
കൊട്ടിഘോഷിച്ച് നടത്തിയ റായ്പുർ കോൺഗ്രസ് പ്ലീനറി സമ്മേളനം കഴിഞ്ഞപ്പോൾ, 137 വർഷം പഴക്കമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് വീണ്ടും ശിഥിലമാകുന്നതായാണ് ജോത്സ്യൻ കാണുന്നത്.
കഴിഞ്ഞ 3 വർഷങ്ങളായി എഐസിസി പ്ലീനറി സെഷനു വേണ്ടി വലിയ മുന്നൊരുക്കങ്ങളാണ് കോൺഗ്രസിൽ നടന്നിരുന്നത്. 2020 മുതൽ പ്രാഥമിക മെംബർഷിപ്പ് വിതരണം ചെയ്യാൻ തുടങ്ങി. "ബോഗസ്' മെംബർഷിപ്പ് കടന്നുവരാതിരിക്കാൻ ഡിജിറ്റൽ മെംബർഷിപ്പ് നടപ്പിലാക്കി. ഓരോ സംസ്ഥാനങ്ങളിലേയ്ക്കും സീനിയർ കോൺഗ്രസ് നേതാക്കളെയും മറ്റ് നേതാക്കളെയും അയച്ചു. "പേപ്പർ' മെംബർഷിപ്പ് ഉപേക്ഷിച്ച് ആധുനിക ഡിജിറ്റൽ മെംബർഷിപ്പിലേക്ക് കോൺഗ്രസ് കടന്നു വന്നത് കൂടുതൽ സുതാര്യതയ്ക്ക് വേണ്ടിയാണെന്നായിരുന്നു നേതാക്കളുടെ വാദം.
പഴയതു പോലെ, ഖാദി ധരിക്കണമെന്നും, മദ്യത്തിന് അടിമയാകരുതെന്നും, ക്രിമിനൽ കേസുകളിൽ പ്രതികളാകരുതെന്നുമുള്ള പ്രതിജ്ഞകൾ വേണ്ടെന്നുവച്ചു. ഏത് കാര്യത്തിനും വീമ്പു പറയുന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, കോൺഗ്രസ് പാർട്ടിക്ക് സംഘടനാ ശക്തിയുള്ള കേരളത്തിൽ 50 ലക്ഷം പ്രാഥമിക മെംബർഷിപ്പ് വിതരണം ചെയ്യുമെന്നു പറഞ്ഞെങ്കിലും, ദിവസങ്ങൾ അടുത്തപ്പോൾ 5 ലക്ഷം പോലും തികയ്ക്കാൻ പറ്റുന്നില്ലെന്ന് കണ്ട് പഴയ പേപ്പർ മെംബർഷിപ്പിലേക്കു തന്നെ തിരിച്ചു പോയി.
കേരളത്തിലെ 14 ഡിസിസികളിലേക്കും അവ അയച്ചു കൊടുത്ത് ഓരോരുത്തർക്കും നിശ്ചയിച്ചിട്ടുള്ള "ടാർജറ്റ്' തുക പിരിച്ച് കെപിസിസിക്ക് അയയ്ക്കുവാൻ ആവശ്യപ്പെട്ടു. "ടാർജറ്റ്' പൂർതത്തിയാകാത്ത ഡിസിസികൾ പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തി. ഡിസിസികളാവട്ടെ ഇതേ നിർദേശം തന്നെ താഴേത്തട്ടിലേക്കും നൽകി.
അവസാനം ബൂത്ത് തെരഞ്ഞെടുപ്പ് പോലും നടപ്പാക്കാൻ കഴിയാതെ മുട്ടുകാലിൽ ബൂത്ത് കമ്മറ്റി, മണ്ഡലം കമ്മറ്റി, ബ്ലോക്ക് കമ്മറ്റി എന്നിവ നിലവിൽ വന്നു. എഐസിസി സമ്മേളനത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ കെപിസിസി നേതാക്കൾ ഇരുന്ന്, കെപിസിസി മെംബർമാർ, എഐസിസി മെംബർമാർ എന്നിവരെ നിശ്ചയിച്ചു. അതിനാൽ, വേണ്ടവിധത്തിലുള്ള ചർച്ചകൾ നടക്കാതെയാണ് ഈ നിയമനങ്ങൾ എന്ന് രമേശ് ചെന്നിത്തലയ്ക്കും രാജ്മോഹൻ ഉണ്ണിത്താനും റായ്പുരിൽ പരാതിപ്പെടേണ്ടിയും വന്നു.
135 ദിവസമെടുത്ത ഭാരത് ജോഡോ യാത്രയോടെ കോൺഗ്രസ് രക്ഷപ്പെട്ടു എന്നാണ് എല്ലാവരും കരുതിയത്. കോടികൾ ചെലവഴിച്ചിട്ടാണെങ്കിലും, കന്യാകുമാരി മുതൽ ശ്രീനഗർ വരെയുള്ള യാത്രയിൽ രാഹുൽജിക്ക് വലിയ സ്വീകരണമാണ് കിട്ടിയതെന്നതിൽ സംശയമില്ല.
15,000ത്തിലധികം കോൺഗ്രസ് നേതാക്കൾ വളരെ ആവേശത്തോടെയാണ് റായ്പുരിലെത്തിയത്. പഴയ പതിവനുസരിച്ച് 25 വർക്കിങ് കമ്മറ്റി മെംബർമാരിൽ 12 നോമിനേറ്റഡ് അംഗങ്ങളാണ്. എന്നാൽ ഇപ്രാവശ്യം 13 പേർ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും, അതോടൊപ്പം നോമിനേറ്റ് ചെയ്യപ്പടുന്ന അംഗങ്ങൾ ഉൾപ്പെടെ 50 പേരുടെ കമ്മറ്റി വരുമെന്നാണ് പ്രതീക്ഷിച്ചത്. പി. ചിദംബരം, ദിഗവിജയ് സിങ്, രമേശ് ചെന്നിത്തല തുടങ്ങിയ സീനിയർ നേതാക്കൾ തെരഞ്ഞെടുപ്പിന് തയാറായിരുന്നെങ്കിലും, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നു പറഞ്ഞതു പോലെയായി കാര്യങ്ങൾ. കോൺഗ്രസ് പ്രസിഡന്റിനെ അധികാരപ്പെടുത്തി പഴയ നോമിനേഷനിലേക്ക് കോൺഗ്രസ് തിരിച്ചെത്തി. ഇനി മാസങ്ങളോളം "24 അക്ബർ റോഡ്, ഡൽഹി'യിൽ ഈ നാടകം തുടരും.
നൂറ്റാണ്ടിന്റെ പഴക്കുമുള്ള ഒരു പാർട്ടിയെ കുടുംബാധിപത്യം എങ്ങനെ നശിപ്പിക്കും എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് റായ്പുർ എഐസിസി പ്ലീനറി സെഷൻ.
കേഡർ സംഘടനയായ ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി, കരുത്തനായ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഓരോ പാർലമെന്റ് നിയോജകമണ്ഡലങ്ങളും കേന്ദ്രീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ നെയ്യുമ്പോൾ "എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ' എന്നാണ് കോൺഗ്രസിന്റെ തന്ത്രങ്ങൾ കാണിക്കുന്നത്.
കോൺഗ്രസിൽ സ്വാതന്ത്ര്യത്തോടെ അഭിപ്രായം പറയുന്നവർ പുറത്ത് എന്നതു പുതിയ സംഭവമല്ല. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ദിര ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിക്കു പോലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. 1959ൽ ലോകത്തിൽ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ഇഎംഎസ് സർക്കാരിനെ പുറത്താക്കുന്നതിന് അന്ന് കോൺഗ്രസ് പ്രസിഡന്റായിരുന്ന ഇന്ദിര ഗാന്ധിയുടെ സമ്മർദx മൂലം സമ്മതിക്കേണ്ടി വന്ന പണ്ഡിറ്റ്ജിയുടെ മുഖത്തുനോക്കി "തെറ്റായ തീരുമാനം' എന്നു പറഞ്ഞതിന്റെ പേരിൽ ഫിറോസ് ഗാന്ധിയുടെ കുടുംബജീവിതം പോലും തകർന്നു. മക്കളായി സഞ്ജയ് ഗാന്ധിയും, രാജീവ് ഗാന്ധിയും അറിയപ്പെട്ടെങ്കിലും ഫിറോസ് ഗാന്ധിയെ ഇന്ദിരയും കോൺഗ്രസും തന്ത്രപൂർവം മറന്നു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ മുഖം നൽകിയ പി.വി. നരസിംഹ റാവുവിനെ പിന്നീട് കോൺഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ സോണിയ ഗാന്ധിയും മനഃപൂർവം മറന്ന ചരിത്രമാണ് കോൺഗ്രസിനുള്ളത്.
ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടി കാണിക്കുന്ന രാഹുൽ ഗാന്ധി, രാജ്യം മുഴുവൻ നടക്കാൻ കാണിച്ച താത്പര്യവും ആവേശവും പക്ഷേ, കോൺഗ്രസ് പ്രസിഡന്റാകാൻ കാണിക്കുന്നില്ല. 80 വയസായ മല്ലികാർജുൻ ഖാർഗയെ ഒരു "ഡമ്മി' കോൺഗ്രസ് പ്രസിഡന്റാക്കി, ഓഫിസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിലൂടെ, 2024ലെ പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധി കരുക്കൾ നീക്കുന്നു.
ഈ ദിവസങ്ങളിൽ നടന്ന വടക്ക്-കിഴക്ക് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ കോൺഗ്രസിനും സഖ്യകക്ഷികൾക്കൊന്നും വലിയ പ്രതീക്ഷ നൽകിയില്ല. ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യം വീണ്ടും അധികാരത്തിൽ കടന്നുവന്നു. മേഘാലയത്തിൽ ബിജെപിയുടെ പിന്തുണയോടെ എൻപിപി അധികാരത്തിൽ വരുന്നു. ത്രിപുരയിൽ സിപിഎമ്മിന്റെ കൊടി പിടിക്കാൻ കോൺഗ്രസ് തയാറായെങ്കിലും, നഷ്ടമുണ്ടായത് സിപിഎമ്മിനാണ്. "കേരളത്തിൽ ഗുസ്തി, ത്രിപുരയിൽ ദോസ്തി' എന്ന പ്രധാനമന്ത്രിയുടെ പ്രയോഗം നന്നായി ഏറ്റു. കോൺഗ്രസും യുപിഎയും രാഷ്ട്രീയ ചതുരംഗം കളിക്കുമ്പോൾ ഇനിയെങ്കിലും നരേന്ദ്ര മോദിയെ നിസാരനായി കാണരുതെന്നാണ് ജോത്സ്യന് പറയാനുള്ളത്.
4 സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ 5 സീറ്റിൽ 3 ഇടത്ത് കോൺഗ്രസ് വിജയിച്ചെങ്കിലും അത് പ്രതീക്ഷയ്ക്കുള്ള വകയല്ല. സംഘടന ശക്തിപ്പെടുത്തി, മറ്റ് ജനാധിപത്യ പാർട്ടികളെ കൂടെ നിർത്തി മുന്നോട്ട് പോകണം. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഭാവി തുലാസിലാണെന്നാണ് കവടി കാണിക്കുന്നത്.