കെ.സി. വേണുഗോപാലിനു മുന്നിൽ തകര്‍ന്നത് സിപിഎമ്മിന്‍റെ വജ്രായുധങ്ങള്‍

വികസനം ചര്‍ച്ചയാകാതെ പോകുമായിരുന്ന തെരഞ്ഞെടുപ്പിനെ ഭരണവര്‍ഗത്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ പ്രചരണത്തിലേക്കു നയിച്ച കെ.സി. വേണുഗോപാലാണ് ഈ തെരഞ്ഞെടുപ്പിന്‍റെ അജണ്ട സെറ്റ് ചെയ്തത്
nilambur by election congress kc venugopal
K C Venugopalfile
Updated on

മലപ്പുറം: സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നുന്ന ജയം നേടി അടുത്ത നിയമാസഭാ തെരഞ്ഞെടുപ്പിനുള്ള കരുനീക്കം തുടങ്ങിക്കഴിഞ്ഞു. അസ്വാര്യസങ്ങളെയും അനൈക്യത്തേയും കൈപ്പാടകലെ നിര്‍ത്തിക്കൊണ്ടുള്ള യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് ഈ ഉപതെരഞ്ഞെടുപ്പ് വിജയം. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകൾക്കു ശേഷം ഇപ്പോള്‍ നിലമ്പൂരിലൂം കോണ്‍ഗ്രസും യുഡിഎഫും വെന്നിക്കൊടി നാട്ടിയിരിക്കുകയാണ്. വികസനം ചര്‍ച്ചയാകാതെ തീര്‍ത്തും വര്‍ഗീയ വിഷയത്തില്‍ മാത്രം ചര്‍ച്ച കേന്ദ്രീകരിച്ച് പോകുമായിരുന്ന തെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്‍റെ സൗന്ദര്യവും അവകാശവും ഒരിക്കല്‍ക്കൂടി പ്രകടിപ്പിക്കും വിധം ഭരണവര്‍ഗത്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രചരണത്തിലേക്ക് നയിച്ച കെ.സി. വേണുഗോപാലാണ് ഈ തെരഞ്ഞെടുപ്പിന്‍റെ അജണ്ട സെറ്റ് ചെയ്തതെന്നു പറയാം.

എല്‍ഡിഎഫ് പാളയത്തിന് കനത്ത നാശം വിതച്ച് സിപിഎം അവരുടെ തെരഞ്ഞെടുപ്പ് പ്രചരണ ആയുധപ്പുരയില്‍ സ്വരുക്കൂട്ടിയ വജ്രായുധങ്ങളോരോന്നായി നിര്‍വീര്യമാക്കുന്നതില്‍ നിര്‍ണായകമായത് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിയുടെ രാഷ്ട്രീയ നയതന്ത്ര കൗശലം കൂടിയാണ്. വരുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സിപിഎം കരുതിവെച്ചിരുന്ന ക്ഷേമപെന്‍ഷന്‍, ദേശീയപാത വികസനം എന്നീ രണ്ടു പ്രചാരണായുധങ്ങളുടെ പൊള്ളത്തരങ്ങളാണ് കെ.സി. വേണുഗോപാല്‍ പൊതുജനത്തിനു മുന്നിൽ തുറന്നുകാട്ടിയത്.

രാഷ്ട്രീയവും വികസനവും ചര്‍ച്ചയാകേണ്ട നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടം പി.വി. അന്‍വര്‍ എന്ന ബിന്ദുവില്‍ മാത്രം കേന്ദ്രീകരിച്ച് തണപ്പുന്‍ രീതിയില്‍ മുന്നോട്ടു പോകുമ്പോഴാണ് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.സി. വേണുഗോപാല്‍ ആദ്യ വെടിപൊട്ടിക്കുന്നത്. അത് കൃത്യമായി ലക്ഷ്യം ഭേദിച്ചു. ഉപതെരഞ്ഞെടുപ്പിലേക്ക് മാത്രമല്ല, അസന്നമാകുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള മികച്ച രാഷ്ട്രീയ നരേറ്റീവ് കൂടിയായിരുന്നു കെ.സി. വേണുഗോപാല്‍ അഴിച്ചുവിട്ടത്.

കരുതിവെച്ചിരുന്ന തന്ത്രം പാളിയതു തിരിച്ചറിഞ്ഞ സിപിഎം പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ക്ഷേമപെന്‍ഷന്‍, ദേശീയപാത എന്നിവ സംബന്ധിച്ച് കെ.സി. വേണുഗോപാല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പലപ്പോഴും ഇടതു ക്യാമ്പ് അടിപതറി. പ്രത്യാക്രമണത്തിനും പ്രതിരോധത്തിനും കഴിയാതെ കുഴങ്ങി. സാധാരണക്കാരന്‍റെ നികുതിപ്പണമൊഴുക്കുന്ന ദേശീയപാത നിര്‍മാണത്തിലെ അപാകതയും ക്രമക്കേടും ചൂണ്ടിക്കാട്ടുകയും അതില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധിക്കാന്‍ തയാറാകാത്ത സിപിഎമ്മിന്‍റെ ഇരട്ടത്താപ്പും പാപ്പരത്തവും തുറന്നുകാട്ടുകയും ചെയ്ത കെസിക്കു മുന്നിൽ ഇടതു ക്യാമ്പ് ആടിയുലഞ്ഞു. അത്തരമൊരു ആക്രമണം സിപിഎം ക്യാമ്പ് പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് കെ.സി. വേണുഗോപാലിനെ മാത്രം ലക്ഷ്യം വച്ചുള്ള പ്രത്യാക്രമണമാണ് പിന്നീട് എല്‍ഡിഎഫ് ക്യാമ്പ് നടത്തിയത്. പക്ഷേ, സിപിഐ അതില്‍ നിന്ന് അകലം പാലിച്ചു. കാരണം കെ.സി. വേണുഗോപാല്‍ ഉന്നയിച്ച കാര്യങ്ങള്‍ ജനം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുവന്ന തിരിച്ചറിവാണ് അവരെ പിന്‍മാറാന്‍ പ്രേരിപ്പിച്ചത്.

ക്ഷേമ പെന്‍ഷന്‍ കുടിശിക വരുത്തുന്നതുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ യഥാര്‍ഥത്തില്‍ സിപിഎം കരുതിവച്ച അവരുടെ ആയുധപ്പുരയിലെ ഏറ്റവും വീര്യമുള്ള ആയുധത്തെ നിര്‍വീര്യമാക്കുന്നതായിരുന്നു. കെ.സി. വേണുഗോപാല്‍ ഉന്നയിച്ച രണ്ട് വിഷയങ്ങളും സിപിഎമ്മിനെ പൂര്‍ണമായും നിരായുധീകരിച്ചു എന്നു തന്നെ പറയാം. കൊവിഡ് പശ്ചാത്തലത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കിറ്റിലൂടെ ഭരണം നിലനിര്‍ത്തിയ സിപിഎം ഇത്തവണയും അണിയറയില്‍ തിരക്കഥ തയാറാക്കിയ മറ്റൊരു തന്ത്രമായിരുന്നു മുടക്കം തീര്‍ത്ത് നല്‍കുന്ന ക്ഷേമപെന്‍ഷനും വീട്ടമ്മമാര്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയും. എന്നാല്‍, ഇവയെല്ലാം സിപിഎമ്മിന് തെരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രമാണെന്ന് കൃത്യമായി പറഞ്ഞുവെയ്ക്കാന്‍ കെ.സി.വേണുഗോപാലിനായി. കൂടാതെ ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും വഴി തുറന്നിടുകയും ചെയ്തു.

കെ.സി. വേണുഗോപാലിന്‍റെ ആരോപണം ശരിവയ്ക്കുന്നത് പോലെയായി ചട്ടപ്പടി പതിവ് തെറ്റിക്കാതെയുള്ള നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതിക്ക് നാലുദിവസം മുന്നെ ജൂണ്‍ 20ന് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ ഉത്തരവ്. ക്ഷേമ പെന്‍ഷന്‍ എന്ന അക്ഷയപാത്രത്തിലൂടെ തുടര്‍ഭരണം എന്ന സ്വപ്നമാണ് കെ.സി.വേണുഗോപാല്‍ കരിച്ചുകളഞ്ഞതെന്ന് പറഞ്ഞാലും തെറ്റില്ല. ഒരുപക്ഷെ, ഈ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട ചര്‍ച്ച വിഷയമായി ക്ഷേമപെന്‍ഷന്‍ മാറിയത് സാധാരണക്കാരന് ഗുണം ചെയ്തു എന്നുവേണം കരുതാന്‍. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സര്‍ക്കാരിനും ഒടുവില്‍ കെ.സി. വേണുഗോപാലിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവന്നുയെന്ന് മാത്രമല്ല, കുടിശ്ശിക തീര്‍ത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി. എന്നാല്‍, സര്‍ക്കാര്‍ കുടിശ്ശികവരുത്തിയ ക്ഷേമനിധി പെന്‍ഷന്‍, അടിസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്നിവയില്‍ക്കൂടി ചര്‍ച്ച കെ.സി. വേണുഗോപാല്‍ നയിച്ചപ്പോള്‍ അപകടം തിരിച്ചറിഞ്ഞ എല്‍ഡിഎഫും മുഖ്യമന്ത്രിയും ക്ഷേമപെന്‍ഷനില്‍ നിന്ന് കുടിശ്ശകയ്ക്ക് മാത്രം മറുപടി പറയാനാണ് തുനിഞ്ഞതെന്നും ശ്രദ്ധേയമാണ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കൃത്യമായി രാഷ്ട്രീയം പറയാന്‍ മടിച്ച് നിന്നിടത്താണ് ഈ നാട് ചര്‍ച്ച ചെയ്യേണ്ട ജനകീയ വിഷയത്തിലേക്ക് കെ.സി. വേണുഗോപാല്‍ ചര്‍ച്ചകള്‍ കൊണ്ടുപോയത്. മാത്രവുമല്ല, സര്‍ക്കാരിന്‍റെ ശേഷിക്കുന്ന ചുരുങ്ങിയമാസം ക്ഷേമപെന്‍ഷന്‍ വിതരണം മുടക്കമില്ലാതെ നടത്തിയും അവസാനകാലത്ത് ജനത്തെ പറ്റിക്കാന്‍ നേരിയ വര്‍ധനവ് വരുത്തി തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാം എന്ന സിപിഎമ്മിന്‍റെ കണക്ക് കൂട്ടലിലെ ദുഷ്ടലാക്ക് കൃത്യതയോടെ എടുത്തു ജനമധ്യത്തിലിടാനും കെ.സി.വേണുഗോപാലിനായി. അതിനാല്‍ സിപിഎം ഇനിയങ്ങോട്ട് പ്രധാന ശത്രുവായി കാണുന്നത് കെ.സി.വേണുഗോപാലിനെ തന്നെയായിരിക്കും. അത് സിപിഎം നേതാക്കളുടെ പ്രതികരണത്തിലൂടെ വ്യക്തവുമാണ്. സിപിഎമ്മിന് കെ.സി.വേണുഗോപാല്‍ സൃഷ്ടിച്ച തലവേദന ചില്ലറയല്ല. ഒടുവില്‍ ഇസ്രയേല്‍ വിഷയത്തിലെയും മതവിശ്വാസങ്ങളില്‍ സിപിഎമ്മിന്‍റെ ദ്വയനിലപാടും കെ.സി.വേണുഗോപാല്‍ തുറന്നുകാട്ടുകയും ചെയ്തു. സര്‍ക്കാരിന്‍റെ ഭരണപരാജയം,കെടുകാര്യസ്ഥ്യത, ധൂര്‍ത്ത്,അഴിമതി എന്നിവയും വര്‍ഗീയ ശക്തികളുമായുള്ള സിപിഎമ്മിന്‍റെ അവിശുദ്ധ ബന്ധവും വേണുഗോപാല്‍ തുറന്നുകാട്ടുകയും ചെയ്തു. മികച്ച രാഷ്ട്രീയ നരേറ്റീവിലൂടെ കോണ്‍ഗ്രസിനും യുഡിഎഫിനും നല്ലൊരുവസരമാണ് കെ.സി.വേണുഗോപാല്‍ തുറന്നിട്ടിരിക്കുന്നത്. ഇത് ഫലപ്രദമായി ഉപയോഗിച്ചാല്‍ അടുത്ത സര്‍ക്കാര്‍ കേരളത്തില്‍ യുഡിഎഫിന്‍റെതാക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com