

കേന്ദ്രം പലതും മറക്കുന്നു
credit: metro vaartha
ജ്യോത്സ്യൻ| ഗ്രഹനില
പഴയ കാലത്ത് കവലച്ചട്ടമ്പികൾ ഒരോ ഗ്രാമങ്ങൾ തന്നെ ഭരിച്ചിരുന്ന സന്ദർഭങ്ങൾ ചരിത്രത്തിലുണ്ട്. കാലം മാറി, ലോകം മാറി, വസുധൈവ കുടുംബകം എന്ന മാനവിക കാഴ്ചപ്പാടിന് പ്രാധാന്യം ലഭിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ 47ലെ ഓഗസ്റ്റ് 14ന് അർധരാത്രിയിൽ, ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ പുതിയ സ്വപ്നങ്ങളുമായി ഒരു രാജ്യം ഉണരുകയാണെന്നാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രഖ്യാപിച്ചത്.
ആ സ്വതന്ത്ര ഇന്ത്യ ഏതെങ്കിലുമൊരു രാഷ്‌ട്രീയ ശക്തികേന്ദ്രത്തിന്‍റെ അടിമയാകാതെ, ചേരിചേരാ രാജ്യങ്ങളുടെ നേതൃത്വമാണ് ഏറ്റെടുത്തത്. നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അടൽ ബിഹാരി വാജ്പേയ്, ഡോ. മൻമോഹൻ സിങ് തുടങ്ങിയ പ്രധാനമന്ത്രിമാർ ഇന്ത്യയുടെ അന്തസ് ലോകത്ത് ഉയർത്തിപ്പിടിച്ചവരാണ്. ബംഗ്ലാദേശ് യുദ്ധകാലത്തും ഗോവ ഇന്ത്യയുടെ ഭാഗമായപ്പോഴും അമെരിക്ക ഏഴാം കപ്പൽപ്പടയെ അയയ്ക്കുമെന്ന ഭീഷണി മുഴക്കിയപ്പോൾ ""അയച്ചോളൂ, വന്നപോലെ തിരിച്ചുപോകും'' എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ ഇന്ദിര എന്ന ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു.
എന്നാൽ ഡൊണാൾഡ് ട്രംപ് രണ്ടാമതും അമേരിക്കൻ പ്രസിഡന്‍റായ സാഹചര്യത്തിൽ ഇന്ത്യ- അമെരിക്ക ബന്ധം മറ്റൊരു ദിശയിലേക്കാണ് നീങ്ങുന്നത്. ട്രംപ് മോദിയെ ""തന്‍റെ സുഹൃത്ത്'' എന്ന് വിശേഷിപ്പിക്കുന്നതോടൊപ്പം തന്നെ, ഇന്ത്യയെ സാമ്പത്തികമായും നയതന്ത്രപരമായും ഭീഷണിപ്പെടുത്തി നിയന്ത്രിക്കാൻ ശ്രമിക്കുന്നു.
ഏതു രാജ്യത്തു നിന്ന് എന്ത് ഇറക്കുമതി ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം ഇന്ത്യൻ ജനതയ്ക്കും ഇന്ത്യൻ സർക്കാരിനുമാണ്. എന്നിട്ടും, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരരുതെന്നും, അതു തുടരുകയാണെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്നുമാണ് ട്രംപ് പരസ്യമായി ഭീഷണിപ്പെടുത്തുന്നത്.
കശ്മീരിൽ പാക്കിസ്ഥാന്‍റെ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തിന് ഇന്ത്യ ""ഓപ്പറേഷൻ സിന്ദൂർ'' വഴി ശക്തമായി മറുപടി നൽകിയപ്പോൾ സംഘർഷം നിർത്താൻ താനാണ് ഇടപെട്ടതെന്നും, അതിനാൽ ലോക സമാധാനത്തിനുള്ള നോബൽ സമ്മാനം തനിക്ക് ലഭിക്കണമെന്നും ട്രംപ് അവകാശപ്പെട്ടത് നാം കണ്ടതാണ്. ഇന്ത്യയുടെ സൈനിക-നയതന്ത്ര തീരുമാനങ്ങളെ പോലും സ്വന്തം പ്രചാരണത്തിനായി ട്രംപ് ഉപയോഗിക്കുന്ന സമീപനമാണ് ഇവിടെ കാണുന്നത്.
ഇതിനിടെ, ഇന്ത്യയിൽ പാർലമെന്‍റ് സമ്മേളനം നടക്കുമ്പോൾ തന്നെ, ഇന്ത്യ- യുഎസ് കരാറുകൾ പാർലമെന്‍റിൽ ചർച്ച ചെയ്യാതെ തീരുമാനമെടുത്തത് ജനാധിപത്യത്തോടുള്ള ഗുരുതരമായ വെല്ലുവിളിയാണ്. ഇന്ത്യൻ ഉത്പന്നങ്ങളിലെ അമെരിക്കൻ തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചെന്നും അമെരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ തീരുവയും മറ്റ് തടസങ്ങളും പൂജ്യമാക്കാൻ തയാറായതായും ട്രംപ് പ്രഖ്യാപിച്ചപ്പോൾ, അതിന് നന്ദി പറഞ്ഞും ട്രംപിന്‍റെ ""ലോക സമാധാന സംഭാവന'' കൈകൊട്ടി പുകഴ്ത്തിയും ഇന്ത്യൻ പ്രധാനമന്ത്രി രംഗത്തെത്തിയതും നാം കണ്ടു. മുൻഗാമികൾ ഇത്തരം സന്ദർഭങ്ങളിൽ കാട്ടിയ തന്‍റേടവും കരുത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുവെന്ന തോന്നലാണ് ഉണ്ടാകുന്നത്.
വിദേശ രാജ്യങ്ങളുമായി ഉണ്ടാകുന്ന കരാറുകൾ പാർലമെന്‍റിൽ വെളിപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടത് ഭരിക്കുന്ന സർക്കാരിന്‍റെ ഭരണഘടനാപരമായ ബാധ്യതയാണ്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങൽ നിർത്തി എന്ന് ട്രംപ് അവകാശപ്പെടുമ്പോൾ, അതിന് വ്യക്തവും ശക്തവുമായ മറുപടി നൽകാൻ നമ്മുടെ പ്രധാനമന്ത്രി തയാറാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. രാജ്യത്തിന്‍റെ താത്പര്യങ്ങളെ അപകടപ്പെടുത്തുന്ന ഒളിച്ചുകളികൾ അടുത്ത കാലത്ത് വർധിച്ചുവരുന്നതായി സംശയം ഉളവാക്കുന്നു.
ഇന്ത്യൻ കാർഷിക വിപണി അമെരിക്കയ്ക്ക് തുറന്നുകിട്ടുമെന്ന് യുഎസ് അഗ്രികൾച്ചറൽ സെക്രട്ടറി അവകാശപ്പെടുമ്പോൾ, കാർഷിക താൽപര്യം സംരക്ഷിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറയുന്നു. എന്നാൽ ഇന്ത്യൻ കാർഷിക ഉത്പന്നങ്ങളുടെ തീരുവ പൂജ്യമാക്കിയാൽ, ഇന്ത്യൻ കാർഷിക രംഗം തന്നെ പൂജ്യമാകുമെന്ന യാഥാർഥ്യം മന്ത്രി ഓർക്കേണ്ടതുണ്ട്.
വിപുലമായ ഇന്ത്യൻ മാർക്കറ്റിലേക്ക് അമെരിക്കൻ കാർഷിക ഉത്പന്നങ്ങൾ ഒഴുകിയെത്തിയാൽ, നമ്മുടെ കർഷകർക്ക് അത് നട്ടെല്ലൊടിക്കുന്ന ആഘാതമാകും.78 വർഷങ്ങൾക്ക് മുൻപ് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ, കാർഷിക- ശാസ്ത്ര- സാങ്കേതിക- വിദ്യാഭ്യാസ മേഖലകളിൽ നാം പിന്നാക്കമായിരുന്നു. ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ശക്തികേന്ദ്രമായി ഉയർന്നിട്ടുണ്ടെങ്കിൽ, അതിന്‍റെ പൂർണമായ ക്രെഡിറ്റ് കർഷകർക്കും രാജ്യത്തെ കാക്കുന്ന സൈനികർക്കുമാണ്.
ലാൽ ബഹാദൂർ ശാസ്ത്രിയുടെ ""ജയ് ജവാൻ, ജയ് കിസാൻ'' എന്ന മുദ്രാവാക്യത്തിന് ഇന്നും പ്രസക്തിയുണ്ട്.ഇതിനൊപ്പം, പാർലമെന്‍റിൽ ഭരണകൂടത്തിന്‍റെ പാളിച്ചകൾ വേണ്ട സമയത്ത് ഉയർത്തിക്കാട്ടാൻ കഴിയാത്ത ഒരു ദുർബല പ്രതിപക്ഷമാണുള്ളത്. ഏതു വിഷയങ്ങൾക്കാണു മുൻഗണന നൽകേണ്ടത് എന്നതിൽ പോലും പ്രതിപക്ഷം പലപ്പോഴും പരാജയപ്പെടുന്നു. ദുർബല പ്രതിപക്ഷം ശക്തമായ ജനാധിപത്യത്തിനു തന്നെ ഭീഷണിയാണ്.
പാർലമെന്‍റിൽ ബഹളം മാത്രം പോരാ; ഗൗരവമായ ചർച്ച കൂടി വേണം. പ്രതിപക്ഷം ബഹളം വച്ചാൽ സന്തോഷിക്കുന്നത് ഭരണപക്ഷമാണ്. കാരണം ആ ബഹളത്തിനിടയിൽ ബില്ലുകൾ പാസാക്കാനും ഭരണചക്രം തടസമില്ലാതെ തിരിക്കാനും അവർക്ക് കഴിയുന്നു. ജനാധിപത്യത്തിന്‍റെ നാലാം തൂണെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങളുടെ ബലഹീനതയും ഭയവും ഈ സാഹചര്യം കൂടുതൽ രൂക്ഷമാക്കുന്നു.
"ദി കാരവൻ' മാഗസിന്‍റെ പത്രാധിപർ വിനോദ് കെ. ജോസ് തുറന്നെഴുതുന്ന പോലെ മറ്റു മാധ്യമങ്ങളും ഭരണകൂടത്തിന്‍റെ തെറ്റായ വഴികളെ ചോദ്യം ചെയ്യാൻ മുന്നോട്ടുവരേണ്ടതുണ്ട്. കേന്ദ്ര ബജറ്റും കേരളത്തോടുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണമായി. അതിവേഗ റെയ്‌ൽ പാത, എയിംസ്, ഗണ്യമായ സാമ്പത്തിക സഹായം... ഇവയൊന്നും കേരളത്തിന് ലഭിച്ചില്ല.
ബജറ്റിന് മുമ്പ് ധനമന്ത്രി നിർമല സീതാരാമനെ കണ്ട ധനമന്ത്രി ബാലഗോപാലും കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസും ന്യായമായ ആവശ്യങ്ങൾ മുന്നോട്ടുവച്ചെങ്കിലും, ആകെ ലഭിച്ചത് കടലാമ പ്രജനന കേന്ദ്രങ്ങളുടെ സംരക്ഷണവും അത് കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര പാതയുമാണ്.
കടലോളം പ്രതീക്ഷ നൽകി കടലാമയെ കൈമാറിയ സമീപനം കേന്ദ്രം കേരളത്തെ പൂർണമായി അവഗണിച്ചുവെന്ന സന്ദേശമാണ് നൽകുന്നത്. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന സത്യം നരേന്ദ്ര മോദി സർക്കാർ മറക്കരുത്. അന്തസുള്ള വിദേശ നയവും, കർഷകനെ സംരക്ഷിക്കുന്ന സാമ്പത്തിക നയവും, പാർലമെന്‍റിനെ മാനിക്കുന്ന ജനാധിപത്യവുമില്ലാതെ ഇന്ത്യ ശക്തമാകില്ല. ഇന്ത്യയുടെ ശക്തി നന്ദി പറച്ചിലിലല്ല- കരുത്തിലും തന്‍റേടത്തിലുമാണ് എന്നാണ് ജോത്സ്യന് പറയാനുള്ളത്.