
#അനൂപ് മോഹൻ
ആദ്യവസാനം വായനക്കാരനെ കൂടെക്കൂട്ടാനുള്ള രചനാകൗശലം. സസ്പെൻസിന്റെ മഷി നിറഞ്ഞ സന്ദർഭങ്ങളിൽ നിന്നൊരിക്കലും വായനക്കാരനെ അകറ്റാത്തവിധം സൂക്ഷ്മത. കഥയെഴുതുകയായിരുന്നില്ല, കൺമുന്നിലെന്ന വിധം അതിസമ്പന്നമായ ഭാവനാകാശങ്ങളിലേക്കു വായനക്കാരനെ ഉയർത്തുകയായിരുന്നു എൻ.കെ. ശശിധരൻ എന്ന നോവലിസ്റ്റ്. കോട്ടയം പുഷ്പനാഥും ബാറ്റൺ ബോസും കളംവാണിരുന്ന അപസർപ്പക സാഹിത്യത്തിൽ വേറിട്ട വഴി തന്നെയാണു ശശിധരൻ നിശബ്ദം തുറന്നിട്ടതും ഇക്കാലമത്രയും സഞ്ചാരം തുടർന്നതും.
ഛായാഗ്രാഹകൻ ആകണമെന്നായിരുന്നു മോഹം. ക്യാമറയ്ക്ക് പിന്നിൽ അൽപ്പകാലം തുടർന്നശേഷം, നിയോഗം എഴുത്തിലായി. ജനപ്രിയ സാഹിത്യത്തിന്റെ മേമ്പൊടികളെല്ലാം ചേർക്കുമ്പോഴും അപാരമായ ദൃശ്യസാധ്യതയുള്ളതായിരുന്നു ശശിധരന്റെ ഓരോ രചനകളും. അറുപത്തെട്ടാം വയസിൽ ശശിധരൻ വിടവാങ്ങുമ്പോഴും ജനപ്രിയ നോവലുകളിലൂടെ അദ്ദേഹം സൃഷ്ടിച്ച ഉദ്വേഗം ജനിക്കുന്ന സന്ദർഭങ്ങളും കഥാപാത്രങ്ങളും ബാക്കിയാകുന്നു.
1955ൽ കൊടുങ്ങല്ലൂരിലാണു ശശിധരന്റെ ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളെജിൽ മലയാളത്തിൽ ബിരുദപഠനം തുടരുമ്പോൾ സിനിമാ മോഹം കലശലായിരുന്നു. ഒടുവിലൊരുനാൾ നേമത്തെ മെരിലാൻഡ് സ്റ്റുഡിയോയിലെത്തി. പി. സുബ്രഹ്മണ്യം മുതലാളിയെ കണ്ട് മോഹം അറിയിക്കുകയാണു ലക്ഷ്യം. ഒരു പുലർച്ചെ മുതലാളിയെ കാണാൻ കഴിഞ്ഞു. ആഗ്രഹം അറിയിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം വന്നു കാണാൻ പറഞ്ഞു അദ്ദേഹം. ശശിധരന്റെ അഡ്രസും വാങ്ങിവച്ചു. ശശിധരന്റെ പഠനത്തിനായി കുറെക്കാലത്തോളം 75 രൂപ സുബ്രഹ്മണ്യം മുതലാളി അയച്ചു നൽകി. പഠനം പൂർത്തിയാക്കിയപ്പോൾ വീണ്ടും അദ്ദേഹത്തെ കണ്ടു. എന്നാൽ ഉന്നതപഠനത്തിനു പോകാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. സിനിമാ മോഹങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന കാലമാണ്. പാതിവഴിയിൽ ഉപേക്ഷിക്കാനാകുമായിരുന്നില്ല. ഒടുവിൽ മദ്രാസിന്റെ സിനിമാ ഭൂമിയിലെത്തി. കോടാമ്പക്കത്തിനു മലയാള സിനിമയുടെ ഈറ്റില്ലമെന്ന പര്യായം കൂടിയുണ്ടായിരുന്ന കാലം.
ഒരു സുഹൃത്ത് വഴി ഡോ. ബാലകൃഷ്ണന്റെ അടുത്ത്. ക്യാമറ പഠിക്കാനാണിഷ്ടമെന്ന് അറിയിച്ചു. ക്യാമറയെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. മദ്രാസിലെ ലൈബ്രറിയിൽ നിന്നു ക്യാമറ സംബന്ധമായ പുസ്തകങ്ങൾ ധാരാളമായി വായിച്ചു. ഡോ. ബാലകൃഷ്ണന്റെ ശുപാർശയിൽ സാലിഗ്രാമിലെ അരുണാചലം സ്റ്റുഡിയോയിൽ. തുടർന്ന് രണ്ടു വർഷത്തോളം ക്യാമറാ അപ്രന്റിസായി അരുണാചലം സ്റ്റുഡിയോയിൽ തുടർന്നു. ഒരുപാട് സിനിമകളിൽ സഹകരിച്ചു. ധാരാളം പ്രശസ്തരായ ഛായാഗ്രാഹകന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. രാമചന്ദ്രബാബു, യു. രാജഗോപാൽ, മെല്ലി ഇറാനി തുടങ്ങിയവരുടെയൊക്കെ സഹായിയായി.
രണ്ടു കൊല്ലത്തിനു ശേഷം വീണ്ടു ഡോ. ബാലകൃഷ്ണനടുത്തെത്തി. അദ്ദേഹം "രാജ പരമ്പര' എന്ന സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്ന സമയം. ക്യാമറാമാൻ നിവാസിന്റെ സഹായിയായി ആ സിനിമയിൽ ജോലി ചെയ്തു. പി. ഗോപികുമാർ സംവിധാനം ചെയ്ത കണ്ണുകൾ, ഇവളൊരു നാടോടി തുടങ്ങിയ ചിത്രങ്ങളിലും വർക്ക് ചെയ്തു. പിന്നീട് സത്യൻ അന്തിക്കാട് വഴി സംവിധായകൻ ജേസിയെ പരിചയപ്പെട്ടു. ദീർഘകാലം ജേസിയുടെ അസോസിയേറ്റായി. രക്തമില്ലാത്ത മനുഷ്യൻ, തുറമുഖം, ആരും അന്യരല്ല, അകലങ്ങളിൽ അഭയം, ആഗമനം തുടങ്ങിയ ചിത്രങ്ങളിലാണു ജേസിയുടെ അസോസിയേറ്റായി ജോലി ചെയ്തത്. പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ജലതരംഗം, പ്രിയദർശൻ സംവിധാനം ചെയ്ത രാക്കുയിലിൻ രാഗസദസിൽ തുടങ്ങിയ ചിത്രങ്ങളിലും സഹകരിച്ചിരുന്നു. ചുവന്ന അങ്കി, അഗ്നിശലഭങ്ങൾ, ചക്രവർത്തി തുടങ്ങിയ ചിത്രങ്ങളുടെ രചനയും നിർവഹിച്ചു. പി. ചന്ദ്രകുമാറിന്റെ അസോസിയേറ്റായി മൂന്ന് ഹിന്ദി ചിത്രങ്ങളിലും ശശിധരൻ പ്രവർത്തിച്ചു.
സിനിമയിലൊരു ഇടവേള വന്നപ്പോൾ തിരികെ നാട്ടിലെത്തി.
സിനിമയിൽ ഇടവേളകൾ അധികമായപ്പോഴാണു നോവലിൽ തിരികെയെത്തുന്നത്. പഠനകാലത്ത് മർമ്മരങ്ങൾ എന്നൊരു നോവൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അതിനുശേഷം രൗദ്രം എന്ന നോവലെഴുതി. ഗുഡ്നൈറ്റ് മോഹൻ നടത്തിക്കൊണ്ടിരുന്ന മനോരാജ്യം വാരികയിലാണ് രൗദ്രം ഖണ്ഡശ പ്രസിദ്ധീകരിക്കപ്പെട്ടത്. അതൊരു തുടക്കമായി. നോവൽ സൂപ്പർഹിറ്റായി. ജനപ്രിയ സാഹിത്യമെന്ന വിശേഷണം നേടിയിട്ടില്ലെങ്കിലും ഇത്തരം നോവലുകൾക്കു നല്ല വായനക്കാരുണ്ടായിരുന്ന സമയമായിരുന്നു. തുടർന്ന് ഞാൻ ഹിരണ്യൻ, കർഫ്യൂ, കാശ്മീർ കാശ്മീർ, നിഗൂഢം തുടങ്ങിയ നോവലുകളും മനോരാജ്യത്തിലെഴുതി. എല്ലാത്തിനും ധാരാളം വായനക്കാരുണ്ടായി. രണ്ടു വർഷത്തോളം മനോരാജ്യത്തിൽ സ്റ്റാഫായും ജോലി നോക്കിയിരുന്നു.
മനോരമ, രാഷ്ട്രദീപിക, മംഗളം, എക്സ്പ്രസ്, കേരള കൗമുദി തുടങ്ങിയ പ്രധാന പ്രസിദ്ധീകരണങ്ങളിലൊക്കെ നോവൽ എഴുതി. അങ്കം, ദി കിങ്, ഇത് അനന്തപുരി, ചിലന്തി, ആസുരം, രാത്രിയുടെ കണ്ണ്, ഡെസ്റ്റിനേഷൻ, റാക്കറ്റ്സ്, കില്ലേഴ്സ്, ചെങ്കൽചൂള, കറുത്ത രാജാക്കന്മാർ, യുദ്ധകാണ്ഡം, അതീന്ദ്രിയം, ഞാൻ ആദിത്യൻ, എക്സ്പ്ലോഡ്, ഡെർട്ടി ഡസൻ, ബാറ്റിൽ ഫീൽഡ്, ലിക്കർ മാഫിയ, ഞാൻ സൂര്യപുത്രൻ, അഗ്നിമുഖം തുടങ്ങിയവയാണു ശശിധരന്റെ പ്രധാന കൃതികൾ. 51 നോവലുകൾ എഴുതി. 2020ൽ പ്രസിദ്ധീകരിച്ച അഗ്നിമുഖമാണ് അവസാന നോവൽ.
മനോരമയിൽ യുദ്ധകാണ്ഡം എന്ന നോവൽ പ്രസിദ്ധീകരിക്കുന്ന കാലഘട്ടത്തിൽ വധഭീഷണി നേരിട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്. നോവലിലെ വില്ലൻ കഥാപാത്രത്തിന്റെ പേരാണു പ്രശ്നമായത്. ശശിധരന്റെ കണ്ണൂർ എന്ന നോവലും വിവാദമുയർത്തി. പതിവ് വഴികളിൽ നിന്നു വ്യതിചലിച്ചു രചിച്ച കൃതിയാണു പകിട. മഹാഭാരതത്തിലെ ശകുനിയുടെ കഥ പറഞ്ഞ പകിട സിനിമയാക്കാനുളള ശ്രമങ്ങളും നടന്നിരുന്നു. അഭയം, സീതാലക്ഷ്മി തുടങ്ങിയ സീരിയലുകളും എഴുതിയിരുന്നു. മംഗല്യപ്പട്ട് എന്ന സീരിയലിന്റെ സംവിധാനവും നിർവഹിച്ചു.
സിനിമയിൽ അപ്രന്റിസ് മുതൽ തിരക്കഥാകൃത്തെന്ന വിശേഷണം വരെ നേടി. സീരിയൽ സംവിധായകനായി. എങ്കിലും ക്രൈം നോവലിസ്റ്റെന്ന എന്ന പ്രശസ്തിയാണ് എപ്പോഴും കൂടെ നിന്നത്. എഴുത്തിന്റെ ഉദ്വേഗവഴികളിൽ നിന്നു മാറിസഞ്ചരിച്ച് മഹാഭാരതത്തിലെ ശകുനിയെ വ്യാഖ്യാനിച്ചപ്പോഴും എഴുത്തിനെ അത്രയധികം ഗൗരവത്തോടെ സമീപിക്കുന്ന ഒരു നോവലിസ്റ്റിന്റെ കൈയൊപ്പുണ്ടായിരുന്നു ആ കൃതിയിൽ.