ഇനിയില്ല, ഇതുപോലൊരാള്‍...

അച്ഛനും അമ്മയും കുട്ടിക്കാലത്തേ മരിച്ചതിനെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് ജ്യേഷ്ഠന്‍ ഗംഗാധരന്‍റെ ജൗളിക്കടയില്‍ സഹായിയായി ചേരാന്‍ അച്യുതാനന്ദന്‍ നിര്‍ബന്ധിതനായി.
Not anymore, someone like this...

വി.എസ്. അച്യുതാനന്ദൻ

Updated on

എം.ബി. സന്തോഷ്

കല്ലേ പിളര്‍ക്കുന്ന കല്പനകളില്‍ തരിമ്പും വിട്ടുവീഴ്ച ചെയ്യാത്തവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവിടെയാണ് വി.എസ്. അച്യുതാനന്ദനു വേണ്ടി അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയും പിന്നീട് സിപിഎമ്മും തീരുമാനങ്ങളില്‍ മാറ്റം വരുത്തിയത്. 18 വയസ് തികയുന്നവര്‍ക്കേ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ അംഗത്വമെടുക്കാനാവൂ. അതില്‍ മാറ്റം വരുത്തി പാര്‍ട്ടി വി.എസിന് അംഗത്വം 17ാം വയസില്‍ നല്‍കാന്‍ ഇടപെട്ടത് പാര്‍ട്ടിയുടെ സ്ഥാപകരില്‍ പ്രമുഖനായ പി. കൃഷ്ണപിള്ളയാണ്.

അച്ഛനും അമ്മയും കുട്ടിക്കാലത്തേ മരിച്ചതിനെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് ജ്യേഷ്ഠന്‍ ഗംഗാധരന്‍റെ ജൗളിക്കടയില്‍ സഹായിയായി ചേരാന്‍ അച്യുതാനന്ദന്‍ നിര്‍ബന്ധിതനായി. അവിടെ നിന്ന് ആസ്പിന്‍വാള്‍ കമ്പനിയിലെ തൊഴിലാളിയായി ആ 17കാരന്‍ നിയോഗിക്കപ്പെടുന്നു. സൈനികര്‍ക്ക് ടെന്‍റ് തുന്നുന്ന ജോലിയാണ് അവിടെ ലഭിച്ചത്. അന്നത്തെ നാണയമായ ഒരു ചക്രം ആയിരുന്നു ദിവസക്കൂലി. അത് അന്നത്തെ നിലയില്‍ മെച്ചപ്പെട്ട വേതനമായിരുന്നു. ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചാലും അനിയത്തി ആഴിക്കുട്ടി ഉള്‍പ്പെടെ കുടുംബത്തിന് അത്താഴപ്പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാന്‍ ആ വരുമാനം സഹായിച്ചിരുന്നു.

അക്കാലത്താണ് പി. കൃഷ്ണപിള്ള ആലപ്പുഴയിലെത്തുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടി മലബാര്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്‍റേത് കയര്‍ തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന പുതിയ ദൗത്യമായിരുന്നു. ആ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലാണ് കൃഷ്ണപിള്ളയുടെ ശ്രദ്ധ അച്യുതാനന്ദനെന്ന കൗമാരക്കാരനില്‍ പതിയുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വത്തിന് 18 വയസ് കടക്കണമെന്ന ചട്ടക്കൂട് പൊളിക്കാന്‍ പാര്‍ട്ടി കേഡര്‍മാരെ കണ്ടെത്തുന്നതില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിയ കൃഷ്ണപിള്ള തന്നെ നേരിട്ട് ഇടപെടുകയായിരുന്നു. കൃഷ്ണപിള്ളയുടെ താല്പര്യപ്രകാരം പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തിന്‍റെ സെക്രട്ടറിയായ സൈമണാശാന്‍ പാര്‍ട്ടി അംഗത്വം നല്‍കി. 1940ലായിരുന്നു അത്. 1943ല്‍ കോഴിക്കോട്ടു നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി ആലപ്പുഴയെ പ്രതിനിധാനം ചെയ്ത അച്യുതാനന്ദനായിരുന്നു. ഘാട്ടെ, സുന്ദരയ്യ, ഇഎംഎസ് എന്നിവരെ പരിചയപ്പെടുന്നത് അവിടെവച്ചാണ്.

അതിനടുത്ത വര്‍ഷമാണ് കൃഷ്ണപിള്ള അച്യുതാനന്ദനോട് മുഴുവന്‍ സമയ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാകണം എന്നാവശ്യപ്പെട്ടത്. അതനുസരിച്ച അദ്ദേഹം പാര്‍ട്ടി നിര്‍ദേശിച്ച പ്രകാരം കുട്ടനാട്ടിലേക്കു പോയി. അവിടെ ചെറുകര മൂലശേരി നാരായണന്‍ എന്ന പാര്‍ട്ടി അനുഭാവിയുടെ വീട്ടിലാണ് താമസം. അവിടെയുള്ളവര്‍ തന്നെ അത്താഴപ്പട്ടിണിക്കാരാണ്. ഒരാളിനു കൂടി ആഹാരം കൊടുക്കാന്‍ പ്രയാസമായിരുന്നു. അതിനാല്‍ രാത്രി തല ചായ്ക്കാനേ അച്യുതാനന്ദന്‍ ആ കൂരയിലേക്ക് എത്തിയിരുന്നുള്ളൂ.

ഒരു വെള്ള മുണ്ടും നേര്‍ത്ത വെള്ള ജുബ്ബയും തോളിലൊരു തോര്‍ത്തുമാണ് വേഷം. നേരം പുലരും മുമ്പ് മുണ്ടും ജൂബയും അലക്കി സമീപത്തെ പാറപ്പുറത്ത് വിരിച്ചിടും. എന്നിട്ട് തോര്‍ത്തുടുത്ത് അവിടെത്തന്നെ ഇരിക്കും. 10 മണിയോടെ വെയിലില്‍ മുണ്ടും ജൂബയും ഉണങ്ങിയിരിക്കും. അതും ധരിച്ചുകൊണ്ടാണ് പിന്നീടത്തെ യാത്ര.

ആ യാത്രയിലാണ് ചെറുകര ക്ഷേത്രത്തിലെ പൂജാരിയുമായി പരിചയമാവുന്നത്. അദ്ദേഹത്തിന് അച്യുതാനന്ദനില്‍ മതിപ്പുണ്ടായിരുന്നു. പട്ടിണി കിടന്ന്, നടന്നലഞ്ഞ് കര്‍ഷക തൊഴിലാളികള്‍ക്ക് കൂലി കൂട്ടാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും ശ്രമിക്കുന്ന ആ ചെറുപ്പക്കാരനില്‍ പൂജാരി വളരെപ്പെട്ടെന്ന് ആകൃഷ്ടനായി. കോവിവിലെ പടച്ചോറ് അദ്ദേഹം പതിവായി അച്യുതാനന്ദന് നല്‍കാന്‍ തുടങ്ങി.

""നാലാം വയസ്സില്‍ അമ്മ മരിച്ചപ്പോള്‍ അച്ഛനായിരുന്നു രക്ഷകന്‍. 11ാം വയസ്സില്‍ അച്ഛന് രോഗമായപ്പോള്‍ ദൈവങ്ങളെ കരഞ്ഞുവിളിച്ചു പ്രാര്‍ഥിച്ചു. അതുവരെയും കടുത്ത ദൈവവിശ്വാസിയായിരുന്നു. പക്ഷെ, ആ ദൈവങ്ങളൊന്നും ഞങ്ങളുടെ പ്രാര്‍ഥന കേട്ടില്ല. ഞങ്ങള്‍ മൂന്നു കുട്ടികളെ അനാഥരാക്കിയ ദൈവത്തെ പിന്നൊരിക്കലും പ്രാര്‍ഥിച്ചിട്ടില്ല. 22ാം വയസ്ല്‍ ചെറുകര വച്ച് പൂജാരി തന്ന പടച്ചോറ് വിശപ്പാറ്റിയപ്പോള്‍ ദൈവമല്ല, ആ പൂജാരിയുടെ നന്മയാണതിന് കാരണമെന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നു''- ഒരഭിമുഖത്തില്‍ താന്‍ ഈശ്വര വിശ്വാസി അല്ലാതായതിന്‍റെ കാരണത്തെക്കുറിച്ച് വി.എസ് വിശദീകരിച്ചു.

മലപ്പുറം സംസ്ഥാന സമ്മേളനത്തോടെ സിപിഎം സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും പിടിമുറുക്കിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വം പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന്‍ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. ഇ. ബാലാനന്ദന്‍, പി.കെ. ഗുരുദാസന്‍, എം.സി. ജോസഫൈന്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ വി.എസിനായി അതിശക്തമായി വാദിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന്‍റെ എതിര്‍പ്പ് മുഖവിലയ്‌ക്കെടുത്ത് കേന്ദ്ര കമ്മിറ്റി ആ തീരുമാനം ശരിവച്ചു. പൊളിറ്റ് ബ്യൂറോയും അതില്‍ മാറ്റം വരുത്താന്‍ ഇടപെട്ടില്ല. 86 വയസുള്ള വി.എസിന് പ്രായാധിക്യമാണെന്നും അത് പാര്‍ട്ടിക്കും എല്‍ഡിഎഫിനും തിരിച്ചടിയാവുമെന്നും വികസന വിരുദ്ധനാണ് വി.എസ് എന്നും അത് സാധ്യതകള്‍ ഇല്ലാതാക്കുമെന്നുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.

ഈ തീരുമാനം പുറത്തുവന്നതോടെ അതുവരെ കാണാത്ത കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. സാധാരണ ജനങ്ങൾ വി.എസിനായി കേരളത്തിന്‍റെ തെരുവോരങ്ങളില്‍ ഒരു മുന്നണിയുടെയും കൊടിയുടേയും ഭാഗമല്ലാതെ മുദ്രാവാക്യങ്ങളുമായി ഇറങ്ങുന്ന അവസ്ഥ. അതോടെ കേരളീയ മനസിലെ വി.എസിന്‍റെ സ്ഥാനം സിപിഎം ദേശീയ നേതൃത്വം തിരിച്ചറിഞ്ഞു. അടിയന്തരമായി സിപിഎം പിബിയും കേന്ദ്ര കമ്മിറ്റിയും കൂടി. വി.എസ് മത്സരിക്കേണ്ടെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തി. സംസ്ഥാന സമിതിക്കും ആ തീരുമാനം അംഗീകരിക്കേണ്ടിവന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രായപരിധി ഇളവ് നല്‍കി അംഗത്വമെടുത്ത വി.എസിനെ പ്രായാധിക്യം മൂലം ഒഴിവാക്കാനുള്ള തീരുമാനം ജനങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റേണ്ടിവന്നതിനു സമാനമായ സംഭവം അതിനു മമ്പോ പിമ്പോ ഉണ്ടായിട്ടില്ല. സിപിഎം എന്ന പാര്‍ട്ടിയുടെ സ്ഥാപക നേതാവിനോടുള്ള നേതൃത്വത്തിന്‍റെ പെരുമാറ്റം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഇടപെട്ട് തിരുത്തിക്കുന്ന അഭൂതപൂര്‍വമായ ചരിത്രമാണ് അത് സൃഷ്ടിച്ചത്.

"പ്രായാധിക്യ'മുള്ള വി.എസ് കേരളത്തിലെമ്പാടും ആവേശത്തോടെ തെരഞ്ഞെടുപ്പു പോരാട്ടത്തിനു നേതൃത്വം നല്‍കി. വി.എസ് മത്സരിക്കേണ്ടെന്ന് സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടവർ പോലും വി.എസിന്‍റെ ഡേറ്റ് കിട്ടാനും തെരഞ്ഞെടുപ്പു യോഗത്തിനുമായി കാത്തുകെട്ടിക്കിടന്നു.140ല്‍ 98 സീറ്റുമായാണ് അത്തവണ എല്‍ഡിഎഫ് വിജയം നേടിയത്.

അതോടെ വി.എസിനെതിരെ വീണ്ടും സംസ്ഥാന നേതൃത്വം ചരടുവലിച്ചു. പാലൊളി മുഹമ്മദ് കുട്ടി മുഖ്യമന്ത്രിയാകട്ടെ എന്നായി സംസ്ഥാന സെക്രട്ടേറിയറ്റ്. എന്നാല്‍, കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും സംസ്ഥാന നേതൃത്വത്തെ തള്ളി വി.എസിനെ മുഖ്യമന്ത്രിയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്‍റെ അന്തിമാനുമതി, പാഴായിക്കിടന്ന സര്‍ക്കാര്‍ ഭൂമികളില്‍ ഐടി പാര്‍ക്ക്, ഇന്‍ഫൊ പാര്‍ക്ക്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത പാഠ്യപദ്ധതി, ഭൂമി കൈയേറ്റക്കാര്‍ക്കെതിരേ ഇടിച്ചുനിരത്തല്‍... വികസന വഴിയില്‍ ആ സര്‍ക്കാര്‍ വലിയ മുന്നേറ്റം നടത്തി. മുഖ്യമന്ത്രി ഒരു വശത്തും പാര്‍ട്ടിയും സര്‍ക്കാരും മറുവശത്തുമായി എത്രയോ യുദ്ധമുഖങ്ങള്‍... അപ്പോഴും ശരിയുടെ ഭാഗത്തു നിന്ന് വി.എസ് വീറോടെ പൊരുതി.

അതുകൊണ്ടു തന്നെ 2011ലും വി.എസിനെ മത്സരിപ്പിക്കാതിരിക്കാനുള്ള നീക്കമുണ്ടായെങ്കിലും പൊളിറ്റ് ബ്യൂറോ തടഞ്ഞു. 68 സീറ്റായിരുന്നു എല്‍ഡിഎഫിന്. അത്തവണ വിജയത്തോടടുത്ത തോല്‍വിക്കു കാരണം സ്ഥാനാര്‍ഥി നിര്‍ണയമായിരുന്നുവെന്നും ജയിക്കാവുന്ന 10 സീറ്റിലെങ്കിലും പരാജയം വിളിച്ചു വരുത്തിയെന്നും ആരോപണമുണ്ടായി. തുടര്‍ന്ന് പ്രതിപക്ഷ നേതാവായ വി.എസ് 2011ലും തെരഞ്ഞെടുപ്പിനെ നയിച്ചു. തെരഞ്ഞെടുപ്പു ജയത്തെ തുടര്‍ന്ന് പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ പശ്ചിമ ബംഗാളില്‍ ജ്യോതിബസു ചെയ്തതു പോലെ വി.എസിനെ ആദ്യം മുഖ്യമന്ത്രിയാക്കിയ ശേഷം പിന്നീട് പിണറായി അധികാരത്തില്‍ വരട്ടെ എന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. തുടര്‍ന്ന് വി.എസിനെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനാക്കുകയായിരുന്നു.

വി.എസ് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായിരിക്കേയാണ് ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ ചെന്ന് "മെട്രൊ വാര്‍ത്ത'യില്‍ അസോസിയറ്റ് എഡിറ്ററായി ചേരുന്ന വിവരം അറിയിച്ചത്. "എന്നെ ചീത്ത വിളിക്കാന്‍ തുടങ്ങിയ പത്രമല്ലേ അത്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പുഞ്ചിരിയോടെയുള്ള ചോദ്യം. പുതിയ മാനെജ്‌മെന്‍റും പുതിയ ചീഫ് എഡിറ്ററുമാണെന്നും പറഞ്ഞപ്പോള്‍ അതിന്‍റെ വിശദവിവരങ്ങള്‍ ആരാഞ്ഞു. ചീഫ് എഡിറ്ററായിരുന്ന ആര്‍. ഗോപീകൃഷ്ണന്‍ സാറുമൊപ്പം പിന്നീട് കവടിയാര്‍ ഹൗസില്‍ പോയപ്പോള്‍ ഹൃദ്യ സ്വീകരണമായിരുന്നു.

അടുത്ത ഓണത്തിന് "മെട്രൊ വാര്‍ത്ത' ഓണപ്പതിപ്പിനായി ദീര്‍ഘ അഭിമുഖം നടത്തി. അത് അച്ചടിച്ചു വന്നപ്പോള്‍ ചീഫ് ഫോട്ടൊഗ്രാഫര്‍ കെ.ബി. ജയചന്ദ്രനുമൊപ്പമാണ് കോപ്പി കൊടുക്കാന്‍ പോയത്. അന്ന് ഓണപ്പതിപ്പ് എടുത്ത് മുഴുവന്‍ മറിച്ചു നോക്കിയശേഷം "കൊള്ളാല്ലോ' എന്നു പറഞ്ഞിട്ട് ചോദിച്ചു: "ഇതെങ്ങനെ മുതലാവും?'. ലാഭകരമല്ലെന്ന ഗോപീകൃഷ്ണന്‍ സാറിന്‍റെ കണക്കു വിശദീകരിച്ചു പറയുമ്പോള്‍ ഗൗരവത്തോടെ കേട്ടിരുന്ന വി.എസിനെ ഇപ്പോഴും ഓര്‍മയുണ്ട്.

സാധാരണക്കാര്‍ക്കായി ജീവിതം മാറ്റിവച്ച ഒരാള്‍. എന്നും സാധാരണക്കാരനായി ജീവിച്ചു. ആ ആള്‍ കിടപ്പിലാണെങ്കിലും കരുതലും സ്‌നേഹവും വിട്ടുപോവില്ലെന്ന് കരുതിയ വലിയൊരു ജനവിഭാഗം. അവരാണ് ആ വിയോഗം സഹിക്കാനാവാതെ തെരുവിലൂടെ ആര്‍ത്തലച്ചുവരുന്നത്. അതെ, ഇതുപോലെ ഒരാള്‍ ഇവിടെയില്ല, ഇനി ഉണ്ടാവുകയുമില്ല...

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com