നിതി ആയോഗിന്‍റെ മനുഷ്യ മൂലധന വിപ്ലവം

65%ത്തിലധികം ജനങ്ങൾ 35 വയസിനു താഴെയുള്ള ഈ രാജ്യത്ത്, ജനസംഖ്യാപരമായ ലാഭവിഹിതം ഒരു തലമുറയിലൊരിക്കൽ ലഭിക്കുന്ന ഒരു അവസരം നൽകുന്നു.
NITI Aayog's Human Capital Revolution

നിതി ആയോഗിന്‍റെ മനുഷ്യ മൂലധന വിപ്ലവം

Updated on

റാവു ഇന്ദർജിത് സിങ്

വിശാലവും വൈവിധ്യപൂർണവുമായ ഈ രാജ്യത്ത്, പുരോഗതിയുടെ യഥാർഥ അളവുകോൽ ജിഡിപി കണക്കുകളിലോ അടിസ്ഥാന സൗകര്യ നാഴികക്കല്ലുകളിലോ മാത്രമല്ല, ഒരു രാഷ്‌ട്രം അതിന്‍റെ ജനങ്ങളെ എത്രത്തോളം പരിപോഷിപ്പിക്കുന്നു എന്നതിലാണ്. നമ്മുടെ വിദ്യാഭ്യാസം, കഴിവുകൾ, ആരോഗ്യം, ഉത്പാദനക്ഷമത എന്നിവ വെറും സാമ്പത്തിക ആസ്തിയല്ല, മറിച്ച് ധാർമിക അനിവാര്യതയാണ്. 10 വർഷത്തിനിടെ, ഇന്ത്യയുടെ നയരൂപീകരണത്തിൽ സുപ്രധാന പങ്കുള്ള നിതി ആയോഗിന്‍റെ നേതൃത്വത്തിൽ നിശബ്ദവും എന്നാൽ ശക്തവുമായ ഒരു വിപ്ലവം രൂപപ്പെട്ടു.

65%ത്തിലധികം ജനങ്ങൾ 35 വയസിനു താഴെയുള്ള ഈ രാജ്യത്ത്, ജനസംഖ്യാപരമായ ലാഭവിഹിതം ഒരു തലമുറയിലൊരിക്കൽ ലഭിക്കുന്ന ഒരു അവസരം നൽകുന്നു. എന്നാൽ ഈ യുവ ജനസംഖ്യയുടെ വലിയ തോത് വലിയ ഉത്തരവാദിത്തം കൊണ്ടുവരുന്നു. യുവത്വത്തിന്‍റെ ഊർജത്തെ സാമ്പത്തിക വളർച്ചയ്ക്കും ദേശീയ വികസനത്തിനുമുള്ള ശക്തിയാക്കി മാറ്റുക എന്നതാണ് വെല്ലുവിളി. ഇവിടെയാണ് നിതി ആയോഗ് ദർശനാത്മക ഉത്തേജകമായി ഉയർന്നുവന്നിരിക്കുന്നത് - ഇന്നത്തെ പുരോഗതിക്കു മാത്രമല്ല, നാളത്തെ അഭിവൃദ്ധിക്കും ഒരു മാർഗരേഖ രൂപപ്പെടുത്തുന്നു.

നിതി ആയോഗ് കഴിഞ്ഞ ദശകം ഒരു തിങ്ക് ടാങ്കിൽ നിന്ന് പരിഷ്കരണവാദിയായ ഒരു എൻജിനായും നിർവഹണ പങ്കാളിയായും പരിണമിച്ചു, ഡാറ്റ, സഹകരണം, മനുഷ്യ കേന്ദ്രീകൃത രൂപകൽപ്പന എന്നിവയുടെ പിന്തുണയുള്ള ധീരമായ ആശയങ്ങൾക്ക് പേരുകേട്ടതാണിത്. മുകളിൽ നിന്നു താഴേയ്ക്കുള്ള പരിശ്രമങ്ങളിൽ നിന്ന് സംസ്ഥാനങ്ങൾ, സ്വകാര്യ കമ്പനികൾ, ആഗോള സ്ഥാപനങ്ങൾ, പൊതു സമൂഹം എന്നിവയുമായുള്ള സഹവർത്തിത്വത്തിന്‍റെ ചലനാത്മക പ്രക്രിയയിലേക്ക് ഇത് നയരൂപീകരണത്തെ മാറ്റി.

മനുഷ്യ മൂലധനത്തിന്‍റെ അടിത്തറയായ വിദ്യാഭ്യാസം, അതിന്‍റെ മാർഗനിർദേശത്തിൽ പൂർണമായ പുനർവിചിന്തനത്തിന് സാക്ഷ്യം വഹിച്ചു. പ്രവേശനം മാത്രം പോരാ എന്നു തിരിച്ചറിഞ്ഞ്, നിതി ആയോഗ് ഗുണനിലവാരത്തിനും തുല്യതയ്ക്കും വേണ്ടി പ്രയത്നിച്ചു. നിർണായക പങ്ക് വഹിച്ച ദേശീയ വിദ്യാഭ്യാസ നയം- 2020 ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു, മനഃപാഠ പഠനത്തിൽ നിന്ന് വിമർശനാത്മക ചിന്തയിലേക്കും രൂപപ്പെടുത്തലിലേക്കും തൊഴിൽ സംയോജനത്തിലേക്കും മാറാൻ സഹായിച്ചു. ബാല്യകാല വിദ്യാഭ്യാസം, മാതൃഭാഷയിലുള്ള പഠനം, വിഷയങ്ങൾ തമ്മിലുള്ള തടസമില്ലാത്ത പരിവർത്തനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി. അടൽ ഇന്നൊവേഷൻ മിഷൻ പോലുള്ള സംരംഭങ്ങളിലൂടെ, ഉത്തരവാദിത്തവും ഭാവനയും ഉറപ്പാക്കി- ഇപ്പോൾ രാജ്യത്തെ 10,000ത്തിലധികം അടൽ ടിങ്കറിങ് ലാബുകളിൽ നൂതനാശങ്ങൾ ഉൾപ്പെടുത്തി.

21ാം നൂറ്റാണ്ടിലേക്ക് യുവാക്കളെ നൈപുണ്യവൽക്കരിക്കുക എന്നത് ദൗത്യത്തിന്‍റെ മറ്റൊരു അടിസ്ഥാനമാണ്. സ്‌കിൽ ഇന്ത്യ ദൗത്യത്തെ പിന്തുണയ്ക്കുന്നതു മുതൽ ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാം വഴി തൊഴിലധിഷ്ഠിത പരിപാടികൾ പിന്നാക്ക ജില്ലകളുടെ ഹൃദയഭാഗത്ത് എത്തുന്നു എന്ന് ഉറപ്പാക്കുന്നതു വരെ, ക്ലാസ് മുറിയും കരിയറും തമ്മിലുള്ള വിടവു നികത്താൻ നിതി ആയോഗ് സഹായിച്ചു. സ്‌കിൽ ഇന്ത്യ മിഷനു കീഴിൽ സാങ്കേതികവിദ്യ, വ്യവസായ ബന്ധങ്ങൾ, ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി എന്നിവ സംയോജിപ്പിക്കുന്ന സംരംഭങ്ങളിലൂടെ ഒന്നരക്കോടിയിലധികം യുവജനങ്ങൾക്ക് പരിശീലനം നൽകി. മേഖലാ ആവശ്യങ്ങൾ മാപ്പ് ചെയ്യുകയും ഗ്രാമീണ, നഗര യുവാക്കൾക്ക് ഒരുപോലെ യഥാർഥ സാമ്പത്തിക വാതിലുകൾ തുറക്കുന്ന പരിപാടികൾ രൂപകൽപ്പന ചെയ്യുകയും ചെയ്തു.

സമാന്തരമായി, ചലനാത്മകവും ഉൾക്കൊള്ളുന്നതുമായ തൊഴിൽ വിപണിയെ ഉയർത്തിക്കാട്ടി. വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങൾ, തൊഴിൽ സുരക്ഷ എന്നിവയെക്കുറിച്ചുള്ള 4 ലളിതമായ കോഡുകളായി 44 കേന്ദ്ര തൊഴിൽ നിയമങ്ങളെ യുക്തിസഹമാക്കുന്നതിനെ ഇത് പിന്തുണച്ചു. ഈ പരിഷ്കാരങ്ങൾ തൊഴിലാളി സംരക്ഷണത്തിലൂടെ തൊഴിലുടമയ്ക്കും പിന്തുണയേകി. പ്രത്യേകിച്ച്, ഭൂരിഭാഗം തൊഴിലാളികളെയും ഉൾക്കൊള്ളുന്ന അനൗപചാരിക മേഖലാ തൊഴിലാളികൾക്ക് പ്രയോജനം ചെയ്തു. ജോലി സ്ഥലം കൂടുതൽ ഉത്പാദനക്ഷമതയുള്ളതായി. കൂടുതൽ മാനുഷികമായും മാറി.

ആരോഗ്യ സംരക്ഷണം ഒരു നിക്ഷേപമായി പുനർനിർമിക്കപ്പെട്ടു. രോഗം വന്ന ശേഷമുള്ള ചികിത്സയിൽ നിന്ന് മുൻകൂർ ക്ഷേമത്തിലേക്കുള്ള മാറ്റം സൃഷ്ടിക്കാൻ നിതി ആയോഗ് സഹായിച്ചു. നിതി ആയോഗിന്‍റെ പിന്തുണയോടെയും നിരീക്ഷണത്തിലൂടെയും നടപ്പിലാക്കിയ മുൻനിര പദ്ധതിയായ ആയുഷ്മാൻ ഭാരത് 50 കോടിയിലധികം പേർക്ക് ആരോഗ്യ ഇൻഷ്വറൻസ് നൽകി, അതേസമയം ഒന്നര ലക്ഷത്തിലധികം ആരോഗ്യ- ക്ഷേമ കേന്ദ്രങ്ങൾ അടിസ്ഥാന തലത്തിലേക്ക് പ്രാഥമിക പരിചരണം എത്തിച്ചു. രോഗികളെ സുഖപ്പെടുത്തുക മാത്രമല്ല, ആളുകളെ ആരോഗ്യത്തോടെ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടികൾ പോഷകാഹാരം, മാതൃ- ശിശു ആരോഗ്യം, മാനസിക ക്ഷേമം, സാംക്രമികേതര രോഗങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ളതായിരുന്നു.

കൊവിഡ്-19 മഹാമാരി നമ്മുടെ ആരോഗ്യ സംവിധാനത്തിന്‍റെ പ്രതിരോധശേഷി മുമ്പൊരിക്കലുമില്ലാത്ത വിധം പരീക്ഷിച്ചു. ആ പ്രതിസന്ധിയിൽ, അണുബാധാ പാറ്റേണുകൾ മാതൃകയാക്കാനും തുല്യമായ മെഡിക്കൽ വിഭവ വിഹിതം ഉറപ്പാക്കാനും ടെലി മെഡിസിനായി ഇ- സഞ്ജീവനി പോലുള്ള പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കാനും നിതി ആയോഗ് ആരോഗ്യ മന്ത്രാലയവുമായും ഐസിഎംആറുമായും സഹകരിച്ച് മുന്നിട്ടുനിന്നു.

ഈ മേഖലകൾക്കപ്പുറം, സംരംഭകത്വത്തിനും നവീകരണത്തിനും മാർഗദീപമായി നിതി ആയോഗ് മാറി. സ്റ്റാർട്ട്-അപ്പ് ഇന്ത്യ, സ്റ്റാൻഡ്-അപ്പ് ഇന്ത്യ, അടൽ ഇന്നൊവേഷൻ മിഷൻ തുടങ്ങിയ പരിപാടികൾ തഴച്ചുവളരാൻ ഫലഭൂയിഷ്ഠമായ ആവാസ വ്യവസ്ഥ സൃഷ്ടിച്ചു. ഫിൻടെക്, എഡ്ടെക്, അഗ്രോടെക്, ഹെൽത്ത്ടെക്, ക്ലീൻ എനർജി എന്നിവയിലെ ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ ഇന്ന് അഭിവൃദ്ധി പ്രാപിക്കുന്നത് അവയ്ക്ക് നിർണായക ഘട്ടങ്ങളിൽ നയ പിന്തുണ, ഇൻകുബേഷൻ, മെന്‍റർഷിപ്പ് എന്നിവ ഉണ്ടായിരുന്നതിനാലാണ്. ഇവ വെറും വ്യവസായങ്ങൾ മാത്രമല്ല; തൊഴിൽ സ്രഷ്ടാക്കളും പ്രശ്‌നപരിഹാരകരുമാണ്. കരുത്തുറ്റ, സ്വാശ്രയ ഇന്ത്യയ്ക്ക് ഇത് സംഭാവന നൽകുന്നു.

തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണ സംസ്കാരത്തെ സ്ഥാപനവൽക്കരിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം. ബിഗ് ഡാറ്റ, നിർമിത ബുദ്ധി, റിയൽ-ടൈം ഡാഷ്‌ബോർഡുകൾ, കർശനമായ നിരീക്ഷണ ചട്ടക്കൂടുകൾ എന്നിവ ഉപയോഗിച്ച് നയങ്ങൾ പൊരുത്തപ്പെടുത്താവുന്നതും ഉത്തരവാദിത്തമുള്ളതും അടിസ്ഥാന യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതുമാണെന്ന് ഉറപ്പാക്കി. രാജ്യത്തെ ആദ്യ എസ്ഡിജി സൂചിക ആരംഭിക്കുന്നതായാലും, പ്രകടന അളവുകോലുകളിൽ സംസ്ഥാനങ്ങളെ നയിക്കുകയായാലും നിതി ആയോഗ് ശാസ്ത്രീയ ചിന്തയെ ഭരണത്തിന്‍റെ ഹൃദയത്തിലേക്ക് കൊണ്ടുവന്നു.

മന്ത്രാലയങ്ങളെയും മേഖലകളെയും ഏകോപിപ്പിക്കാനും യോഗം ചേരാനുമുള്ള അതിന്‍റെ കഴിവ് അതിനെ ഒരു ഉപദേശക സമിതിയേക്കാൾ ഉപരി വികസനത്തിന്‍റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാക്കി മാറ്റി. പ്രകടനത്തെ അടിസ്ഥാനമാക്കിയ റാങ്കിങ്ങിലൂടെ സംസ്ഥാനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിച്ചു, പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങൾ വർധിപ്പിക്കാൻ പൊതു സമൂഹവുമായി പ്രവർത്തിച്ചു, മികച്ച രീതികൾ രാജ്യത്തേക്കു കൊണ്ടുവരാൻ ആഗോള പങ്കാളികളെ ഉൾപ്പെടുത്തി. ആഗോള നൂതനാശയ സൂചികയിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന സ്ഥാനവും യുഎൻ, ലോക ബാങ്ക്, യുനെസ്കോ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രശംസയും ഈ ശ്രമത്തിനുള്ള ലോകത്തിന്‍റെ അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്നു.

ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനേക്കാൾ, സുസ്ഥിരവും ഉൾക്കൊള്ളുന്നതും ഭാവിക്ക് തയാറായതുമായ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിലാണ് നിതി ആയോഗ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ശുദ്ധമായ ഊർജം, ഹരിത ഗതാഗതം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ മുതൽ ജോലി സ്ഥലങ്ങളിലെ ലിംഗസമത്വം വരെയുള്ള എല്ലാ സംരംഭങ്ങളിലും അതിന്‍റെ പ്രതിബദ്ധത പ്രകടമാണ്.

ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥ എന്ന നിലയിലുള്ള ഇന്ത്യയുടെ ഉയർച്ച ഇനി വിദൂര സ്വപ്നമല്ല. വികസനത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുകയാണ് നിതി ആയോഗ് ചെയ്തത്. അംബരചുംബികളോ വലിയ ഫാക്റ്ററികളോ അല്ല, മറിച്ച് ജനങ്ങളുടെ ശക്തി, ആരോഗ്യം, അന്തസ് എന്നിവയാണ് യഥാർഥ പുരോഗതി അളക്കുന്നതെന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, അത് ഒരു തിങ്ക് ടാങ്കിനേക്കാൾ മുകളിലാണ്. സ്വപ്നം കാണുന്ന, ധീരതയുള്ള, പ്രവർത്തിക്കുന്ന യുവ ഇന്ത്യയുടെ സ്പന്ദനമായി ഇത് മാറിയിരിക്കുന്നു. ഈ കഥയുടെ കാതൽ, നിങ്ങൾ ജനങ്ങളിൽ നിക്ഷേപിക്കുമ്പോൾ, നിങ്ങൾ ഒരു മികച്ച സമ്പദ്‌വ്യവസ്ഥ മാത്രമല്ല, മികച്ച രാഷ്‌ട്രവും കെട്ടിപ്പടുക്കുന്നു എന്ന ആത്മവിശ്വാസമാണ്.

[കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം സഹമന്ത്രിയും (സ്വതന്ത്ര ചുമതല), സാംസ്കാരിക വകുപ്പ് സഹമന്ത്രിയുമാണ് ലേഖകൻ]

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com