അധികാരത്തിലേക്കുള്ള ഉയര്‍ച്ച, അതിശയിപ്പിച്ച പതനം

പാക്കിസ്ഥാനില്‍ അഴിമതി രഹിതമായൊരു ഭരണത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഇമ്രാനെ ഒടുവില്‍ അഴിമതിക്കുറ്റത്തിന്‍റെ പേരില്‍ രാജ്യം തുറങ്കിലടച്ചു
Imran khan

ഇമ്രാൻ ഖാൻ 

file photo

Updated on

ആന്‍റണി ഷെലിൻ

ക്രിക്കറ്റ് മൈതാനത്ത് ഇമ്രാന്‍ ഖാനെ ലോകം കണ്ടത് തികഞ്ഞ ഒരു പോരാളിയുടെ രൂപത്തിലാണ്. ബാറ്റ്‌സ്മാന് നേരേ ഒരു കൊലയാളിയെ പോലെ പന്തെറിഞ്ഞ ഇമ്രാന് മത്സരഫലം മുന്‍കൂട്ടി കണ്ടറിയാൻ പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു. എന്നാല്‍ കായിക ജീവിതത്തില്‍ നിന്ന് വിരമിച്ച് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ച ഇമ്രാന് പലകാര്യങ്ങളും മുന്‍കൂട്ടി അറിയാന്‍ സാധിക്കാതെ വന്നു.

പാക്കിസ്ഥാനില്‍ അഴിമതി രഹിതമായൊരു ഭരണത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഇമ്രാനെ ഒടുവില്‍ അഴിമതിക്കുറ്റത്തിന്‍റെ പേരില്‍ രാജ്യം തുറങ്കിലടച്ചു. രാജാവിനെ പോലെ ജീവിച്ച, ഗ്രീക്ക് ദൈവത്തെപ്പോലെ ലോകം ആരാധിച്ച, സ്വന്തം ഇച്ഛാശക്തിയില്‍ മാതൃരാജ്യത്തിനു വേണ്ടി ലോകകപ്പ് നേടിക്കൊടുത്ത ഒരു മനുഷ്യന്‍-അതാണ് ഇമ്രാന്‍ ഖാന്‍. വസീം അക്രത്തെയും വഖാറിനെയും ഇന്‍സമാമിനെയും പോലുള്ള ലോകോത്തര കളിക്കാരെ കണ്ടെത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റിന് സമ്മാനിച്ചതും ഇമ്രാന്‍ ഖാന്‍ ആണ്.

A tireless fighter on the cricket field

ക്രിക്കറ്റ് മൈതാനത്തെ തളരാത്ത പോരാളി

file photo 

ക്രിക്കറ്റ് മൈതാനത്ത് തളരാത്ത പോരാളിയായി ലോകം ഇമ്രാനെ പലതവണ കണ്ടു. അവിടെ വിധി എന്നും ഇമ്രാന് അനുകൂലമായിരുന്നു. അയാള്‍ ആഗ്രഹിച്ച മത്സരഫലമാണ് അയാള്‍ക്കായി വിധി സമ്മാനിച്ചത്. പക്ഷേ ഇമ്രാന്‍റെ രാഷ്‌ട്രീയ ജീവിതം ഒരു ഗ്രീക്ക് ദുരന്തകഥ പോലെ ഹൃദയഭേദകമാണ്. അവിടെ വിധി പ്രവര്‍ത്തിച്ചത് ഇമ്രാന്‍റെ ആഗ്രഹങ്ങള്‍ക്ക് വിപരീതമായാണ്. ഒരുകാലത്ത് ലോകം ആഘോഷിച്ച ഒരു താരം ഇപ്പോള്‍ റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍ അവഗണനയേറ്റ് നരകതുല്യമായ ജീവിതം നയിച്ച് ദിവസങ്ങള്‍ തള്ളി നീക്കുന്നു.

14 താരങ്ങള്‍ ഇമ്രാന് വേണ്ടി രംഗത്ത്

സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് എന്നിവരുള്‍പ്പെടെ ലോക ക്രിക്കറ്റിലെ 14 ഇതിഹാസങ്ങള്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനോട് നീതിപൂര്‍വവും മനുഷ്യത്വപരവുമായി പെരുമാറണമെന്ന് പാക് ഭരണകൂടത്തോട് അഭ്യര്‍ഥിച്ച് രംഗത്ത് വന്നത് ഇക്കഴിഞ്ഞ ദിവസമാണ്. ഏറ്റവും ശ്രദ്ധേയമായത് ഈ 14 പേര്‍ നടത്തിയ അഭ്യര്‍ഥനയില്‍ ഒരാള്‍ പോലും പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ പ്രതിനിധീകരിച്ച് ഇല്ലായിരുന്നു എന്നതാണ്.

Imran and his wife

ഇമ്രാനും ഭാര്യയും 

FILE PHOTO

തടവ്ശിക്ഷ

2022ല്‍ പാര്‍ലമെന്‍റില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം 74കാരനായ ഇമ്രാന്‍ ഖാനെതിരേ അഴിമതിക്കുറ്റം ഉള്‍പ്പെടെ ഡസന്‍ കണക്കിന് കേസുകളാണ് ചുമത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ അദിയാല ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍റെ കണ്ണിന്‍റെ കാഴ്ചശക്തിക്ക് ഗുരുതര തകരാറ് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്നാണ് 14 ക്രിക്കറ്റ് ഇതിഹാസങ്ങള്‍ അഭ്യര്‍ഥനയുമായി രംഗത്തുവന്നത്.

2018-22 കാലയളവില്‍ പാക്കിസ്ഥാന്‍റെ പ്രധാനമന്ത്രിയായിരുന്നു ഇമ്രാന്‍ ഖാന്‍. എന്നാല്‍ നിരവധി അഴിമതി ആരോപണങ്ങള്‍ ഇമ്രാനെതിരേ ഉയര്‍ന്നുവന്നതോടെ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി. 2023ല്‍ ഇമ്രാനെ ജയിലിലേക്കും അയച്ചു.

ഒരു പോരാളിയുടെ ധൈര്യം

മൈതാനത്ത് ഇമ്രാനെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്‍റെ ധൈര്യം തന്നെയായിരുന്നു. ഒരു പോരാളിയുടെ ധൈര്യം ഇമ്രാന്‍ സൂക്ഷിച്ചിരുന്നു. അതിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. 1987ലെ രസകരമായൊരു സംഭവമുണ്ട്.സുനില്‍ ഗവാസ്‌കര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് 1987 നവംബറിലാണ്. അപ്പോള്‍ ഗവാസ്‌കറിന്‍റെ പ്രായം 38. എന്നാല്‍ ഗവാസ്‌കര്‍ ആദ്യം വിരമിക്കാനിരുന്നത് 1986ലാണ്. പക്ഷേ ആ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചത് ഇമ്രാന്‍ ഖാന്‍ ആണെന്ന് ഗവാസ്‌കര്‍ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

1987ല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം തന്‍റെ നേതൃത്വത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ടെന്നും അപ്പോള്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഇമ്രാന്‍ ഗവാസ്‌കറിനോടു പറഞ്ഞു. മാത്രമല്ല, ആ തോല്‍ക്കുന്ന ഇന്ത്യന്‍ ടീമില്‍ ഗവാസ്‌കര്‍ ഉണ്ടായിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും ഗവാസ്‌കറിനോട് ഇമ്രാന്‍ പറഞ്ഞു.

1987ലെ പാക് പര്യടനം

1987ല്‍ ഇമ്രാന്‍റെ നേതൃത്വത്തില്‍ പാക് ക്രിക്കറ്റ് ടീം അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തി. ആദ്യ നാല് ടെസ്റ്റുകളും സമനിലയിലായതോടെ ഇമ്രാന്‍ ഖാനും കുട്ടികളും വിജയിക്കാതെ നാട്ടിലേക്ക് മടങ്ങേണ്ടിവരുമെന്നു തോന്നിപ്പിച്ചു. എന്നാല്‍ ബാംഗ്ലൂരില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇമ്രാന്‍ നടത്തിയ ചില ധീരമായ നീക്കങ്ങളിലൂടെ ഇന്ത്യയെ 16 റണ്‍സിനു പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി.

ആ ധീരമായ നീക്കങ്ങളില്‍ ഒന്നാമത്തേത് സ്പിന്നര്‍ അബ്ദുള്‍ ഖാദറെ പുറത്തിരുത്തി എന്നതാണ്. പിന്നീട് രണ്ടാം ഇന്നിങ്‌സില്‍ ജാവേദ് മിയാന്‍ദാദിനെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനും അയച്ചു. പാക് ബാറ്റിങ് നിര ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ ഇടറി വീണപ്പോള്‍ ഇമ്രാന്‍ 39 റണ്‍സ് നേടി നെടുതൂണായി നിലയുറപ്പിച്ചു. സ്പിന്നര്‍മാര്‍ പോലും ബൗണ്‍സറുകള്‍ എറിയുന്ന ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചില്‍ ഇന്ത്യയ്ക്ക് 221 റണ്‍സ് എന്ന വിജയ ലക്ഷ്യമാണ് ഇമ്രാന്‍ അന്ന് നല്‍കിയത്.

മത്സരത്തില്‍ ഗവാസ്‌കര്‍ ഇമ്രാനെ ഏറെക്കുറെ വെല്ലുവിളിച്ചു. തന്‍റെ അവസാന ഇന്നിങ്‌സ് കളിച്ച ഗവാസ്‌കര്‍ 5 മണിക്കൂറിലധികം ബാറ്റ് ചെയ്തു. 96 റണ്‍സ് സ്‌കോര്‍ ചെയ്തു സെഞ്ച്വറിയിലേക്ക് നീങ്ങവേ നല്ല ലെങ്തില്‍ നിന്ന് ബൗണ്‍സ് ചെയ്ത ഒരു പന്തില്‍ സ്ലിപ്പില്‍ പിടിക്കപ്പെട്ടതോടെ ഗവാസ്‌കര്‍ മടങ്ങി. ഇമ്രാന്‍ മുന്‍പ് പറഞ്ഞതു വാസ്തവമായി. ഗവാസ്‌കറടങ്ങിയ ഇന്ത്യന്‍ ടീമിനെ ഇമ്രാന്‍ പരാജയപ്പെടുത്തി.അതായിരുന്നു ഇമ്രാന്‍. പോരാട്ടം എപ്പോഴും അദ്ദേഹത്തിന് അനുകൂലമായിരുന്നു. ക്രിക്കറ്റ് മത്സരഫലങ്ങള്‍ അതിന് ഏറ്റവും വലിയ തെളിവും.

ക്രിക്കറ്റിലെ യവന ദേവന്‍

കരിയറിന്‍റെ ഉന്നതിയില്‍ ഇമ്രാന്‍ ലോകമെങ്ങുമുള്ള സ്ത്രീകളുടെ ആരാധനാപാത്രമായിരുന്നു. ദേവ് ആനന്ദ് ഒരിക്കല്‍ അദ്ദേഹത്തിന്‍റെ സിനിമയില്‍ ഇമ്രാനെ നായകനാക്കാന്‍ ആഗ്രഹിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. പക്ഷേ ഇമ്രാന്‍ ആ ഓഫര്‍ നിരസിച്ചു. പക്ഷേ ഒരു ജനപ്രിയ ഇന്ത്യന്‍ സോപ്പിന്‍റെ മുഖമാകാന്‍ ഒടുവില്‍ ഇമ്രാന്‍ സമ്മതിച്ചു. ഗോദ്‌റെജിന്‍റെ സിന്തോള്‍ എന്ന സോപ്പിന്‍റെ പരസ്യത്തിലായിരുന്നു അത്.

the pace of the khan

the soap of the khan എന്നായിരുന്നു പരസ്യവാചകം.

ഇന്ത്യയില്‍ വരുമ്പോഴെല്ലാം ഇമ്രാനെ കാണാന്‍ സെലിബ്രിറ്റികളുടെ ഒഴുക്കായിരുന്നു. ജനപ്രിയ ഇന്ത്യന്‍ നടിമാര്‍ അദ്ദേഹവുമായി സൗഹൃദം കൂടാന്‍ തിരക്കുകൂട്ടി. ഇമ്രാന്‍റെ ക്രിക്കറ്റ് ടൂറുമായി ബന്ധപ്പെട്ടു ഹോട്ടല്‍ ലോബികളെക്കുറിച്ച് ഒരു കഥ പ്രചരിച്ചിരുന്നു.

ഇമ്രാന്‍ നടക്കുന്നത് കാണാന്‍ വരുന്ന സ്ത്രീകളെക്കൊണ്ട് ലോബികള്‍ നിറഞ്ഞിരുന്നു എന്നതാണ് ആ കഥ. ലണ്ടനിലെ സെന്‍റ് ജെയിംസില്‍ ഇമ്രാന്‍റെ 'ലിവിംഗ് റൂം' എന്ന് വിളിക്കപ്പെട്ടിരുന്ന ട്രാംപ് എന്നൊരു നിശാ ക്ലബ് ഉണ്ടായിരുന്നു. അവിടെ മോഡലുകളും റോക്ക് സ്റ്റാറുകളും ഇമ്രാന് ചുറ്റും ഗ്രഹങ്ങളെപ്പോലെ കറങ്ങിക്കൊണ്ടിരുന്നു.

ഡയാന രാജകുമാരിയുമായി സൗഹൃദം

ഇമ്രാന്‍ ഖാനും ഡയാന രാജകുമാരിയും തമ്മില്‍ അടുത്ത സൗഹൃദം ഉണ്ടായിരുന്നു. പാക്കിസ്ഥാനിലെ ഇമ്രാന്‍റെ ഉടമസ്ഥതയിലുള്ള ക്യാന്‍സര്‍ ആശുപത്രിക്ക് ഡയാന പിന്തുണ നല്‍കിയിരുന്നു. അദ്ദേഹത്തിന്‍റെ ഒന്നാം ഭാര്യ ജെമീമ ഗോള്‍ഡ്സ്മിത്തുമായും ഡയാനയ്ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇമ്രാന്‍റെ ആശുപത്രിയെ പിന്തുണയ്ക്കുന്നതിനായി ഡയാന നടത്തിയ പാക്കിസ്ഥാന്‍ സന്ദര്‍ശനങ്ങള്‍ വളരെയധികം പ്രാധാന്യം നേടിയിരുന്നു.

തലമുറകളെ വാര്‍ത്തെടുത്ത നായകന്‍

മികച്ച ക്യാപ്റ്റന്മാര്‍ മത്സരങ്ങള്‍ ജയിപ്പിക്കുന്നു. എന്നാല്‍ അപൂര്‍വമായിട്ടേ ക്യാപ്റ്റന്മാര്‍ പുതുതലമുറകളെ സൃഷ്ടിക്കാറുള്ളൂ. ഇമ്രാന്‍ ഖാന്‍ രണ്ടാമത്തെ തരത്തിലുള്ള ആളായിരുന്നു. പാക്കിസ്ഥാന്‍ ടീമിലേക്ക് ഒരു പുതുമുഖത്തെ നോക്കി മാത്രം ടീമിലെത്തിക്കാനുള്ള അപൂര്‍വ കഴിവ് ഇമ്രാനുണ്ടായിരുന്നു. വസീം അക്രം ഉദാഹരണമാണ്. നെറ്റ്‌സില്‍ വെച്ചാണ് ഇമ്രാന്‍ അക്രത്തെ കണ്ടത്. ടീമിലുള്ള പല ബൗളര്‍മാരെക്കാളും മികവ് അക്രത്തിനുണ്ടെന്നു തിരിച്ചറിഞ്ഞു ഇമ്രാൻ. അങ്ങനെയാണ് അക്രം ടീമിലെത്തിയത്. അക്രം മാത്രമല്ല, വഖാറും ഇന്‍സമാമുമൊക്കെ വന്നതും ഇമ്രാനിലൂടെയായിരുന്നു.

ഒരു ദിവസം ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഇമ്രാന്‍ വിശ്രമിക്കുകയായിരുന്നു. അതിനിടെ അദ്ദേഹം ടെലിവിഷനില്‍ ഒരു പ്രാദേശിക മത്സരം കാണാനും സമയം കണ്ടെത്തി. അസാധാരണമായ വേഗതയില്‍ പന്ത് എറിയുന്ന ഒരു യുവ ബൗളറെ ഇമ്രാന്‍ ശ്രദ്ധിച്ചു. അടുത്ത ദിവസം ആ കുട്ടിയെ നെറ്റ്‌സിലേക്ക് കൊണ്ടുവരാന്‍ ഇമ്രാന്‍ ആവശ്യപ്പെട്ടു. ആ കുട്ടി വഖാര്‍ യൂനിസ് ആയിരുന്നു. 789 അന്താരാഷ്‌ട്ര വിക്കറ്റുകള്‍ വീഴ്ത്തി ഒരു ദശാബ്ദക്കാലം ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായി വഖാര്‍.

1992 ലോകകപ്പ് വിജയം

1992 ആയപ്പോഴേക്കും പലരും ഇമ്രാനെ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന് മുപ്പത്തൊമ്പത് വയസായിരുന്നു. തോളിനു പരിക്കേറ്റതിനാല്‍ ഏകദേശം രണ്ട് വര്‍ഷത്തോളം അദ്ദേഹം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. പക്ഷേ അദ്ദേഹം തിരിച്ചെത്തി. 1992ലെ ഓസ്‌ട്രേലിയന്‍ ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം ഒരു കൂട്ടം കളിക്കാര്‍ മാത്രമായിരുന്നു.

ടൂര്‍ണമെന്‍റ് പാക്കിസ്ഥാനെ സംബന്ധിച്ച് വിനാശകരമായ തുടക്കമായിരുന്നു. പാക്കിസ്ഥാന്‍ ആദ്യ മത്സരങ്ങളിലെല്ലാം തോറ്റു. ഇംഗ്ലീഷ് പത്രങ്ങള്‍ ഇമ്രാന്‍റെയും ടീമിന്‍റെയും ദുരന്തം പൂര്‍ണമായെന്ന് എഴുതി. എന്നാല്‍ ഇമ്രാന്‍ തന്‍റെ ടീമിനെ ഡ്രസ്സിംഗ് റൂമില്‍ വിളിച്ചുകൂട്ടി. തന്ത്രങ്ങളോ സ്ഥിതിവിവരക്കണക്കുകളോ അദ്ദേഹം അവര്‍ക്ക് കാണിച്ചില്ല. പകരം 'ഒരു കെണിയിലകപ്പെട്ട കടുവ ലോകത്തിലെ ഏറ്റവും അപകടകാരിയായ മൃഗം' ആയിരിക്കുമെന്ന് ഇമ്രാന്‍ പറഞ്ഞു. ആ പ്രസംഗത്തിനുശേഷം ഡ്രസ്സിംഗ് റൂമില്‍ നിന്ന് പുറത്തിറങ്ങിയ ടീം, നവോന്മേഷം ആര്‍ജ്ജിച്ച ഒരു പുതിയ ടീമായിരുന്നു.

പാക്കിസ്ഥാന്‍ മത്സരങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വിജയിച്ചു. സെമിഫൈനലില്‍ ഇന്‍സമാം ന്യൂസിലന്‍ഡിനെ ഏതാണ്ട് ഒറ്റയ്ക്ക് തകര്‍ത്തു. മുള്‍ട്ടാനില്‍ നിന്നെത്തിയ ആ ചെറുപ്പക്കാരന്‍ പെട്ടെന്ന് ഒരു ഭ്രാന്തനെപ്പോലെ റണ്‍സ് അടിച്ചു കൂട്ടുന്ന കാഴ്ചയും ലോകം കണ്ടു. ആരും സാധ്യത കല്‍പ്പിക്കപ്പെടാതിരുന്ന പാക്കിസ്ഥാന് ക്രിക്കറ്റ് ലോകകപ്പ് സമ്മാനിച്ചു കൊണ്ടാണ് ഇമ്രാന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറില്‍ നിന്ന് വിരമിച്ചത്.

ഇമ്രാന്‍റെ നിലവിലെ അവസ്ഥ

2023 മുതല്‍ റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍ കഴിയുകയാണ് ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍റെ വലതുകണ്ണിന്റെ കാഴ്ച 85 ശതമാനത്തോളം നഷ്ടപ്പെട്ടതായിട്ടാണ് സുപ്രീം കോടതി നിയോഗിച്ച അമികസ് ക്യൂറി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2025 ഒക്‌റ്റോബര്‍ വരെ ഇമ്രാന് സാധാരണ പോലെ കാഴ്ചശക്തിയുണ്ടായിരുന്നു. എന്നാല്‍ ജയില്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു.

ഇമ്രാനെതിരേയുള്ള കുറ്റങ്ങള്‍

2018 മുതല്‍ 2022 വരെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇമ്രാന്‍ ഒരു റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പറില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വന്തമാക്കിയെന്ന കേസില്‍ കോടതി ഇമ്രാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018ല്‍ രൂപീകരിച്ച ഒരു ട്രസ്റ്റ് വഴി ഇമ്രാനും ഭാര്യയും ഏഴ് ബില്യണ്‍ രൂപ വരെ വിലയുള്ള ഭൂമി കൈക്കൂലിയായി സ്വീകരിച്ചെന്ന കേസില്‍ 2023 മേയ് മാസത്തില്‍ ഇമ്രാനെ അറസ്റ്റ് ചെയ്തു.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ചതും സര്‍ക്കാരിന്‍റെ കൈവശമുണ്ടായിരുന്നതുമായ 140 ദശലക്ഷം രൂപയിലധികം വിലമതിക്കുന്ന സമ്മാനങ്ങള്‍ വിറ്റുവെന്നാരോപിച്ച് 2023 ഓഗസ്റ്റില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തു.

2023 മേയ് മാസത്തില്‍ ഇമ്രാന്‍ ഖാന്‍ അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇമ്രാനെതിരേ തീവ്രവാദ വിരുദ്ധ കുറ്റം ചുമത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com