
#ഇ.ആർ. വാരിയർ
ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ സമ്പൂർണ വിജയാഘോഷം നിരവധി പണ്ഡിതൻമാരെയാണു ഞെട്ടിച്ചിരിക്കുന്നത്. രാജസ്ഥാനിൽ ബിജെപി അധികാരം തിരിച്ചുപിടിക്കുമെന്നു കരുതിയവരാണ് ഏറെയും. ഓരോ തവണയും രാഷ്ട്രീയ പാർട്ടികളെ മാറിമാറി പരീക്ഷിക്കുന്ന സമീപകാല രാജസ്ഥാനിലെ ജനങ്ങളുടെ ശീലം മാത്രമല്ല അതിനു കാരണം. അശോക് ഗെഹ് ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഫലമായുള്ള അടിയൊഴുക്കുകൾ കോൺഗ്രസിനു ക്ഷീണമാകുമെന്നറിയാൻ വലിയ പാണ്ഡിത്യമൊന്നും വേണ്ട. അപ്പോഴും ഗെഹ് ലോട്ടിന്റെ സാമർഥ്യത്തിലും ബിജെപിയിലെ പടലപ്പിണക്കങ്ങളിലും വിശ്വാസമർപ്പിച്ച കുറച്ചു കോൺഗ്രസുകാരെങ്കിലും ഉണ്ടായിരുന്നു. അവർക്കു തെറ്റിയത് മനസിലാക്കാം.
എന്നാൽ, മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാർ ഇതുപോലൊരു വിജയം നേടിയതും ഛത്തിസ്ഗഡിൽ ഭൂപേഷ് ബഘേൽ സർക്കാർ തോറ്റുപോയതും ബിജെപി വിരുദ്ധ രാഷ്ട്രീയം കരുത്താർജിക്കുമെന്നു കരുതിയ സകലരെയും ഞെട്ടിച്ചിരിക്കുകയാണ്. മധ്യപ്രദേശിൽ കടുത്ത മത്സരത്തിൽ കഷ്ടിച്ച് ബിജെപി സർക്കാർ പിടിച്ചുനിന്നാൽ അതിൽ അത്ഭുതമൊന്നും ഉണ്ടായിരുന്നില്ല. അവസാന നിമിഷം അങ്ങനെയൊരു സാധ്യത പലരും പങ്കുവച്ചിരുന്നു. പക്ഷേ, 230 അംഗ സഭയിൽ 160ൽ ഏറെ സീറ്റുകളിൽ ബിജെപി ജയിക്കുമെന്ന് ആരും കരുതിക്കാണില്ല. മധ്യപ്രദേശും രാജസ്ഥാനും പോയാലും ഛത്തിസ്ഗഡിൽ കോൺഗ്രസ് ജയിക്കുമെന്നു പറഞ്ഞവർക്ക് സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും മികച്ച വിജയം കാണേണ്ടിവന്നിരിക്കുകയാണ്. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പു നേരിടാൻ ഒരുങ്ങുന്ന ബിജെപിക്ക് ഇതിലും നല്ല സമ്മാനം ജനങ്ങൾ നൽകാനില്ല.
ഈ മൂന്നു സംസ്ഥാനങ്ങളിലും കൂടി 65 ലോക്സഭാ സീറ്റുകളാണുള്ളത്. മധ്യപ്രദേശിൽ 29, ഛത്തിസ്ഗഡിൽ 11, രാജസ്ഥാനിൽ 25. ഇതിൽ ഛത്തിസ്ഗഡിലെ രണ്ടും മധ്യപ്രദേശിലെ ഒന്നും ഒഴികെ മുഴുവൻ സീറ്റുകളും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയിരുന്നു. രാജസ്ഥാനിൽ 24 സീറ്റിൽ ബിജെപിയും ഒരിടത്ത് അവരുടെ സഖ്യകക്ഷിയുമായിരുന്നു ജയിച്ചത്. അതുപോലൊരു തൂത്തുവാരൽ ഇനിയുണ്ടാവില്ലെന്ന കോൺഗ്രസിന്റെ പ്രതീക്ഷകളിലാണ് മങ്ങലേൽക്കുന്നത്. മൊത്തം ലോക്സഭാ സീറ്റുകളിലെ 12 ശതമാനത്തോളം വരുന്ന മൂന്നു സംസ്ഥാനങ്ങൾ ബിജെപിയുടെ താമരക്കുമ്പിളിൽ വീണ്ടും ഭദ്രമാവുകയാണ്.
2018ൽ ഈ മൂന്നു സംസ്ഥാനങ്ങളിലും വിജയം നേടിയ ശേഷമാണ് കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നു പോയത്. പക്ഷേ, അങ്ങനെയൊരു തകർച്ച ബിജെപിക്കുണ്ടാവുമെന്ന് കരുതാനാവില്ല. കാരണം കോൺഗ്രസിന്റേതു പോലുള്ള സംഘടനാ ദൗർബല്യങ്ങൾ അവർക്കില്ല. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിലും പ്രധാന പങ്കു വഹിച്ചത് നരേന്ദ്ര മോദിയാണ്. മോദിയെപ്പോലൊരു നേതാവിന്റെ സാന്നിധ്യം ഇരു പാർട്ടികളും തമ്മിലുള്ള വ്യത്യാസവുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട് മോദിക്കു വോട്ടു ചോദിക്കുമ്പോൾ പ്രവർത്തകരുടെ ആവേശം ഇരട്ടിയാവാനാണു സാധ്യത. അതിനൊപ്പം ഇപ്പോഴത്തെ വിജയത്തിന്റെ ആവേശം കൂടി ഉത്തരേന്ത്യയിലാകെ പ്രതിഫലിച്ചാൽ മോദിയുടെ മൂന്നാമൂഴം അനായാസമാകും.
മോദി ആദ്യമായി കേന്ദ്രത്തിൽ അധികാരത്തിൽ വന്നത് ഈ മൂന്നു സംസ്ഥാനങ്ങളും ബിജെപി ഒരുമിച്ചു വിജയിച്ച ശേഷമായിരുന്നു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ 165 സീറ്റിൽ ബിജെപി ജയിച്ചു. കോൺഗ്രസ് 58 സീറ്റിലൊതുങ്ങി. ഏതാണ്ട് ഇപ്പോഴത്തേതിനു സമാനമായ സ്ഥിതി. രാജസ്ഥാനിൽ ബിജെപി 163 സീറ്റിലാണു ജയിച്ചത്. കോൺഗ്രസ് 21 സീറ്റിലേക്ക് ഒതുങ്ങി. ഇപ്പോഴത്തേതിലുമൊക്കെ വളരെ മോശം. ഛത്തിസ്ഗഡിൽ ബിജെപി നാൽപ്പത്തൊമ്പതും കോൺഗ്രസ് മുപ്പത്തൊമ്പതും മണ്ഡലങ്ങളിലാണു ജയിച്ചത്. ഇതിനു പിന്നാലെ 2014ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടുകയും മോദി പ്രധാനമന്ത്രിയാവുകയും ചെയ്തു. അന്ന് മധ്യപ്രദേശിൽ ഇരുപത്തേഴും ഛത്തിസ്ഗഡിലെ പത്തും ലോക്സഭാ സീറ്റുകൾ ബിജെപിക്കായിരുന്നു. രാജസ്ഥാനിലെ ഇരുപത്തഞ്ചും അവർ തൂത്തുവാരി. അതായത് മോദി അധികാരത്തിൽ വന്ന രണ്ടു ടേമിലും ഈ മൂന്നു സംസ്ഥാനങ്ങളും അവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൂത്തെടുത്തിട്ടുണ്ട്. മറ്റൊരിക്കൽ കൂടി മോദിയെ അധികാരത്തിലെത്തിക്കുന്നതിലും നിർണായകമാവും ഈ സംസ്ഥാനങ്ങൾ എന്നതിൽ സംശയമില്ല.
2003ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ മൂന്നു സംസ്ഥാനങ്ങളിലും വിജയിച്ചതു ബിജെപിയായിരുന്നു. എന്നാൽ, 2004ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് മൻമോഹൻ സിങ്. വാജ്പേയിയുടെ എന്ഡിഎ സർക്കാരിന് അധികാരം നഷ്ടപ്പെടുകയാണുണ്ടായത്. അന്നുപക്ഷേ, ദേശീയതലത്തിൽ ബിജെപിയെ നയിക്കാൻ മോദിയും അമിത് ഷായും ഉണ്ടായിരുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു അക്കാലത്ത് മോദി. ഇത്തവണ മൂന്നു സംസ്ഥാനത്തും തോറ്റെങ്കിലും നാൽപ്പതു ശതമാനത്തിലേറെയോ അതിനടുത്തോ വോട്ടുനേടാൻ കഴിഞ്ഞു എന്നതിൽ നിന്ന് കോൺഗ്രസിനു വേണമെങ്കിൽ പ്രതീക്ഷകൾ തിരിച്ചെടുക്കാം. പക്ഷേ, അതിനു കഴിയുന്ന നേതാക്കളുണ്ടാവണം.
മധ്യപ്രദേശിലും രാജസ്ഥാനിലും 40 ശതമാനത്തിനടുത്തും ഛത്തിസ്ഗഡിൽ 42 ശതമാനത്തിനു മുകളിലും വോട്ടുണ്ട് ആദ്യ റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസിന്. ഛത്തിസ്ഗഡിൽ ബിജെപിയുടെ വോട്ട് വിഹിതം 46 ശതമാനമാണ്. മധ്യപ്രദേശിൽ 49 ശതമാനത്തിനടുത്ത്. രാജസ്ഥാനിൽ 42 ശതമാനം. വോട്ട് നിലയിലെ ഈ വ്യത്യാസങ്ങൾ ശക്തമായ നേതൃത്വവും ഒത്തൊരുമിച്ചുള്ള പ്രവർത്തനവും വഴി മാറ്റിമറിക്കാനാവുന്നതേയുള്ളൂ. പക്ഷേ, അതു വളരെ വേഗം വേണം. കോൺഗ്രസിന് അതു കഴിയുമോ എന്നതിലാണു സംശയം.
ഇന്നലത്തെ വിജയങ്ങളോടെ 12 സംസ്ഥാനങ്ങളിൽ ബിജെപിക്കു സ്വന്തം മുഖ്യമന്ത്രിമാരാവുകയാണ്. ഉത്തർപ്രദേശും ഉത്തരഖണ്ഡും ഗുജറാത്തും ഹരിയാനയും അസമും ത്രിപുരയും അരുണാചൽ പ്രദേശും മണിപ്പുരും ഗോവയും ഇപ്പോൾ തന്നെ അവരുടെ ഭരണത്തിലാണ്. അതിനൊപ്പമാണ് മധ്യപ്രദേശും രാജസ്ഥാനും ഛത്തിസ്ഗഡും ചേരുന്നത്. മഹാരാഷ്ട്രയിലും മേഘാലയയിലും നാഗാലാൻഡിലും സിക്കിമിലും അവരുടെ സഖ്യകക്ഷി ഭരണവുമാണ്. അതേസമയം, കോൺഗ്രസ് മുഖ്യമന്ത്രിമാർ മൂന്നിടത്തായി കുറഞ്ഞിരിക്കുന്നു. കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന. ഏറ്റവും അവസാനം പാർട്ടി ഭരണം പിടിച്ച മൂന്നു സംസ്ഥാനങ്ങളാണിവ. അതിനു മുൻപ് ഭരണമുണ്ടായിരുന്ന സംസ്ഥാനങ്ങളിൽ അതു നിലനിർത്താൻ കഴിഞ്ഞില്ല എന്നതാണ് കോൺഗ്രസിന്റെ അവസ്ഥ മോശമാക്കിയത്. പഞ്ചാബിനു പിന്നാലെയാണല്ലോ രാജസ്ഥാനും ഛത്തിസ്ഗഡും കൈവിടുന്നത്. ഡൽഹിക്കു പുറമേ പഞ്ചാബിലും ഭരണമുള്ള എഎപിയാണ് ഇപ്പോൾ ഒന്നിലധികം സംസ്ഥാനങ്ങളിൽ ഭരിക്കുന്ന മറ്റൊരു പാർട്ടി. തെലങ്കാന പിടിക്കാൻ കൂടി കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിന്റെ അവസ്ഥ ഇതിലും പരിതാപകരമാവുമായിരുന്നു. ഇപ്പോൾ ദക്ഷിണേന്ത്യയിൽ ബിജെപി ഭരണമില്ല എന്നതിനൊപ്പം രണ്ടിടത്തു കോൺഗ്രസ് മുഖ്യമന്ത്രിമാരായി എന്നും അവകാശപ്പെടാം. എന്നാൽ, തെലങ്കാനയിലെ ബിജെപി മുന്നേറ്റവും കാണാതെ പോകാനാവില്ല. എട്ടോ ഒമ്പതോ സീറ്റും പതിനാലു ശതമാനത്തോളം വോട്ടും തീരെ ചെറുതല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾക്ക് ബിജെപി ശ്രമിക്കും. ബിആർഎസ് അവരുടെ സഖ്യകക്ഷിയായിക്കൂടെന്നുമില്ല.
ഉത്തരേന്ത്യയിലെ തോൽവി ഇന്ത്യ മുന്നണിയിൽ കോൺഗ്രസിന്റെ വിലപേശൽ ശക്തി ഗണ്യമായി കുറയ്ക്കുമെന്ന് ഉറപ്പാണ്. സ്വന്തം തട്ടകങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയാത്ത പാർട്ടിയെ മമതയും അഖിലേഷ് യാദവും കെജരിവാളും അടക്കം നേതാക്കൾ അത്രകണ്ട് വിലമതിക്കണമെന്നില്ല. ശക്തമായ വെല്ലുവിളിയാണു പാർട്ടി നേരിടാൻ പോകുന്നത്. നേതാക്കളുടെ കൊഴിഞ്ഞുപോക്കു തടയുന്നതടക്കം പ്രതിസന്ധികൾ മറികടക്കാനുണ്ട്.