

കെവിൻ പീറ്റേഴ്സൺ
കെവിൻ പീറ്റേഴ്സൺ (മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് ലേഖകൻ)
2003ലാണ് ഞാൻ ആദ്യമായി ഇന്ത്യയിലെത്തുന്നത്. അന്ന് നരേന്ദ്ര മോദിയെക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നെങ്കിലും അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ട് 2 വർഷം കഴിഞ്ഞിരുന്നു. ഒരു ഭരണത്തലവനെന്ന നിലയിൽ അദ്ദേഹം ഇപ്പോൾ 25 വർഷം പൂർത്തിയാക്കിയെന്ന വാർത്ത കേട്ടപ്പോഴാണ് ആ പഴയ കാര്യം എന്റെ മനസിലേക്ക് ഓടിയെത്തിയത്. ഏതൊരു ജനാധിപത്യ രാജ്യത്തും ഇത് വളരെ നീണ്ട കാലയളവാണ്. ക്രിക്കറ്റിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു താരത്തിന്റെ സമ്പൂർണ കായിക ജീവിതത്തെക്കാളും കൂടുതൽ സമയം. 2014ൽ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ശേഷം എന്റെ നാടായ ബ്രിട്ടനിൽ 6 പ്രധാനമന്ത്രിമാരാണ് മാറിമാറി വന്നത്. അതുകൊണ്ടുതന്നെ ഇത്രയും സജീവമായ ഒരു ജനാധിപത്യ രാജ്യത്ത് ഈ സുദീർഘ ഭരണം അസാധാരണമായ ഒന്നാണ്.
എന്റെ യൗവനകാലത്തിന്റെ വലിയൊരു പങ്കും ഞാൻ ഇന്ത്യയിലേക്ക് വന്നുപോയിക്കൊണ്ടേയിരുന്നു. ഞാനിവിടെ ക്രിക്കറ്റ് കളിച്ചു; നാടുനീളെ യാത്ര ചെയ്തു; അസാധാരണ വ്യക്തിത്വങ്ങളെ കണ്ടുമുട്ടി; ഇവിടുത്തെ വനപ്രദേശങ്ങളിൽ സമയം ചെലവഴിച്ചു; ഒപ്പം നിരവധി സൗഹൃദങ്ങൾ ഉണ്ടാക്കിയെടുത്തു. ഒരു വിദേശിയായിരുന്നിട്ടും ഇന്ത്യയുടെ മാറ്റങ്ങളെ വളരെ അടുത്തറിയാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
ഏതെങ്കിലും പ്രത്യേക റോഡോ കെട്ടിടമോ നയപരമായ തീരുമാനങ്ങളോ ഒന്നുമല്ല ഇന്ന് എന്നെ ഏറ്റവുമധികം ആകർഷിക്കുന്നത്; മറിച്ച്, രാജ്യത്തെങ്ങും പ്രകടമായ ആത്മവിശ്വാസമാണ്. അതൊരു അഹങ്കാരമല്ല, സ്വന്തം ഭാവി സംബന്ധിച്ച ശുഭാപ്തിവിശ്വാസം നിറഞ്ഞ ആത്മധൈര്യമാണ്.
ആദ്യമായി ഇന്ത്യയിൽ വന്നപ്പോൾ തന്നെ ഇതൊരു വലിയ രാജ്യമാണെന്നും അതിശയിപ്പിക്കുന്ന പ്രതിഭകൾ ഇവിടെയുണ്ടെന്നും എനിക്കറിയാമായിരുന്നു. എന്നാൽ അക്കാലത്ത് സ്വന്തം കഴിവിനെക്കുറിച്ച് പൂർണ തിരിച്ചറിവില്ലാത്ത പോലെ ഒരുതരം സങ്കോചവും പ്രകടമായിരുന്നു. എന്നാൽ ഇന്ന് ആ മനോഭാവം പാടെ മാറിയിരിക്കുന്നു. "ഞങ്ങൾക്കിത് ചെയ്യാൻ സാധിക്കും' എന്ന് ഉറപ്പിച്ചു പറയാൻ ഇന്ത്യക്കാർ ഇന്ന് കൂടുതൽ സന്നദ്ധരാണ്. അവർ വലിയ സ്വപ്നങ്ങൾ കാണുന്നു; കഠിനമായി മത്സരിക്കുന്നു; അഹങ്കാരമില്ലാതെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു. സ്വത്വത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചും ഇന്ന് അവർ കൂടുതൽ പ്രതീക്ഷ വച്ചുപുലർത്തുന്നു. കായിക രംഗത്ത് ഞാനിത് വളരെ വ്യക്തമായി കണ്ടിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിനെത്തന്നെ ഉദാഹരണമായി എടുക്കാം. ഞാൻ ആദ്യമായി ഇന്ത്യയിലെത്തുമ്പോൾ മികച്ച കളിക്കാരും വലിയ കായിക പ്രേമവും ഇവിടെയുണ്ടായിരുന്നു. എന്നാൽ ഇന്ത്യയുടെ വിജയങ്ങളിൽ ഭൂരിഭാഗവും പ്രതിഭാശാലികളായ ഏതാനും സൂപ്പർ താരങ്ങളെ ആശ്രയിച്ചായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യൻ ടീമുകളുടെ ആഴവും കരുത്തും അസാധാരണമാണ്. പകരക്കാരായി പുറത്തിരിക്കുന്ന കളിക്കാരടങ്ങിയ ഒരു ടീമിന് പോലും ലോകത്തെ ഏറ്റവും മികച്ച ടീമുകളെ തോൽപ്പിക്കാൻ സാധിക്കും. ഏറ്റവും ഉയർന്ന തലത്തിൽ കളിക്കാൻ അർഹതയുണ്ടെന്ന തികഞ്ഞ വിശ്വാസത്തോടെയാണ് യുവതാരങ്ങൾ എത്തുന്നത്. ഫിറ്റ്നസ്, തയാറെടുപ്പുകൾ, പ്രൊഫഷണലിസം എന്നിവയിലെ മാനദണ്ഡങ്ങൾ വലിയ തോതിൽ മാറിയിരിക്കുന്നു.
പുരുഷ ടീം എക്കാലവും ശക്തമായിരുന്നെങ്കിലും ഇന്ത്യയിലെ വനിതാ ക്രിക്കറ്റ് കൈവരിച്ച മുന്നേറ്റം ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. കഴിഞ്ഞ വർഷത്തെ അവരുടെ ലോക കപ്പ് വിജയം ഈ വളർച്ചയുടെ മറ്റൊരു ഉദാഹരണമാണ്. ഇന്ത്യ ക്രിക്കറ്റ് ലോകത്തെ ഒരു വൻശക്തിയാണ്; അതുകൊണ്ടുതന്നെ വനിതാ ക്രിക്കറ്റ് ഇവിടെ വളരുകയും വിജയിക്കുകയും ചെയ്യുമ്പോൾ, അതിന്റെ പ്രതിഫലനം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നു. ഇത് ലോകമെങ്ങും വനിതാ ക്രിക്കറ്റിന്റെ പദവി ഉയർത്തുന്നു.
അത്ലറ്റിക്സ്, ഷൂട്ടിങ്, ഗുസ്തി, ബോക്സിങ്, ബാഡ്മിന്റൺ, ഹോക്കി, ടെന്നിസ് തുടങ്ങിയ കായിക ഇനങ്ങളിലെല്ലാം ഇന്ത്യൻ താരങ്ങൾ ലോകമെങ്ങും കൂടുതൽ തിളങ്ങുന്നത് ഞാൻ കാണുന്നുണ്ട്. ഒരുകാലത്ത് അധികം കേട്ടുകേൾവിയില്ലാത്ത കായിക ഇനങ്ങളുടെ ഫൈനലുകളിലും മെഡൽ വേദിയിലുമെല്ലാം ഇന്ന് ഇന്ത്യൻ പേരുകൾ പ്രത്യക്ഷപ്പെടുന്നു. വിവിധ കായിക ഇനങ്ങളിൽ സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങൾ രാജ്യത്തെ കായിക രംഗം എത്രത്തോളം വിശാലമായി എന്നതിനു മറ്റൊരു തെളിവാണ്.
ഇത്തരം കാര്യങ്ങൾ യാദൃശ്ചികമായി സംഭവിക്കുന്നതല്ല. മികച്ച സൗകര്യങ്ങളും മികച്ച സംവിധാനങ്ങളും, ഒപ്പം ഏറ്റവും ഉയർന്ന തലത്തിൽ മത്സരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം യുവജനങ്ങളില്‍ വളർത്തുന്ന അന്തരീക്ഷവും ഇതിന് അനിവാര്യമാണ്. ഇന്ത്യയിൽ ഒരു കായിക സംസ്കാരം വ്യക്തമായി രൂപപ്പെടുന്നുണ്ട്; പ്രധാനമന്ത്രി മോദിയുടെ കായിക അഭിനിവേശം തീർച്ചയായും അതിന് വേഗം കൂട്ടിയിട്ടുമുണ്ട്.
ഇതിന്റെ സ്വാധീനം കായിക രംഗത്ത് മാത്രമല്ല, സാധാരണ ജീവിതത്തിലും കാണാൻ സാധിക്കും. "ഫിറ്റ് ഇന്ത്യ'യ്ക്കായുള്ള പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം രാജ്യത്തുടനീളം പ്രകടമായ മാറ്റങ്ങൾക്ക് പ്രചോദനമാവുകയും വലിയ തോതിൽ അവബോധം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മുൻ തലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ ഇന്ത്യൻ യുവത മാരത്തണുകളിൽ ഓടുന്നു; പുതിയ ഫിറ്റ്നസ് രീതികൾ സ്വീകരിക്കുന്നു; പരിമിതികളെ സ്വയം വെല്ലുവിളിക്കുന്നു.
മോദി യോഗ അഭ്യസിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് കൗതുകം തോന്നിയിരുന്നു. ഞാൻ അദ്ദേഹത്തെ നേരിൽ കാണുകയും ആ ഊർജം അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ടെങ്കിലും യോഗ അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമാണെന്നറിഞ്ഞപ്പോൾ എന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു. അത് തികച്ചും ഭാരതീയമാണ്, എന്നാൽ അങ്ങേയറ്റം ആധുനികവുമാണ്. യോഗ ലോകമെങ്ങും ഇത്രയേറെ പ്രചരിച്ചതിൽ ഒട്ടും അതിശയിക്കാനില്ല. 2014ൽ ഐക്യരാഷ്ട്ര സഭയിൽ മോദി ആദ്യമായി മുന്നോട്ടുവച്ച അന്താരാഷ്ട്ര യോഗാദിനം ഇന്ന് ആഗോളതലത്തിൽ ആചരിക്കപ്പെടുന്നു.
ഇന്ത്യ മാനസികമായി മാത്രമല്ല, ഭൗതികമായും മാറിയിരിക്കുന്നു. രാജ്യത്തുടനീളം യാത്ര ചെയ്യുമ്പോഴെല്ലാം ഞാനത് ശ്രദ്ധിക്കാറുണ്ട്. ഇവിടുത്തെ വിമാനത്താവളങ്ങൾ മാറി. റോഡുകളും മെട്രൊ സംവിധാനങ്ങളും മാറി. ഹോട്ടലുകളും ജീവിത നിലവാരവും പാടെ മാറിയിരിക്കുന്നു.
മുമ്പ് നാട്ടിലെ എന്റെ സുഹൃത്തുക്കൾ ഇന്ത്യയിലെ ചൂടിനെക്കുറിച്ചും ജനത്തിരക്കിനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഒക്കെയായിരുന്നു എന്നോട് ചോദിച്ചിരുന്നത്. എന്നാൽ ഇന്ന് അവർ സംസാരിക്കുന്നത് ഇന്ത്യ കയറ്റി അയച്ച കൊവിഡ്-19 വാക്സിനുകളെക്കുറിച്ചും ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെക്കുറിച്ചും ചന്ദ്രനിലിൽ ഇറങ്ങിയതിനെക്കുറിച്ചും ഡിജിറ്റൽ പണമിടപാടുകളെക്കുറിച്ചുമാണ്. ഇന്ത്യയില്‍ ജനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രീതി അമ്പരപ്പിക്കുന്നതാണ്. വഴിയോരക്കച്ചവടക്കാർ പോലും ക്യുആർ കോഡുകൾ വഴി കറൻസി രഹിത ഇടപാടുകൾ നടത്തുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതൊക്കെ ഭാവിയുടെ സാങ്കേതികവിദ്യയായി തോന്നാമെങ്കിലും ഇന്ത്യയിൽ ഇവയെല്ലാം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.
വലിയ കാര്യങ്ങൾ ചിന്തിക്കാൻ ഇന്ത്യ ഇന്ന് ഒട്ടും മടിക്കുന്നില്ല. പ്രത്യേകിച്ച് ഗുജറാത്തിന്റെ കാര്യമാണ് എനിക്ക് ഓര്മ വരുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഏറ്റവും ഉയരം കൂടിയ പ്രതിമയും അവിടെയാണ്. ചെറുതായി ചിന്തിച്ച് ഇത്രയും വലിയ കാര്യങ്ങൾ പടുത്തുയർത്താൻ ആർക്കും കഴിയില്ല. മോദിയെ രാഷ്ട്രീയമായി എങ്ങനെ നോക്കിക്കണ്ടാലും വലിയ സാധ്യതകളെയും വിപുലമായ തലങ്ങളെയും മുന്നിൽക്കണ്ട് ചിന്തിക്കാനുള്ള ഒരു സഹജവാസന അദ്ദേഹത്തിൽ പ്രകടമാണ്.
ലോകത്തിന് മുന്നിൽ സ്വന്തം സ്ഥാനത്തെക്കുറിച്ച് ഇന്ത്യ സംസാരിക്കുന്ന രീതിയിലും ഈയൊരു സഹജഭാവം ഞാൻ കണ്ടിട്ടുണ്ട്. മുന്നില്‍നിന്ന് നയിക്കാനും മത്സരിക്കാനും നിർമിക്കാനും നൂതനാശയങ്ങൾ സൃഷ്ടിക്കാനും ഒപ്പം സ്വന്തം ശബ്ദം ലോകത്തെ കേള്‍പ്പിക്കാനും ഇന്ത്യ ഇന്ന് ആഗ്രഹിക്കുന്നു.
പ്രകൃതി എന്റെ ഹൃദയത്തോട് ഏറെ ചേർന്നുനിൽക്കുന്ന ഒന്നാണ്. ഞാൻ കാസിരംഗയിൽ സമയം ചെലവഴിച്ചിട്ടുണ്ട്; കാണ്ടാമൃഗ സംരക്ഷണത്തിൽ അതീവ തല്പരനുമാണ്. വന്യജീവി സമ്പത്ത് സംരക്ഷിക്കാൻ ഇന്ത്യ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്; എന്നിൽ ഏറെ മതിപ്പുളവാക്കിയ ഒന്നാണത്. കാണ്ടാമൃഗങ്ങളെയും കടുവകളെയും സംരക്ഷിക്കുന്നതിൽ ഇന്ത്യ സുപ്രധാനമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. അതിനു പിന്നാലെയാണ് രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച ചീറ്റപ്പുലികളുടെ പുനരവതരണ പദ്ധതി നടപ്പാക്കിയത്. ഗുജറാത്തിലെ അപൂർവമായ ഏഷ്യാറ്റിക് സിംഹങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും ഞാൻ മനസിലാക്കി.
ഞാൻ മോദിയെ കണ്ടപ്പോൾ വന്യജീവികളോടുള്ള അദ്ദേഹത്തിന്റെ അതീവ താല്പര്യം വ്യക്തമായി പ്രകടമായിരുന്നു. ചീറ്റപ്പുലികളെ തുറന്നു വിട്ടതിനെക്കുറിച്ച് ഏറെ താല്പര്യത്തോടെ ഞങ്ങൾ സംസാരിച്ചപ്പോള്‍ ആ പദ്ധതിയിൽ അദ്ദേഹം എത്രമാത്രം ആവേശഭരിതനാണെന്ന് എനിക്ക് കാണാനായി. കടുവ, സിംഹം, പുലി തുടങ്ങിയ വന്യജീവി വർഗങ്ങളുടെ സംരക്ഷണത്തിന് ലോകരാജ്യങ്ങളെ ഒന്നിച്ചുനിര്‍ത്തി ഇന്ത്യ നേതൃത്വപരമായ പങ്കുവഹിക്കുന്ന "ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്' രൂപീകരിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
വര്‍ത്തമാനകാല ഇന്ത്യയിൽ എന്നെ ഏറ്റവുമാകർഷിക്കുന്ന കാര്യങ്ങളിലൊന്ന് ഇതാണ്. അതിവേഗ സാമ്പത്തിക-വ്യാവസായിക വളർച്ച ലക്ഷ്യമിടുന്ന അതേ രാജ്യം തന്നെയാണ് മൃഗസംരക്ഷണത്തിനും പ്രകൃതിദത്ത പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും വലിയ തോതിൽ നിക്ഷേപം നടത്തുന്നത്.
2022ൽ മോദിയിൽ നിന്ന് ലഭിച്ച മനോഹരമായ ഒരു കത്തിന് മറുപടിയായി ഞാനൊരു കുറിപ്പെഴുതിയിരുന്നു; 2003ൽ ഇന്ത്യയിൽ കാലുകുത്തിയത് മുതൽ ഓരോ സന്ദർശനത്തിലും ഈ രാജ്യത്തോടുള്ള എന്റെ സ്നേഹം കൂടിക്കൂടി വരികയാണെന്നായിരുന്നു അത്. ഇന്ത്യയിൽ എന്നെ ഏറ്റവും ആകർഷിച്ച ഘടകം എന്താണെന്ന ചോദ്യത്തിന് എനിക്ക് ലളിതമായ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ: ഇവിടുത്തെ മനുഷ്യർ. ഞാൻ വീണ്ടും വീണ്ടും ഇങ്ങോട്ട് മടങ്ങിയെത്തുന്നതിന് പ്രധാന കാരണം ഇവിടുത്തെ ജനങ്ങൾ തന്നെയാണ്.
കാലത്തിനൊപ്പം മാറുമ്പോഴും ഭാരതീയത നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കുന്നു എന്നതാണ് ഇന്ത്യയിലെ ജനങ്ങളിൽ എന്നെ ഏറ്റവുമധികം ആകർഷിക്കുന്ന ഘടകങ്ങളിലൊന്ന്. അതിപുരാതന ക്ഷേത്രങ്ങളും പാരമ്പര്യങ്ങളും ലോകത്തെ ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യകള്‍ക്കൊപ്പം ഇഴചേർന്നുനിൽക്കുന്നത് എനിക്ക് കാണാം. കുടുംബത്തോടും വിശ്വാസത്തോടും ഉത്സവങ്ങളോടും പ്രകൃതിയോടുമുള്ള ശക്തമായ ഇഴയടുപ്പം കാത്തുസൂക്ഷിച്ചു കൊണ്ടുതന്നെ ഇന്ത്യൻ യുവത ഭാവിയെ ഉറ്റുനോക്കുന്നു. പാരമ്പര്യത്തെയും ആധുനികതയെയും ഒന്നിച്ച് ചേർത്തുനിർത്തുന്ന മോദിയുടെ നിലപാടുകൾക്ക് തീർച്ചയായും ഇതില്‍ വലിയ പങ്കുണ്ട്.
25 വർഷമെന്നത് ഒരു അസാധാരണ നാഴികക്കല്ലാണ്. ഈ യാത്രയിൽ മോദിയെ അഭിനന്ദിക്കാനും അദ്ദേഹത്തിന് നല്ല ആരോഗ്യവും ഇനിയുമേറെ വർഷത്തെ സേവനജീവിതവും ആശംസിക്കാനും ഞാനാഗ്രഹിക്കുന്നു. കൂടുതല്‍ ആവേശകരമായ മറ്റൊരു അധ്യായത്തിലേക്ക് ചുവടുവയ്ക്കുന്ന ഇന്ത്യയ്ക്കും ഞാൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ഒരു യുവ ക്രിക്കറ്റ് താരമായാണ് ഞാൻ ആദ്യമായി ഇന്ത്യയിലെത്തുന്നത്. 2 പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഓരോ തവണ തിരിച്ചെത്തുമ്പോഴും എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങൾ ഞാൻ ഇവിടെ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. എങ്ങോട്ടാണ് പോകേണ്ടതെന്ന് വ്യക്തമായി അറിയാവുന്ന, അവിടേക്ക് എത്തിച്ചേരാൻ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു രാജ്യമാണ് ഇന്ന് ഞാൻ കാണുന്ന ഇന്ത്യ. ഈ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്നത് അതിശയകരമായ ഒരു അനുഭവം തന്നെയായിരിക്കും.