രണ്ടക്കം തൊടുമോ, ഇന്ത്യ?

2008ലെ ബീജിങ് ഒളിംപിക്സിന്‍റെ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര നേടിയതാണ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വർണം. ചോപ്രയുടേത് രണ്ടാം വ്യക്തിഗത സ്വർണവും
Olympic Games Paris 2024| രണ്ടക്കം തൊടുമോ, ഇന്ത്യ?
Olympic Games Paris 2024
Updated on

സെയിൻ നദിയുടെ തീരത്ത്, ഈഫൽ ടവറിന്‍റെ തലയെടുപ്പിൽ ഫ്രഞ്ച് തലസ്ഥാനം പാരിസ്. കലാ-സാഹിത്യ നായകരെയും ബുദ്ധിജീവികളെയും സംഗീതജ്ഞരെയുമെല്ലാം ആകർഷിച്ച പാരിസ് കഫേകളുടെ നാട് ലോകത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഇനിയുള്ള ദിവസങ്ങളിൽ അവിടെ ലോകത്തെ ഏറ്റവും പ്രഗത്ഭരായ കായിക താരങ്ങൾ തങ്ങളുടെ രാജ്യങ്ങൾക്കു വേണ്ടി മൈതാനങ്ങളിൽ പോരാടുകയാണ്. കായിക പ്രേമികൾക്ക് ഇനി പറയാനുള്ളതെല്ലാം പാരിസ് ഒളിംപിക്സിന്‍റെ വിശേഷങ്ങളാവും. ഇന്നാണ് ഔദ്യോഗിക ഉദ്ഘാടനമെങ്കിലും കഴിഞ്ഞ ദിവസം തന്നെ മത്സരങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ മൊറോക്കോയോടുള്ള അർജന്‍റീനയുടെ വിവാദ തോൽവി (2-1) നമുക്കും ചൂടേറിയ ചർച്ചകൾക്കു കാരണമായിട്ടുണ്ട്. മൊറോക്കൻ ആരാധകർ ഗ്രൗണ്ട് കൈയേറിയതും അർജന്‍റീനയുടെ സമനില ഗോൾ ര‍ണ്ടു മണിക്കൂറിനു ശേഷം ഓഫ് സൈഡ് എന്നു വിധിച്ചതും മത്സരത്തെ വിവാദത്തിലാക്കിയെങ്കിലും ലോക ചാംപ്യൻമാരും കോപ്പ അമെരിക്ക ജേതാക്കളുമായ അർജന്‍റീനയെ മൊറോക്കോ ഞെട്ടിച്ചു എന്നതിൽ സംശയമൊന്നുമില്ല.

ലോകോത്തര താരങ്ങളുടെ മികച്ച പ്രകടനങ്ങൾക്കു കാത്തിരിക്കുമ്പോൾ തന്നെ ഇന്ത്യയുടെ നേട്ടങ്ങൾ എന്തൊക്കെയാവും എന്നതു നാം കൂടുതൽ താത്പര്യത്തോടെ ഉറ്റുനോക്കുന്നുണ്ട്. അമെരിക്കയോടും ചൈനയോടും ജപ്പാനോടും യൂറോപ്യൻ ശക്തികളോടും പൊരുതാനാവില്ലെങ്കിലും മെഡൽ നിലയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞാൽ അത് ഇന്ത്യയ്ക്കു വലിയ നേട്ടമാവും. ഒരു ഒളിംപിക്സിൽ രാജ്യം ഏറ്റവും കൂടുതൽ മെഡൽ (7) നേടുന്നത് കഴിഞ്ഞ തവണ (2020) ടോക്കിയോയിലാണ്. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയത് ഒളിംപിക്സ് അത്‌ലറ്റിക്സ് ചരിത്രത്തിലെ നമ്മുടെ ആദ്യത്തെ സ്വർണ മെഡൽ കൂടിയായിരുന്നു. 2008ലെ ബീജിങ് ഒളിംപിക്സിന്‍റെ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര നേടിയതാണ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വർണം. ചോപ്രയുടേത് രണ്ടാം വ്യക്തിഗത സ്വർണവും. ഇതു കൂടാതെ 2 വെള്ളിയും 4 വെങ്കലവുമാണ് ഇന്ത്യയുടെ 2020ലെ സമ്പാദ്യം. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവി കുമാർ ദഹിയ എന്നിവർ വെള്ളി കരസ്ഥമാക്കിയപ്പോൾ ബാഡ്മിന്‍റണിൽ പി.വി. സിന്ധുവും ബോക്സിങ്ങിൽ ലൗലിന ബോർഗോഹെയ്നും ഗുസ്തിയിൽ ബജ്റംഗ് പൂനിയയും മെഡൽ നേടി. മലയാളി ഗോളി പി.ആർ. ശ്രീജേഷ് കൂടി ഉൾപ്പെട്ട ഹോക്കി ടീമിന്‍റേതായിരുന്നു മറ്റൊരു വെങ്കലം. ഇക്കുറി ശ്രീജേഷ് രാജ്യത്തിനായി അവസാന ഹോക്കി മത്സരം കളിക്കുമ്പോൾ അതു സുവർണ കാലത്തെ ഓർമിപ്പിച്ചുകൊണ്ടുള്ള സ്വർണ മെഡൽ നോട്ടത്തോടെയായാൽ അതിഗംഭീരമാവും. മുപ്പത്താറുകാരനായ ശ്രീജേഷിന്‍റെ നാലാമത്തെ ഒളിംപിക്സ് കൂടിയാണിത്.

140 കോടി ജനങ്ങളുള്ള രാജ്യം കഴിഞ്ഞ ഒളിംപിക്സിന്‍റെ മെഡൽ ടേബിളിൽ 48ാം സ്ഥാനത്താണെന്നത് ഇനിയും എത്രയോ നാം മുന്നോട്ടുപോകാനുണ്ടെന്നു വ്യക്തമാക്കുന്നു. 1900ലെ പാരിസ് ഗെയിംസ് അത്‌ലറ്റിക്സിൽ നോർമൻ പ്രിച്ചാഡിന്‍റെ 2 വെള്ളി മെഡൽ മുതൽ ഇതുവരെ ഇന്ത്യ നേടിയിട്ടുള്ളത് 10 സ്വർണവും 9 വെള്ളിയും 16 വെങ്കലവും മാത്രമാണ്- മൊത്തം 35 മെഡലുകൾ. 10ൽ 8 സ്വർണവും പ്രതാപകാലത്ത് ഇന്ത്യൻ ഹോക്കി നേടിത്തന്നതാണ് എന്നതും മറക്കാനാവില്ല. പി.ടി. ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റായ ശേഷമുള്ള ഒളിംപിക്സിൽ നമ്മുടെ പ്രകടനം കൂടുതൽ മെച്ചപ്പെടേണ്ടതാണ്.

47 വനിതകൾ അടക്കം 117 അംഗ ടീമിനെയാണ് ഇന്ത്യ പാരിസിലേക്ക് അയച്ചിട്ടുള്ളത്. ഇതിൽ നീരജ് ചോപ്രയടക്കം 24 പേർ ഹരിയാനയിൽ നിന്ന് എന്നു പറയുമ്പോൾ ഇന്ത്യൻ കായികരംഗത്ത് ഈ സംസ്ഥാനം നേടിയ പുരോഗതി വ്യക്തമാവും. പഞ്ചാബിൽ നിന്ന് 19, തമിഴ്നാട്ടിൽ നിന്ന് 13 വീതം താരങ്ങൾ ടീമിലുണ്ട്. ശ്രീജേഷും ഡൽഹിയിൽ നിന്നുള്ള അമോജ് ജേക്കബും അടക്കം 7 മലയാളികളാണു ടീമിലുള്ളത്. ബാഡ്മിന്‍റണിൽ ലോക ചാംപ്യൻഷിപ്പിലെ വെങ്കല മെഡലിസ്റ്റ് എച്ച്.എസ്. പ്രണോയ് ആദ്യ ഒളിംപിക്സിനിറങ്ങുന്നു. കോമൺവെൽത്ത് ഗെയിംസ് വെള്ളി ജേതാവ് അബ്ദുള്ള അബൂബക്കർ ട്രിപ്പിൾ ജംപിൽ ഇറങ്ങുന്നുണ്ട്. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ എന്നിവർ റിലേ മത്സരങ്ങൾക്കുള്ള ടീമിലുണ്ട്.

തുടർച്ചയായി രണ്ടാം ഒളിംപിക്സിലും ഇന്ത്യൻ ടീമിൽ ഒരു മലയാളി വനിതയില്ല എന്നത് ഏറെ നിരാശപ്പെടുത്തുന്നതാണ്. 1980ലെ മോസ്കോ ഒളിംപിക്സിൽ പി.ടി. ഉഷ തുടങ്ങിവച്ച മലയാളി വനിതകളുടെ പ്രാതിനിധ്യം ഉഷയുടെ ശിഷ്യരായ ടിന്‍റു ലൂക്കയിലും ജിസ്ന മാത്യുവിലും വരെ എത്തിയതാണ്. ഷൈനി വിത്സനും എം.ഡി. വത്സമ്മയും മേഴ്സി കുട്ടനും കെ.സി. റോസക്കുട്ടിയും കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജും ബോബി അലോഷ്യസും മയൂഖ ജോണിയും തുടങ്ങി ഒളിംപിക് വേദികളിൽ മാറ്റുരച്ച മലയാളി വനിതകൾ പലരുണ്ട്. അത്‌ലറ്റിക്സിൽ തന്നെ ജിൻസി ഫിലിപ്പ്, മഞ്ജിമ കുര്യാക്കോസ്, ചിത്ര കെ. സോമൻ, പ്രീജ ശ്രീധരൻ, സിനി ജോസ്, ഒ.പി. ജയ്ഷ, അനിൽഡ തോമസ് തുടങ്ങിയവർ രാജ്യത്തിനു വേണ്ടി ട്രാക്കിലിറങ്ങി. ടേബിൾ ടെന്നിസിൽ എ. രാധിക സുരേഷും രാജ്യത്തെ പ്രതിനിധീകരിച്ചു. ഇന്ത്യൻ അത്‌ലറ്റിക്സിൽ കേരളത്തിനുണ്ടായിരുന്ന പ്രാധാന്യം എങ്ങനെ ഇടിഞ്ഞുവെന്ന് ഗൗരവമായി ചർച്ച ചെയ്യേണ്ടതും പരിഹാര നടപടികൾ സ്വീകരിക്കേണ്ടതുമാണ്. നമ്മുടെ കുട്ടികൾക്ക് അത്‌ലറ്റിക്സിനോടു താത്പര്യമില്ലാതായിരിക്കുന്നു. താരങ്ങൾക്കു ജോലി നൽകുന്നതിലടക്കം ഉണ്ടാവുന്ന വീഴ്ചകളാണ് അതിനു കാരണമാവുന്നത്. സ്പോർട്സിലേക്കു കുട്ടികളെ ആകർഷിക്കാൻ കഴിയുന്ന നയപരിപാടികൾ എത്രയും വേഗം ആവിഷ്കരിക്കേണ്ടതുണ്ട്.

11 വനിതകൾ അടക്കം 29 താരങ്ങളാണ് ഇക്കുറി അത്‌ലറ്റിക്സിൽ രാജ്യത്തിനു വേണ്ടി പങ്കെടുക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ടീമും അത്‌ലറ്റിക്സിലേതാണ്. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുടെ നിലവിലുള്ള ചാംപ്യൻ എന്ന നിലയിലുള്ള പ്രകടനം രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വനിതാ ബാഡ്മിന്‍റണിൽ പി.വി. സിന്ധുവിന്‍റെ പ്രകടനമാണ് രാജ്യം ഉറ്റുനോക്കുന്ന മറ്റൊരു മത്സരം. 2016ൽ റിയോ ഡി ജനീറോയിലും 2020ൽ ടോക്കിയോയിലും സിന്ധു മെഡൽ നേടിയിരുന്നു, ആദ്യ തവണ വെള്ളിയും പിന്നെ വെങ്കലവും. ഭാരോദ്വഹനത്തിൽ മീരുബായ് ചാനുവിന്‍റെയും ബോക്സിങ്ങിൽ ലൗലിന ബോർഗോഹെയ്നിന്‍റെയും പ്രകടനവും കാണാനിരിക്കുകയാണ്. ബോക്സിങ്ങിൽ തന്നെ നിഖാത് സരീനും മെഡൽ പ്രതീക്ഷ ഉയർത്തുന്നുണ്ട്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ നിലവിലുള്ള ലോകചാംപ്യനും കോമൺവെൽത്ത് ചാംപ്യനുമാണ് നിഖാത്. ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡലും നിഖാതിനുണ്ട്. വനിതകളുടെ ഗുസ്തിയിൽ ആന്‍റിം പങ്കൽ ലോക ചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവാണ്. രണ്ടു തവണ ലോക അണ്ടർ 20 ചാംപ്യനായിട്ടുണ്ട്. വനിതകളുടെ ഷൂട്ടിങ്ങിൽ സിഫ്റ്റ് കൗർ സമ്ര ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടം ഒളിംപിക്സ് മെഡൽ നേട്ടത്തിലേക്കും കൊണ്ടുപോകുമെന്ന് കരുതുന്നവരുണ്ട്.

ഇന്ത്യൻ ഹോക്കി ടീമിന്‍റെ പ്രകടനമാണ് മറ്റൊരു മെഡൽ പ്രതീക്ഷ നൽകുന്നത്. തുടക്കം മുതൽ കടുത്ത മത്സരം അതിജീവിക്കേണ്ടിവരുമെങ്കിലും ടീം മെഡൽ നേട്ടത്തിലെത്തുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ശ്രീജേഷിനെപ്പോലെ മുൻ നായകൻ മൻപ്രീത് സിങ്ങിനും ഇതു നാലാം ഒളിംപിക്സാണ്. സ്വർണത്തോടെ വിരമിക്കാൻ മൻപ്രീതും ആഗ്രഹിക്കുന്നുണ്ടാവും. ബാഡ്മിന്‍റൺ ഡബിൾസിൽ സ്വാതിക് സായ്‌രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്. സമീപകാലത്തെ ഇവരുടെ മികച്ച പ്രകടനങ്ങൾ ഇന്ത്യയ്ക്ക് ആവേശം പകരുന്നതാണ്. 2022ലെ തോമസ് കപ്പ് വിജയത്തിന് ഇവരുടെ പങ്ക് നിർണായകമായിരുന്നു. ടെന്നിസ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണ- ശ്രീറാം ബാലാജി സഖ്യത്തിനും മെഡൽ സാധ്യതയുണ്ട്. 1996ലെ അറ്റ്ലാന്‍റ ഒളിംപിക്സിൽ ലിയാൻഡർ പേസ് വെങ്കലം നേടിയ ശേഷം ഇന്ത്യൻ ടെന്നിസ് ഒരു ഒളിംപിക് മെഡൽ കാത്തിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com