

സഹ്യാദ്രി സ്പോട്ടഡ് റോയൽ | സുരേഷ് എളമൺ
വന്യജീവി ഫോട്ടോഗ്രാഫർ സുരേഷ് ഏളമണിന് ആദരവായി സഹ്യാദ്രി സ്പോട്ടഡ് റോയൽ പൂമ്പാറ്റയുടെ ഉപവിഭാഗത്തിന് 'സുരേഷി' എന്ന് പേര് നൽകി. കെ.കെ. നീലകണ്ഠന്റെ ശിഷ്യനായ സുരേഷ് ഏളമൺ, നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് എൻ.വി. കൃഷ്ണവാരിയരുടെ പിന്തുണയോടെ മാതൃഭൂമിയിൽ പൂമ്പാറ്റകളെക്കുറിച്ച് ലേഖനപരമ്പര എഴുതി കേരളത്തിൽ ശലഭനിരീക്ഷണത്തിന് തുടക്കമിട്ട വ്യക്തിയാണ്. പ്രകൃതിയെ സൂക്ഷ്മമായി പഠിക്കാൻ തനിക്ക് പ്രചോദനമായ ഗുരുവിന് ലഭിച്ച ഈ ആദരം ഡോ. കലേഷ് എസ് ഉൾപ്പെടെയുള്ള ഗവേഷകർക്കും സന്തോഷകരമാണ്.
അജയൻ
ഈ മനുഷ്യനാണ് ഒരിക്കൽ കേരളത്തെ കാടുകളിലും പൂന്തോട്ടങ്ങളിലും വർണശലഭങ്ങളെ കാണാൻ പഠിപ്പിച്ചത്. പ്രകൃതിസ്‌നേഹിയും വന്യജീവി ഫൊട്ടൊഗ്രഫറുമായ സുരേഷ് എളമണിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്, അദ്ദേഹം പേജുകളിൽ ജീവൻ നൽകിയ പൂമ്പാറ്റകളെപ്പോലെ തിളക്കമുള്ള ആദരവാണ്.
പ്രശസ്ത വന്യജീവി ഫൊട്ടൊഗ്രഫറും പ്രകൃതി സ്‌നേഹിയുമായ സുരേഷ് എളമണിന്‍റെ പേര് ഒരു പൂമ്പാറ്റയ്ക്ക് നൽകിയിരിക്കുന്നു; അദ്ഭുതങ്ങൾക്കായി സമർപ്പിച്ച ഒരു ജീവിതത്തിനുള്ള, ജീവിക്കുന്ന ആദരവാണിത്. അസോസിയേഷൻ ഫൊർ അഡ്വാൻസ്മെന്‍റ് ഒഫ് എന്‍റോമോളജിയുടെ ത്രൈമാസിക ജേണലായ 'എന്‍റോമോൺ', അതിന്‍റെ ഏറ്റവും പുതിയ ലക്കത്തിൽ കേരളത്തിലെ പൂമ്പാറ്റകളെക്കുറിച്ചുള്ള ഗവേഷണത്തിനായി പേജുകൾ മാറ്റിവച്ചിരിക്കുകയാണ്. വർണങ്ങളുടെ നേർത്ത വരകൾ പോലെ, പാറിപ്പറക്കുന്ന പൂമ്പാറ്റകളെക്കുറിച്ചുള്ളതാണ് ഈ പഠനം.
കാടുകൾ, തണ്ണീർത്തടങ്ങൾ, മലമ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച 328 ഇനം ശലഭങ്ങളെക്കുറിച്ചുള്ള ഒരു ചെക്ക്‌ലിസ്റ്റ് ഈ മോണോഗ്രാഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. എസ്. കലേഷിന്‍റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സഹ്യാദ്രി സ്പോട്ടഡ് റോയൽ എന്ന പൂമ്പാറ്റയുടെ (മലയാളത്തിൽ പൊട്ടുവെള്ളാംബരി) ഒരു ഉപവിഭാഗത്തിന് 'സുരേഷി' (Sureshi) എന്ന ലാറ്റിനൈസ്ഡ് നാമം നൽകിയിരിക്കുന്നത്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് തന്‍റെ ലെൻസിലൂടെയും വാക്കുകളിലൂടെയും ഈ അതിലോലമായ ശലഭലോകം പകർത്തി കേരളത്തിനു പരിചയപ്പെടുത്തിയ ഫൊട്ടൊഗ്രഫർക്കുള്ള ആദരവാണിത്.
കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ 'കേരളത്തിലെ പക്ഷികൾ' രചിച്ച, ഇന്ദുചൂഡൻ എന്നറിയപ്പെടുന്ന പ്രശസ്ത പക്ഷിനിരീക്ഷകൻ കെ.കെ. നീലകണ്ഠന്‍റെ ജീവചരിത്രകാരൻ കൂടിയാണ് സുരേഷ്. അദ്ദേഹം ഒരിക്കൽ ഇന്ദുചൂഡന്‍റെ വിദ്യാർഥിയും, പക്ഷികളെ തിരിച്ചറിയാനുള്ള നീണ്ട യാത്രകളിലെ കൂട്ടുകാരനുമായിരുന്നു. 1980കളുടെ മധ്യത്തിൽ, മഴക്കാടുകളിലും മഴക്കാല പർണശാലകളിലും പക്ഷികളെ തെരഞ്ഞുള്ള ഈ യാത്രകളിലാണ് സുരേഷിന്‍റെ ലെൻസ് പൂമ്പാറ്റകളിലേക്കും തിരിയുന്നത്.
തന്‍റെ വഴികാട്ടിയും ഇംഗ്ലിഷ് പ്രൊഫസറുമായ ആ പ്രകൃതിസ്‌നേഹിയായ ഗുരുവിനെ ചിത്രങ്ങൾ കാണിച്ചപ്പോൾ, വെറും ചിത്രമെടുക്കുന്നതിൽ ഒതുങ്ങാതെ, അവയെ തിരിച്ചറിയാനും പഠിക്കാനും രേഖപ്പെടുത്താനും അദ്ദേഹം ഉപദേശിച്ചു. അടിസ്ഥാന ഗ്രന്ഥങ്ങൾ പോലും തന്‍റെ പക്കലില്ലെന്ന് സുരേഷ് തുറന്നുപറഞ്ഞു. ഒരു മടിയും കൂടാതെ ഇന്ദുചൂഡൻ തന്‍റെ ലൈബ്രറിയിൽ നിന്ന് വിന്‍റർ-ബ്ലിത്തിന്‍റെ 'Butterflies of India' എന്ന പുസ്തകം അദ്ദേഹത്തിന്‍റെ കൈകളിൽ വച്ചുകൊടുത്തു. ആ ഒറ്റ പ്രവൃത്തിയിൽ നിന്നാണ് ആജീവനാന്തം പറക്കാനുള്ള വർണച്ചിറകുകൾ സുരേഷിനു കിട്ടുന്നത്. പൂമ്പാറ്റച്ചിറകുകളുടെ നേർത്ത കമ്പനത്തിലൂടെയുള്ള ഈ യാത്ര അദ്ദേഹത്തിന് കേരളത്തിലുടനീളം പ്രശസ്തി നേടിക്കൊടുത്തു.
സുരേഷ് എളമൺ
എഴുത്തുകാരനും എഡിറ്ററുമായ എൻ.വി. കൃഷ്ണവാര്യരിലൂടെയാണ് തന്‍റെ കരിയറിൽ നിർണായക വഴിത്തിരിവ് ഉണ്ടായതെന്ന് സുരേഷ് ഓർമിക്കുന്നു. അക്കാലത്ത് കുങ്കുമം വാരികയിൽ വാര്യർ എഴുതിയിരുന്ന പംക്തി വ്യാപകമായി വായിക്കപ്പെട്ടിരുന്നു. പക്ഷികളെക്കുറിച്ച് എഴുതാൻ ഇന്ദുചൂഡനുണ്ട്, പാമ്പുകളെക്കുറിച്ച് പഠിക്കാൻ ഡോ. അടിയോടിയുണ്ട്, എന്നാൽ പൂമ്പാറ്റകളുടെ അതിമനോഹരമായ ലോകത്തെക്കുറിച്ചു പറയാൻ ആരുമില്ലല്ലോ എന്ന് അദ്ദേഹം ഒരു ലേഖനത്തിൽ ഖേദം പ്രകടിപ്പിച്ചു. ആകസ്മികമായി ആ ലേഖനം വായിച്ച സുരേഷ്, ആ വെല്ലുവിളിയിൽ പ്രചോദിതനായി, താൻ പൂമ്പാറ്റകളെക്കുറിച്ച് പഠിക്കുന്നുണ്ടെന്നും ആ കുറവ് നികത്താൻ തയാറാണെന്നും വാര്യർക്കെഴുതി. മറുപടി പെട്ടെന്നായിരുന്നു: അപ്പോഴേക്കും മാതൃഭൂമിയിൽ തിരിച്ചെത്തിയ വാര്യർ അതിൽ അറിയിച്ചു: വാരികയിലല്ല, പത്രത്തിന്‍റെ വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കും. സുരേഷിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, അദ്ദേഹത്തിന്‍റെ ലേഖനം താമസിയാതെ മുഖ്യലേഖനമായി പ്രത്യക്ഷപ്പെട്ടു, ആഴ്ചതോറും പംക്തി തുടർന്നു. ഓരോ ലക്കവും വായനക്കാർക്ക് ഓരോ ഇനം പൂമ്പാറ്റകളെ പരിചയപ്പെടുത്തി. ഈ പരമ്പര പെട്ടെന്ന് ജനപ്രിയമാവുകയും നിരവധി പേരെ വർണച്ചിറകുള്ള ഈ പ്രാണികളുടെ അദ്ഭുതലോകത്തേക്ക് ആകർഷിക്കുകയും ചെയ്തു.
ആ തുടക്കത്തിൽ നിന്ന്, ഒരിക്കൽ പൂമ്പാറ്റകളുടെ പര്യായമായിരുന്ന സുരേഷ് എളമൺ തന്‍റെ ചിറകുകൾ കൂടുതൽ വിടർത്തി. ഇന്ന്, അദ്ദേഹം ഒരു പ്രശസ്ത വന്യജീവി ഫൊട്ടൊഗ്രഫറും ഡോക്യുമെന്‍ററി ചലച്ചിത്രകാരനുമാണ്; അതിലോലമായ ചിറകുകളിൽ നിന്ന് അദ്ദേഹത്തിന്‍റെ നോട്ടം പ്രകൃതിയുടെ വിശാലമായ ജീവസ്സുറ്റ ലോകത്തേക്ക് വളർന്നു. ഈ ലേഖകൻ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയത് മൂന്നാറിലെ കാറ്റു പിടിച്ച പുൽമേടുകളിലൂടെയുള്ള ഒരു ട്രെക്കിങ്ങിനിടെയാണ്. അവിടെ ഒരു പാറയുടെ അരികിൽ സാഹസികമായി ഇരുന്നുകൊണ്ട് സുരേഷ്, വളരെ താഴെ ഒറ്റയാനായി നടന്നുപോകുന്ന ഒരു കാട്ടാനയുടെ അലസഗാംഭീര്യത്തിൽ തന്‍റെ ക്യാമറ ഫോക്കസ് ചെയ്തിരുന്നു.
സുരേഷ് എളമൺ
അടുത്ത ദിവസം അതിരാവിലെ, വിശാലമായ താഴ്‌വരയിൽ ഒരു കൂട്ടം ആനകളുടെ നേർത്ത രൂപരേഖകൾ പറമ്പിക്കുളത്തേക്കുള്ള ഇടനാഴിയിലൂടെ നീങ്ങി. സുരേഷ് മുന്നിൽ നടന്നു, ഞങ്ങൾ ചിലർ അദ്ദേഹത്തെ പിന്തുടർന്നു. അദ്ദേഹം ആനകളുടെ ശാന്തമായ ഘോഷയാത്ര ചിത്രീകരിച്ചുകൊണ്ട്, സുദീർഘവും ദുർഘടവുമായ പാതയിലൂടെ നടന്നു.
വർഷങ്ങൾക്കുശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി, ഇത്തവണ മൂന്നാറിൽ തന്നെ മറ്റൊരിടത്ത്. ചാറ്റൽമഴയിൽ ട്രൈപോഡിൽ അദ്ദേഹത്തിന്‍റെ വിഡിയൊ ക്യാമറ ഉറപ്പിച്ചു വച്ചിരുന്നു. കൂടെ മറ്റൊരു പ്രശസ്ത ഫൊട്ടൊഗ്രഫർ എം. ബാലനും ഉണ്ടായിരുന്നു. നീലഗിരിയിലെ വരയാടുകളുടെ ഇണചേരൽ പകർത്താൻ ക്ഷമയോടെ അവർ കാത്തിരിക്കുകയായിരുന്നു. സുരേഷിന്, കാട് എപ്പോഴും ഒരു ക്ഷേത്രമാണ്, കാത്തിരിപ്പ് ഒരു പ്രാർഥനാരൂപവും.
സഹ്യാദ്രി സ്പോട്ടഡ് റോയൽ | Sahyadri spotted Royal
ഡോ. കലേഷ് അദ്ദേഹത്തെക്കുറിച്ച് ആദരവോടെയാണ് സംസാരിക്കുന്നത്: പ്രകൃതിയെ സൂക്ഷ്മമായി കാണാൻ തന്നെ പ്രേരിപ്പിച്ചത് സുരേഷാണെന്നും, അത് ഈ മഹത്തായ മോണോഗ്രാഫിന് രൂപം നൽകാൻ സഹായിച്ചുവെന്നും അദ്ദേഹം പറയുന്നു. തങ്ങൾക്കു ലഭിച്ച തിരുവിതാംകൂർ ഈവനിങ് ബ്രൗൺ എന്ന പൂമ്പാറ്റയുടെ ലാർവകളെക്കുറിച്ച് താനും ഒരു സുഹൃത്തും ചേർന്ന് ഒരു പ്രബന്ധം തയാറാക്കുമ്പോൾ, വർഷങ്ങളായി വംശനാശം സംഭവിച്ചതായി വിശ്വസിച്ചിരുന്ന ആ ഇനത്തെ വീണ്ടും കണ്ടെത്തിയത് സുരേഷാണെന്നു താൻ തിരിറിഞ്ഞുവെന്ന് അദ്ദേഹം ഓർമിച്ചു. "ഉടൻ ഞാൻ അദ്ദേഹത്തെ ബന്ധപ്പെട്ടു," അദ്ദേഹം പറയുന്നു. "സുരേഷ് സർ ഉടൻ പ്രതികരിച്ചു, പൂമ്പാറ്റയെക്കുറിച്ചുള്ള നിരവധി രേഖകൾ അടങ്ങിയ ഒരു കെട്ട് എനിക്കു കൈമാറി. ഞാൻ അദ്ദേഹത്തെ എന്‍റെ ഗുരുവായി സ്വീകരിച്ചു. എനിക്ക് അങ്ങോട്ടു ഗുരുദക്ഷിണ നൽകേണ്ടി വന്നില്ല, ഇങ്ങോട്ടാണു ദക്ഷിണ കിട്ടിയത്."
ഈ പൂമ്പാറ്റയ്ക്കു പേര് നൽകിയത് ഒരു വലിയ പ്രകൃതി സ്‌നേഹിയോടുള്ള അഗാധമായ ആദരവാണ്. കേരളത്തിലെ എണ്ണമറ്റ ആളുകളുടെ കണ്ണുകൾ പൂമ്പാറ്റകളുടെ അസാധാരണ ലോകത്തേക്ക് നിശബ്ദമായ തിളക്കത്തിലൂടെ തുറന്നുകൊടുത്ത ഒരാൾക്കുള്ള ആദരം. പാലക്കാട് ചുരത്തിന്‍റെ വടക്കും തെക്കുമുള്ള പശ്ചിമഘട്ട പ്രദേശങ്ങളിലാണ് ഈ പ്രത്യേക പൂമ്പാറ്റയെ കാണുന്നത്. ഇപ്പോൾ ഇത് ഒരു ഉപവിഭാഗമായാണ് അംഗീകരിക്കപ്പെടുന്നത്. എങ്കിലും, നടന്നുകൊണ്ടിരിക്കുന്ന ഡിഎൻഎ പഠനങ്ങൾ കൂടുതൽ വ്യത്യാസങ്ങൾ വെളിപ്പെടുത്താൻ സാധ്യതയുണ്ട്, അതോടൊപ്പം ഇത് ഒരു പ്രത്യേക ഇനമായി ഉയർത്തപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു.