മതം രാഷ്‌ട്രീയക്കാരുടെയും ഒരു ഉപകരണമാണ്. പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും, തങ്ങളുടെ പരാജയങ്ങള്‍ മൂടിവയ്ക്കാനും ഇക്കൂട്ടര്‍ ജാതിയെ സമർഥമായി ഉപയോഗിച്ചുവരികയാണ്. എന്നാല്‍ മതത്തേയും വര്‍ഗീയതയേയും കൈയിലെടുത്തു ഭരണാധികാരികള്‍ തന്നെ രാജ്യത്തെ വലിയ പ്രതിസന്ധിയില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു.

മതേതര രാജ്യത്തെ മുഖ്യഭരണാധികാരിക്ക് ഒരിക്കലും ഒരു മതത്തിന്‍റെ പേരില്‍ സംസാരിക്കാനോ, ഒരു മതത്തെ മറ്റൊരു മതത്തിനെതിരേ തിരിച്ചുവിടാനോ കഴിയുകയില്ല. നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യത്തെ പ്രധാനപ്പെട്ട ഒരു മതത്തിനെതിരായി ഹീനമായ വിദ്വേഷപ്രസംഗവുമായി പരസ്യമായി രംഗത്തുവന്നിരിക്കുന്ന കാഴ്ചയാണ് രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്‍റെ മുസ്‌ലിം വിരുദ്ധ പ്രസംഗം എല്ലാ സീമകളെയും ലംഘക്കുന്നതായിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്കായി വീതിച്ചുനല്‍കുമെന്നും, കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നും മോദി തന്‍റെ ശ്രോതാക്കളോടായി ചോദിച്ചു.

""രാജ്യത്തിലെ സമ്പത്തിന്‍റെ ആദ്യ അവകാശി മുസ്‌ലിങ്ങളാണെന്ന് കോണ്‍ഗ്രസിന്‍റെ മുന്‍ പ്രധാനമന്ത്രിയ മന്‍മോഹന്‍ സിങ് മുമ്പ് പ്രസ്താവിച്ചിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ച് കൂട്ടി കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനർഥം. നിങ്ങള്‍ അധ്വനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ? - മോദി ചോദിച്ചു. അമ്മമാരുടെയും പെണ്‍മക്കളുടെയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുത്ത് അത് എല്ലാവര്‍ക്കുമായി വിതരണം ചെയ്യുമെന്നാണ് കോണ്‍സ് പ്രകടന പത്രികയില്‍ പറയുന്നത്. കോണ്‍ഗ്രസ് ഒരു സര്‍വെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ സ്വര്‍ണവും വെള്ളിയും സ്വത്തുക്കളും മറ്റ് സ്ഥാവര ജംഗമവസ്തുക്കളുമെല്ലാം സമൂഹത്തില്‍ വിതരണം ചെയ്യുമെന്നാണ് പറയുന്നത്. ആദിവാസികളുടെ കൈയിലുള്ള ആഭരണങ്ങളും, സ്ത്രീകളുടെ കെട്ടുതാലി പോലും ഈ നിലയില്‍ പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്‍റെ മാനിഫെസ്റ്റോയില്‍ പറയുന്നത്''- മോദി പ്രസംഗിച്ചു.

എന്നാൽ, തങ്ങളുടെ മാനിഫെസ്റ്റോയില്‍ ഇല്ലാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സോഷ്യലിസത്തിലും കമ്മ്യൂണിസത്തിലും വിശ്വസിക്കുന്ന ഒരുപ്രസ്ഥാനമേയല്ല. കോണ്‍ഗ്രസ് രാജ്യത്തെ പൗരന്മാരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് സമൂഹത്തില്‍ വിതരണം നടത്തുമെന്നുള്ള പ്രധാനമന്ത്രിയുടെ കണ്ടുപിടിത്തം വസ്തുതകളുമായി യാതൊരു ബന്ധവുമുള്ളതല്ല. മന്‍മോഹന്‍ സിങ് രാജ്യത്തെ മുസ്‌ലിങ്ങളാണ് ഇവിടുത്തെ സമ്പത്തിന്‍റെ പ്രധാന അവകാശികള്‍ എന്ന് പറഞ്ഞിട്ടുണ്ടെന്ന മോദിയുടെ പ്രസ്താവനയും വിശ്വാസയോഗ്യമല്ല. ഇത്തരം ഒരു പ്രസ്താവന അദ്ദേഹം എവിടെയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.

കോണ്‍ഗ്രസിനെപ്പറ്റിയുള്ള പൊതുവായ ആക്ഷേപം മൃദു ഹിന്ദുത്വ സമീപനം ആ പാര്‍ട്ടി സ്വീകരിക്കുകയാണ് എന്നുള്ളതാണ്. മോദി സര്‍ക്കാര്‍ പാസാക്കിയെടുത്ത മുത്തലാഖ് നിയമം, പൗരത്വ ഭേദഗതി നിയമം, ജമ്മു കാശ്മീര്‍ വെട്ടിമുറിക്കല്‍ തുടങ്ങിയവയ്ക്ക് എതിരായി ശക്തമായി കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല എന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായി ഒരു സമീപനമില്ലെന്ന ആരോപണം വ്യാപകമാണ്. പാര്‍ട്ടിയുടെ മാനിഫെസ്റ്റോയില്‍ ഇക്കാര്യത്തെപ്പറ്റി മൗനം അവലംബിക്കുകയാണ്. കോണ്‍ഗ്രസ് അര്‍ബന്‍ നക്‌സലേറ്റ് നിലപാടുള്ള മാവോയിസ്റ്റ് ഐഡിയോളജിയില്‍ നിലകൊളളുന്ന പാര്‍ട്ടിയാണെന്ന മോദിയുടെ പ്രസ്താവനയ്ക്കും യാതൊരടിസ്ഥാനവുമില്ല. രാജ്യത്തൊട്ടാകെ നടന്ന ഡസന്‍ കണക്കിന് മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തിയ നീതികരണമില്ലാത്ത മനുഷ്യക്കുരുതികള്‍ക്കെതിരേ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടുപോലുമില്ല.

രാജ്യത്തെ മൗലികജനകീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് മോദിയുടെ ഈ പ്രസ്താവനയെന്നാണു രാഹുല്‍ ഗാന്ധി പറഞ്ഞത്. പ്രധാനമന്ത്രി നടത്തിയത് ഒരു വിഷം ചീറ്റുന്ന പ്രസംഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. രാജ്യത്തെ വിഭാഗീയത വർധിപ്പിക്കാനും വര്‍ഗീയത ആളിക്കത്തിക്കാനും വേണ്ടിയുള്ള ശ്രമമാണ് മോദിയുടെ പ്രസംഗത്തില്‍ കാണാന്‍ കഴിയുന്നതെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു.

മുമ്പും നമ്മുടെ രാജ്യത്തെ ചില ഭരണാധികാരികള്‍ വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. വര്‍ഗീയത ആളിക്കത്തിച്ച് വോട്ട് തട്ടാനുള്ള ശ്രമങ്ങളും ഇവിടെ പുത്തരിയൊന്നുമല്ല. എന്നാല്‍ ഇത്ര നഗ്നമായി വര്‍ഗീയവികാരം ആളിക്കത്തിക്കുന്നതിനും, ഭൂരിപക്ഷ മതത്തെ ഒരു ന്യൂനപക്ഷ മതത്തിനെതിരായി തിരിച്ചുവിടാനും വേണ്ടിയുള്ള കരുതിക്കൂട്ടിയുള്ള ഒരു പ്രസംഗം രാജ്യത്ത് ആദ്യമായാണ് ഉണ്ടായിരിക്കുന്നത്. ചരിത്രവുമായും യാഥാർഥ്യങ്ങളുമായും പുലബന്ധം പോലുമില്ലാത്ത പ്രസ്താവനയാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഈ പ്രസ്താവന തിരുത്താനും രാജ്യത്തോട് മാപ്പ് പറയാനും നരേന്ദ്ര മോദി തയാറാകേണ്ടിവരും. അതിനദ്ദേഹം തയാറായില്ലെങ്കില്‍ ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലായിരിക്കും ഭാവിയില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം.

(ലേഖകന്‍റെ ഫോണ്‍:

9847132428)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com