സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
(ജനറല്‍ സെക്രട്ടറി, ശാന്തിഗിരി ആശ്രമം)
നേരം പുലരുന്നതേയുള്ളൂ. ഈ സമയത്ത് മുന്നില്‍ വന്നു നില്‍ക്കുന്ന ബാലനെ കണ്ട് ആശാന്‍ അതിശയത്തോടെ ചോദിച്ചു,
"എന്താ, കുഞ്ഞേ, ഈ നേരത്ത്?'
"മറുത്തു പറയരുത്. ആശാന്‍ എന്നെ ഏതെങ്കിലുമൊരു ആശ്രമത്തില്‍ കൊണ്ടു ചെന്നാക്കണം. എനിക്കു പോയേ തീരൂ'.
ആത്മാനേഷിയായ ഒരു ബാലന്‍ തന്‍റെ ഉള്ളിലെ അദമ്യമായ ആഗ്രഹം കുടിപ്പള്ളിക്കൂടത്തില്‍ അക്ഷരം പഠിപിച്ച കുമാരപിള്ള ആശാനോട് ചെന്നു പറഞ്ഞതാണിത്.
ബാല്യകാലത്ത് കരുണന്‍ കുഞ്ഞ് എന്ന് വിളിച്ചിരുന്ന, പില്‍ക്കാലത്ത് നവജ്യോതി ശ്രീ കരുണാകര ഗുരുവായി ലോകമറിഞ്ഞ മഹാഗുരുവിന്‍റെ ആത്മീയ യാത്ര അവിടെത്തുടങ്ങുകയായിരുന്നു. ഒരു സന്യാസിയാകണമെന്ന അദമ്യമായ ആഗ്രഹം ആ കുഞ്ഞു മനസില്‍ ഉടലെത്തുകഴിഞ്ഞിരുന്നു. 14 വയസുകാരന്‍റെ നിശ്ചയദാര്‍ഢ്യം കണ്ടപ്പോള്‍ ആ ബാലനെ മറ്റാരാളെയും കൂട്ടി ആഗമാനന്ദാശ്രമത്തിലേക്ക് വിട്ടു. അവിടെ കുട്ടികളെ നിര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുളളതിനാല്‍ അവിടെ നിന്നും അടുത്ത ഇടത്തേയ്ക്ക്. ഒരു സന്യാസിയാകാനുള്ള യാത്ര. അത് ചെന്നെത്തിയത് ആലുവ അദ്വൈതാശ്രമത്തില്‍.
ആശ്രമ ജീവിതം തുടങ്ങുന്നത് അവിടെ നിന്നാണ്. ശിവഗിരിയുടെ മഠാധിപതികളായിരുന്ന ശങ്കരാനന്ദ സ്വാമികള്‍ അന്നവിടെ ഉണ്ടായിരുന്നു. സ്വാമികളുടെ സഹായിയായിട്ടാണ് ആദ്യം ആശ്രമ ജീവിതം തുടങ്ങിയത്. പിന്നീട് കേന്ദ്രാശ്രമമായ വര്‍ക്കലയിലെ ശിവഗിരിയിലേക്ക്. നീണ്ട17 വര്‍ഷക്കാലത്തെ നിസ്വാർഥമായ ആശ്രമ ജീവിതം.
പൂജയ്ക്കുള്ള പൂക്കള്‍ പറിക്കല്‍, ശാരദാമഠവും സമാധി മണ്ഡപവും വൃത്തിയാക്കല്‍, ശിവഗിരിയിലെത്തുന്ന അതിഥികള്‍ക്കു വേണ്ടുന്ന സൗകര്യങ്ങളൊരുക്കല്‍ തുടങ്ങി വിവിധ കര്‍മങ്ങള്‍ ആത്മാർഥതയോടെ ചെയ്തുതീര്‍ത്തു. പ്രായത്തില്‍ കവിഞ്ഞ പാകത, അടിയുറച്ച സത്യസന്ധത; അകളങ്കമായ വിനയം; പവിത്രമായ ഭക്തി; ആരെയും ആദരിക്കാനുള്ള സന്മനസ്; ഹൃദയം നിറഞ്ഞ സ്നേഹം; സദാ പ്രസന്നഭാവം! ഇതൊക്കെ അവിടെ വന്നുപോകുന്ന സംന്യാസിമാരുടെയും പ്രമുഖരായ ഇതര വ്യക്തികളുടെയും ശ്രദ്ധയാകര്‍ഷിച്ചു.
ശാരദാ മഠത്തിലെ പൂജാദികര്‍മങ്ങള്‍ക്കായി നിയോഗിച്ചതോടെ കരുണാകരന്‍ കൊച്ചുശാന്തിയായി. ഭക്തിസാന്ദ്രമായ മന്ത്രജപങ്ങളും പൂജകളുമെല്ലാം കേള്‍ക്കുന്നവരിലുമെല്ലാം ഭക്തിയുടെ ഓളങ്ങള്‍ സൃഷ്ടിച്ചു. ഇത് കേള്‍ക്കാനായിത്തന്നെ ആളുകള്‍ വന്നുതുടങ്ങി. ശിവഗിരിയില്‍ കഴിയവേ ഒരു ദിവസം ആഗമാനന്ദ സ്വാമികള്‍ക്ക് ബ്രഹ്മസൂത്രം ഉപദേശിച്ച മഹാപണ്ഡിതനും ബനാറസ് സര്‍വകലാശാലയിലെ വേദാന്താധ്യാപകനുമായ ജഗദീശരാനന്ദ സ്വാമികളെ കണ്ടുമുട്ടി.
കുട്ടിക്കാലത്തുള്ള ആത്മീയ അനുഭവത്തെക്കുറിച്ച് അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ ""കുഞ്ഞേ, നിന്‍റെ അനുഭവം സത്യമാണെന്നെനിക്കറിയാം, പക്ഷെ ഒരു ചന്ദനത്തിരിയുടെ വെട്ടം പോലും ഞാന്‍ കണ്ടിട്ടില്ല. ഇതറിയണമെങ്കില്‍ അനുഭവ ജ്ഞാനിയായ ഒരു ഗുരുവിനെ കണ്ടെത്തണം''. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കൊച്ചുശാന്തിയില്‍ അനുരണനങ്ങള്‍ സൃഷ്ടിച്ചു. ജ്ഞാനിയായൊരു ഗുരുവിനെ കണ്ടെത്തണം. പിന്നീടുള്ള ചിന്ത അതു മാത്രമായിരുന്നു.
ശിവഗിരിയുടെ ഒരു വിധമുള്ള എല്ലാ ബ്രാഞ്ച് ആശ്രമങ്ങളിലും ആ കര്‍മപഥം പൊന്‍മുദ്രകള്‍ ചാര്‍ത്തി. എവിടെയെല്ലാം കൊച്ചുശാന്തി സേവനം ചെയ്തിട്ടുണ്ടോ അവിടെയെല്ലാം ജനങ്ങള്‍ക്ക് ആശ്വാസവും സാന്ത്വനവുമായിരുന്നു.
അരുവിപ്പുറത്തായിരിക്കുന്ന സമയത്ത് ശ്രീനാരായണ ഗുരു തപസു ചെയ്ത കൊടിതൂക്കി മലയില്‍ പോയി തപസു ചെയ്തു. 41 ദിവസമാണ് അവിടെ ധ്യാനനിമഗ്നനായി ഇരുന്നത്. ആത്മീയ അവസ്ഥാന്തരങ്ങളുടെ പല തലങ്ങളിലൂടെയും കടന്നുപോകുന്ന സമയം ഒരു ദിവസം പ്രാർഥനാ വേളയില്‍ അഭൗമമായ ഒരു പ്രകാശം, അനവധി ദര്‍ശനക്കാഴ്ചകള്‍ ആ മനോമുകുരത്തിലൂടെ കടന്നുപോയി. തനിക്കൊരു ഗുരുവിനെ കണ്ടത്തണമെന്ന ആഗ്രഹമായി പിന്നീട്. അങ്ങനെ പലസ്ഥലത്തും അന്വേഷിച്ചു ഒരു സ്ഥലത്തും തന്‍റെ ഗുരുവിനെ കാണുവാന്‍ കഴിയുന്നില്ല. പതിവുപോലെ അന്വേഷണം തുടരുകയാണ്.
അരുവിപ്പുറത്ത് കഴിയവെ സഹായിയും പരിചയക്കാരനുമായ വിജയന്‍ എന്നൊരാള്‍ ഒരുദിവസം കരുണാകരന്‍ ശാന്തിയുടെ അടുത്തെത്തി പറഞ്ഞു. "നിങ്ങള്‍ നല്ലവന്‍', എന്നിട്ടിപ്രകാരം കൂടി ചോദിച്ചു. "എന്‍റെ കൂടെ വരാമോ? ഒരു ദിവ്യനായ സ്വാമിയെ പരിചയപ്പെടുത്തിത്തരാം'. ഇത് കേട്ട് ശാന്തിയുടെ മനതാരില്‍ ആഹ്ലാദം അലയടിച്ചു, ആശ്രമത്തിലെ ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ച് ആത്മനിര്‍വൃതിയുടെ ആദ്യ സമാഗമത്തിനായി വിജയനോടൊപ്പം പുറപ്പെട്ടു.
സന്ധ്യാസമയം. തിരുവനന്തപുരത്ത് ബീമാപള്ളിയില്‍ എത്തി. അവിടെ പടിഞ്ഞാറുള്ള കുറ്റിക്കാട്ടിലാണ് ആ സംന്യാസി കിടന്നിരുന്നത്. അദ്ദേഹത്തെ വിജയന്‍ കുരുണാകരന്‍ ശാന്തിക്ക് കാണിച്ചുകൊടുത്തിട്ടു പറഞ്ഞു "ഇതാണ് ഖുറഷൈ്യ ഫക്കീര്‍. എല്ലാവരും വിളിക്കുന്നത് പഠാണി സ്വാമി എന്നാണ്'. ആദ്യസമാഗമത്തിന്‍റെ അപരിചിതമായ ആഹ്ലാദത്തില്‍ കരുണാകരന്‍ ശാന്തി നിശ്ചേഷ്ഠനായി നിലകൊണ്ടു. വിജയന്‍ പഠാണി സ്വാമികളുടെ അടുത്ത് പോയി ഒരാള്‍ കാണാന്‍ വന്നിരിക്കുന്ന വിവരം ധരിപ്പിച്ചപ്പോള്‍, രാവിലെ ആകട്ടെ എന്നദ്ദേഹം പ്രതിവചിച്ചു. അടുത്ത ദിവസം രാവിലെ കുളി കഴിഞ്ഞ് നില്‍ക്കവെ തലേന്നാള്‍ കുറ്റിക്കാട്ടില്‍ കണ്ട ആജാനുബാഹുവായ പഠാണി സ്വാമികള്‍ സമീപത്തേക്ക് നടന്നുവന്നു. കരുണാകരന്‍ ശാന്തി ഭയഭക്തിയോടെ വന്ദിച്ചു നിന്നു.
"ഇന്നലെക്കണ്ട ആളല്ലേ? എന്തിനായി വന്നു?'- പഠാണി സ്വാമി ചോദിച്ചു.
"ആത്മശാന്തിക്ക് ഉതകുന്നതെന്തോ, അതിനു വേണ്ടി'.
"നീ അവകാശി, നീ അവകാശി, നീ അവകാശി''.
ഒരു മന്ത്രം പോലെ ഉരുവിട്ട് പഠാണി സ്വാമി ശാന്തിയെ മാറോടണച്ചു.
ആത്മഗുരുവിനായുള്ള സുദീര്‍ഘമായ അന്വേഷണം ആ കണ്ടുമുട്ടലില്‍ സഫലമായി.
മഹത്തായ ഒരു ഗുരുശിഷ്യ ബന്ധത്തിന്‍റെ തുടക്കം ഇവിടെനിന്നാണ്. ഒരു ശിഷ്യന്‍ ഗുരുവിനെ തേടുന്നത് പോലെയാണ് ഒരു ഗുരു തന്‍റെ ശിഷ്യനെ തേടുന്നതും.ആത്മീയ അനുഭവങ്ങളുടെ അപാരതകള്‍ സ്വായത്തമായ മഹാനുഭാവനായ മഹാ സംന്യാസിയായിരുന്നു ഖുറേഷ്യ ഫക്കീര്‍.
അദ്ദേഹം തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു:
"ഇവന്‍ വലിയവനാകും. ഒരുപക്ഷേ ഇവന്‍ ജീവിച്ചിരിക്കുന്ന സമയത്ത് ഇവനെ ആരും അറിഞ്ഞില്ലന്നുവരും. ഇവന്‍റെ കാലശേഷം ലോകം മൊത്തം ഇവനെ ആരാധിക്കും'.
ആ വാക്കുകള്‍ സത്യമായി.
ഒരാള്‍ ഗുരുവായിത്തീരുന്നത് എങ്ങനെയാണ്. ഗുരുവായിത്തീരുകയല്ല, ഗുരുവായി മാറുകയാണ്. വാക്കായി, സത്യമായി, വെളിച്ചമായി നമ്മുടെ മുന്നില്‍ അവതരിച്ച ഒരു മഹാത്മാവ്. നവജ്യോതി ശ്രീ കരുണാകര ഗുരു. കണ്ണുനീരിന്‍റെ ഉപ്പുകൊണ്ട് ഘനീഭവിച്ചുപോയ ജീവിതങ്ങളെ കാരുണ്യത്തിന്‍റെ കരങ്ങൾ കൊണ്ട് കൈപിടിച്ചുയര്‍ത്തിയ മഹാനായ ഗുരു.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലുളള ചന്തിരൂരില്‍ 1927സെപ്തംബര്‍ 1ാം തീയതി ചിങ്ങമാസത്തിലെ ചോതി നക്ഷത്രത്തില്‍ കാര്‍ത്ത്യായനി അമ്മയുടെയും ഗോവിന്ദന്‍റെയും പുത്രനായി ഗുരു ജനിച്ചു. ഉപജീവനത്തിനു വേണ്ടി കയറു പിരിക്കുന്ന ഗ്രാമീണര്‍. ദാരിദ്ര്യത്തിന്‍റെ വറുതി മാത്രമാണ് അവര്‍ക്ക് മുതല്‍ക്കൂട്ടായിട്ടുളളത്. ഒരു വയസായപ്പോള്‍ സ്വന്തം അച്ഛനെ നഷ്ടപ്പെട്ടു. ആ കുഞ്ഞിനെ വളര്‍ത്താന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. ചിറ്റേക്കാട്ടെന്ന ആ കൊച്ചുവീടിന്‍റെ ഉമ്മറത്ത് പലപ്പോഴും ദാരിദ്ര്യം ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുമായിരുന്നു. കരുണയുടെ കരങ്ങളുളളവന്‍ കരുണാകരന്‍. മുത്തച്ഛനിട്ട പേര് അന്വർഥമാണ്. എല്ലാവരുമവനെ സ്നേഹത്തോടെ "കരുണന്‍ കുഞ്ഞ് 'എന്നു വിളിച്ചു.
ചന്തിരൂര്‍ എന്ന ജന്മഭൂമിയില്‍ നിന്നും ത്യാഗസുരഭിലമായ ആത്മീയ യാത്രകള്‍ക്കൊടുവില്‍1964ല്‍ തിരുവനന്തപുരത്ത് പോത്തന്‍കോട് എന്ന കര്‍മഭൂമിയിലേക്ക് കാലം ഗുരുവിനെ എത്തിച്ചു. ആ കുഗ്രാമത്തില്‍ ഒരു കാട്ടുപ്രദേശത്ത് കുടില്‍ കെട്ടി ആത്മീയതയുടെ സമാനതകളില്ലാത്ത ഒരു ലോകമാണ് ഗുരു സൃഷ്ടിച്ചത്. 1973ല്‍ ബ്രഹ്മത്തില്‍ നിന്നും ഇങ്ങനെ അറിയിപ്പ് ലഭിച്ചു. "യുഗാന്തരങ്ങളായി ഞാന്‍ ആഗ്രഹിച്ച കാര്യം സഫലമായി, എനിക്ക് തൃപ്തിയായി'. പ്രപഞ്ചത്തിന്‍റെ സമ്പൂര്‍ണമായ ആത്മസംസ്‌കാര നവോത്ഥാന മാര്‍ഗം - അതായിരുന്നു ബ്രഹ്മം യുഗാന്തരങ്ങളായി ആഗ്രഹിച്ചിരുന്നത്. ഗുരുവിന്‍റെ ആത്മ പൂര്‍ത്തീകരണ കര്‍മം ആ മാര്‍ഗത്തിലേക്ക് തുറന്ന വാതിലായി, അത് ഗുരുമാര്‍ഗമായി. ഇത് ഈശ്വര നിയോഗത്തിന്‍റേയും ദൈവീക ദൗത്യത്തിന്‍റേയും അമൂല്യ സാക്ഷാത്കാരമാണ്. ഇവിടെ ഗുരുവിന്‍റെ ത്യാഗവും, ദവൈത്തിന്‍റെ ഇച്ഛയും സാക്ഷാത്കരിക്കുന്നു.
ധാര്‍മികമായി മൂല്യങ്ങളോടെ ജീവിക്കാന്‍ കഴിയുന്ന, കുടുംബത്തെ മുന്‍നിര്‍ത്തി ജീവിക്കാൻ കഴിയുന്ന, നല്ല വ്യക്തികളാക്കുന്ന ഒരു പ്രക്രിയ. ആ പരമ്പരയാണ് പിന്നീട് കാലങ്ങളിലൂടെ ശാന്തിഗിരിയിലൂടെ സ്ഥാപിച്ചെടുക്കുന്നത്. ഈ ലോകത്ത് പരിണാമങ്ങളുണ്ടാക്കുവാന്‍ നല്ല തലമുറ ആവശ്യമാണ്. ഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമം ഇന്ന് മതേതരത്വത്തിന്‍റെ തീർഥജലം തിരതല്ലുന്ന തീർഥാടന കേന്ദ്രമാണ്. സാധാരണക്കാരായ ആളുകള്‍ മുതല്‍ സമൂഹത്തിന്‍റെ നാനാതുറകളിലുള്ള ആളുകള്‍ എല്ലാവര്‍ക്കും ഒരുപോലെ എടുക്കുവാന്‍ കഴിയുന്ന ഒരു ആത്മീയ ആശയത്തിനെയാണ് ഗുരു ലോകത്തിന് പ്രദാനം ചെയ്യുന്നത്. 1999 മെയ് 6ന് സ്നേഹത്തിന്‍റെ ആ ശാന്തിദൂതന്‍ ആദിസങ്കല്പമെന്ന അനന്തമായ വിഹായസില്‍ വിലയം പ്രാപിച്ചു. ഇന്നും ഗുരുവിന്‍റെ സന്ദേശം ശാന്തിഗിരിയിലൂടെ ലോകം മൊത്തം മുഴങ്ങുകയാണ്. ഗുരു സൃഷ്ടിച്ച ആഭൗമമായ അലൗകികമായ ആത്മപ്രകാശം എന്നും പ്രപഞ്ച ഹൃദയത്തില്‍ നവഒലിയായി നിറഞ്ഞു നില്‍ക്കുന്നു. ഗുരുവിന് തുടര്‍ച്ചയായി ഇന്ന് ശിഷ്യപൂജിതയായി, ഗുരുസ്ഥാനത്തിരുന്ന് അമൃത ജ്ഞാനതപസ്വിനി എന്ന പ്രഥമ ശിഷ്യ ശാന്തിഗിരി പരമ്പരയെ നയിക്കുന്നു.
സാധാരണ മനുഷ്യനേയും ലോകത്തേയും പ്രപഞ്ചത്തേയും ഒരു പോലെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ആത്മീയ ജ്യോതിസാണ് ഗുരുക്കുന്മാര്‍. കേരളത്തിന്‍റെ ആത്മീയ പാരമ്പര്യം കടന്നുപോകുന്നത് ഗുരുക്കന്മാരിലൂടെ തന്നെയാണ്. പ്രപഞ്ചത്തിന്‍റെ കാലപ്രവാഹത്തിലെപ്പോഴും ഉറവ പൊട്ടിയൊഴുകുന്ന നന്മയുടെ നീര്‍ച്ചാലുകളാണവര്‍. ഇന്നോളം വന്നിട്ടുളള എല്ലാ ആചാര്യന്മാരും ലോകത്തിന് പ്രദാനം ചെയ്തത് ശാന്തിയാണ്, സ്നേഹമാണ്, വിശുദ്ധമായ ദൈവസ്നേഹത്തിന്‍റെ പാരമ്പര്യമാണ്.