അവകാശികളെയല്ല, ആസൂത്രകരെയാണ് വേണ്ടത്

അവകാശികളെയല്ല, ആസൂത്രകരെയാണ് വേണ്ടത്

ഏതു പദ്ധതിയും പരിപാടിയും വിജയകരമായി പുറത്തുവന്നാൽ അതിന്‍റെ അവകാശികളായി ധാരാളം പേർ എത്താറുണ്ട്. ചന്ദ്രയാൻ 2, ആദിത്യ എൽ 1 എന്നീ പദ്ധതികൾ വിജയപ്രദമായപ്പോൾ അതിന്‍റെ അവകാശികളായി വന്നത് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ്. എന്നാൽ 1975ൽ ആര്യഭട്ട എന്ന ഉപഗ്രഹം ആകാശത്തേക്ക് തൊടുത്തുവിടാൻ നേതൃത്വം നൽകിയ ഇന്ദിര ഗാന്ധിയെ പലരും വിസ്മരിച്ചു. ഐഎസ്ആർഒയ്ക്കു വേണ്ടി തിരുവനന്തപുരം തുമ്പയിൽ സ്വന്തം പ്രാർഥനാ സ്ഥലം വിട്ടുകൊടുത്ത ലത്തീൻ രൂപതയെയും മെത്രാൻ പീറ്റർ ബർണാഡ് പെരേരയെയും (1962) പ്രദേശവാസികളെയും ഇന്ന് ആരും ഓർക്കുന്നില്ല.

വൈപ്പിൻ- എറണാകുളം പാലങ്ങൾക്കു വേണ്ടി ധാരാളം സമരങ്ങളും വിമർശനങ്ങളും നേരിട്ടിട്ടും പദ്ധതിക്കു തുടക്കമിട്ടത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും ഒപ്പം നിന്നത് എറണാകുളം എംപിയായിരുന്ന പ്രൊഫ. കെ.വി. തോമസുമായിരുന്നു. പിന്നീട് അധികാരത്തിൽ വന്ന ഇ.കെ. നായനാർ പദ്ധതിയുമായി മുന്നോട്ടുപോയി. പിന്നീട് എ.കെ. ആന്‍റണിയുടെ കാലഘട്ടത്തിലാണ് പാലം ജനങ്ങൾക്കു തുറന്നുകൊടുത്തത്.

കൊച്ചി അന്തർദേശീയ വിമാനത്താവളം യാഥാർഥ്യമാക്കിയത് മുഖ്യമന്ത്രി കെ. കരുണാകരനും ഒപ്പം പ്രവർത്തിച്ച വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബ്, പ്രൊഫ. കെ.വി. തോമസ്, സിയാൽ എംഡി പി.ജെ. കുര്യൻ, ഡയറക്റ്റർ ബോർഡ് അംഗങ്ങളായിരുന്ന സി.വി. ജേക്കബ് (സിന്തൈറ്റ്), വ്യവസായി എം.എ. യൂസഫലി തുടങ്ങിയവരാണ്. പുതിയൊരു വിമാനത്താവളം കൊച്ചിക്ക് വേണമെന്നും അത് നെടുമ്പാശേരിയിൽ തുടങ്ങാമെന്നുമുള്ള ആശയം വന്നപ്പോൾ ശക്തമായി എതിർത്തവരാണ് പിന്നീട് അതിന്‍റെ സാരഥ്യം ഏറ്റെടുത്തത്.

കൊച്ചി മെട്രൊ റെയ്‌ൽ എന്ന ആശയം കേരള മന്ത്രിസഭയിൽ 2001ൽ അവതരിപ്പിച്ചത് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ്. പിന്നീട് എറണാകുളം ടൗൺ ഹാളിൽ മെട്രൊ മാൻ ഇ. ശ്രീധരൻ കൊച്ചി മെട്രൊയെക്കുറിച്ച് വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചു. ഡൽഹി മെട്രൊയുടെ സഹായം തേടാൻ എ.കെ. ആന്‍റണി, വയലാർ രവി, കെ.വി. തോമസ് ഉൾപ്പെടെയുള്ള എംപിമാർ അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനോടും നഗരവികസന മന്ത്രി കമൽനാഥിനോടും പലപ്രാവശ്യം സമ്മർദം ചെലുത്തിയതിന്‍റെ ഫലമായി പദ്ധതിക്ക് അംഗീകാരം കിട്ടി. ഇ. ശ്രീധരൻ വളരെ വ്യക്തമായ കാഴ്ചപ്പാടോടു കൂടി പദ്ധതി ഏറ്റെടുത്തു. തറക്കല്ലിട്ടത് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങാണ്. ഉമ്മൻ ചാണ്ടിയുടെയും ആര്യാടൻ മുഹമ്മദിന്‍റെയും നിശ്ചയദാർഢ്യമാണ് ആ പദ്ധതി യാഥാർഥ്യമാക്കിയത്. ഉമ്മൻ ചാണ്ടിയുടെ കാലഘട്ടത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെ പൂർത്തീകരിച്ചു. പിന്നീട് അതിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനും പദ്ധതി പൂർത്തീകരിച്ച് രാജ്യത്തിന് സമർപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ്.

അതിനു ശേഷം മഹാരാജാസ് കോളെജ് വരെയും അവിടെ നിന്ന് തൈക്കൂടം വരെയും പിന്നീട് തൃപ്പൂണിത്തുറ വരെയും മെട്രൊ പൂർത്തീകരിക്കാൻ കഴിഞ്ഞത് പിണറായി വിജയൻ സർക്കാരിന്‍റെ പൂർണ സഹകരണത്തോടെയാണ്. അടുത്ത ഘട്ടമായ കാക്കനാട് വരെ പദ്ധതി നീളുകയാണ്. ഇതോടൊപ്പം ഉമ്മൻ ചാണ്ടിയുടെ കാലത്തു തന്നെ ത്രീ- ഇൻ- വൺ മെട്രൊ പദ്ധതിക്കും രൂപം നൽകിയിരുന്നു. ഒരു ടിക്കറ്റ് എടുത്താൽ മെട്രൊ റെയ്‌ൽ, റോഡ്, വാട്ടർ മെട്രൊ എന്നിവയിൽ യാത്ര ചെയ്യാം. ഇത് പൂർത്തിയാകുമ്പോൾ സ്വാഭാവികമായും മുന്നിൽ നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

ഭക്ഷണം ജന്മാവകാശമാണ് എന്ന സുപ്രസിദ്ധ നിയമം 2013ൽ പാർലമെന്‍റിൽ എല്ലാവരുടെയും പിന്തുണയോടെ അവതരിപ്പിച്ച് യാഥാർഥ്യമാക്കിയത് അന്നത്തെ കേന്ദ്രമന്ത്രി കെ.വി. തോമസാണ്. അതിന്‍റെ പിന്നിൽ ശക്തിയോടെ പ്രവർത്തിച്ചത് സോണിയ ഗാന്ധിയും. ഒരു കാലഘട്ടത്തിൽ കപ്പലിൽ നിന്ന് അടുക്കളയിലേക്ക് എന്ന് ഇന്ത്യയിലെ ഭക്ഷ്യോത്പാദന വിതരണ രംഗത്തെക്കുറിച്ച് പറഞ്ഞിരുന്നു. ബർമയിൽ നിന്ന് അരിയും അമെരിക്കയിൽ നിന്ന് ഗോതമ്പും ഇറക്കുമതി ചെയ്തില്ലെങ്കിൽ രാജ്യം പട്ടിണിയാകുന്ന സ്ഥിതിയിൽ നിന്ന്, ലോകം മുഴുവനും അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന ഭക്ഷ്യ വിതരണ- ഉത്പാദന രാജ്യമായി ഇന്ത്യ മാറി. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകിയ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, അണക്കെട്ടുകളെ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ എന്നാണ് വിശേഷിപ്പിച്ചത്. "ജയ് ജവാൻ, ജയ് കിസാൻ' എന്നു പറഞ്ഞത് ലാൽ ബഹാദൂർ ശാസ്ത്രിയാണ്.

കേരളീയർക്ക് ഒരു ഹൈസ്പീഡ് ഗതാഗത സംവിധാനം ആവശ്യമാണെന്ന് പിണറായി വിജയൻ പറയുകയും സിൽവർലൈൻ കെ- റെയ്‌ൽ പദ്ധതിക്ക് രൂപം നൽകുകയും ചെയ്തു. എന്നാൽ സമരകോലാഹലങ്ങൾ മൂലം പദ്ധതി നിർത്തിവച്ചു. വന്ദേഭാരത് സെമി- ഹൈസ്പീഡ് ട്രെയ്‌നുകൾ വരികയും വിജയിക്കുകയും ചെയ്തപ്പോൾ പിണറായി വിജയന്‍റെ കാഴ്ചപ്പാട് ശരിയാണെന്ന് തെളിയുന്നു.

കേരളത്തിന് ഒരു സെമി അതിവേഗ ഗതാഗത സംവിധാനം വേണമെന്ന കാര്യത്തിൽ സംശയമില്ല. അത് ഭൂമിയ്ക്കു മുകളിലോ, താഴെയോ വേണമെന്ന കാര്യം സാങ്കേതികമായി പരിശോധിക്കേണ്ടതുണ്ട്. പല പദ്ധതികൾക്കും നിശിതമായ വിമർശനങ്ങളും എതിർപ്പുകളും ഏൽക്കേണ്ടി വരുന്നത് "ആരിതു കൊണ്ടുവന്നു, ആരിത് നടപ്പിലാക്കി' എന്നതിന്‍റെ പേരിലാണ്. വികസനത്തിന്‍റെ നേട്ടങ്ങളിലും കോട്ടങ്ങളിലും എല്ലാവർക്കും പങ്കുണ്ട് . അന്ധമായ രാഷ്‌ട്രീയ വിരോധം കൊണ്ട് ജനക്ഷേമ പദ്ധതികൾ തകർക്കപ്പെടരുത് എന്നാണ് ജോത്സ്യന് പറയാനുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com