നരേന്ദ്ര മോദി: പ്രവര്‍ത്തകരെ വളർത്തിയെടുത്ത നേതാവ്

വ്യവസ്ഥാപിതമായും ചിട്ടയോടെയും പ്രവര്‍ത്തിക്കാന്‍ മോദി പ്രവര്‍ത്തകരെ പഠിപ്പിച്ചു
Narendra Modi is a leader who nurtured workers.

നരേന്ദ്ര മോദി

Updated on

ബി.എല്‍. സന്തോഷ്

"ഒരു സംഘടനയ്ക്ക് തനതായ മഹത്വം കൈവരിക്കാനും സ്വന്തം ദൗത്യം പൂർണതയോടെ നിര്‍വഹിക്കാനും, ആ സംഘടനയിലെ പ്രവര്‍ത്തകരുടെ കലവറയില്ലാത്ത സമര്‍പ്പണം അനിവാര്യമാണ്." പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തിലും സംഘടനാ കാഴ്ചപ്പാടിലും എന്നും മാർഗദര്‍ശനമായി നിലകൊണ്ട മന്ത്രമാണിത്. പ്രവര്‍ത്തകരെ സംഘടനയുടെ ഹൃദയമായാണ് പ്രധാനമന്ത്രി മോദി കൽപ്പിച്ചിരുന്നത്. പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുക, പരിശീലിപ്പിക്കുക, ശാക്തീകരിക്കുക എന്നിവ തന്‍റെ പ്രധാന ദൗത്യമായി അദ്ദേഹം ഏറ്റെടുത്തു. സംഘടന കേവലമൊരു ചട്ടക്കൂടല്ലെന്നും അതിന്‍റെ യഥാർഥ ശക്തി കുടികൊള്ളുന്നത് പ്രവര്‍ത്തകരുടെ പാടവം, അച്ചടക്കം, സമര്‍പ്പണം എന്നിവയിലാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

1970 കളുടെ തുടക്കത്തിലാണ് മോദി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ (ആര്‍എസ്എസ്) 'പ്രചാരക്' (മുഴുവന്‍ സമയ പ്രവര്‍ത്തകന്‍) ആയത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍, വിഭാഗ് പ്രചാരക് എന്ന ചുമതലയില്‍ ഒരു കഴിവുറ്റ സംഘാടകനായി ഉയര്‍ന്നുവന്ന അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ശൈലി പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതില്‍ രൂഢമൂലമായിരുന്നു. 1980 കളുടെ തുടക്കത്തില്‍ ഗുജറാത്തിലെ ആര്‍എസ്എസ് വ്യാപനം പരിമിതമായിരുന്നു. ഒരു താലൂക്കില്‍ ഒരു 'ശാഖ' (ആര്‍എസ്എസ് ശാഖ) സ്ഥാപിക്കാന്‍ കഴിയുന്നത് പോലും അക്കാലത്ത് വലിയ നേട്ടമായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ യുവാവായ മോദിയുടെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു: "എല്ലാ ഗ്രാമങ്ങളിലും ശാഖ വേണം" എന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് . ഓരോ ശാഖയും ആരംഭിക്കുന്നതിന്‍റെ ഉത്തരവാദിത്വം ഓരോ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയും ഇടയ്ക്കിടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശൈലി. ശാഖയിലെ മുഖ്യ പരിശീലകന്‍ ആരായിരുന്നു, എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തി, ആരാണ് ഹാജരാകാതിരുന്നത്, എന്തുകൊണ്ട് തുടങ്ങിയ എല്ലാ വിശദാംശങ്ങളും അദ്ദേഹം ശ്രദ്ധാപൂർവം നിരീക്ഷിച്ചു.

1985ല്‍, ആര്‍എസ്എസ് 60 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍, കര്‍ണാവതിയില്‍ (അഹമ്മദാബാദ്) ഒരു ബൃഹത്തായ ശിബിരം സംഘടിപ്പിക്കുകയുണ്ടായി. ഏകദേശം 5,000 പ്രവര്‍ത്തകരാണ് ശിബിരത്തില്‍ പങ്കെടുത്തത്. ശിബിരത്തിന് മുന്നോടിയായി, മോദി ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് യുവാക്കളെ കാണുകയും ആര്‍എസ്എസ് യൂണിഫോം സ്വന്തമാക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. തത്ഫലമായി, നൂറുകണക്കിന് പുതിയ യുവാക്കള്‍ ശിബിരത്തില്‍ പങ്കെടുക്കുക മാത്രമല്ല, പിന്നീടങ്ങോട്ട് സംഘടനയുമായുള്ള ബന്ധം സ്ഥിരമായി നിലനിര്‍ത്തുകയും ചെയ്തു. ഇത് ഗുജറാത്ത് യൂണിറ്റിന് തന്നെ നവോന്മേഷം പകരുകയും പ്രവര്‍ത്തകരുടെ എണ്ണത്തിലെ വിപുലീകരണത്തിന് നാന്ദി കുറിക്കുകയും ചെയ്തു.

വ്യവസ്ഥാപിതമായും ചിട്ടയോടെയും പ്രവര്‍ത്തിക്കാന്‍ മോദി പ്രവര്‍ത്തകരെ പഠിപ്പിച്ചു. ഉദാഹരണത്തിന്, പൊതുസമൂഹത്തില്‍ സംഘടനയുടെ പ്രതിച്ഛായ വിലയിരുത്തുന്നതിനും സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്ത് കണ്ടെത്തിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി തദ്ദേശവാസികള്‍ക്കിടയില്‍ ഒരു സര്‍വെ നടത്തിയ കാര്യം, 1980 കളുടെ തുടക്കത്തില്‍ രാജ്കോട്ടിലെ പി.ഡി. മാളവ്യ കോളേജില്‍ നടന്ന ആര്‍.എസ്.എസ് പരിശീലന ശിബിരത്തില്‍ പങ്കെടുത്തവര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒരു നൂതന പഠന പരിശീലനം എന്നതിലുപരി, സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ആധുനിക സാങ്കേതിക വിദ്യകളും വ്യവസ്ഥാപിത ചിന്തയും അനിവാര്യമാണെന്ന സന്ദേശം കൂടിയായിരുന്നു അത്.

നല്ല പെരുമാറ്റത്തിന്‍റെയും മര്യാദയുടെയും പ്രായോഗിക മാതൃകകള്‍ സ്വയം അനുവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം പ്രവര്‍ത്തകരെ പ്രചോദിപ്പിച്ചു. ചിട്ടയോടെ പ്രവര്‍ത്തിക്കുക, പ്രവേശിക്കുന്നതിനുമുമ്പ് വാതിലില്‍ മുട്ടുക, കുടുംബാംഗങ്ങളുടെ ക്ഷേമം ഊഷ്മളമായി അന്വേഷിക്കുക തുടങ്ങിയ ചെറിയ ശീലങ്ങള്‍ അവരെ ഉത്തരവാദിത്വമുള്ളവരും ബഹുമാന്യരുമായ പ്രവര്‍ത്തകരാക്കി മാറ്റി. അദ്ദേഹത്തിന്‍റെ പരിശീലനം പ്രവര്‍ത്തകരെ സംഘടനയിലെ അംഗങ്ങളായി മാത്രമല്ല, സമൂഹത്തിലെ മാതൃകകളായും രൂപപ്പെടുത്തി. ദുഷ്കരമായ സമയങ്ങളിലും നിര്‍ഭാഗ്യകരമായ സംഭവങ്ങളിലും മോദി പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വ്യക്തിപരമായി തന്നെ ധാർമിക പിന്തുണ നല്‍കി. പല പ്രവര്‍ത്തകരും ഇപ്പോഴും നന്ദിയോടെ സ്മരിക്കുന്ന കാര്യമാണിത്.

1987ല്‍ ഗുജറാത്തില്‍ ബിജെപി സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റപ്പോള്‍, പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതിനുള്ള സമാന രീതി രാഷ്‌ട്രീയ മേഖലയിലും അദ്ദേഹം അനുവര്‍ത്തിച്ചു. 1980കളില്‍ ബിജെപിയുടെ 'സംഘടനാ ഉത്സവ'ത്തിലൂടെ ആയിരക്കണക്കിന് പുതിയ പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

അച്ചടക്കവും ഉത്തരവാദിത്വവുമാണ് മോദിയുടെ പ്രവര്‍ത്തന ശൈലിയുടെ അടിത്തറ. സമര്‍പ്പണം പോലെ തന്നെ ഈ മൂല്യങ്ങളും ശക്തമായ ഒരു സംഘടനയുടെ ആധാരശിലകളാണെന്ന് അദ്ദേഹം പ്രവര്‍ത്തകരെ പഠിപ്പിച്ചു. അദ്ദേഹം ഒരിക്കലും യോഗങ്ങള്‍ക്ക് ഒരു മിനിറ്റ് പോലും വൈകിയെത്തിയിരുന്നില്ല, ആരെങ്കിലും വൈകിയെത്തിയാല്‍, പുറത്തു നിന്നു കൊണ്ട് യോഗത്തില്‍ പങ്കെടുക്കാന്‍ അവരോട് നിർദേശിക്കുമായിരുന്നു.

സാമൂഹിക സന്തുലിതാവസ്ഥയ്ക്കും സംഘടനയ്ക്കുള്ളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും മോദി പുതിയ ദിശാബോധം പകര്‍ന്നു നല്‍കി. ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോള്‍, സാമൂഹിക സന്തുലനം അദ്ദേഹം ഉറപ്പുവരുത്തി. 1987 ലെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍, അദ്ദേഹത്തിന്‍റെ 'വിന്‍ ദി ബൂത്ത്' തന്ത്രത്തിലൂടെ, പ്രവര്‍ത്തകര്‍ താഴെത്തട്ടില്‍ സജീവമായും കേന്ദ്രീകൃത സമീപനത്തോടെയും പ്രവര്‍ത്തിച്ചു വിജയിക്കുകയും ചെയ്തു.

കൂടാതെ, തന്‍റെ വ്യക്തിപരമായ വ്യവഹാരങ്ങളിലൂടെ മോദി പ്രവര്‍ത്തകരില്‍ ആത്മവിശ്വാസവും കാര്യ ശേഷിയും വളര്‍ത്തിയെടുത്തു. പാര്‍ട്ടിയില്‍ ആദ്യമായി ചേരുന്നവര്‍ക്ക് അദ്ദേഹം ആത്മവിശ്വാസം പകരുകയും ബൂത്ത് തല സംഘടനയുടെയും അംഗത്വ വിശദാംശങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്‍റെയും പ്രാധാന്യം വിശദീകരിക്കുകയും ചെയ്യുമായിരുന്നു. തത്ഫലമായി, ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ലക്ഷക്കണക്കിന് പുതിയ അംഗങ്ങളെ ചേര്‍ക്കാനും കരുത്തുറ്റ പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാനും പാര്‍ട്ടിയ്ക്ക് കഴിഞ്ഞു. ബിജെപി സംഘടനാ സെക്രട്ടറി എന്ന നിലയില്‍, അദ്ദേഹം 'ടിഫിന്‍ മീറ്റിങ്ങുകള്‍' ക്ക് തുടക്കമിട്ടു. അതിലൂടെ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും സംഘടനയുമായി വൈകാരികമായി ബന്ധിപ്പിച്ചു.

പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍, കേവലം വ്യവസ്ഥാപിത ഘടനയിലും തന്ത്രങ്ങളിലും മാത്രമായി മോദി ഒതുങ്ങി നിന്നില്ല. സംവേദനക്ഷമതയും ദീര്‍ഘവീക്ഷണവുമുള്ള നേതാക്കളാകാന്‍ അദ്ദേഹം പ്രവര്‍ത്തകരെ പഠിപ്പിച്ചു. താരതമ്യേന ജൂനിയര്‍ ആയ പ്രവര്‍ത്തകരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും അദ്ദേഹം മുതിര്‍ന്ന പ്രവര്‍ത്തകരെ പ്രേരിപ്പിച്ചു. വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിടാനുള്ള ആര്‍ജ്ജവവും പ്രശസ്തി പരാങ്മുഖത്വവും - ഇവ രണ്ടും പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതിനുള്ള മോദി തന്ത്രത്തിന്‍റെ അവിഭാജ്യ ഘടകങ്ങളായിരുന്നു.

മോദിയുടെ ദര്‍ശനം എപ്പോഴും സുവ്യക്തമാണ്: സംഘടനയുടെ യഥാര്‍ത്ഥ ശക്തി കുടികൊള്ളുന്നത് പ്രവര്‍ത്തകരിലാണ് എന്നതാണ് ആ ദര്‍ശനം. അച്ചടക്കം, സമര്‍പ്പണം, സേവന മനോഭാവം എന്നീ ഗുണങ്ങളാല്‍ നയിക്കപ്പെടുന്ന പ്രവര്‍ത്തകര്‍, ഏത് സാഹചര്യത്തിലും ദേശീയ താത്പര്യത്തിന് പരമമായ പ്രാധ്യാന്യം നല്‍കും. അതുകൊണ്ടാണ് ഇന്ന് കേവലമൊരു രാഷ്ട്രീയ ശക്തിയെന്നതിലുപരി, ഊര്‍ജ്ജസ്വലമായ സാംസ്കാരിക അവബോധമായി സംഘടന മാറിയിരിക്കുന്നത്. പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഭാവി തലമുറകള്‍ക്കായി ഒരു ശാശ്വത സന്ദേശം മുന്നോട്ടു വയ്ക്കുന്നു: വേരുകളെ ശക്തിപ്പെടുത്തിയാല്‍, ശാഖകള്‍ സ്വാഭാവികമായും പുഷ്പിക്കും; വൃക്ഷം യുഗങ്ങളോളം ശക്തമായി നിലകൊള്ളുകയും ചെയ്യും.

(ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകൻ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com