ഒട്ടും 'നീറ്റ'ല്ലാതെ നീറ്റ്

ഇത്തരം ക്രമക്കേടുകൾ ഉണ്ടാവുമ്പോൾ ആശ്വാസം നീതിപീഠങ്ങൾ മാത്രമേയുള്ളൂ എന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിന് മിടുക്കരായ കുട്ടികൾ കാത്തിരിക്കുന്നത്.
ഒട്ടും 'നീറ്റ'ല്ലാതെ നീറ്റ്
Updated on

മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയായ "നീറ്റ് യുജി'ക്കെതിരേ ഉയർന്ന ചോദ്യ പേപ്പർ ചോർച്ച, ഗ്രേസ് മാർക്ക് നൽകിയതിലെ അസ്വാഭാവികത തുടങ്ങിയവ പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചുവെന്ന് നിരീക്ഷിച്ചത് ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി. നീറ്റ് പരീക്ഷയുടെ പവിത്രതയെ വിവാദം ബാധിച്ചുവെന്നും വിഷയത്തിൽ എൻടിഎയുടെ കൃത്യമായി മറുപടി അനിവാര്യമാണെന്നും ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അസ്മാനുള്ള, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നീറ്റ് പരീക്ഷയിൽ കേരളത്തില്‍ നിന്ന് നാലും തമിഴ്‌നാട്ടില്‍ എട്ടും രാജസ്ഥാനിലെ കോട്ടയില്‍ ഒരു കോച്ചിങ് സെന്‍ററില്‍ പഠിച്ച 10 പേര്‍ക്കും ഉള്‍പ്പെടെ 67 പേർക്ക് ഒന്നാം റാങ്കുണ്ട്. ആറ് പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും ഒരേ സെന്‍ററില്‍ ഒരേ ഹാളില്‍ അടുത്തടുത്ത സീറ്റ് നമ്പര്‍ പ്രകാരം പരീക്ഷ എഴുതിയവരുമാണ്. 2020ല്‍ രണ്ട്, 2021ല്‍ മൂന്ന്, 2023ല്‍ രണ്ടു പേര്‍ക്കുമായിരുന്നു 715 മാര്‍ക്കോടെ ഒന്നാം റാങ്ക്. ഇത്തവണ കേരളത്തില്‍ 700ലേറെ മാര്‍ക്കുള്ള 300ഓളം പേരുണ്ട്. 675നും 700നുമിടയില്‍ 2,000 പേര്‍. 650ലേറെ മാര്‍ക്കുള്ള 3,000 പേര്‍ കേരളത്തിൽ മാത്രമുണ്ട്.

ഫലം പ്രഖ്യാപിച്ചപ്പോള്‍, 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ച. ആരോപണങ്ങൾ ശക്തമായതോടെ 44 പേർക്ക് മുഴുവൻ മാർക്കും കിട്ടിയത് ഗ്രേസ് മാർക്കിലൂടെയാണെന്ന് എൻടിഎ ചെയർമാൻ സുബോദ് കുമാർ സിങിന് സമ്മതിക്കേണ്ടി വന്നു. 25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയ നീറ്റ് ഫലം ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം പ്രഖ്യാപിച്ചതിലും ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രഖ്യാപിച്ചതിനും 10 ദിവസം മുമ്പേയാണ് തിരക്കിട്ട് ഫലം വന്നത്.

നീറ്റിന് പരമാവധി കിട്ടാവുന്ന മാർക്ക് 720. അതിനു താഴെ കിട്ടാവുന്ന സ്കോർ 716. അതുകഴിഞ്ഞ് 715. അതായത്‌, ഒരു ചോദ്യം ഒഴിവാക്കിയാൽ 716. ഒരുത്തരം തെറ്റിയാൽ 715. എന്നാൽ 717, 718, 719 എന്നീ സ്‌കോറുകൾ കിട്ടാനുള്ള ഒരു സാധ്യതയുമില്ല. 720 എന്ന മുഴുവൻ സ്കോർ നേടിയ 67 ഒന്നാം റാങ്കുകാർ കഴിഞ്ഞാൽ രണ്ടുപേരുടെ മാർക്ക് 718, 719..!ഒരു കാരണവശാലും കിട്ടാൻ സാധ്യത ഇല്ലാത്ത മാർക്ക്. കാരണം ഒരു ചോദ്യം എഴുതാതെ വിട്ടാൽ 4 മാർക്ക് പോകും. ഉത്തരം തെറ്റിയാൽ ഈ 4 മാർക്കിനോട് നെഗറ്റീവ് മാർക്ക് 1 ഉൾപ്പെടെ 5 മാർക്ക് നഷ്ടമാവും. എന്നാൽ ഈ വർഷം 719, 718 ഒക്കെ എങ്ങനെ വന്നു?

അപ്പോഴതാ വരുന്നു, പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) വക ട്വീറ്റ്: ഒരു സെന്‍ററിൽ നടപടിക്രമങ്ങൾ കാരണം തുടങ്ങേണ്ട സമയത്ത് പരീക്ഷ തുടങ്ങാൻ പറ്റിയില്ല. എന്നാൽ കൃത്യ സമയത്ത് പരീക്ഷ അവസാനിച്ചു. അതിനാൽ സമയം നഷ്ടപ്പെട്ട കുട്ടികൾക്കാണ് ഈ ആനുകൂല്യം കൊടുത്തത‌െന്നാണ് വിശദീകരണം.

അങ്ങനെ, സമയ നഷ്ടം വരുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നു എങ്കിൽ അത് തീർച്ചയായും ഉചിതമാണ്. അപ്പോൾ, ഒരു സംശയം: ഇങ്ങനെ സമയനഷ്ടം ഉണ്ടായാൽ ഗ്രേസ് മാർക്ക് നൽകുമെന്ന് എൻടിഎ മുൻകൂട്ടി പരസ്യമാക്കിയിരുന്നോ? ഇല്ലല്ലോ. അങ്ങനെ പരസ്യമായി പ്രഖ്യാപിക്കാതെ രഹസ്യമായി നൽകാൻ എൻടിഎ ഉദ്യോഗസ്ഥർക്ക് ആര് അധികാരം നൽകി? ഒരു സെന്‍ററിൽ സമയനഷ്ടം ഉണ്ടായെങ്കിൽ ആ സെന്‍ററിലെ എല്ലാ പേർക്കും മാർക്ക് നൽകേണ്ടേ? അങ്ങനെ നൽകിയിട്ടില്ല. അതിൽ നിന്ന് ഒരു കാര്യം വ്യക്തം - പണം വാങ്ങിയാണ് ഇങ്ങനെ മാർക്ക് നൽകിയിരിക്കുന്നത്!

2018ൽ കോമൺ ലോ അഡ്മിഷൻ ടെസ്റ്റുമായി ബന്ധപ്പെട്ട പരാതിയിലെ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്ന് എൻടിഎ വിശദീകരിച്ചിരുന്നു. ആ ഉത്തരവ് നീറ്റ് പരീക്ഷയ്ക്കു ബാധകമാണോ എന്ന കാര്യത്തിൽ നിയമ വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഒറ്റ മാർക്കിന്‍റെ വ്യത്യാസത്തിൽ ആയിരക്കണക്കിന് റാങ്ക് മാറിമറിയുമ്പോഴാണ് മാർക്ക് ദാനവുമായി എൻടിഎ ഒരു അഖിലേന്ത്യാ പരീക്ഷയെ കുട്ടിച്ചോറാക്കുന്നത്. എൻടിഎയുടെ ഫലത്തിൽ 670 മാർക്ക് നേടിയ കുട്ടിക്ക് റാങ്ക് 1,10,000.അതേസമയം, 580 മാർക്ക് കിട്ടിയ ആളിന് 80,000! എന്തതിശയമേ, ഈ എൻടിഎ! ഇതിനു പുറമെ 60 മുതൽ 70 വരെ റാങ്കുള്ളവരിൽ 8 പേർ ഈ പരീക്ഷ എഴുതിയത് ഹരിയാനയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ! അങ്ങനെ വരാൻ പാടില്ലെന്നില്ല. അത്രയും മിടുക്കരാണ് എങ്കിൽ ആ വിവരവും പുറത്തുവരട്ടെ.

മുഴുവൻ മാർക്ക്, അതായത് 720 മാർക്ക് നേടിയ ഒരു കുട്ടിയോട് അയാളുടെ സുഹൃത്ത് "654 മാർക്ക് പ്രതീക്ഷിച്ച നിനക്ക് 720 എങ്ങനെ കിട്ടി' എന്ന ചോദ്യത്തിന് "ചലഞ്ച് ചെയതു കിട്ടി' എന്ന മറുപടി പുറത്തുവന്നിട്ടുണ്ട്. 66 മാർക്ക് ചലഞ്ച് ചെയ്തു കിട്ടിയെങ്കിൽ അത് വല്ലാത്തൊരു "ചലഞ്ച്' ആണല്ലോ!

ഉത്തര സൂചിക പ്രസിദ്ധീകരിച്ച ശേഷം അത് ശരിയല്ലെന്ന് അഭിപ്രായമുണ്ടെങ്കിൽ ഒരു ചോദ്യത്തിന് 200 രൂപ നൽകി അത് ചലഞ്ച് ചെയ്യാൻ അവസരമുണ്ട്. ആ തിരുത്തലുകള്‍ കൂടി പരിഗണിച്ച് ഫലം പ്രസിദ്ധീകരിക്കലാണ് പതിവ്.

ഗുജറാത്തിലെ ഒരു പെൺകുട്ടിക്ക് പ്ലസ് ടു ഫിസിക്സിന് ഒരു മാർക്ക്. ഇത്തവണ "നീറ്റി'ൽ പക്ഷെ, 705 മാർക്കുണ്ട്. ഇത്രയും മിടുക്കിക്ക് എങ്ങനെ ഫിസിക്സിൽ ഒറ്റ മാർക്കായിപ്പോയി? ആ കുട്ടിയുടെ പ്ലസ്ടു, നീറ്റ് മാർക്ക് ലിസ്റ്റുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ചോദ്യ പേപ്പർ ചോർച്ചയുണ്ടായി എന്ന് പരീക്ഷ നടന്ന സമയത്തേ ആരോപണമുയർന്ന ഒരു പരീക്ഷയുടെ ഫലത്തിലാണ് സർവത്ര ക്രമക്കേടെന്ന വിവരങ്ങൾ പുറത്തുവരുന്നത്. ഈ പരീക്ഷാ ഫലം പുറത്തുവന്നശേഷം 5 കുട്ടികളിലേറെ ആത്മഹത്യ ചെയ്തു എന്ന വാർത്ത കൂടി കണക്കിലെടുക്കണം. പരീക്ഷാഫലത്തിൽ ക്രമക്കേട് വ്യക്തമായാൽ എൻടിഎ അധികൃതർക്കെതിരേ കൊലക്കുറ്റത്തിനും കേസെടുക്കണം.

"വ്യാപം' അഴിമതി ഓർമയില്ലേ? മധ്യപ്രദേശിൽ രാഷ്‌ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകി പ്രവേശന പരീക്ഷകളിൽ ഉയർന്ന റാങ്കുകൾ നേടിയ അഴിമതി രാജ്യത്തെ നടുക്കിയിരുന്നു. നിയമനം ലഭിക്കാനും പ്രൊഫഷണല്‍ കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷ കുറുക്കു വഴിയിലൂടെ പാസാകാനും 2,000 കോടി രൂപ കൈക്കൂലിയായി ഒഴുകിയെന്നായിരുന്നു 15 കൊല്ലം മുമ്പത്തെ കണ്ടെത്തൽ. ഇന്‍ഡോറിലെ ഒരു സംഘം ട്യൂട്ടോറിയല്‍ ഉടമകളുടെ ബുദ്ധിയിലുദിച്ച കുംഭകോണത്തിന് മന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, മാഫിയ സംഘങ്ങള്‍ എന്നിവര്‍ പിന്തുണയേകി. ഈ കേസിൽ സാക്ഷി പറഞ്ഞവരും തെളിവ് നൽകിയവരുമുൾപ്പെടെ 40ലധികം പേർ റോഡ് അപകടങ്ങളിലും ആത്മഹത്യകളിലുമായി സംശയാസ്പദമായ രീതിയിൽ മരണപ്പെട്ടു.

2012 ജൂണില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ലഷ്മികാന്ത് ശര്‍മ അറസ്റ്റിലായി. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫfസിനു കുംഭകോണത്തില്‍ പങ്കുണ്ടെന്ന ആരോപണം ശക്തമായി. അന്നത്തെ ഗവര്‍ണര്‍ രാംനരേഷ് യാദവിന് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. യാദവ് ഉദ്യോഗാര്‍ഥികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും തെളിഞ്ഞിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഗവര്‍ണറെന്ന നിലയിലുളള നിയമ പരിരക്ഷ യാദവിനെതിരായ നടപടികള്‍ക്കു തടസമായി. 125 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,000ത്തിലേറെ പേരെ അറസ്റ്റ് ചെയ്തു.

2015 ജൂലൈയിൽ കേസ് സിബിഐക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഭരണകക്ഷിയിലെ വമ്പന്മാർ പ്രതികളായ കേസുകൾ അന്വേഷിക്കുമ്പോൾ സിബിഐക്ക് എന്താണോ സംഭവിക്കുന്നത് അത് ഇവിടെയും ബാധകമായി. അന്വേഷണം അനന്തമായി നീളുന്നു!

അന്ന് മധ്യപ്രദേശിൽ നടന്നത് ഇത്തവണ അഖിലേന്ത്യ തലത്തിലാണ്. പേര് "നീറ്റ് ' എന്നാണെങ്കിലും ഒട്ടും നീറ്റായല്ല കാര്യങ്ങൾ നടന്നതെന്ന് വ്യക്തം. നീറ്റ് പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചതിലടക്കം വിദ്യാര്‍ഥികളുടെ പരാതികള്‍ പരിശോധിക്കാന്‍ എൻടിഎ നിർബന്ധിതമായിട്ടുണ്ട്. യുപിഎസ്‌സി ചെയർമാൻ അധ്യക്ഷനായ സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരീക്ഷ വീണ്ടും നടത്തണോ എന്നതിൽ സമതി തീരുമാനമെടുക്കുമെന്നും എൻടിഎ ഡയറക്റ്റർ അറിയിച്ചു.

ഇത്തരം ക്രമക്കേടുകൾ ഉണ്ടാവുമ്പോൾ ആശ്വാസം നീതിപീഠങ്ങൾ മാത്രമേയുള്ളൂ എന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിന് മിടുക്കരായ കുട്ടികൾ കാത്തിരിക്കുന്നത്. രാജ്യത്ത് നല്ല നിലയിൽ നടന്ന ഒരു സംവിധാനത്തെ അട്ടിമറിച്ച് പ്രവേശന പരീക്ഷക്ക് ഒരു സുതാര്യതയുമില്ലാത്ത സംവിധാനം ഏർപ്പെടുത്തിയതെന്തിന് എന്ന ചോദ്യവും ഇതോടൊപ്പം ഉയരേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.