

മേപ്പാടിയില്‍ പുതിയ പുലരികള്‍
പിണറായി വിജയന്‍
(മുഖ്യമന്ത്രി)
വയനാട് മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വീടുകളും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്‍റെ നിര്‍മാണം ഇന്ന് ആരംഭിക്കുകയാണ്. മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ ആഗ്രഹിക്കുന്നതു പോലെ പുതിയ പുലരികള്‍ക്കായുള്ള ഒരു ദൗത്യത്തിനാണ് തുടക്കമിടുന്നത്. കേരളം കണ്ട ഏറ്റവും വലിയൊരു പ്രകൃതിദുരന്തം അതിജീവിച്ചവര്‍ക്കു തണലൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിന് തയാറെടുക്കുന്ന വേളയില്‍ തന്നെ കഴിയുന്നതിലെ ആശ്വാസം ചെറുതല്ല.
അതിതീവ്രമായ ഒരു ദുരന്തമുണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിയന്‍ സര്‍ക്കാര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കുന്നതാണ് പതിവ്. ഉരുള്‍പൊട്ടലുണ്ടായത് ജൂലൈ 30നാണെങ്കില്‍, ഓഗസ്റ്റ് 17നു തന്നെ കേരളം ആദ്യ മെമ്മോറാണ്ടം യൂണിയന്‍ സര്‍ക്കാരിന് നല്‍കി. വിദഗ്ധര്‍ തയാറാക്കിയ വിശദമായ പിഡിഎന്‍എ റിപ്പോര്‍ട്ടും നിശ്ചിത കാലാവധിക്ക് മുന്‍പ് സമര്‍പ്പിച്ചു. എന്നാല്‍ യൂണിയന്‍ സര്‍ക്കാര്‍ ഇനിയും സഹായം ലഭ്യമാക്കിയിട്ടില്ല. എങ്കിലും സുമനസുകളുടെ സഹായത്തോടെ ഒരുമയുള്ള കേരളം വളരെ വേഗത്തില്‍ പ്രതിബന്ധങ്ങളെ അതിജീവിക്കുകയാണ്. പ്രതിസന്ധിയുടെ മുന്നില്‍ തളര്‍ന്നിരിക്കലല്ല, അതിജീവനത്തിന്‍റെ വഴികള്‍ തേടുകയാണ് പരിഷ്‌കൃതമായ ഒരു സമൂഹത്തിന്‍റെ കടമയെന്ന് നാം ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.
402 കുടുംബങ്ങള്‍ക്കാണ് മേപ്പാടിയില്‍ വാസസ്ഥലം ഒരുക്കുന്നത്. വാസയോഗ്യമാണെങ്കിലും ദുരന്തമേഖലയില്‍ ഒറ്റപ്പെട്ടുപോയ 73 കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത്. ഒന്നാംഘട്ട പട്ടികയില്‍ താമസസ്ഥലം പൂര്‍ണമായും നഷ്ടമായി മറ്റെവിടെയും വീടില്ലാത്ത 242 കുടുംബങ്ങളാണുള്ളത്. വാസയോഗ്യമല്ലാത്ത ഇടങ്ങളില്‍ വീടുള്ളവരാണ് രണ്ടാംഘട്ട പട്ടിക എ ലിസ്റ്റിലുള്ള 87 കുടുംബങ്ങള്‍. ദുരന്തമേഖലയില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ നിശ്ചയിച്ച ബി ലിസ്റ്റില്‍ അപ്പീല്‍ സ്വീകരിക്കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്.
ദുരന്തബാധിതരുടെ ആവശ്യപ്രകാരം അവര്‍ക്ക് ഏറ്റവും അടുത്ത് ലഭ്യമാകുന്ന സ്ഥലത്താണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത് എന്നതും ഈ പുനരധിവാസത്തിന്‍റെ സവിശേഷതയാണ്. കല്‍പ്പറ്റ വില്ലെജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. നഗരപ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയില്‍ 7 സെന്‍റില്‍ ഒരു വീട് എന്ന നിലയിലാണ് ഭവനനിര്‍മാണം. വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍. ആരോഗ്യകേന്ദ്രം, ആംഗൻവാടി, പൊതു മാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്‍റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, കളിസ്ഥലം, ലൈബ്രറി, സ്‌പോര്‍ട്‌സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയെറ്റര്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങള്‍. ആകെ 64.4075 ഹെക്റ്റര്‍ ഭൂമിയില്‍ അത്യാധുനിക സൗകര്യങ്ങളാണ് മേപ്പാടിയില്‍ ഒരുക്കുന്നത്.
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കും വിധത്തിലാണ് വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നത്. രണ്ട് കിടപ്പുമുറികള്‍, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ ഏരിയ, ശുചിമുറി എന്നിവയെല്ലാം വീടുകളില്‍ ഉറപ്പാക്കും. ഒരു ക്ലസ്റ്ററില്‍ 20 വീടുകള്‍. തുടക്കമെന്ന നിലയില്‍ ആദ്യം ഒരു മാതൃകാ വീടിന്‍റെ നിര്‍മാണം. വീടിന്‍റെ ഗുണനിലവാരം മനസിലാക്കാനും സന്ദര്‍ശനത്തിനും പൊതുജനങ്ങള്‍ക്ക് അവസരം നല്‍കും. 1,000 ചതുരശ്ര അടിയില്‍ ഭാവിയില്‍ ഇരുനില നിര്‍മിക്കാന്‍ കഴിയുന്ന അടിത്തറ ഒരുക്കിയാണ് വീട് ഉയരുക.
വിവിധ പഠനങ്ങളും സര്‍വെകളും പൂര്‍ത്തിയാക്കിയാണ് നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ടൗണ്‍ഷിപ്പിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. ടൗണ്‍ഷിപ്പിന്‍റെ സ്‌കെച്ച് കിഫ്ബിക്ക് കീഴിലുള്ള കിഫ്‌കോണാണ് തയാറാക്കിയത്. സ്‌കെച്ചിന്‍റെ അടിസ്ഥാനത്തില്‍ ഊരാളുങ്കൽ സൊസൈറ്റി വീടുകളുടെയും കെട്ടിടങ്ങളുടെയും വിശദമായ പ്ലാന്‍ തയാറാക്കി.
ദുരന്തബാധിതര്‍ക്ക് ഇതുവരെ 25.64 കോടി രൂപയാണ് സര്‍ക്കാര്‍ പണമായി നല്‍കിയത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായം, പരിക്കേറ്റവര്‍ക്കും കിടപ്പുരോഗികള്‍ക്കുമുള്ള ചികിത്സാ സഹായം, മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നല്‍കിയ തുക, ദുരിതാശ്വാസ ക്യാംപുകളില്‍ വിതരണം ചെയ്ത അടിയന്തര സഹായം, ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് ദിവസം 300 രൂപ വീതം നല്‍കുന്ന ജീവനോപാധി, വീട്ടുവാടക എന്നിവയായാണ് ഈ തുക നല്‍കിയത്.
ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഉരുള്‍പൊട്ടല്‍ ബാധിതരില്‍ ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 15 ലക്ഷം രൂപയാണ് നല്‍കുന്നത്. ദുരന്തമേഖലയിലെ അഞ്ച് എസ്ടി കുടുംബങ്ങള്‍ക്ക് അവരുടെ താത്പര്യപ്രകാരമുള്ള പുനരധിവാസം ഉറപ്പാക്കും. ആ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന നിരീക്ഷണ കമ്മിറ്റി രൂപീകരിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധനാ കമ്മിറ്റിയുണ്ട്. ദൈനംദിന പ്രവര്‍ത്തനത്തിന് സ്‌പെഷ്യല്‍ ഓഫിസറുണ്ട്.
റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ നഷ്ടമായ ദുരന്ത ഭൂമിയിലെ മനുഷ്യരില്‍ 878 പേര്‍ക്കായി 1,162 അവശ്യ സേവന രേഖകളാണ് ദിവസങ്ങള്‍ക്കകം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തത്. ദുരന്തശേഷം 24 ദിവസത്തിനുള്ളില്‍ 728 കുടുബങ്ങള്‍ക്കും താത്കാലിക താമസ സൗകര്യം ഒരുക്കി, വാടകയും ദിനബത്തയും അടക്കമുളള സാമ്പത്തിക സഹായങ്ങള്‍ നല്‍കി. ഭക്ഷണ കിറ്റ്, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയും ദുരന്ത കാഴ്ചകളുടെ മുറിവുണങ്ങാന്‍ കൗണ്‍സിലിങ് സൗകര്യം നല്‍കിയുമൊക്കെയാണ് നമ്മള്‍ ദുരന്തബാധിതരുടെ കരം പിടിച്ചത്.
32ാം ദിവസം മേപ്പാടി സ്‌കൂളില്‍ അധ്യയനം ആരംഭിച്ചു. ദുരിതബാധിതരുടെ കേരള ബാങ്കിലെ മുഴുവന്‍ വായ്പയും എഴുതിത്തള്ളി. ചൂരല്‍മലയിലെ ദുരന്തബാധിതരുടെ പൊതുമേഖലാ ബാങ്കുകളിലെ കടങ്ങള്‍ എഴുതിത്തള്ളണം എന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ തുടരുകയാണ്.ഒരൊറ്റ രാത്രി കൊണ്ട് മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി അതിഭീമമായ നാശനഷ്ടമാണ് ഉണ്ടായത്. പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനും 2,221 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്.
സുമനസുകളുടെ കൂടി സഹകരണത്തോടെയാണ് കേരളം ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരങ്ങളാണ് വിങ്ങുന്ന വയനാടിന് തണലൊരുക്കാന്‍ ആവുന്ന സംഭാവനകള്‍ നല്‍കിയത്. സഹായ വാഗ്ദാനങ്ങള്‍ ഏകോപിപ്പിച്ച് സമഗ്രവും സുതാര്യവുമായ സംവിധാനം രൂപീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനൊപ്പം ഉപജീവന മാര്‍ഗവും സാധ്യമാക്കുകയാണ്.
ഒറ്റ രാത്രി കൊണ്ട് അനാഥമായ ജീവിതങ്ങള്‍ക്കും, സ്വന്തമായതും സ്വരുക്കൂട്ടിയതും നഷ്ടപ്പെട്ടവര്‍ക്കും, ഒപ്പമാണ് ഈ സര്‍ക്കാര്‍. അതുകൊണ്ടു തന്നെയാണ് കേവലം 9 മാസം കൊണ്ട് ദുരന്തബാധിതരായവരുടെ ജീവിതം കെട്ടുറപ്പുള്ളതാക്കുന്ന ടൗണ്‍ഷിപ്പിന് നമ്മള്‍ ആരംഭം കുറിക്കുന്നത്. പുതുവര്‍ഷ ദിനത്തിലാണ് കേരളം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചത്. അതിന്‍റെ സാഫല്യമാണ് ടൗണ്‍ഷിപ്പ് നിര്‍മാണത്തിന്‍റെ തുടക്കം. വാഗ്ദാനം എന്തായാലും, എന്തു വില കൊടുത്തും അത് നിറവേറ്റുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ രീതി. അതിന്‍റെ മറ്റൊരു ദൃഷ്ടാന്തമാണ് മേപ്പാടിയിലെ ടൗണ്‍ഷിപ്പ്.