

സിസിടിവി എന്ന ദൈവം
അക്ഷരജാലകം| എം.കെ. ഹരികുമാർ
ഇന്‍റർനെറ്റ് ദൈവമാണെന്ന് പ്രഖ്യാപിച്ചത് സ്വീഡിഷ് സംഗീതജ്ഞനും തത്വജ്ഞാനിയുമായ അലക്സാണ്ടർ ബാർദ് എന്ന ഗ്രന്ഥകാരനാണ്. അദ്ദേഹം സ്ഥാപിച്ച പുതിയ മതമാണ് സിന്തീസം. 'ക്രിയേറ്റിങ് ഗോഡ് ഇൻ ദ് ഇന്‍റർനെറ്റ് ഏജ്' എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം ഈ ആശയം അവതരിപ്പിച്ചത്. മനുഷ്യൻ സൃഷ്ടിച്ച ദൈവം എന്ന അർഥത്തിലാണ് അദ്ദേഹം ഈ പദം ഉപയോഗിക്കുന്നത്. മനുഷ്യർക്ക് പൊതുവെ മതപരമായ ആഭിമുഖ്യമുണ്ടെന്ന ചിന്തയിൽ നിന്നാണ് ബാർദ് ഇതു അപഗ്രഥിച്ചത്. മനുഷ്യർക്ക് അവരുടേതായ ആശയ വിനിമയമുണ്ട്. പരസ്പരം അവർ സംവദിക്കുന്നു. അവരുടേത് പാരമ്പര്യ വിശ്വാസമാകാം, സംഘടിത മതമാകാം, ഡിജിറ്റൽ കെട്ടുപിണച്ചിലാകാം. ബാർദ് ചൂണ്ടിക്കാട്ടുന്നത് ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന ഒറ്റപ്പെട്ട മനുഷ്യൻ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നാണ്; പകരം കെട്ടുപാടുകളും ബന്ധങ്ങളും ശ്രേണികളുമാണുള്ളത്. കെട്ടുപാടുകളും ബന്ധങ്ങളും ശ്രേണികളുമുള്ള മനുഷ്യർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇന്‍റർനെറ്റ് പുതിയ മനുഷ്യനെ ഒരു അധികാര കേന്ദ്രമാക്കിയിരിക്കുന്നു, അവൻ വിശ്വാസിയായാലും അവിശ്വാസിയായാലും.
ഇതു ദൈവത്തിന് സമാനമായ സൃഷ്ടിയാണ്. കോടിക്കണക്കിന് മനുഷ്യർക്ക് ലോകത്ത് എവിടെയും പരസ്പരം കാണാനും സംവദിക്കാനും സന്ദേശങ്ങൾ അയയ്ക്കാനും സാംസ്കാരിക വിനിമയങ്ങൾ സൃഷ്ടിക്കാനും കഴിയുന്നത് ദൈവത്തിന്‍റെ പ്രവൃത്തിയാണ്. ഈ ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യനാണ്. നൂറ്റാണ്ടുകൾക്ക് മുൻപ്, ദൈവം സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ലോകത്ത് മനുഷ്യർക്ക് ഭൂമിശാസ്ത്രപരമായ അകലം ഒരു പ്രശ്നമായിരുന്നു. അകലെയുള്ളവരുമായി അടുത്തിടപഴകാൻ സാധിച്ചില്ല. ഒരേ കാലത്തുതന്നെ അനേകായിരം പേരുമായി വിനിമയം സാധ്യമാക്കിയതും എല്ലാവരെയും ഒരു നിമിഷത്തിന്‍റെ മുനയിലേക്ക് കൊണ്ടുവന്നതുമാണ് പുതിയ ദൈവത്തിന്‍റെ വിപ്ലവം.
മനുഷ്യൻ സൃഷ്ടിച്ചത്
ഇന്‍റർനെറ്റ് എന്ന ദൈവം പുതിയ മനുഷ്യനെ പുതിയ മാനത്തിൽ ആവിഷ്കരിക്കുകയാണ്. ഈ ദൈവമാകട്ടെ മനുഷ്യന്‍റെ സൃഷ്ടിയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യർക്ക് പ്രത്യേക ഗോത്രമായോ ഭൂമിശാസ്ത്ര വിഭാഗമായോ മാത്രമേ ജീവിക്കാമായിരുന്നുള്ളൂ. അവർക്ക് ഭൂഖണ്ഡങ്ങൾ പോലും അജ്ഞാതമായിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ദൈവം മനുഷ്യരെ തമ്മിൽ അകറ്റി നിർത്തിയെങ്കിൽ, അവരുടെ തത‌്സമയമുള്ള ആശയവിനിമയങ്ങളും സ്നേഹസംവാദങ്ങളും വിലക്കിയെങ്കിൽ പുതിയ ദൈവമായ ഇന്‍റർനെറ്റ് അതെല്ലാം അനുവദിച്ചിരിക്കുന്നു. ഇപ്പോൾ മനുഷ്യന്‍റെ പരിധിയിലാണ് കാലം. കാലത്തിന്‍റെ ഉള്ളിലേക്ക് കടന്നു മനുഷ്യൻ ആവാസവ്യവസ്ഥ ഉണ്ടാക്കിയിരിക്കുന്നു. ഒരു നിമിഷം കൊണ്ട് പതിനായിരം പേർക്ക് സന്ദേശം അയയ്ക്കാമെന്നിരിക്കെ, പതിനായിരം പേരുടെ താമസസ്ഥലത്ത് കത്ത് മുഖേനയോ ഫോൺ വിളിച്ചോ വിവരങ്ങൾ കൈമാറാൻ വേണ്ടിവരുന്ന കാലതാമസം ഒഴിവായിരിക്കുന്നു.
ഒരു നിമിഷം എല്ലാവരെയും അടുപ്പിച്ചുനിർത്തുകയാണ്. സ്ഥലങ്ങൾ തമ്മിലുള്ള വിടവ് ദൂരത്തിന്‍റേതു മാത്രമല്ല വേഗത്തിന്‍റേതുമാണ്. ഇന്‍റർനെറ്റ് ഈ ദൂരത്തെ മിഥ്യയാക്കിയിരിക്കുന്നു. ഓസ്ട്രേലിയയിലോ ദുബായിലോ താമസിക്കുന്നവർക്ക് ഇന്ത്യയിലുള്ളവരുമായി ഇന്‍ററാക്റ്റീവ് മീറ്റിങ് നടത്താൻ സ്ഥലമോ സമയമോ തടസം സൃഷ്ടിക്കുന്നില്ല ഇന്‍റർനെറ്റ്, ബാർദ് പറയുന്നു, ലോകത്തുള്ള എല്ലാവരെയും ഒരു കുടക്കീഴിൽ പരസ്പര ബോധത്താൽ ഒരു സമൂഹമാക്കിയിരിക്കുന്നു.
ഇന്ന് ലോകസമൂഹത്തെ രണ്ടായി തിരിക്കാം -ഓൺലൈൻ എന്നും ഓഫ് ലൈൻ എന്നും. ഓഫ്‌ലൈൻ എന്നാൽ "മരണ'മാണ്. ഒരാൾ ഓഫ്‌ലൈനിലാണെങ്കിൽ അയാളുടെ ജീവിതം ചലനമറ്റതാണ്. എങ്ങനെ ബന്ധപ്പെടും? വാട്സാപ്പ് ,ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഓൺലൈനിലാണല്ലോ പ്രവർത്തിക്കുന്നത്. ഓൺലൈൻ അലൗകികമായ ദൈവരാജ്യമാണ്. അവിടെ മനുഷ്യർക്ക് ഒരേപോലെ ഉന്നതമായ ഒരു പരസ്പരബന്ധിത ലോകത്തേക്ക് കണ്ണിചേരാനാകുന്നു. മറ്റൊരാളുമായി ബന്ധം സ്ഥാപിക്കപ്പെടുകയാണ്.
ജനാധിപത്യത്തിനും അപ്പുറം
വാട്സാപ്പിലൂടെ സന്ദേശങ്ങളും ചിത്രങ്ങളും വരുമ്പോൾ സ്നേഹമുള്ള ഒരു മനുഷ്യജീവിയുടെ സാന്നിധ്യമാണ് അനുഭവിക്കുന്നത്. ദീർഘദൂരം സഞ്ചരിച്ച് ഒരാളെ കണ്ടു തൃപ്തിപ്പെടുന്നതിന് പകരം ഒരു വാട്സാപ്പ് വീഡിയോ കോളിലൂടെ അത് പ്രാപ്തമാക്കാം. ഓൺലൈനിലാണ് ലോകം ജീവിക്കുന്നത്. വാഹനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും ടാക്സി വിളിക്കാനും ബാങ്കിങ് മേഖല പ്രവർത്തിക്കാനും മാധ്യമലോകം ചലിക്കാനും ഓൺലൈൻ വേണം. ഓഫ്‌ലൈൻ വെറും ഇരുട്ടാണ്. അത് ചരിത്രാതീത കാലത്തെ വേഗം കുറഞ്ഞ ലോകമാണ്. അത് ചലനാത്മകമല്ല. ഇന്‍റർനെറ്റ് നവോത്ഥാനമാണ്. അത് കഴിഞ്ഞ കാലങ്ങളിലെ ജീർണതകളെ തകർത്ത് മനുഷ്യരുടെ ഒരുമിക്കൽ ആഗോള യാഥാർഥ്യമാക്കിയിരിക്കുന്നു.
സാംസ്കാരികവും രാഷ്ട്രീയവുമായ എല്ലാ പ്രതിബന്ധങ്ങളും തകർത്തുകൊണ്ടാണ് അതു മുന്നേറുന്നത്. ലോകത്ത് 800.62 കോടി സ്മാർട്ട് ഫോൺ കണക്‌ഷനുകളാണുള്ളത്. അതേസമയം, 600.12 കോടി ആളുകൾ ഫോണിൽ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നു. ഈ കണക്ക് കാണിക്കുന്നതെന്താണ്? ഇത്രയും ആളുകളെ ഒരു സമൂഹമായി കെട്ടിപ്പടുത്തിരിക്കുകയാണ്. അവർക്ക് പരസ്പരം ബന്ധപ്പെടാം. അവരെല്ലാം ഒരു ശൃംഖലയിലെ കണ്ണികളാണ്. ഈ നവോത്ഥാനം ചരിത്രത്തിൽ ആദ്യമാണ്. ചരിത്രം അവസാനിച്ചു എന്ന് അമെരിക്കൻ രാഷ്ട്രമീമാംസകനായ ഫ്രാൻസിസ് ഫുക്കുയാമ പറഞ്ഞത് ജനാധിപത്യത്തിനപ്പുറം മറ്റൊരു ഭരണക്രമം ഇനിയുണ്ടാകാനില്ല എന്ന അർഥത്തിലാണ്. എന്നാൽ ജനാധിപത്യഭരണക്രമത്തെയും മറികടന്ന് ലോകത്തുള്ള ആളുകളുടെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പുതിയൊരു ജനായത്തമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇതു പുതിയൊരു ആൾക്കൂട്ട സംസ്കാരമാണ്. ഇവിടെ മനുഷ്യർക്കിടയിലെ വിഭാഗീയത ഇല്ലാതാക്കിയിരിക്കുന്നു. ഫോണിലേക്ക് വരുന്ന സന്ദേശങ്ങൾക്ക് ജാതിയോ മതമോ ഇല്ല. എല്ലാം ഫോണിൽ ഒരുപോലെയാണ്. വിജ്ഞാനത്തിന് വിലക്കില്ല. സാമൂഹികമായ അധികാരകേന്ദ്രം ഇല്ലാതായി. ഒരാളുടെ തീരുമാനമാണ് അയാൾ ഏതു തരത്തിലുള്ള വിജ്ഞാനം തിരഞ്ഞെടുക്കണമെന്നത്. ഈ നവോത്ഥാനം തദ്ദേശീയമായ, ഗ്രാമീണമായ, ജാതീയമായ, മതപരമായ, രാഷ്ട്രീയമായ ഐഡന്‍റിറ്റിയെ കടപുഴക്കിയിരിക്കുന്നു. അഭിരുചിക്കനുസരിച്ച് നമുക്കെന്തും ആയിത്തീരാം. എല്ലാവർക്കും ചുവരുണ്ട്, ചിത്രമെഴുതാം.
ആരും ആരുടെയും പിന്നിലല്ല; എല്ലാവർക്കും അവസരമുണ്ട്. എല്ലാവർക്കും മത്സരിക്കാനുള്ളത് അവനവനോട് മാത്രമാണ്. ഇവിടെയാണ് എഐ, ഡ്രോൺ എന്നിവയുടെ പ്രസക്തി. ഒരാൾക്ക് തന്‍റെ ഭാവനയെ ഏത് അതിർത്തിയിലേക്കും വ്യാപിപ്പിക്കാം. ഇതെല്ലാം മനുഷ്യരാശിയെ പുതിയ ദിശയിലേക്ക് എത്തിക്കുകയാണ്. എഐ ഒരു സ്വതന്ത്ര ഭാവനയാണ് ഒരുക്കുന്നത്. ഭാവനയ്ക്ക് ഇനി വിലക്കില്ല. ഒരു കാളയുടെ തലവെച്ച് നിങ്ങളുടെ ഫോട്ടോ തയാറാക്കാൻ മറ്റാരുടെയും സഹായം വേണ്ട. നിങ്ങളുടെ മുറിയിലേക്ക് സുന്ദരിയായ ഒരു സ്ത്രീയെ വിളിച്ചുവരുത്തി സംസാരിക്കാൻ എഐ സഹായിക്കും -മൊബൈൽ ആപ്പുണ്ട്. നിങ്ങളാണ് നിങ്ങളുടെ ദൈവം. അവനവനെ അറിയുക എന്ന് മഹാഋഷിമാർ പറഞ്ഞത് ഇതുതന്നെയല്ലേ ?
മനുഷ്യരേക്കാൾ നന്മയുള്ളത്
സിസിടിവി ക്യാമറ ഒരു ദൈവമാണ്. അത് ഏതൊരുവനും സുരക്ഷ നൽകുന്നു. എല്ലാവരെയും കാണുന്നു. ഒരു വലിയ മാളിൽ ചെന്ന് ഹൈപ്പർ മാർക്കറ്റിൽ കയറി സാധനങ്ങൾ വാങ്ങി ട്രോളിയിൽ ഉന്തിക്കൊണ്ടുവരുമ്പോൾ ഒരാൾക്കും സാമൂഹ്യമായ പിന്നോക്കാവസ്ഥ നേരിടേണ്ടിവരുന്നില്ല. അവിടെ സ്വാതന്ത്ര്യമുണ്ട്. അവിടെ നിന്ന് ബില്ലടിച്ച് പുറത്തുവരുമ്പോൾ അവനിൽ സത്യസന്ധത എന്ന ഗുണമുണ്ടെന്ന് ഉറക്കെ പറയുന്നത് സിസിടിവി ക്യാമറകളാണ്. ആ ക്യാമറ ദൈവത്തെ പോലെ നമ്മെ എപ്പോഴും നിരീക്ഷിക്കുകയാണ്. നാം തെറ്റ് ചെയ്യുന്നില്ല എന്ന് നമ്മെക്കാൾ ഉറപ്പുള്ളത് ആ ക്യാമറയ്ക്കാണ്. അത് നമ്മെക്കുറിച്ചുള്ള വിലപ്പെട്ട രേഖയാണ്. നമുക്ക് നമ്മെക്കുറിച്ച് അവിശ്വാസം തോന്നിയാലും സിസിടിവി ക്യാമറ ചതിക്കില്ല. അതിനു ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. അത് നിർവേദാവസ്ഥയിൽ പ്രിയവും അപ്രിയവുമില്ലാതെ സാമൂഹ്യ പുരോഗതിയുടെ അച്ചുതണ്ട് പിടിക്കുകയാണ്. നാം റോഡിൽ നിന്നാൽ അത് സാക്ഷ്യപ്പെടുത്തും. നാം തെറ്റ് ചെയ്താൽ അത് കൈയോടെ പിടിക്കും. അതിന് കള്ളമറിയില്ല. മനുഷ്യരേക്കാൾ നന്മയുണ്ട് സിസിടിവിക്ക്. കള്ളക്കേസുകൾ ഒഴിഞ്ഞുപോകുന്നത് സിസിടിവി ക്യാമറയുടെ മുന്നിലാണ്.
റോഡുകളിലും ബസ് സ്റ്റോപ്പുകളിലും കടകളിലും ആ ദൈവം കണ്ണുമിഴിച്ചിരിക്കുകയാണ്, ഒട്ടും ദയയില്ലാതെ. അതു രാഷ്ട്രീയനീതിയുടെ പ്രത്യക്ഷദൈവമാണ്. ദംഷ്ട്രകൾ പുറത്തേക്ക് തള്ളി രൗദ്രഭാവത്തിലിരിക്കുന്ന ദേവതകൾ ഈ നോട്ടമാണ് നൽകിയത്. അത് പ്രിയമോ അപ്രിയമോ ഇല്ലാതെ, തെറ്റുകൾ സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് ആ ദേവതകൾക്ക് പ്രസാദാത്മകതയിൽ ഇരിക്കാനാകാത്തത്. കാരണം, അരുതാത്തത് സംഭവിക്കാനുള്ള സാധ്യത ആ ദേവതകൾ മുന്നിൽ കാണുന്നു. അതുകൊണ്ട് ജാഗ്രത പാലിക്കേണ്ടതുണ്ട്. അവിടെ ദയയോ സ്നേഹമോ പ്രകടിപ്പിക്കാനാവില്ല. നമ്മുടെ ബന്ധുവോ പരിചയക്കാരനോ സുഹൃത്തോ ആകട്ടെ, അയാൾ തെറ്റു ചെയ്യുന്നില്ലെന്ന് എങ്ങനെ ഉറപ്പു വരുത്താനാവും?
സാക്ഷാൽ ദേവതയ്ക്ക് മാത്രമേ അത് സാധ്യമാകൂ. സിസിടിവി ക്യാമറ ദൈവത്തിന്‍റെ നോട്ടമാണ് നോക്കുന്നത്. അതു അപകടങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ഉറവിടങ്ങൾ ചികഞ്ഞു പുറത്തിടും. നിയമപാലകർക്കും ഉദ്യോഗസ്ഥർക്കും വ്യക്തികളുടെ തെളിവുകളെക്കാൾ സിസിടിവിയാണ് വിശ്വാസം. ഇതു മാനവരാശിയെ മനുഷ്യാതീതമായ പുതിയൊരു സാംസ്കാരിക യുഗത്തിലേക്ക് കടത്തിക്കൊണ്ടു പോവുകയാണ്.
ചുമരിലിരിക്കുന്ന ദൈവം
സിസിടിവിക്ക് മുന്നിൽ തെറ്റ് ചെയ്യാത്തവരെല്ലാം വിശുദ്ധരാണ്. കാരണം അവരെ ആർക്കും ബന്ധനസ്ഥരാക്കാനാവില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ തെറ്റ് ചെയ്യാത്തവർക്ക് എളുപ്പമല്ല. അവരുടെ കൈകളിൽ അതിന്‍റെ തെളിവില്ല. എന്നാൽ ചുമരിലിരിക്കുന്ന ദൈവത്തിന്‍റെ കൈയിൽ തെളിവുണ്ട്. ദൈവങ്ങൾ ചുമരിലാണല്ലോ ഇരിക്കുന്നത്. നമ്മുടെ ഹൃദയത്തിലാണ് വേണ്ടതെങ്കിലും ഹൃദയത്തിലിരിക്കുന്നത് മറ്റുള്ളവർക്ക് ബോധ്യപ്പെടുകയില്ല. ചുമരിലിരിക്കുന്ന ദൈവത്തെ ആർക്കും തള്ളിപ്പറയാനൊക്കില്ല. ആ ദൈവം നമ്മെയാണ് വീക്ഷിക്കുന്നത്. നമ്മുടെ കൃത്യത്തിന്‍റെ അനർത്ഥങ്ങളെയും ഭവിഷ്യത്തുകളെയും ജാഗ്രതക്കുറവിനെയും നിർദയമായി ചുമരിലെ ദൈവം നോക്കിക്കൊണ്ടിരിക്കുന്നു. ആ ദൈവത്തിന്‍റെ നോട്ടത്തിലടങ്ങിയിട്ടുള്ള നേരിനെക്കുറിച്ച് ബോധമില്ലാതിരിക്കുന്നതാണ് നമ്മടെ അജ്ഞതയുടെയും തെറ്റുകളുടെയും ആകെത്തുക. എന്നാൽ മനുഷ്യൻ സൃഷ്ടിച്ച ദൈവമായ സിസിടിവിയാകട്ടെ തെളിവ് ഹാജരാക്കുന്നു. ആ അന്ധകാരത്തിൽ കിടന്ന് പുളയ്ക്കാൻ നമുക്ക് കിട്ടുന്ന കറുത്ത ഊർജം അതിനെക്കുറിച്ചുള്ള അജ്ഞതയിൽ നിന്നാണ്. അത് എത്രനാൾ തുടരുന്നുവോ അത്രയും നാൾ അന്ധകാരത്തിലായിരിക്കും. ചിലപ്പോഴെങ്കിലും ചുമരിലേക്ക് തിരിച്ചറിവോടെ നോക്കുമ്പോൾ കഥ മാറും. ഒരു സിസിടിവി ക്യാമറ അതിന് പകരം നോക്കുകയാണ്. ദൈവത്തിന്‍റെ നിശബ്ദതയ്ക്ക് പകരം സിസിടിവിയുടെ കൃത്യതയോടെയുള്ള തെളിവുനിരത്തൽ പുതിയൊരു മാനവസംസ്കാരത്തെ രൂപകൽപ്പന ചെയ്തിരിക്കുന്നു. സിസിടിവി ഒരു മതനിരപേക്ഷ, ജനാധിപത്യാതീത സ്വതന്ത്ര സാക്ഷ്യമാണ്. അത് ദൈവത്തേക്കാൾ കൃത്യത പാലിക്കുന്നു.
രജതരേഖകൾ
1. സന്തോഷ് പാലാ
"തത്വശാസ്ത്രങ്ങൾ ഏതോ ചിതയിൽ കത്തിയെരിയുന്നു' എന്നു വയലാർ എഴുതിയത് ഓർക്കുകയാണ്. ജീവിക്കാനാണ് പഠിക്കേണ്ടത്. മറ്റെന്തോ ആയിത്തീരാൻ ജീവിതത്തെ നിരാകരിച്ച് ഒടുവിൽ വ്യർഥതയെ അഭിമുഖീകരിക്കുന്നവരുണ്ട്. ഒരുകാലത്ത് കമ്യൂണിസം ലോകത്തെ രക്ഷിക്കുമെന്ന് കരുതി രാഷ്ട്രീയത്തിലും വിപ്ലവത്തിലും സ്വയം പരീക്ഷിച്ചവരുണ്ട്. അവർ പരാജയപ്പെട്ടപ്പോഴാണ് തിരിച്ചറിഞ്ഞത് കഴിഞ്ഞതെല്ലാം പാഴ്ശ്രമങ്ങളായിരുന്നുവെന്ന്. പരാജയങ്ങൾ അവസാനിക്കുന്നില്ല. സന്തോഷ് പാലാ എഴുതിയ "അന്വേഷണം'(മെട്രോവാർത്ത വാർഷികപ്പതിപ്പ്) എന്ന കവിത നഷ്ടപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചും അവശേഷിക്കുന്ന സ്വപ്നങ്ങളെക്കുറിച്ചും ഓർത്ത് പരിതപിക്കുന്നു.
"തെറ്റുകൾ കൂടെപ്പിറപ്പായപ്പോൾ അറിവ് പകർന്നവരെക്കുറിച്ചും
സഹായിക്കാനാളില്ലാതായപ്പോൾ കൂട്ടുകാരെക്കുറിച്ചുമന്വേഷിച്ചു.
ഇപ്പോൾ ഓർമകൾ
നഷ്ടപ്പെട്ടുതുടങ്ങിയെന്നുറപ്പായപ്പോൾ വെറുതെ ചിരിക്കുന്നതിന്‍റെ സാംഗത്യം അന്വേഷിക്കുന്നു.
ഒത്തിരി വിശ്രമമാവശ്യമാണെന്ന് തോന്നിത്തുടങ്ങിയപ്പോൾ
വെറുതെ ഉറക്കം നടിച്ച്
ഭൂമിയുടെ നിലവിളി അന്വേഷിക്കുന്നു.'
2. വിമൽ വിനോദ്
കോടതിയലക്ഷ്യം എന്ന കഥാസമാഹാരവും കഴുകുകളുടെ ഗീതകങ്ങൾ എന്ന നോവലും പ്രസിദ്ധീകരിച്ച വിമൽ വിനോദ് ബ്രിട്ടനിലെ പ്ളിമത് യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി ഹ്യൂമൻ ന്യൂറോസയൻസ് വിദ്യാർഥിയാണ്. അദ്ദേഹം തന്‍റെ കോഴ്സിന്‍റെ ഭാഗമായുള്ള മസ്തിഷ്ക പഠനത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു കുടുംബത്തിൽ നടന്ന കൊലപാതകത്തിന്‍റെ ചുരുളഴിക്കുകയാണ് 'തലയോട്ടിപ്പറമ്പിലെ സഹോദരങ്ങൾ'(കൈരളി ബുക്സ്) എന്ന നോവലിൽ. പുതിയ ഉദ്യമമാണ്. നാഡീശാസ്ത്രത്തിലെ പരീക്ഷണവും സ്കാനിങും പുതിയ ലോകത്തിന്‍റെ രഹസ്യങ്ങൾ അഴിച്ചെടുക്കാൻ സഹായിക്കുന്നു. കഥ പറയാൻ പ്രത്യേക സിദ്ധിയുണ്ട് വിമൽ വിനോദിന്. അദ്ദേഹത്തിന്‍റെ ശാസ്ത്രീയവും വിശകലനാത്മകവുമായ അറിവുകൾ ഈ നോവലിനെ സഹായിച്ചിട്ടുണ്ട്. എങ്കിലും അനേകം ഇംഗ്ലിഷ് പദങ്ങൾ ഉപയോഗിച്ചതും തികച്ചും ഗ്രാമീണമായ വാമൊഴിയിലുള്ള സംഭാഷണങ്ങളും ഇതര പ്രദേശങ്ങളിലുള്ളവർക്ക് അൽപ്പം പ്രയാസമുണ്ടാക്കാനിടയുണ്ട്. പരമാവധി മലയാളീകരിക്കുന്നതാണ് നല്ലത്. പ്രാചീന വാമൊഴി മലയാളത്തിനു പകരം സ്റ്റാൻഡേർഡ് മലയാളമാണ് നോവലിന്‍റെ പാരായണത്തിന് നല്ലത്.
3. വി.ആർ. രാജമോഹൻ
വി.ആർ. രാജമോഹൻ എഴുതിയ "ഒറ്റ മിന്നാരമുള്ള പള്ളി'(പ്രഭാതരശ്മി, ജൂലൈ) ചിലരെങ്കിലും വർഗീയവും വിഭാഗീയവുമായി ചിന്തിക്കുന്ന ഈ ലോകത്ത് രമ്യതയുടെയും സവിശേഷതയുടെയും മതമൈത്രിയുടെയും ചിഹ്നങ്ങൾ അന്വേഷിക്കുന്ന കഥയാണ്. യാദൃച്ഛികമായി ഒരു മുസ്ലിം പള്ളിയിൽ എത്തുന്ന ക്രിസ്ത്യൻ ദമ്പതികൾ അവിടത്തെ ഭവനനിർമാണ സമർപ്പണവും പാർപ്പിട സമുച്ചയവും കണ്ട് അദ്ഭുതപ്പെടുന്നു. അതെല്ലാം പിൽക്കാല തലമുറകൾ, മറ്റു മതങ്ങളിൽപ്പെട്ടവർ, മതഭേദമില്ലാതെ നിർമിച്ചു നൽകിയതാണെന്ന് അറിയുന്നു. നല്ല പ്രവൃത്തികൾ ആരു ചെയ്താലും അതു സമൂഹത്തിന് ഗുണം ചെയ്യുമല്ലോ. വിശ്വാസങ്ങളെന്നു കരുതി പിൻപറ്റി പോരുന്ന പലതിനുമപ്പുറം പലതുമുണ്ട് എന്ന് ഒരു കഥാപാത്രം പറയുന്നതിൽ ഈ കഥയുടെ ജീവനുണ്ട്. ഈ കഥ വായിച്ചപ്പോൾ പ്രമുഖ കവി മുഹമ്മദ് ഇക്ബാലിന്‍റെ വരികൾ ഓർത്തുപോയി .
"എന്‍റെ പൂർവികന്മാർ ബ്രാഹ്മണരായിരുന്നു. അവരുടെ ജീവിതം ചെലവഴിച്ചത് ദൈവത്തെ കണ്ടെത്താനായിരുന്നു. എന്നാൽ ഞാൻ ജീവിതകാലമത്രയും ചെലവഴിക്കുന്നത് മനുഷ്യനെ കണ്ടെത്താനാണ്.'
4. രാജു പോൾ
മദ്യപാനികളും അവരുടെ കുടുംബവും വായിക്കേണ്ട കഥയാണ് രാജു പോളിന്‍റെ"സ്വർഗകവാടം തുറന്ന സാംസൻ'(മംഗളം ഓണപ്പതിപ്പ്). മദ്യത്തിന്‍റെ ലഹരി തരുന്ന സൗഖ്യം മറ്റൊന്നിനും പകരാനാവില്ലെന്ന് ഒരു കഥാകൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. ഈ സുഖത്തിന് പൂർണമായി വഴങ്ങിയാൽ മദ്യത്തിന് അടിമയായി മാറും. പണിക്കൊന്നും പോകാതെ മദ്യപിക്കാമെന്ന് വിചാരിച്ചാൽ നടക്കില്ലല്ലോ. ഈ കഥയിലെ സാംസൻ മദ്യപിക്കാൻ ഭാര്യയോട് പണം ചോദിക്കുകയാണ്. തുടർച്ചയായ മദ്യപാനം അയാളുടെ ജീവനെടുത്തു. മദ്യപാനികൾ അവരോട് മാത്രമല്ല സമൂഹത്തോടും അക്രമം പ്രവർത്തിക്കുകയാണ്. അവരെ ആശ്രയിച്ചവരും സ്നേഹിച്ചവരും എന്തു ചെയ്യും? സർക്കാരിന് മദ്യപാനം നിയന്ത്രിക്കാനാവില്ല. കുടുംബങ്ങൾക്കും സാധ്യമല്ല. അമിതമായി മദ്യപിക്കുന്നവരോട് ഭാര്യമാർക്ക് പുച്ഛമായിരിക്കും. മദ്യപിക്കുന്നവർക്ക് മരണവാസന ഉണ്ടായിരിക്കുന്നതാണ്. ഓരോ പെഗ്ഗും മരണത്തിന്‍റെ സ്നേഹപൂർവമായ വിളിയായി തോന്നാനിടയുണ്ട്. അതുകൊണ്ട് വിസ്മൃതി എന്ന മരണത്തെ അവർ തേടിക്കൊണ്ടിരിക്കും. കഥയിലെ സാംസന്‍റെ ഭാര്യ അവന്‍റെ ഒന്നാം ചരമവാർഷികത്തിൽ പുതിയ സാരി ധരിച്ച് പുതിയൊരു ജീവിതം അന്വേഷിക്കുകയാണ്. അവൾ പഴയകാല ജീവിതത്തെ മറക്കാൻ ഇഷ്ടപ്പെടുന്നു. മദ്യപന്മാരെ പരിഹസിച്ച് ബർണാഡ് ഷാ പറഞ്ഞത് രാജു പോളിന്‍റെ കഥയുടെ തലവാചകത്തോട് യോജിക്കും: 'നമ്മൾ കുടിക്കുമ്പോൾ തലയ്ക്ക് പിടിക്കുന്നു. തലയ്ക്കു പിടിച്ചാൽ ഉറക്കംവരും. ഉറക്കംവന്നാൽ നമുക്ക് ഒരു പാപവും ചെയ്യേണ്ട. ഒരു പാപവും ചെയ്യാതിരുന്നാൽ സ്വർഗത്തിൽ പോകാം. അതുകൊണ്ട് നമുക്കെല്ലാവർക്കും തലയ്ക്കു പിടിക്കുന്നതു വരെ കുടിക്കാം; അങ്ങനെ സ്വർഗത്തിൽ പോകാം.'
5.ആനന്ദ്
ഇതുവരെ നമ്മുടെ ഏറ്റവും വലിയ നോവലിസ്റ്റ് ആരാണെന്നതിന് ഉത്തരം കിട്ടിയിരുന്നില്ല. പതിറ്റാണ്ടുകളിലൂടെ അന്വേഷണം തുടരുകയായിരുന്നു. ഇപ്പോൾ അതിന് ഉത്തരം ലഭിച്ചു. ആ നോവലിസ്റ്റിന്‍റെ പേര് ആനന്ദ് എന്നാണ്. ആനന്ദിന്‍റെ ആൾക്കൂട്ടം, മരണ സർട്ടിഫിക്കറ്റ്, മരുഭൂമികൾ ഉണ്ടാകുന്നത്, ഗോവർധന്‍റ യാത്രകൾ, വ്യാസനും വിഗ്നേശ്വരനും എന്നീ കൃതികൾ മലയാളത്തിന്‍റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ എണ്ണം പറഞ്ഞ മഹത്തായ സാഹിത്യ സൃഷ്ടികളാണ്.
mkharikumar33@gmail.com
9995312097