
തുടർക്കഥയാകുന്ന കർഷക ആത്മഹത്യ സർക്കാരിനെ തീരെ അലോസപ്പെടുത്തുന്നില്ലെങ്കിലും സമൂഹത്തിന്റെ സമസ്ത മേഖലകളിലും അതുണ്ടാക്കുന്ന നൊമ്പരവും ഉൽക്കണ്ഠയും ഏറെയാണ്. നെല്ല് സംഭരണത്തിന്റെ വില ലഭ്യമാക്കണമെന്ന കർഷകരുടെ ഹർജിയിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പോലും ഈ ആത്മനൊമ്പരം നിഴലിക്കുന്നുണ്ട്.
നെല്ല് സംഭരണ പദ്ധതി പ്രകാരം സർക്കാരിന് നെല്ല് വിൽക്കുന്ന കർഷകരെ ഒരുതരത്തിലും വായ്പക്കാരായി ബാങ്കുകൾ കരുതരുതെന്നും, സിബിൽ സ്കോറിനെ ബാധിക്കരുതെന്നും, ഇക്കാര്യം ഉറപ്പാക്കണം എന്നുമാണ് ഹൈക്കോടതി കഴിഞ്ഞദിവസം നിർദേശം നൽകിയത്. ലോകത്തൊരിടത്തുമില്ലാത്ത വിചിത്രമായ ഒരു നടപടിക്രമം ഇതോടെ ഇവിടംകൊണ്ട് അവസാനിക്കുമെന്ന് പ്രത്യാശിക്കാം. നേരത്തെ ഈ പംക്തിയിൽ തന്നെ നിരവധി തവണ ഞാൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കർഷകർ കഠിനാധ്വാനത്തിലൂടെ വിളയിച്ചെടുക്കുന്ന ഉത്പന്നം സംഭരണവേളയിൽ വിറ്റഴിച്ചാൽ അതിന്റെ വില ബാങ്കുകളിലൂടെ വായ്പയായി അവർക്കു നൽകുന്നതിന് എന്ത് യുക്തിയും നീതികരണവുമാണുള്ളത്? നെല്ല് സംഭരിക്കുമ്പോൾ പിആർഎസ് (പാഡി രസീത് ഷീറ്റ് ) നൽകുകയും അതുമായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള നിശ്ചിത ബാങ്കുകളിൽ ചെല്ലുമ്പോൾ തുക വായ്പയായി നൽകുകയുമാണു ചെയ്യുക. ഈ അന്യായ നടപടിയാണ് ഒട്ടുവളരെ പ്രശ്നങ്ങളുടേയും അടിസ്ഥാനം.
സപ്ലൈകോയാണ് വായ്പക്കാരെന്നും കർഷകനല്ലെന്നും സപ്ലൈകോ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും യാഥാർഥ്യം അതല്ലെന്നതാണ് വാസ്തവം. വായ്പ യഥാസമയം തിരിച്ചടയ്ക്കാതെ സർക്കാർ കുടിശിക വരുത്തിയാൽ പിആർഎസ് പ്രകാരം കൈപ്പറ്റിയ തുകയുടെ തോതനുസരിച്ച് അത് കർഷകന്റെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുന്ന അവസ്ഥയാണ് നിലനിന്നത്. ഹർജിക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതുകൊണ്ട് സപ്ലൈകോ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ലെന്നു മാത്രമല്ല, കർഷകരിൽ ആശങ്ക നിലനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഈ നഗ്നമായ യാഥാർഥ്യമാണ് കഴിഞ്ഞദിവസം ജീവനൊടുക്കിയ തകഴി കുന്നുമ്മ കാട്ടിപ്പറമ്പിൽ പ്രസാദ് എന്ന കർഷകന്റെ ആത്മഹത്യാക്കുറുപ്പിലും തെളിഞ്ഞുനിന്നത്. "സർക്കാരിന് നൽകിയ നെല്ലിന്റെ വില ബാങ്കിൽ നിന്ന് പിആർഎസ് വായ്പയായി ലഭിച്ചെങ്കിലും സർക്കാർ അതു തിരിച്ചടയ്ക്കാത്തതിനാൽ സിബിൽ സ്കോറിനെ ബാധിച്ചെന്നും ഒരു ബാങ്കും വായ്പ നൽകുന്നില്ലെന്നുമാണ് ' പ്രസാദ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയത്. വായ്പ ലഭിക്കാത്തതിനാൽ പാടത്ത് വളമിടാൻ പോലും കഴിഞ്ഞിരുന്നില്ല.
സെപ്റ്റംബറിൽ അമ്പലപ്പുഴ വണ്ടാനം നീലുകാട്ചിറയിൽ കെ.ആർ. രാജപ്പൻ ജീവനൊടുക്കിയതും സമാന സാഹചര്യത്തിൽ തന്നെ. അദ്ദേഹത്തിന് സംഭരിച്ച നെല്ലിന്റെ വില നൽകിയിരുന്നുപോലുമില്ല. 22 ഏപ്രിലിൽ നിരണം വടക്കുഭാഗം കാണാത്രപറമ്പിൽ രാജീവ് സരസൻ ജീവനൊടുക്കിയതും നെൽകൃഷിക്കായി എടുത്ത കടം വീട്ടാനാകാതെ വന്ന സാഹചര്യത്തിൽ.
ഇതിങ്ങനെ തുടരുമ്പോഴും പ്രശ്നപരിഹാരത്തിന് ഒരു നടപടിയുമുണ്ടായില്ല എന്നതാണ് പരിതാപകരമായ വസ്തുത. നെൽകൃഷിയുടെ കലണ്ടറും സംഭരണസമയവുമൊക്കെ എല്ലാവർക്കും ഹൃദിസ്ഥമാണ്. എന്നാൽ വില നൽകുന്നില്ല. അടുത്ത കൃഷിയിറക്കിയാലും വില ലഭിക്കാതെ മാസങ്ങളുടെ കുടിശിക. ഇതിൽ ആരാണ് ഉത്തരവാദി? കർഷകരോ? ഹൈക്കോടതിയുടെ അന്ത്യശാസനം പോലും കൂട്ടാക്കിയില്ല. ഒരു മാസത്തിനകം കുടിശിക തീർപ്പാക്കണമെന്ന് സെപ്റ്റംബർ 20ന് നൽകിയ ഉത്തരവ് പാലിക്കാതിരുന്നതിനെ തുടർന്ന് ഒക്റ്റോബർ 31ന് ഹർജി പരിഗണിച്ചപ്പോൾ കർശന നടപടിയെടുക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സപ്ലൈകോ അഭിഭാഷകൻ വീണ്ടും രണ്ടാഴ്ച സമയം തേടിയതിനെ തുടർന്ന് നവംബർ 14നു ഹർജി പരിഗണിക്കാനിരിക്കെയാണ് പ്രസാദിന്റെ ആത്മഹത്യ ഉണ്ടായത്. അപ്പോൾ ആരാണ് ഉത്തരവാദി?
"എനിക്ക് വയ്യ, ഒരു മാർഗവുമില്ല, ഞാൻ പരാജയപ്പെട്ടു. എന്റെ മരണത്തിനു ഉത്തരവാദി സർക്കാരും ബാങ്കുകളുമാണ് ' എന്ന് പ്രസാദ് മരണമൊഴി പറയുമ്പോൾ തൊടുന്യായം കൊണ്ട് അതിനെ മറികടക്കാനാവുമോ? എന്താണ് സർക്കാരിന്റെ മുൻഗണന? നെല്ല് സംഭരിച്ച വകയിൽ നൽകാനുള്ള കുടിശിക ബാങ്കുകൾ വഴി നൽകുന്നത് കർഷകർക്ക് കുരുക്കും ബാധ്യതയുമാകരുതെന്ന് ഹർജി പരിഗണിച്ചപ്പോഴെല്ലാം ഹൈക്കോടതി ബന്ധപ്പെട്ടവരെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു എന്നതാണ് ആകെയൊരാശ്വാസം. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഇടക്കാല ഉത്തരവ്. അന്യതാബോധത്തിനിടെ ചോദിക്കാനും പറയാനും ആരെങ്കിലുമൊക്കെ ഉണ്ടാവുന്നതിന്റെ അല്പമെങ്കിലുമായ ഒരു ആത്മവിശ്വാസം.
എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് മന്ത്രിമാരുടെ നടപടികൾ വെളിവാക്കുന്നത്. കടത്തിലും മറ്റു ബുദ്ധിമുട്ടുകളിലും പെട്ട് ഞെരിപിരികൊള്ളുന്ന കർഷകനെ പരിഗണിക്കുന്നില്ലന്നതോ പോകട്ടെ, പരിഹസിക്കാതിരിക്കുകയെങ്കിലും വേണ്ടേ?
"കേരളത്തിൽ നെൽകൃഷി നടത്തിയില്ലെങ്കിൽ എന്തു സംഭവിക്കാനാ, തമിഴ്നാട്ടിൽ നിന്ന് അരി വരുന്നിടത്തോളം കാലം ഒരു കുഴപ്പവുമില്ല' എന്നാണ് സാംസ്കാരിക മന്ത്രി പറഞ്ഞത്. മുറിവിൽ മുളക് തേക്കുന്ന കിരാത നടപടി. ഇതാണോ സാംസ്കാരിക വകുപ്പിന്റെ സമീപനം! എങ്കിൽ പിന്നെ ആ വകുപ്പിനെക്കുറിച്ച് എന്തു പറയാൻ! ഭൂമി തരിശിടരുതെന്നും പരമാവധി സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കണമെന്നും കൂടെക്കൂടെ ആണയിടുന്ന കൃഷിമന്ത്രിയെ വേദിയിലിരുത്തിയാണ് സാംസ്കാരി മന്ത്രി ഇത് തട്ടി മൂളിച്ചത്. വാചാലതയും വാഗ്വിലാസവും ദൈവദത്തമായ സിദ്ധിവിശേഷമായി ലഭിച്ചിട്ടുള്ള കൃഷിമന്ത്രി എന്നിട്ടും ഒരക്ഷരം മറുപടി പറഞ്ഞില്ല, വായ് പൂട്ടി ഇരുന്നതേയുള്ളൂ.
എന്താണ് ഇതിന്റെയൊക്കെ സന്ദേശം? തന്റെ വകുപ്പിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ പൊതുനയത്തിന് വിരുദ്ധമായി മന്ത്രിസഭയിലെ ഒരു അംഗം കർഷകനെ അധിക്ഷേപിച്ചും അപഹസിച്ചും പറഞ്ഞാൽ അതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി കർഷക സമൂഹത്തിന്റെ അഭിമാനവും സംരക്ഷണവും വീണ്ടെടുക്കാനുള്ള ബാധ്യത പ്രഥമവും പ്രധാനവുമായി കൃഷിമന്ത്രിക്കുള്ളതല്ലേ? ഭരണഘടന തന്നെ കുന്തവും കുടച്ചക്രവുമാണെന്ന് വീരസ്യം വിളമ്പുന്നവരിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും നാം പ്രതിക്ഷിക്കേണ്ടതില്ല. പ്രത്യേക രൂപക്കൂട് ഉണ്ടാക്കി അതിൽ പ്രതിഷ്ഠിക്കേണ്ട മൊതലു തന്നെ!
ഞാൻ പരാജയപ്പെട്ടു എന്ന് വിലപിച്ച് നിരാശയുടെ പടുകുഴിയിലേക്ക് നിപതിക്കേണ്ടവരാണോ കർഷകർ? എല്ലുമുറിയെ പണിയെടുത്തിട്ടും നാടിനെയാകെ ഊട്ടിയിട്ടും നിലയില്ലാ കയത്തിലേക്ക് മുങ്ങിത്താഴുന്ന കർഷകന് കൈത്താങ്ങൽ ലഭിക്കാത്തതെന്തുകൊണ്ട്?
"കൊള്ളപ്പലിശയ്ക്ക് കടമെടുത്താണ് കൃഷിയിറക്കുക. ലഭിക്കുന്ന നെല്ലിന്റെ വില കടം തിരിച്ചു കൊടുക്കാനും അടുത്ത കൃഷിക്ക് ഒരുങ്ങാനും കൂടിയാണ്. സർക്കാരിൽ നിന്ന് പണം കിട്ടാൻ വൈകുന്തോറും എല്ലാ കണക്കുകൂട്ടലുകളും തെറ്റും' - ദുഃഖം ഘനീഭവിച്ച് നിൽക്കുന്ന അന്തരീക്ഷത്തിൽ പോലും പ്രസാദിന്റെ ഭാര്യ ഓമനയുടെ ഈ വാക്കുകൾ കേരളത്തിലെ നെൽകൃഷിക്കാരുടെ വ്യഥയുടെ പ്രതിരൂപമാണ്.
സംസ്ഥാനത്തെ 70% നെൽ കൃഷിക്കാരും സ്വർണപ്പണയത്തിന്മേൽ ലഭിക്കുന്ന കാർഷിക വായ്പയെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്. പലിശ നിരക്ക് 7% ആണെങ്കിലും കൃത്യമായി തിരിച്ചടച്ചാൽ നബാർഡ് 3 ശതമാനം സബ്സിഡി നൽകും. ഫലത്തിൽ പലിശ 4 ശതമാനം. നെല്ലുവില കിട്ടുമ്പോൾ തിരിച്ചടയ്ക്കാമെന്ന പ്രതീക്ഷയിലാണ് വായ്പയെടുക്കുന്നത്. അങ്ങനെയാണ് തിരിച്ചടവ് മുടങ്ങാതെ നടത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ യഥാസമയം പണം കിട്ടാതെ വന്നതോടെ തിരിച്ചടവ് മുടങ്ങി. സമയപരിധി കഴിഞ്ഞ വായ്പയ്ക്ക് 9.5 മുതൽ 11%വരെ പലിശ നൽകേണ്ടിയും വരുന്നു. പലിശ പൂർണമായി അടക്കാതെ വായ്പ പുതുക്കാനുമാവില്ല. ഈ പ്രതിസന്ധിയാണ് കർഷകരെ ആത്മഹത്യാ മുനമ്പിലേക്ക് തള്ളിവിടുന്നത്. ഈ പ്രശ്നത്തിന് ആരാണ് പരിഹാരം കാണേണ്ടത്?
ഇപ്പോഴും നെല്ലുവില ലഭിക്കാതെ 3,600 കർഷകർ അവശേഷിക്കുന്നു. ബാക്കിയുള്ളവർക്ക് നൽകിയതാവട്ടെ മാസങ്ങൾ നീണ്ട കാലതാമസത്തിനൊടുവിലും. കർഷകൻ വായ്പാ കെണിയിൽപ്പെടുന്നതിന്റെ കാരണം ഇനി അന്വേഷിക്കേണ്ടതുണ്ടോ?
യഥാസമയം വില നൽകുന്നില്ലെന്നു മാത്രമല്ല, നൽകുന്ന വിലയുടെ കാര്യത്തിലും സംസ്ഥാന സർക്കാർ കള്ളക്കളി നടത്തുകയാണ്. കഴിഞ്ഞവർഷം കിലോയ്ക്ക് 28.20 രൂപയ്ക്കാണ് നെല്ല് സംഭരിച്ചത്. 20.40 കേന്ദ്രത്തിന്റെയും 7.80 രൂപ സംസ്ഥാനത്തിന്റെയും വിഹിതം. ഈ സാമ്പത്തിക വർഷം കേന്ദ്രം 1.43 രൂപയുടെ വർധന വരുത്തിയതോടെ കേന്ദ്ര വിഹിതം 21.83 രൂപയായി ഉയർന്നു. ആനുപാതിക വർധന കേരളം വരുത്തിയില്ലെന്ന് മാത്രമല്ല നിലവിൽ ഉണ്ടായിരുന്ന 7.80 വെട്ടിക്കുറച്ച് 6.37 ആക്കി പഴയ വില തന്നെ നിലനിർത്തുന്ന മാജിക്! പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന സൂത്രവിദ്യ! പിന്നെ എങ്ങനെയാണ് നെൽ കൃഷി പ്രോത്സാഹിപ്പിക്കപ്പെടുക. നേരത്തേ സംസ്ഥാന വിഹിതം 8.20 മുതൽ 8.40 വരെ ഉണ്ടായിരുന്നു. കേന്ദ്രം വർധിപ്പിക്കുമ്പോൾ പൊതുവിലയിൽ മാറ്റം ഉണ്ടാവാത്ത തരത്തിൽ സംസ്ഥാന വിഹിതം വെട്ടിക്കുറച്ചാണ് 28.20 രൂപ തന്നെ നിലനിർത്തിയിരിക്കുന്നത്. ഈ വർഷത്തെ കേന്ദ്ര വർധനവിനൊപ്പം സംസ്ഥാനം വെട്ടിക്കുറച്ചില്ലായിരുന്നെങ്കിൽ പോലും സംഭരണ വില 29.63 രൂപയായി ഉയർന്നേനെ. കേന്ദ്രം താങ്ങുവില കൂട്ടുമ്പോഴെല്ലാം കേരളത്തിൽ നെല്ലിന്റെ സംഭരണ വില കൂട്ടാൻ സാധിക്കില്ലെന്നാണ് സിവിൽ സപ്ലൈസ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രീ കൂട്ടേണ്ട, നിലവിലുള്ള സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കാതിരുന്നു കൂടേ?
നെല്ലിന്റെ താങ്ങുവില നിർണയിക്കുന്ന കാര്യത്തിലും ഇതേ കള്ളക്കളിയും അവഗണനയും പ്രകടമാണ്. വിത്ത്, വളം, കൂലി, ഇന്ധനം, ജലസേചനം, വൈദ്യുതി, ഉപകരണങ്ങളുടെ വാടക, നേരിട്ട് കൃഷിയുമായി ബന്ധമുള്ള കുടുംബാംഗങ്ങളുടെ കൂലി, കൃഷിഭൂമിയുടെ വാടക, മുതൽമുടക്കിന്റെ പലിശ എന്നീ ഘടകങ്ങൾ പരിഗണിച്ചാവണം താങ്ങുവില നിശ്ചയിക്കേണ്ടത് എന്നാണ് സ്വാമിനാഥൻ കമ്മിഷൻ ശുപാർശ ചെയ്തത്. അങ്ങനെ വന്നാൽ 39.60 രൂപ വില ലഭിക്കണം. അതില്ലെന്നതോ പോകട്ടെ, നിലവിൽ ഉണ്ടായിരുന്നതിൽപ്പോലും വെട്ടിക്കുറവ് വരുത്തുകയാണ് സംസ്ഥാനം ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ കൃഷിച്ചെലവിൽ എന്തു കുറവാണുണ്ടായതെന്നും എന്തുകൊണ്ടാണ് വെട്ടിക്കുറവ് വരുത്തിയതെന്നും വിശദീകരിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. എന്നാൽ അത് ചെയ്യാൻ കഴിയാത്തതുകൊണ്ട് പാവം കർഷകരെ ഗോപ്യമായി പറ്റിക്കുകയാണ്.
ഇത്തരത്തിൽ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മുന്നോട്ടുപോകുമ്പോൾ എന്തിനാണ് മുൻഗണന എന്ന ചോദ്യമാണ് എല്ലാ ഭാഗത്തുനിന്നും ഉയരുന്നത്. കേരളീയവും നവകേരള സദസും നടത്തിയതുകൊണ്ട് യഥാർഥ ചിത്രം മായ്ക്കപ്പെടുകയില്ല. കേരളീയത്തിന്റെ സമാപനച്ചടങ്ങിലെ ആൾക്കൂട്ടത്തെ ചൂണ്ടിക്കാട്ടി കേരള സമൂഹത്തിന്റെ അംഗീകാരമാണിതെന്ന് വീരസ്യം പറയുന്നവർ ജനതാ ഹോട്ടൽ നടത്തി കടക്കാരായ പാവം കുടുംബശ്രീക്കാർ സെക്രട്ടറിയേറ്റിൽ നടത്തിയ ധർണയും, മറിയക്കുട്ടിയും അന്ന ഔസേപ്പും പിച്ചച്ചട്ടി എടുക്കേണ്ടി വന്നതും, കർഷക ആത്മഹത്യയുമൊക്കെ കാണാതെ പോകുന്നത് ദർശന വീഴ്ചയല്ലാതെ മറ്റ് എന്താണ്? നയാ പൈസയില്ലാത്ത പഞ്ഞകാലത്ത് വിമാനം ചാർട്ട് ചെയ്ത് കേരളീയത്തിനു സൂപ്പർ സ്റ്റാറിനെ കൊണ്ടുവരാൻ വ്യഗ്രത കാട്ടുന്ന മാനസികാവസ്ഥ അപാരം തന്നെ! നവ കേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഊരു ചുറ്റാൻ ആഡംബര ബസ് ഒരുക്കുന്നതിന് ഒരു കോടി 5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായ ധനമന്ത്രി, മാരകരോഗത്തിന് മരുന്നു വാങ്ങാൻ പോലും കാശില്ലാതെ വലയുന്ന പാവപ്പെട്ടവരെ കാണാതെ പോകുന്നത് ചികിത്സ വേണ്ട ഗൗരവതരമായ പ്രശ്നമാണ്.
മുണ്ട് മുറുക്കി ഉടുക്കാൻ സാമാന്യ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ട് തങ്ങൾക്ക് ഇതൊന്നും ബാധകമല്ലെന്ന് പ്രഖ്യാപിക്കുന്നത് ഏതുതരം ജനാധിപത്യമാണ്? ലാളിത്യവും മിതത്വവും നിയന്ത്രണവും സ്വയമേവ പാലിക്കേണ്ട ജനാധിപത്യ പ്രക്രിയയിൽ സാഹചര്യം അത് കൂടുതൽ ശക്തിയോടെ ചൂണ്ടിക്കാണിക്കുമ്പോൾ മിനിമം മര്യാദയെങ്കിലും പുലർത്താൻ ബാധ്യതയുള്ള ഭരണാധികാരികൾ അത് വിസ്മരിച്ച് ധൂർത്തിലും ആഡംബരത്തിലും അർമാദിക്കുമ്പോൾ അപചയത്തിന്റെ വ്യാപ്തി അളക്കാനേ നമുക്ക് കഴിയൂ. വിമർശനങ്ങളും വിലയിരുത്തലുകളും അപഗ്രഥനകളും അപ്രസക്തവും അനാവശ്യവുമാണെന്ന് വരുത്തിത്തീർത്ത് നേതാക്കളെയും ഭരണാധികാരികളെയും അതിനതീതമായി പ്രതിഷ്ഠിക്കുമ്പോൾ അത് അപായത്തിന്റെ ആഴത്തിലേക്കുള്ള കൂപ്പുകുത്തലാണ്, തീർച്ച. അവിടെ കർഷക ആത്മഹത്യയോ ക്ഷേമ പെൻഷനുകളുടെ കുടിശികയോ ചികിത്സാ നിഷേധമോ ഒന്നും പരിഗണനാവിഷയം അല്ലാതാകുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ പേരിൽ ഉണ്ടായിരുന്ന വീട് പൊളിച്ച് ടാർപോളിൻ വലിച്ചുകെട്ടി ജീവിക്കേണ്ടി വന്നിരിക്കുന്ന ഹതഭാഗ്യർക്ക് വീട് നിർമാണത്തിനുള്ള അടുത്ത ഗഡു നൽകുന്ന കാര്യം ചിന്തയിൽപ്പോലും ഇല്ലാതാകുന്നു.
അടിസ്ഥാനവർഗങ്ങളുടെയും പാവപ്പെട്ടവന്റെയും വേദന ഭരണാധികാരികളെ അലോരസപ്പെടുത്തുന്നില്ലെങ്കിൽ ജനാധിപത്യക്രമം പരാജയപ്പെട്ടു എന്നു തന്നെയാണ് അർഥമാക്കേണ്ടത്. സമൂഹത്തിലെ ഏറ്റവും ദുർബലമായവന്റെ സംരക്ഷണം ഉറപ്പാകുമ്പോഴേ ജനാധിപത്യത്തെക്കുറിച്ച് നമുക്ക് അഭിമാനിക്കാനാകൂ എന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പറഞ്ഞത് ഇവിടെ പ്രസക്തമാണ്. എന്നാൽ നാം ഇതിനു നേരേ വിപരീതദിശയിൽ അപഥ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് കർഷക ആത്മഹത്യയും പാർശ്വവത്കരിക്കപ്പെട്ടവന്റെ കെടുതികളും വേദനകളുമൊന്നും നമുക്ക് പ്രശ്നമല്ലാതാവുന്നത്. അതൊന്നും നമ്മുടെ അജൻഡയിൽപ്പോലും ഇല്ലാതെ പോകുന്നത്. സമൂഹത്തിലെ മുഖ്യാസനക്കാരും വൻകിട മുതലാളിമാരും കോർപ്പറേറ്റ് ഭീമന്മാരും ഒക്കെ നമ്മുടെ തോഴന്മാരാവുന്നതും അവരുടെ പ്രശ്നങ്ങൾ ഞൊടിയിട കൊണ്ട് പരിഹരിക്കാൻ നാം ബാധ്യസ്ഥരാവുന്നതും.
"ഇതല്ലേ ചങ്ങാത്ത മുതലാളിത്തം' എന്ന് ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ സംസ്ഥാന കൗൺസിലിൽ തന്നെ വിമർശനം ഉയർന്നിരിക്കുന്നു. നവ കേരള സദസിന്റെ സ്പോൺസർഷിപ്പ് ചൂണ്ടിക്കാട്ടിയാണ് ഈ വിമർശനം. ഇടതുപക്ഷ രീതിക്ക് ചേരുന്ന തരത്തിലല്ല ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്ന വിമർശനവും ഉണ്ടായി. സാമ്പത്തിക പ്രതിസന്ധി പലതരത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോഴാണ് ഇതെല്ലാം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ തന്നെ ധൂർത്തിന് തെളിവാണെന്നും സിപിഐ യോഗത്തിൽ ആക്ഷേപമുയർന്നു. പക്ഷേ, ആര് കേൾക്കാൻ! ഇതൊരു പ്രത്യേക "ജനുസ്' ആണല്ലോ! അവിടെ മറിയക്കുട്ടിക്കും അന്ന ഔസേപ്പിനും പ്രസാദിനുമൊക്കെ എന്തു കാര്യം! പൗരമുഖ്യരുമായാണല്ലോ നിരന്തരമായി നമ്മുടെ ആശയവിനിമയവും കൂടിച്ചേരലും. നീതിയും ധർമവും ഉദ്ഘോഷിക്കേണ്ട അത്തരക്കാരും അതിനെല്ലാം അവധി കൊടുത്ത് വിളി കാത്തു ക്യൂ നിൽക്കുന്ന ഗതികെട്ട വിചിത്ര സാഹചര്യവും.!പിന്നെ എന്തു പ്രതീക്ഷയാണ് നാം വച്ചുപുലർത്തേണ്ടത്? അതോ ആത്മപരിശോധനയ്ക്കും തിരുത്തലിനുമുള്ള സാഹചര്യം ഇനിയും ഉരുത്തിരിയുമോ?