നിലമ്പൂരിൽ സിപിഎമ്മിനും കോൺഗ്രസിനും ജയിച്ചേ തീരൂ

യുഡിഎഫിന്‍റെ സ്ഥാനാർഥി ജയിച്ചില്ലെങ്കിൽ രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയ പി.വി. അൻവർ കേരള രാഷ്ട്രീയത്തിൽ അപ്രസക്തനാവും
nilambur by election ldf udf pv anwar

നിലമ്പൂരിൽ സിപിഎമ്മിനും കോൺഗ്രസിനും ജയിച്ചേ തീരൂ

Updated on

എം.ബി. സന്തോഷ്

തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കേ ജൂൺ 19ന് നടക്കുന്ന നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനും കോൺഗ്രസിനും ജയിച്ചേ തീരൂ. യുഡിഎഫിന്‍റെ സ്ഥാനാർഥി ജയിച്ചില്ലെങ്കിൽ രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയ പി.വി. അൻവർ കേരള രാഷ്ട്രീയത്തിൽ അപ്രസക്തനാവും. ബിജെപി പുതിയ പരീക്ഷണത്തിലൂടെ പ്രസിഡന്‍റിനെ തെരഞ്ഞെടുത്ത സാഹചര്യത്തിൽ വോട്ട് വിഹിതം ഉയർത്തിയേ മതിയാവൂ.

കോൺഗ്രസിന്‍റെ ഉറച്ച കോട്ടയാണെങ്കിലും കഴിഞ്ഞ രണ്ടുതവണയായി യുഡിഎഫിൽ വിള്ളലുണ്ടാക്കി, അൻവറിലൂടെ നിലമ്പൂരിൽ എൽഡിഎഫ് കൊടിപാറിക്കുകയായിരുന്നു. അൻവർ കൂടി യുഡിഎഫിന് അനുകൂലമാവുമ്പോൾ കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും അനുകൂലമാണ് നിലമ്പൂരിന്‍റെ രാഷ്ട്രീയ കാലാവസ്ഥ. ഭരണവിരുദ്ധവികാരം കൂടിയാവുമ്പോൾ വമ്പൻ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.

നിലമ്പൂരിൽ പ്രിയങ്ക ഗാന്ധിക്ക് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കിട്ടിയ 65,132 വോട്ടിനടുത്ത് യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിക്കൂടെന്നില്ലെന്നും അവർ പ്രതീക്ഷിക്കുന്നു.

രണ്ടാം പിണറായി സർക്കാരിന്‍റെ നാലാം വാർഷികം പിന്നിട്ട ഉടനെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ, നിലമ്പൂർ നിലനിർത്തിയാൽ മൂന്നാം തുടർഭരണം എന്ന മുദ്രാവാക്യം കേരളത്തിന്‍റെ മുന്നിൽ ഉറപ്പിക്കാനാവുമെന്നാണ് സിപിഎമ്മിന്‍റെ പ്രതീക്ഷ. കോണ്‍ഗ്രസ് കുത്തക പൊളിച്ചത് സിപിഎമ്മിന്‍റെ പ്രവര്‍ത്തനഫലമായാണെന്നും, അൻവർ എന്ന സ്ഥാനാർഥിയുടെ വ്യക്തിപരമായ മികവല്ല എന്ന് തെളിയിക്കാനും സിപിഎമ്മിന് ജയം അനിവാര്യം.

ബിജെപിക്ക് കാര്യമായ വോട്ടുവിഹിതമില്ലാത്ത മണ്ഡലമാണ് നിലമ്പൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 8595 വോട്ടാണ് കിട്ടിയത്. ഇക്കുറി വോട്ടുവിഹിതം ഗണ്യമായി വർധിപ്പിച്ചാൽ പുതിയ സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിന് തലയുയർത്തി നിൽക്കാം. കോൺഗ്രസിന് വെല്ലുവിളിയാവുമെന്ന് കരുതുന്നത് സ്ഥാനാർഥി നിർണയമാണ്. നിലമ്പൂരിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎയായിരുന്ന ആര്യാടൻ മുഹമ്മദിന്‍റെ മകൻ ആര്യാടൻ ഷൗക്കത്തും മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയിയുമാണ് സ്ഥാനാർഥി പരിഗണനയിൽ മുന്നിലുള്ളത്.

ജോയിക്കുവേണ്ടി അൻവർ പരസ്യമായി രംഗത്തുവന്നിരുന്നു. കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിലെ അസംതൃപ്തി കണക്കിലെടുത്താവും സിപിഎമ്മിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം. മലപ്പുറം ജില്ലാ രൂപീകരണത്തിനുശേഷം നിലമ്പൂരിൽ ടി.കെ. ഹംസ മുതൽ അൻവർ വരെ ഇടതുവിജയികൾ സ്വതന്ത്രരായിരുന്ന സാഹചര്യത്തിൽ ഇക്കുറിയും ആ പരീക്ഷണത്തിന് സാധ്യത ഏറെയാണ്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല കെപിസിസി വർക്കിങ് പ്രസിഡന്‍റായി നിയോഗിക്കപ്പെട്ട എ.പി. അനില്‍കുമാറിനാണ്. സിപിഎമ്മിന്‍റെ പ്രവര്‍ത്തനങ്ങളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനാണ് നല്‍കിയിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com