തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

അംഗങ്ങളായി പതിവ് മുഖങ്ങളെ മാറ്റി നിർത്തി കൂടുതൽ യുവാക്കളെ ഇറക്കിയും അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളെ നിയോഗിച്ചുമുള്ള ട്രെൻഡാണ് ഇത്തവണ
തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ | New trend Kerala local body elections

കെ.എസ്. ശബരിനാഥൻ

Updated on

പി.ബി. ബിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ച് മുന്നണികൾ. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ട്രയൽ എന്ന രൂപത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതെന്നതിനാൽ പഴയ രീതികൾ മാറ്റിയുള്ള പുതിയ പരീക്ഷണങ്ങളാണ് ആലോചിക്കുന്നത്. അംഗങ്ങളായി പതിവ് മുഖങ്ങളെ മാറ്റി നിർത്തി കൂടുതൽ യുവാക്കളെ ഇറക്കിയും അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളെ നിയോഗിച്ചുമുള്ള ട്രെൻഡാണ് ഇത്തവണ മൂന്ന് പ്രധാന മുന്നണികളും പരീക്ഷിക്കുന്നതെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് പിടിക്കാൻ താഴേത്തട്ടിൽ പ്രവർത്തനം ശക്തമാക്കി തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും പിടിച്ചെടുക്കണമെന്ന കർശന നിർദേശമാണ് യുഡിഎഫ് നേതൃത്വം പ്രദേശിക നേതാക്കൾക്ക് നൽകിയിരിക്കുന്നത്. തുടർഭരണത്തിനായി കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളോടെ കണ്ണൂർ കോർപ്പറേഷനടക്കം ആറ് കോർപ്പറേഷനുകളും ഇടതുമുന്നണിയോട് ചേർത്ത് നിർത്താനാണ് ഇടത് നീക്കം.

അതേസമയം, വിജയ സാധ്യത കൂടുതലുള്ള തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകൾ പിടിച്ചെടുക്കുന്നതിനൊപ്പം കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലും അംഗങ്ങളെ സൃഷ്ടിക്കണമെന്നും പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിലെത്തണമെന്ന നിർദേശമാണ് ബിജെപിയും നൽകിയിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും തിരുവനന്തപുരം കോര്‍പ്പറേഷൻ ലക്ഷ്യം വച്ച് മുന്നണികൾ സജീവമാക്കിക്കഴിഞ്ഞു. തലസ്ഥാന കോര്‍പ്പറേഷന്‍ പിടിക്കുക എന്നത് മൂന്നുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ്. മുൻ എംഎൽഎ കെ.എസ് ശബരിനാഥനെയടക്കം ഇറക്കിയുള്ള പരീക്ഷണത്തിന് യുഡിഎഫ് ഒരുങ്ങുമ്പോൾ, കെ. മുരളീധരനാണ് ഇത്തവണ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ തേരാളി. പത്ത് വാര്‍ഡുകളിലേക്കു ചുരുങ്ങിയ യുഡിഎഫിന് ശക്തമായി തിരിച്ചുവരണമെങ്കില്‍ നന്നായി വിയര്‍ക്കേണ്ടിവരും. ശബരിനാഥനൊപ്പം മണക്കാട് സുരേഷ്, ടി. ശരത്ചന്ദ്രപ്രസാദ് എന്നിവരടക്കമുള്ളവരുടെ പേരുകള്‍ ചര്‍ച്ചകളില്‍ സജീവമാണ്. എന്നാല്‍, മുതിര്‍ന്ന പല നേതാക്കളും കോര്‍പ്പറേഷനിലേക്ക് മത്സരിക്കാന്‍ സന്നദ്ധരല്ലെന്നാണ് സൂചന.

തലസ്ഥാനത്തെ മുൻ എംപിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് എൽഡിഎഫും. നിലവിലെ മേയർ ആര്യ രാജേന്ദ്രൻ തെരഞ്ഞെടുപ്പിനില്ലെന്ന സൂചന നൽകിയതോടെ, ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ എസ്.പി. ദീപക്കിനെയാണ് ഒരു വിഭാഗം മേയർ സ്ഥാനാർഥിയായി ഉയർ‌ത്തിക്കാട്ടുന്നത്. ഏരിയയിൽ നിന്ന് എസ്.എ. സുന്ദര്‍, മുന്‍ മേയര്‍ കെ. ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു, ആര്‍.പി. ശിവജി, ജയില്‍കുമാര്‍ എന്നിരും പ്രാഥമിക പട്ടികയിലുണ്ട്.

ബിജെപിയും മുതിർന്ന നേതാക്കളെയും യുവാക്കളെയുമാണ് തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്നത്.മുന്‍ ജില്ലാ പ്രസിഡന്‍റും കൗണ്‍സിലറുമായ വി.വി.രാജേഷ്, കരമന അജിത്ത്, എം.ആര്‍.ഗോപന്‍, വി.ജി.ഗിരികുമാര്‍ തുടങ്ങിയവരെല്ലാം വീണ്ടും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഭരണം ലഭിക്കുന്ന തരത്തിൽ മുതിർന്ന നേതാക്കളെയും യുവാക്കളെയും ഏകോപിച്ചുള്ള പട്ടിക തയാറാക്കാൻ മൂന്ന് മുന്നണികളും ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ എംഎൽഎമാർക്കുൾപ്പടെ ചുമതല നൽകിയുള്ള പ്രവർത്തനങ്ങളാണ് ഇടത് വലത് മുന്നണികൾ പദ്ധതിയിടുന്നതെങ്കിൽ പുതിയ എംഎൽഎമാരായെത്താൻ സാധ്യതയുള്ളവർക്കാണ് ബിജെപി ചുമതല നൽകുന്നത്. ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിലും നഗരസഭ-കോർപ്പറേഷനുകളിലും മികവ് പുലർത്തുന്നവർക്ക് നിയമസഭയിലേക്കുള്ള സീറ്റും പാർട്ടികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com