സ്മരണകളിരമ്പും ദൂരദർശൻകാലത്തിലെ നടൻ:  വിട, സമീർ ഖാഖർ

സ്മരണകളിരമ്പും ദൂരദർശൻകാലത്തിലെ നടൻ: വിട, സമീർ ഖാഖർ

ഒരു തലമുറയുടെ മനസിലിപ്പോഴും, നുക്കഡിൽ സമീർ അവതരിപ്പിച്ച സാധു മദ്യപാനിയുടെ കഥാപാത്രം നിറഞ്ഞു നിൽക്കുന്നുണ്ടാവും

കാഴ്ചകളാണ് ചിലപ്പോൾ കാലത്തെ രേഖപ്പെടുത്തുന്നത്. ഇന്നത്തെ പോലെ, വൈവിധ്യ കാഴ്ചകളുടെ വിരുന്നൊരുക്കലുകളില്ലാത്ത എൺപതുകൾ. ടെലിവിഷൻ എന്ന അത്യാഡംബരം അപൂർവം വീടുകളിൽ മാത്രം. ആ കാലഘട്ടത്തിൽ, അനവധി പേരുടെ മനസിൽ പതിഞ്ഞ കലാകാരനാണ് സമീർ ഖാഖർ. യഥാർഥ പേരിനു പോലും പ്രസക്തിയില്ലാതാവുന്ന വിധത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ വളർന്നിരുന്നു എൺപതുകളിൽ. അതിപ്രശസ്തമായ, അത്രയേറെ സ്വീകാര്യത നേടിയ നുക്കഡ് എന്ന ടിവി സീരിയലിലെ കോപ്ഡി എന്ന കറതീർന്ന മദ്യപാനിയെ അവതരിപ്പിച്ച നടൻ. കമൽഹാസൻ നായകനായ നിശബ്ദചിത്രം പുഷ്പകവിമാനത്തിൽ മദ്യപാനിയായ ബിസിനസുകാരനെ ഗംഭീരമാക്കിയ അഭിനേതാവ്. എൺപതുകളിൽ ടെലിവിഷനിൽ നിറഞ്ഞാടിയ സമീർ ഖാഖർ കഴിഞ്ഞദിവസം വിടപറഞ്ഞു. ഒരു തലമുറയുടെ മനസിലിപ്പോഴും, നുക്കഡിൽ സമീർ അവതരിപ്പിച്ച സാധു മദ്യപാനിയുടെ കഥാപാത്രം നിറഞ്ഞു നിൽക്കുന്നുണ്ടാവും.

കാഴ്ചകളുടെ ഒരേയൊരിടം ദൂരദർശൻ മാത്രമായിരുന്നപ്പോഴാണ് നുക്കഡിലൂടെ സമീർ പ്രേക്ഷകരുടെ മനസിൽ സ്ഥാനമുറപ്പിച്ചത്. മാനത്ത് സംപ്രേഷണ സിഗ്നലുകൾ മത്സരിക്കുന്നതിനു മുമ്പുള്ള കാലം. പ്രതിഭ കൊണ്ടു മാത്രം പ്രശസ്തനാവാൻ കഴിഞ്ഞിരുന്നിവരുടെ സമയം. ആ കാലത്തിന്‍റെ നടുവിലാണ് കസേര വലിച്ചിട്ട് സമീർ സ്വന്തം ഇടമൊരുക്കിയത്. പേരു മാറാത്ത ബോംബെ മഹാനഗരത്തിലെ സാധാരണക്കാരുടെ കഥ പറഞ്ഞ സീരിയലാണു നുക്കഡ്. ബോംബെതെരുവിലെ ബാർബറും, ചായക്കടക്കാരനും, മദ്യപാനിയും, തൊഴിലില്ലാത്ത കവിയുമൊക്കെ കഥാപാത്രമായ സീരിയൽ.

നുക്കഡിലെ മദ്യപാനിയുടെ കഥാപാത്രം സമീറിനെ എത്തിച്ചതു കമൽഹാസൻ ചിത്രമായ പുഷ്പകവിമാനത്തിലാണ്. ചിത്രത്തിൽ കമൽ തട്ടിക്കൊണ്ടു പോകുന്ന മദ്യപാനിയായ ബിസിനസുകാരനായി സമീർ ഖാഖർ തകർത്താടി. നിശബ്ദചിത്രമായിരുന്നെങ്കിൽ പുഷ്പകവിമാനം വൻവിജയം നേടി. സിനിമയെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങിയപ്പോൾ, ബിസിനസുകാരന്‍റെ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചതു സമീറിനെയായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു നുക്കഡിലെ കഥാപാത്രത്തിന്‍റെ സ്വീകാര്യത.

നൂറോളം ചിത്രങ്ങളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും സമീർ അഭിനയിച്ചു. എൺപതുകളിൽ സംപ്രേഷണം ചെയ്ത മനോരഞ്ജൻ, സർക്കസ് തുടങ്ങിയ സീരിയലുകളിലും പിന്നീടിങ്ങോട്ട് നയാ നുക്കഡ്, ശ്രീമാൻ ശ്രീമതി തുടങ്ങിയവയിലും സാന്നിധ്യം അറിയിച്ചു. ഒടുവിൽ എഴുപതാം വയസിൽ സമീർ ഖാഖർ വിട പറയുമ്പോൾ, ഒരു തലമുറയുടെ മനസിൽ ഗ്രെയ്ൻസ് വീണ ഓർമകളുടെ കാഴ്ചകൾ നിറയുന്നുണ്ടാകും, തീർച്ച.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com