
ചന്ദ്രയാൻ 3 ദൗത്യവിജയത്തിനു പിന്നാലെ ബംഗളൂരുവിലെ ഭാരത ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ശരീരവും മനസും ഇത്രയും സന്തോഷം കൊണ്ട് നിറയുന്ന ഇത്തരമൊരു സന്ദർഭം വളരെ അപൂർവമാണ്. എല്ലാവരുടെയും ജീവിതത്തിൽ അക്ഷമ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുന്ന ചില പ്രത്യേക നിമിഷങ്ങളുണ്ട്. ദക്ഷിണാഫ്രിക്കയിലെയും ഗ്രീസിലെയും പര്യടനത്തിനിടയിലും അതേ വികാരങ്ങൾ ഞാൻ അനുഭവിച്ചിരുന്നു. മനസ് എല്ലായ്പ്പോഴും ചന്ദ്രയാൻ 3 ദൗത്യത്തിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. മുന്നൊരുക്കം കൂടാതെ ഇവിടം സന്ദർശിക്കാനുള്ള എന്റെ തീരുമാനം മൂലം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് അസൗകര്യങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ ശാസ്ത്രജ്ഞരുടെ ജാഗ്രത, അർപ്പണബോധം, ധൈര്യം, ഉപാസന, അഭിനിവേശം എന്നിവയ്ക്ക് അവരെ കാണാനും അഭിവാദ്യം ചെയ്യാനും അക്ഷമയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയായിരുന്നു.
ഇത് ലളിതമായ വിജയമല്ല. ഈ നേട്ടം അനന്തമായ ബഹിരാകാശത്ത് ഇന്ത്യയുടെ ശാസ്ത്രശക്തിയെ വിളിച്ചറിയിക്കുന്നു. ഇന്ത്യ ചന്ദ്രനിലാണ്! ചന്ദ്രനിൽ നാം നമ്മുടെ ദേശീയ അഭിമാനം സ്ഥാപിച്ചിരിക്കുന്നു. ഇതാണ് നിർഭയവും വിട്ടുവീഴ്ചയില്ലാത്തതുമായ ഇന്നത്തെ ഇന്ത്യ. പുതിയതായി ചിന്തിക്കുകയും പുതിയ രീതിയിൽ ചിന്തിക്കുകയും ഇരുണ്ട മേഖലയിലേക്ക് പോയി ലോകത്ത് വെളിച്ചം പരത്തുകയും ചെയ്യുന്ന ഇന്ത്യയാണിത്. 21ാം നൂറ്റാണ്ടിൽ ലോകത്തിന്റെ വലിയ പ്രശ്നങ്ങൾക്ക് ഈ ഇന്ത്യ പ്രതിവിധിയേകും.
ചാന്ദ്രസ്പർശത്തിന്റെ നിമിഷം രാജ്യത്തിന്റെ ചേതനയിൽ അനശ്വരമായി മാറി. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രചോദനാത്മകമായ നിമിഷങ്ങളിൽ ഒന്നാണ് ചന്ദ്രനിൽ തൊട്ട നിമിഷം. ഓരോ ഇന്ത്യക്കാരനും അത് സ്വന്തം വിജയമായി കണക്കാക്കുന്നു. ഈ മഹത്തായ വിജയത്തിന്റെ ഖ്യാതി ശാസ്ത്രജ്ഞർക്കാണ്.
നമ്മുടെ ചാന്ദ്രസ്പർശി ചന്ദ്രനിൽ അംഗദനെപ്പോലെ ഉറച്ചുനിന്നു. ഒരു വശത്ത് വിക്രമിന്റെ വീര്യം, മറുവശത്ത് പ്രജ്ഞാന്റെ ധീരതയും. ഇന്ന്, ലോകം മുഴുവൻ ഇന്ത്യയുടെ ശാസ്ത്രബോധം, സാങ്കേതികവിദ്യ, ശാസ്ത്രീയ മനോഭാവം എന്നിവ അംഗീകരിക്കുന്നു. ചന്ദ്രയാന്‍ 3ന്റെ വിജയം ഇന്ത്യയുടെ മാത്രം വിജയമല്ല, അത് എല്ലാ മനുഷ്യരാശിക്കും അവകാശപ്പെട്ടതാണ്. ദൗത്യത്തിന്റെ പര്യവേഷണങ്ങള്‍ എല്ലാ രാജ്യങ്ങളുടെയും ചാന്ദ്രദൗത്യങ്ങള്‍ക്കുള്ള സാധ്യതകളുടെ പുതിയ വാതിലുകള്‍ തുറക്കും. ഈ ദൗത്യം ചന്ദ്രന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുക മാത്രമല്ല, ഭൂമിയിലെ വെല്ലുവിളികൾ മറികടക്കാനും സഹായിക്കും.ചന്ദ്രയാന്‍- 3ന്റെ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ഇനി "ശിവശക്തി' എന്നറിയപ്പെടും. മാനവരാശിയുടെ ക്ഷേമത്തിനായുള്ള ദൃഢനിശ്ചയം "ശിവനി'ല്‍ ഉണ്ട്, ആ നിശ്ചയങ്ങള്‍ നിറവേറ്റാന്‍ "ശക്തി' നമുക്ക് കരുത്തേകുന്നു. ചന്ദ്രന്റെ ഈ ശിവശക്തി പോയിന്റ് ഹിമാലയവും കന്യാകുമാരിയും തമ്മിലുള്ള ബന്ധത്തിന്റെ ഉണർവേകുന്നു.
ശാസ്ത്രോദ്യമങ്ങളുടെ ക്ഷേമവശങ്ങളുമായി ബന്ധപ്പെട്ട പവിത്രമായ തീരുമാനങ്ങള്‍ക്ക് "ശക്തി'യുടെ അനുഗ്രഹം ആവശ്യമാണ്. ആ ശക്തി നമ്മുടെ സ്ത്രീശക്തിയാണ്. ചന്ദ്രയാന്‍-3 ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തില്‍ നമ്മുടെ വനിതാ ശാസ്ത്രജ്ഞരും രാജ്യത്തെ നാരീശക്തിയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ചന്ദ്രന്റെ "ശിവശക്തി പോയിന്റ് ' ഇന്ത്യയുടെ ശാസ്ത്രീയവും ദാര്‍ശനികവുമായ ചിന്തയ്ക്ക് സാക്ഷ്യം വഹിക്കും.
ചന്ദ്രയാന്‍-2ന്റെ പാദമുദ്രകൾ അവശേഷിക്കുന്ന സ്ഥലം ഇനി "തിരംഗ' എന്ന് അറിയപ്പെടും. ഈ പോയിന്റ് ഇന്ത്യ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പ്രചോദനമാകും. പരാജയം ഒന്നിന്റെയും അവസാനമല്ലെന്ന് ഓര്‍മിപ്പിക്കും. കരുത്തുറ്റ ഇച്ഛാശക്തി ഉള്ളിടത്ത് വിജയം ഉറപ്പാണ്.
ചന്ദ്രന്റെ ഉപരിതലത്തില്‍ വിജയകരമായി ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ എളിയ തുടക്കം പരിഗണിക്കുമ്പോള്‍ ഈ നേട്ടം കൂടുതല്‍ വലുതാണ്. ഇന്ത്യയെ മൂന്നാം ലോക രാജ്യമായി കണക്കാക്കുകയും, ആവശ്യമായ സാങ്കേതികവിദ്യയും പിന്തുണയും ഇല്ലാതിരിക്കുകയും ചെയ്തിരുന്ന കാലമുണ്ട്. ഇന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയുടെ കാര്യത്തിലും ലോക രാജ്യങ്ങളില്‍ ഒന്നാമതാണ്. മൂന്നാം നിരയില്‍ നിന്ന് ഒന്നാം നിരയിലേക്കുള്ള യാത്രയില്‍, ഐഎസ്ആര്‍ഒ പോലെയുള്ള നമ്മുടെ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവര്‍ ഇന്ന് ചന്ദ്രനിലേക്ക് "മേയ്ക്ക് ഇന്‍ ഇന്ത്യ'യെ എത്തിച്ചു. ഇന്ത്യയുടെ തെക്കു ഭാഗത്തു നിന്ന് ചന്ദ്രന്റെ തെക്കു ഭാഗത്തേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. ഐഎസ്ആർഒ ഗവേഷണ കേന്ദ്രത്തിൽ ഒരു കൃത്രിമ ചന്ദ്രനെ തന്നെ അവർ സൃഷ്ടിച്ചിരുന്നു. ഇത്തരം ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിന് കാരണം രാജ്യത്തെ യുവാക്കൾക്കിടയിലെ നൂതനാശയങ്ങളോടും ശാസ്ത്രത്തോടുമുള്ള അഭിനിവേശമാണ്. മംഗൾയാന്റെയും ചന്ദ്രയാന്റെയും വിജയവും ഗഗൻയാനായുള്ള തയാറെടുപ്പുകളും യുവതലമുറയ്ക്ക് പുതിയ മനോഭാവമേകി. നിങ്ങളുടെ വലിയ നേട്ടം ഇന്ത്യക്കാരുടെ ഒരു തലമുറയെ ഉണർത്തുകയും അതിന് ഊർജം പകരുകയും ചെയ്യുന്നു. ഇന്ന് ഇന്ത്യയിലെ കുട്ടികൾക്കിടയിൽ "ചന്ദ്രയാൻ' എന്ന പേര് മുഴങ്ങുകയാണ്. ഓരോ കുട്ടിയും അവന്റെ അല്ലെങ്കിൽ അവളുടെ ഭാവി ശാസ്ത്രജ്ഞരിൽ കാണുന്നു. ചന്ദ്രയാൻ- 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ഓഗസ്റ്റ് 23 ഇനിമുതൽ എല്ലാ കൊല്ലവും "ദേശീയ ബഹിരാകാശ ദിന'മായി ആചരിക്കും. ദേശീയ ബഹിരാകാശ ദിനം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും ചൈതന്യത്തെ ആഘോഷമാക്കും, അനന്തകാലത്തേക്കു നമ്മെ പ്രചോദിപ്പിക്കും.
ബഹിരാകാശ മേഖലയുടെ കഴിവുകൾ ഉപഗ്രഹ വിക്ഷേപണത്തിലും ബഹിരാകാശ പര്യവേക്ഷണങ്ങളിലും മാത്രമായി പരിമിതപ്പെടുന്നില്ല. അതിന്റെ ശക്തി ജീവിതം സുഗമമാക്കുന്നതിലും ഭരണനിർവഹണം സുഗമമാക്കുന്നതിലും കാണാൻ കഴിയും. ഞാൻ പ്രധാനമന്ത്രിയായിരുന്ന ആദ്യ വർഷങ്ങളിൽ ഐഎസ്ആർഒയുമായി ചേർന്ന് കേന്ദ്ര ഗവണ്മെന്റിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. ബഹിരാകാശ ആപ്ലിക്കേഷനുകളെ ഭരണനിർവഹണവുമായി ബന്ധിപ്പിക്കുന്നതിൽ മഹത്തായ പുരോഗതി കൈവരിച്ചു. ശുചിത്വ ഭാരത യജ്ഞം, ശൗചാലയ നിർമാണം, വിദൂര മേഖലകളിലേക്കു വിദ്യാഭ്യാസം, ആശയവിനിമയം, ആരോഗ്യ സേവനങ്ങൾ, ടെലി- മെഡിസിനും ടെലി- വിദ്യാഭ്യാസവും എന്നീ മേഖലകളിൽ ബഹിരാകാശ സാങ്കേതികവിദ്യ വലിയ പങ്കു വഹിക്കാൻ ആരംഭിച്ചു. ഭൂകമ്പവും പ്രളയവും പേമാരിയും കടലാക്രമണവും അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ മുന്നറിയിപ്പു നൽകുന്നതിൽ, കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിൽ "നാവിക്' സംവിധാനം ഇന്നു വലിയ പിന്തുണ നൽകുന്നു. അതിലൂടെ മനുഷ്യജീവനുകളും സ്വത്തുവകകളും സംരക്ഷിക്കാൻ കഴിയുന്നു.ബഹിരാകാശ സാങ്കേതികവിദ്യയാണ് നമ്മുടെ പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതിയുടെ അടിസ്ഥാനം. പദ്ധതികളുടെ ആസൂത്രണത്തിലും നിർവഹണത്തിലും നിരീക്ഷണത്തിലും ഇത് വളരെയധികം സഹായിക്കുന്നു. കാലത്തിനനുസരിച്ച് വർധിച്ചുവരുന്ന ബഹിരാകാശ ആപ്ലിക്കേഷനുകളുടെ ഈ വ്യാപ്തി നമ്മുടെ യുവാക്കൾക്കുള്ള അവസരങ്ങളും വർധിപ്പിക്കുന്നു.
കേന്ദ്ര- സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ വകുപ്പുകളുമായി സഹകരിച്ച് "ഭരണ നിർവഹണത്തിൽ ബഹിരാകാശ സാങ്കേതികവിദ്യ' എന്ന വിഷയത്തിൽ ഐഎസ്ആർഒ ദേശീയ ഹാക്കത്തോൺ സംഘടിപ്പിക്കണം. ഈ ദേശീയ ഹാക്കത്തോൺ നമ്മുടെ ഭരണം കൂടുതൽ കാര്യക്ഷമമാക്കും. അതു രാജ്യത്തെ ജനങ്ങൾക്ക് ആധുനിക പ്രതിവിധികളേകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പേ ഭൂമിക്കു പുറത്തുള്ള അന്തരീക്ഷത്തെ ഭാരതം നിരീക്ഷിച്ചിരുന്നു. ആര്യഭടൻ, ബ്രഹ്മഗുപ്തൻ, വരാഹമിഹിരൻ, ഭാസ്കരാചാര്യർ പോലെയുള്ള മഹാഋഷിവര്യന്മാർ ഇക്കാര്യത്തിൽ പഠനങ്ങൾ നടത്തിയിരുന്നു. ഭൂമി ഉരുണ്ടതാണെന്ന് ആര്യഭടൻ തന്റെ കൃതിയിൽ വിസ്തരിച്ചു വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വേദഗ്രന്ഥങ്ങളിലെ ജ്യോതിശാസ്ത്ര സൂത്രവാക്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കാനും അവ പുതുതായി പഠിക്കാനും പുതിയ തലമുറ മുന്നോട്ട് വരണമെന്നാണ് എന്റെ ആഗ്രഹം. ഇത് നമ്മുടെ പാരമ്പര്യത്തിനും ശാസ്ത്രത്തിനും പ്രധാനമാണ്. ഒരു തരത്തിൽ പറഞ്ഞാൽ, ഇന്ന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും സർവകലാശാലകളിലുമുള്ള വിദ്യാർഥികൾക്ക് ഇത് ഇരട്ടി ഉത്തരവാദിത്വമാണ്. ശാസ്ത്രവിജ്ഞാനമെന്ന ഇന്ത്യയുടെ നിധി അടിമത്തത്തിന്റെ നീണ്ട കാലഘട്ടത്തിൽ മൂടിവയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ഈ 75ാം വാർഷികത്തിൽ നമുക്ക് ഈ നിധി പര്യവേക്ഷണം ചെയ്യുകയും അതിൽ ഗവേഷണം നടത്തുകയും അതെക്കുറിച്ച് ലോകത്തോട് പറയുകയും വേണം.
ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ബഹിരാകാശ വ്യവസായം 8 ബില്യൺ ഡോളറിൽ നിന്ന് 16 ബില്യൺ ഡോളറിലെത്തും. ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾക്കായി ഗവണ്മെന്റ് അക്ഷീണം പ്രയത്നിക്കുമ്പോൾ, കഴിഞ്ഞ നാലു വർഷത്തിനിടയിൽ, ബഹിരാകാശവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളുടെ എണ്ണം നാലിൽ നിന്ന് 150 ആയി ഉയർന്നു. അതിലൂടെ രാജ്യത്തെ യുവജനങ്ങളും പരിശ്രമങ്ങൾ നടത്തുന്നു. സെപ്തംബർ ഒന്നു മുതൽ MyGov സംഘടിപ്പിക്കുന്ന ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ചുള്ള വലിയ ക്വിസ് മത്സരത്തിൽ രാജ്യത്തുടനീളമുള്ള വിദ്യാർഥികൾ പങ്കെടുക്കണം. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വൈദഗ്ധ്യ നിർമാണപ്പുരയായി ഇന്ത്യ മാറി. സമുദ്രത്തിന്റെ ആഴങ്ങൾ മുതൽ ആകാശത്തിന്റെ ഉയരങ്ങൾ വരെയും ബഹിരാകാശത്തിന്റെ ആഴങ്ങൾ വരെയും യുവതലമുറയ്ക്കു ചെയ്യാൻ ധാരാളം കാര്യങ്ങളുണ്ട്. ആഴക്കടൽ മുതൽ ഭൂമിയുടെ അനന്തമായ ആകാശം വരെയുള്ള അവസരങ്ങളും അടുത്ത തലമുറ കംപ്യൂട്ടർ മുതൽ ജനിതക എൻജിനിയറിങ് വരെയുള്ള അവസരങ്ങളും ഇന്ത്യയിൽ നിങ്ങൾക്കായി പുതിയ അവസരങ്ങൾ നിരന്തരം തുറക്കുന്നു. ഭാവി തലമുറകൾക്കു മാർഗനിർദേശം നൽകേണ്ടത് അനിവാര്യമാണ്. ഇന്നത്തെ സുപ്രധാന ദൗത്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് അവരാണ്. ശാസ്ത്രജ്ഞരാണ് മാതൃകകൾ. അവരുടെ ഗവേഷണങ്ങളും വർഷങ്ങളുടെ കഠിനാധ്വാനവും അവർ മനസുവച്ചാൽ എന്തും നേടാനാകുമെന്നും തെളിയിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് ശാസ്ത്രജ്ഞരിൽ വിശ്വാസമുണ്ട്. നമ്മുടെ ഈ നവീകരണ മനോഭാവം 2047ൽ വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കും. ഭാരത് മാതാ കീ ജയ്.