എന്താകും അന്തിമ ഫലം?

പൊതുവെ രാഷ്‌ട്രീയക്കാർക്ക് തെരഞ്ഞെടുപ്പ് കാലത്ത് എടുത്താൽ പൊങ്ങാത്ത വാഗ്ദാനങ്ങളും എതിരാളിക്കെതിരെ നേരിന്‍റെ തരി പോലുമില്ലാത്ത ആരോപണങ്ങളും ഉന്നയിക്കാം
എന്താകും അന്തിമ ഫലം?

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ നേതാക്കളാണ്. നരേന്ദ്ര മോദി നീണ്ട പത്ത് വർഷക്കാലം ഇന്ത്യയുടെ ഭരണ നേതൃത്വം ഏറ്റെടുത്ത കരുത്തനും, രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയെക്കാൾ കൂടുതൽ രാഷ്‌ട്രീയ ശക്തിയും സ്വാധീനവുമുള്ള, നെഹ്റു കുടുംബത്തിന്‍റെ പാരമ്പര്യം വഹിക്കുന്ന ഇന്ത്യ ടീമിന് ലോക്സഭയിൽ ഭൂരിപക്ഷം കിട്ടിയാൽ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള നേതാവുമാണ്. ഇവരുടെ വാക്കുകളും പ്രവർത്തികളും ലോകം വളരെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നത്.

പൊതുവെ രാഷ്‌ട്രീയക്കാർക്ക് തെരഞ്ഞെടുപ്പ് കാലത്ത് എടുത്താൽ പൊങ്ങാത്ത വാഗ്ദാനങ്ങളും എതിരാളിക്കെതിരെ നേരിന്‍റെ തരി പോലുമില്ലാത്ത ആരോപണങ്ങളും ഉന്നയിക്കാം. അതൊന്നും ആരും ഗൗരവത്തിൽ എടുക്കാറില്ല. എന്നാൽ മോദിയും രാഹുലും ആ ഗണത്തിൽ പെടുന്നവരല്ല. അവർക്ക് മാന്യതയുടെ സുഗന്ധവും സത്യസന്ധതയുടെ വെളിച്ചവും ജനങ്ങൾ കൽപ്പിച്ചിട്ടുണ്ട്. ഇത് രണ്ടും നഷ്ടപ്പെടുത്താൻ ഇവർ ശ്രമിക്കരുത്.

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പാർട്ടി സ്ഥാനാർഥികൾക്കു വേണ്ടി വോട്ട് അഭ്യർഥിച്ചിരുന്നില്ലെന്നാണ് കേട്ടിട്ടുള്ളത്. രാഷ്‌ട്രീയ കാര്യങ്ങൾ വലിയ മാന്യതയോടെ അവതരിപ്പിക്കും. രാജ്യത്തിന്‍റെ പൊതുവായ താൽപ്പര്യങ്ങളും മൂല്യങ്ങളും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത പറയും. ആർക്ക് വോട്ട് ചെയ്യണം എന്നത് ജനങ്ങൾക്ക് വിട്ടു നൽകും. ആരെയും വ്യക്തിപരമായി ആക്ഷേപിക്കുകയോ, ആരോപണങ്ങൾ ഉന്നയിക്കുകയോ രാഷ്‌ട്രീയ സ്വാധീനം എതിരാളിക്കെതിരെ ദുരുപയോഗപ്പെടുത്തുകയോ ചെയ്തിരുന്നില്ല.

മുസ്‌ലിം ലിഗിന്‍റെ ചിഹ്നമായ കുതിര ചത്തതാണ് എന്ന ആക്ഷേപം പിന്നീട് ദുഃഖത്തോടെ പിൻവലിച്ച ചരിത്രം നെഹ്റുവിനുണ്ടായിരുന്നു. 1959ൽ കേരളത്തിൽ ആദ്യ ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാരിനെ സ്വന്തം പുത്രിയും കോൺഗ്രസ് പ്രസിഡന്‍റുമായിരുന്ന ഇന്ദിരയുടെ സമ്മർദം മൂലം പിരിച്ചു വിട്ടത് തെറ്റായ നടപടിയായിപ്പോയി എന്ന് പിന്നീട് നെഹ്റു സമ്മതിക്കുകയും ചെയ്തു. പാർലമെന്‍റിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലനോട് അദ്ദേഹം കാണിച്ച മാന്യത നമ്മുടെ പാർലമെന്‍ററി ചരിത്രത്തിലെ രജത രേഖയാണ്.

നെഹ്റുവിനു ശേഷം അധികാരത്തിൽ വന്ന ലാൽ ബഹാദൂർ ശാസ്ത്രിയും മാന്യതയുടെ പ്രതീകമായിരുന്നു. അതിനു ശേഷം അധികാരത്തിൽ വന്ന ഇന്ദിര ഗാന്ധിയാണ് ജനാധിപത്യ മുഖങ്ങൾക്ക് ക്ഷതമേൽപ്പിച്ചത്. തുടർന്നുള്ള കാലഘട്ടങ്ങളിൽ രാജീവ് ഗാന്ധി, അടൽ ബിഹാരി വാജ്പേയി, ഡോ. മൻമോഹൻ സിങ് എന്നിവർ ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിച്ചവരായിരുന്നു.

ഇപ്പോൾ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി അധികാരത്തിൽ കടന്നു വരാനും അധികാരം തുടർന്നു ലഭിക്കാനും പാർലമെന്‍ററി മര്യാദകൾ തകർക്കുന്നു എന്ന ആക്ഷേപം ശക്തമായുണ്ട്. അദ്ദേഹം ജനലക്ഷങ്ങളെ തന്‍റെ വാചക കസർത്തിൽ മണിക്കൂറുകൾ പിടിച്ചിരുത്തും. എന്നാൽ രാഷ്‌ട്രീയ എതിരാളികളെ അവർ എത്ര വലിയവരാണെങ്കിലും ചെറിയവരാണെങ്കിലും തന്‍റെ പദവി വിട്ട് ആക്ഷേപിക്കും.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പു നടന്ന പുൽവാമ ആക്രമണവും ഇപ്പോൾ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്‌ട്രീയ എതിരാളികൾക്കെതിരെ ഇഡി പോലുള്ള കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തി നടത്തുന്ന രാഷ്‌ട്രീയ കൈയേറ്റങ്ങളും ലോകം മുഴുവൻ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്യം നഷ്ടപ്പെടുമെന്ന ഭയം മണിപ്പുർ സംഭവങ്ങളിലൂടെ ഉരുത്തിരിഞ്ഞിട്ടുണ്ട്.

ഒരു പ്രധാനമന്ത്രിയുടെ നിലവാരം വിട്ട് നരേന്ദ്ര മോദി താഴാൻ പാടില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രധാനമന്ത്രിയുടെ ആരോപണങ്ങളായ കരിമണൽ വിവാദവും കരുവന്നൂർ ബാങ്കിടപാടുകളും തുടർന്നുള്ള ഇഡി ഇടപെടലുകളും കേരളം രണ്ടാമതും ഭരിക്കുന്ന ഒരു മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ ഉപയോഗിക്കേണ്ട രാഷ്‌ട്രീയ ആയുധങ്ങളല്ല. സ്വർണക്കടത്തു സംഘങ്ങളെ സഹായിക്കുന്ന ഒരു സംസ്ഥാന സർക്കാരാണ് കേരളത്തിലുള്ളത് എന്ന പ്രധാനമന്ത്രിയുടെ ആരോപണം സ്വയം പല്ലുകുത്തി മണപ്പിക്കുന്നതു പോലെയല്ലേ?

ഇഡി, സിബിഐ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ ഉത്തരവാദിത്വമാണ് സ്വർണ കള്ളക്കടത്തു തടയലും നിയമ നടപടിയെടുക്കലും. ഇഡി കസ്റ്റഡിയിലെടുക്കുന്നവരെ ഉറക്കം കെടുത്തി പീഡിപ്പിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശത്തിലൂടെ അർഥമാക്കുന്നത് കേന്ദ്ര ഏജൻസികളെ കയറൂരി വിടരുതെന്ന മുന്നറിയിപ്പാണ്. സിഎംആർഎൽ കേസിൽ കമ്പനി ഉദ്യോഗസ്ഥരെ മണിക്കൂറുകൾ നിർത്താതെ ചോദ്യം ചെയ്തു എന്ന വാർത്തയുടെ പിന്നാലെയാണ് ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശം.

രാഹുൽ ഗാന്ധിയും പ്രതിപക്ഷ നിരയുടെ സാരഥി എന്ന നിലയിൽ പക്വതയോടെ പെരുമാറണം. തന്ത്രശാലിയായ ഒരു പ്രധാനമന്ത്രിക്കെതിരെയും ആർഎസ്എസ് പോലുള്ള സംഘടനയ്ക്കെതിരെയും തനിച്ചു പോരാടാനുള്ള കരുത്ത് കോൺഗ്രസിന് ഇപ്പോഴില്ല. ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളെയും ഒന്നിച്ചു കൊണ്ടു പോകുന്നതിനുള്ള നേതൃത്വ പാടവം രാഹുൽ ഗാന്ധിയ്ക്കുണ്ടാകണം. രാഷ്‌ട്രീയം കരുത്തന്മാരുടേതാണ്, ദുർബല മനസുകളുടേതല്ല. അതിനാൽ രാഹുൽ കരുത്തനാകാൻ ശ്രമിക്കണം.

രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറിയും രാഹുലിന്‍റെ വലംകൈയുമായ കെ.സി. വേണുഗോപാലും കേരളത്തിൽ മത്സരിക്കാൻ തീരുമാനിച്ചത് ബുദ്ധിപൂർവമായ രാഷ്‌ട്രീയ നീക്കമായിരുന്നോ? ദേശീയതലത്തിൽ ഒന്നിച്ചു പോകേണ്ടവരുടെ കൊടികൾ ഒന്നിച്ചു കെട്ടാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യാ മുന്നണിയ്ക്ക് എന്ത് പ്രസക്തി?

കേരളത്തിൽ വരുമ്പോൾ സിപിഎമ്മിന്‍റെയും ഇടതു പ്രസ്ഥാനങ്ങളുടെയും കരുത്തനായ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനെ താഴ്ത്തികെട്ടുകയും കേരളത്തിന് പുറത്ത് ഈ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരായ സീതാറാം യെച്ചൂരിയുടെയും ഡി. രാജയുടെയും കൈകൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിൽ എന്താണർഥം! പല സംസ്ഥാനങ്ങളിലും ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളാണ് പരസ്പരം ഏറ്റുമുട്ടുന്നതെന്നത് ഒരു യാഥാർഥ്യമാണ്. ബിജെപിയിലാകട്ടെ വിമത ശല്യം പലേടത്തും ശക്തവും.

1977 ലെ തെരഞ്ഞെടുപ്പിൽ ഉരുക്കു വനിത ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ഭരണത്തിനെതിരേ പ്രതിപക്ഷ ഐക്യം "ജനത' പാർട്ടിയുടെ നേതൃത്വത്തിൽ വിജയിച്ചു. 2024ൽ അത്തരത്തിലുള്ള വിജയം നേടാൻ 26 പാർട്ടികൾ ചേർന്ന ഇന്ത്യാ മുന്നണിക്ക് കഴിയുമോ എന്നാണ് ജോത്സ്യൻ ഉറ്റുനോക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com