

"nss-sndp ഐക്യവും' വഞ്ചിതരാകുന്ന പിന്നാക്കക്കാരും
file photo
അഡ്വ. ജി. സുഗുണന്‍
നായർ സർവീസ് സൊസൈറ്റിയും എസ്എന്‍ഡിപി യോഗവും ഹിന്ദു ജനസമൂഹത്തിന്‍റെ പ്രധാനപ്പെട്ട സംഘടനകളാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കേരളത്തിലെ ഒരു വലിയ പിന്നാക്ക ജനവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് എസ്എന്‍ഡിപി യോഗം. ജാതി സംവരണത്തിനും ജാതി സെന്‍സസിനും എതിരായ ഏറ്റവും ശക്തമായ നിലപാടാണ് എന്‍എസ്എസിനുള്ളത്. പിന്നാക്ക ജാതി സംവരണം വർധിപ്പിക്കണമെന്നും ജാതി സെന്‍സസ് നടത്തണമെന്നും നിരന്തരം വാദിക്കുന്ന സംഘടനയാണ് എസ്എന്‍ഡിപി യോഗം.
രാജ്യത്താദ്യമായി മുന്നാക്ക സാമ്പത്തിക സംവരണം നടപ്പാക്കിയത് ഒന്നാം പിണറായി സര്‍ക്കാരാണ്. 97% മുന്നാക്കക്കാര്‍ ജോലി ചെയ്യുന്ന ദേവസ്വം ബോര്‍ഡിലാണ് ആദ്യമായി 10% മുന്നാക്ക സാമ്പത്തിക സംവരണം ആ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. തുടര്‍ന്നാണു കേരളത്തിലെ ഇടതു സര്‍ക്കാരിന്‍റെ പാത പിന്തുടര്‍ന്ന് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ അവിടെ 10% പിന്നാക്ക സാമ്പത്തിക സംവരണം പ്രഖ്യാപിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പോലും മുന്നാക്ക സംവരണം നടപ്പാക്കുന്നതിനു മുമ്പു തന്നെ പിണറായി സര്‍ക്കാര്‍ ധൃതി പിടിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മുന്നാക്ക സംവരണം ഇവിടെ നടപ്പാക്കുകയും ചെയ്തു.
10% മുന്നാക്ക സാമ്പത്തിക സംവരണത്തിനെതിരായ നിലപാട് സ്വീകരിക്കുകയും അതിനെതിരേ സുപ്രീം കോടതിയില്‍ പോകുകയും ചെയ്ത പ്രസ്ഥാനമാണ് എസ്എന്‍ഡിപി യോഗം. എന്നാലിപ്പോള്‍ അവര്‍ സംവരണ പ്രശ്‌നമേ ഇല്ലെന്ന നിലപാടിലാണെന്ന് തോന്നുന്നു. അതുകൊണ്ടാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞത് കേരളത്തില്‍ സംവരണ പ്രശ്‌നം അവസാനിച്ചെന്നും, ഇപ്പോള്‍ സംസ്ഥാനത്ത് ഈ പ്രശ്‌നമില്ലെന്നും. സംവരണ പ്രശ്‌നം ഒരു പ്രശ്‌നമല്ലാതായി മാറിയെന്നാണോ എസ്എന്‍ഡിപി വിലയിരുത്തല്‍? പിന്നാക്ക സംവരണവും ജാതി സെന്‍സസുമെല്ലാം ഉപേക്ഷിച്ചോ എന്ന് വ്യക്തമാക്കേണ്ടത് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്നെയാണ്.
കോണ്‍ഗ്രസ് അടക്കം എല്ലാ പാര്‍ട്ടികളും ജാതി സെന്‍സസ് നടപ്പിലാകണമെന്നും, അതിന്‍റെ അടിസ്ഥാനത്തില്‍ സംവരണ ശതമാനം കൂട്ടണമെന്ന അഭിപ്രായമുള്ളവരുമാണ്. ജാതി സെന്‍സസിനെതിരായ നിലപാട് കൈക്കൊണ്ടിരുന്ന ബിജെപിയും അതിന് അനുകൂലമായ നിലപാടെടുക്കുകയും, പൊതു സെന്‍സസിനോടൊപ്പം ജാതി സെന്‍സസ് നടത്തുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. 6 സംസ്ഥാനങ്ങളില്‍ ഇതിനകം ജാതി സെന്‍സസ് നടപ്പിലാക്കുകയും, അതിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തു.
എന്നാല്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇപ്പോഴും ആടിക്കളിക്കുകയാണ്. തങ്ങള്‍ ജാതി സെന്‍സസിന് എതിരല്ലെന്നും, കേന്ദ്ര സര്‍ക്കാരാണ് ഇത് നടപ്പിലാക്കേണ്ടത് എന്നും പറഞ്ഞ് ഈ വിഷയത്തില്‍ ആ പാര്‍ട്ടി ചാഞ്ചാടുകയായിരുന്നു. ഫലത്തില്‍, സംവരണത്തിനും ജാതി സെന്‍സസിനും എതിരായി നില്‍ക്കുന്ന രാജ്യത്തെ മുഖ്യ പാര്‍ട്ടിയായി സിപിഎം മാറി. സംസ്ഥാനത്തെ സവര്‍ണ രോഷത്തെ ഭയന്നാണ് സിപിഎം സംവരണ വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് ആക്ഷേപവുമുണ്ട്.
അതുകൊണ്ടുതന്നെയാണ് എന്‍എസ്എസ് സിപിഎം അനുകൂല സമീപനം ഒടുവില്‍ കൈക്കൊണ്ടിരിക്കുന്നത്. സംവരണ വിഷയത്തില്‍ എന്‍എസ്എസിന് യോജിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടി സിപിഎം മാത്രമാണ്. സംസ്ഥാന മന്ത്രിസഭയില്‍ 9 മന്ത്രിമാരാണ് നായര്‍ സമുദായത്തെ പ്രതിനിധീകരിച്ചുള്ളത്. ഇതേവരെ ഒരു സര്‍ക്കാരിലും ഇത്രയും പ്രാതിനിധ്യം മന്ത്രിസഭയില്‍ നായര്‍ സമുദായത്തിന് ലഭിച്ചിട്ടില്ലെന്നുള്ളത് എന്‍എസ്എസ് എടുത്തു പറയുന്നുമുണ്ട്.
വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും എസ്എന്‍ഡിപി യോഗവും എന്‍എസ്എസും ഒന്നിക്കുന്നത്. പൊതുവായ കാര്യങ്ങളില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് രണ്ടു ജനറല്‍ സെക്രട്ടറിമാരും പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനാണ് ഇക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള കൂട്ടായ്മ അനിവാര്യമാണെന്നും ഹിന്ദു വിഭാഗം ഭിന്നിച്ചു നില്‍ക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പിന്നീട് വെള്ളാപ്പളളി നായാടി മുതല്‍ നസ്രാണി വരെ എന്ന് അതു ഭേതഗതി ചെയ്ത് മാറ്റിപ്പറഞ്ഞു. ആര്‍എസ്എസ് നിലപാടു കൂടി അംഗീകരിച്ചു കൊണ്ടാണ് നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യത്തെപ്പറ്റി അദ്ദേഹം പറയുന്നത്. ആര്‍എസ്എസിന്‍റെ നിലപാട് വെള്ളാപ്പള്ളി അംഗീകരിച്ചെന്നു മാത്രം.
വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനത്തിനു പിന്നാലെ സുകുമാരന്‍ നായരും വന്നു. സംഘടനാപരമായി ഈ ഐക്യം ആവശ്യമാണെന്ന് തോന്നുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംവരണ പ്രശ്‌നത്തിലാണ് എസ്എന്‍ഡിപി യുമായി അകന്നുനിന്നത്. ഇപ്പോള്‍ സംവരണ പ്രശ്‌നമില്ല. ഇരുകൂട്ടര്‍ക്കും വ്യത്യസ്ത അഭിപ്രായമില്ല. അതുകൊണ്ട് ഐക്യപ്പെടുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് സുകുമാരന്‍ നായര്‍ പറയുന്നു. സമദൂര നിലപാടില്‍ മാറ്റമില്ലെന്നു പ്രതികരിച്ചു കൊണ്ടാണ് സുകുമാരന്‍ നായര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമര്‍ശിച്ചത്. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതു സംബന്ധിച്ച് സതീശന്‍ ഉയര്‍ത്തിയ വിവാദത്തെയും കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്.
മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ അത് മുസ്‌ലിങ്ങള്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് വിശദീകരിച്ച് വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ലീഗിനെയും രൂക്ഷമായി വിമര്‍ശിക്കാന്‍ വെള്ളാപ്പള്ളി തയാറായി. എന്‍എസ്എസ് - എസ്എന്‍ഡിപി യോഗം ഐക്യം തകര്‍ത്തതിനു പിന്നില്‍ ലീഗാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഈ ആരോപണം സുകുമാരന്‍ നായര്‍ നിഷേധിച്ചു. എങ്കിലും, പ്രതിപക്ഷ നേതാവ് സതീശനെതിരേ ശക്തമായ വിമര്‍ശനമാണ് ഇരുനേതാക്കളും ഉന്നയിക്കുന്നത്.
ഐക്യപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തെക്കുറിച്ച് നേരത്തേ തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അതീവ രഹസ്യമായിട്ടായിരുന്നു നീക്കങ്ങള്‍. ഇരു നേതാക്കളും മാത്രമല്ല, ഇരു സംഘടനകളിലെയും പ്രധാനപ്പെട്ട നേതാക്കളും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായാണ് സൂചനകള്‍. ഇരു സമുദായ സംഘടനകളും ഒന്നിച്ചു നിന്നാല്‍ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയാത്ത ശക്തിയായി മാറാന്‍ കഴിയുമെന്നാണ് ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ പ്രധാന നേതാക്കള്‍ വിലയിരുത്തിയത്. സംയുക്ത പ്രഖ്യാപനം നടത്തുന്നത് ഒഴിവാക്കി ഒറ്റയ്‌ക്കൊറ്റയ്ക്ക് പ്രഖ്യാപനം നടത്താനും നേരത്തേ തീരുമാനിച്ചതാണ്. അധികം വൈകാതെ സംയുക്ത സമ്മേളനം നടത്താനും നീക്കമുണ്ട്.
സഹോദര സംഘടന എന്ന നിലയില്‍ ചേരാവുന്ന മേഖലകളിലൊക്കെ എസ്എന്‍ഡിപി യോഗവുമായി ചേരുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ""മുമ്പ് വെള്ളാപ്പള്ളി ഞങ്ങളെ വിമര്‍ശിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ എല്ലാം സഹിച്ചു. ഒരു മഹാപ്രസ്ഥാനത്തിന്‍റെ കസേരയിലിരിക്കുന്ന ആളല്ലേ അദ്ദേഹം. നമ്മളത് പൊറുക്കണം. യുദ്ധം ചെയ്യാനൊന്നുമല്ല ഞങ്ങള്‍ ഒരുമിക്കുന്നത്. ഞങ്ങള്‍ക്ക് പാര്‍ലമെന്‍ററി വ്യാമോഹമില്ല. വർഗീയതയ്‌ക്കെതിരേ നിലപാട് പറയാന്‍ പ്രതിപക്ഷ നേതാവിന് യോഗ്യതയില്ല. കോണ്‍ഗ്രസിന്‍റെ നയപരമായ വിഷയങ്ങളില്‍ നിലപാട് പറയാന്‍ സതീശന് എന്തവകാശം. അദ്ദേഹത്തെ ജയിപ്പിക്കണമെന്ന് ഞാന്‍ പറവൂരിലെ യൂണിയന്‍ പ്രസിഡന്‍റിനെ വിളിച്ച് പറഞ്ഞിരുന്നു. എന്നിട്ടാണ് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് സതീശന്‍ പറയുന്നത്'' - സുകുമാരന്‍ നായര്‍ പറഞ്ഞു.
നായര്‍ - ഈഴവ ഐക്യം അനിവാര്യമാണ്. മുസ്‌ലിം ലീഗാണ് എന്‍എസ്എസിനെയും എസ്എന്‍ഡിപി യോഗത്തെയും തെറ്റിച്ചത്- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നായര്‍ - ഈഴവ ഐക്യം മറ്റ് സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ല. ആദ്യം മുതല്‍ക്കേ യോഗം ഉയര്‍ത്തിയ വാദമാണ് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം. പ്രതിപക്ഷ നേതാവ് സതീശന്‍ ഇന്നലെ പൂത്ത തകരയാണ്- അദ്ദേഹം പരിഹസിച്ചു.
നടേശൻ - സുകുമാരന്‍ നായര്‍ സഖ്യത്തെ പിന്തുണയ്ക്കാൻ ചില ഇടതുപക്ഷ നേതാക്കളും രംഗത്തു വന്നു. എന്‍എസ്എസ് ബഹുഭൂരിപക്ഷം തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്‍എസ്എസിന്‍റെ പിന്തുണ ഇടതുപക്ഷത്തിന് അപ്രാപ്യമാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത നായര്‍ വോട്ടുകളില്‍ 10% പോലും ഇടതുപക്ഷത്തിന് കിട്ടിയിട്ടില്ലെന്നാണ് ചില സര്‍വെ റിപ്പോര്‍ട്ടുകള്‍. സവര്‍ണ, എന്‍എസ്എസ് വോട്ടുകളില്‍ മഹാഭൂരിപക്ഷവും കോണ്‍ഗ്രസിനും ബിജെപിക്കുമായി പോകുമെന്നത് ഏതു കുഞ്ഞുകുട്ടിക്കും മനസിലാക്കാം. അതുകൊണ്ടുതന്നെ ഈ വൈകിയ വേളയിലെങ്കിലും സ്വന്തം വര്‍ഗത്തെ തിരിച്ചറിയാന്‍ സിപിഎമ്മിനു കഴിയേണ്ടതാണ്.
വെള്ളാപ്പള്ളിക്ക് അനുകൂലമായ ചില സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ ന്യൂനപക്ഷങ്ങളില്‍ നിന്നും പാര്‍ട്ടിയെ അപ്പാടെ അകറ്റുമെന്ന യാഥാർഥ്യം നേതൃത്വം ഇനിയെങ്കിലും മനസിലാക്കണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാ അത്തെ ഇസ്‌ലാമി ആയിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക എന്ന സിപിഎം നേതാവ് എ.കെ. ബാലന്‍റെ പ്രസ്താവനയും, വർഗീയ ധ്രുവീകരണം കാസര്‍ഗോഡും മലപ്പുറത്തും നടന്ന ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ നോക്കിയാല്‍ അറിയാമെന്നുള്ള മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനയും ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്നും അകറ്റുന്നു എന്നു മാത്രമല്ല, വര്‍ഗീയത ഫണം വിടര്‍ത്തിയാടാന്‍ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്.
സംസ്ഥാനത്തെ 86% പിന്നാക്ക - ദളിത് വിഭാഗങ്ങളെ വിസ്മരിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന എസ്എന്‍ഡിപി യോഗത്തിന്‍റെ സംവരണ നയത്തിനുള്ള എന്‍എസ്എസിന്‍റെ പ്രശംസയാണ് വെള്ളാപ്പള്ളിയെ പുകഴ്ത്തലും പുതിയ ഐക്യ നീക്കവും. ഈ ഐക്യനീക്കം കൊണ്ട് തകരുന്നത് പിന്നാക്ക ജനവിഭാഗത്തിന്‍റെ താത്പര്യങ്ങള്‍ തന്നെയാണ്. ലക്ഷോപലക്ഷം പിന്നാക്ക ജനവിഭാഗത്തെ വഞ്ചിക്കുന്ന "നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യം' മുദ്രാവാക്യം യഥാർഥത്തില്‍ ഹിന്ദു സമുദായത്തിലെ മഹാഭൂരിപക്ഷം വരുന്ന അവശത അനുഭവിക്കുന്ന പിന്നാക്ക ജനകോടികള്‍ക്ക് പ്രയോജനപ്പെടുന്നതല്ല.
മാത്രമല്ല, അവരെ തകര്‍ക്കുന്നതുമാണ്. സവര്‍ണ ഹിന്ദു വിഭാഗം പൊതുവെ ബിജെപിയോടൊപ്പം ഇതിനകം അണിനിരന്നിട്ടുണ്ട്. ഹിന്ദു ഐക്യ മുദ്രാവാക്യം ആര്‍എസ്എസിന് മാത്രമേ ഗുണം ചെയ്യുകയുള്ളൂ. ആര്‍എസ്എസിന്‍റെ ക്രിസ്ത്യന്‍ പ്രീണന സമീപനം കൂടി ഉള്‍ക്കൊണ്ടാണ് വെള്ളാപ്പള്ളിയുടെ നേരത്തെയുള്ള നായാടി മുതല്‍ നമ്പൂതിരി വരെയുള്ള എന്ന ഐക്യ മുദ്രാവാക്യം നായാടി മുതല്‍ നസ്രാണി വരെ എന്നാക്കിയിരിക്കുന്നത്.
ഹിന്ദു സമുദായത്തിലെ 88% വരുന്ന പിന്നാക്ക, ദലിത് വിഭാഗങ്ങള്‍ക്ക് ഈ ഐക്യം കൊണ്ട് ഒരു ഗുണവുമില്ലെന്ന് മാത്രമല്ല ദോഷം മാത്രമേ ഉണ്ടാകാനും പോകുന്നുള്ളൂ. പിന്നാക്ക - ദലിത് വിഭാഗങ്ങളുടെ ബാനറില്‍ സവര്‍ണ താത്പര്യം സംരക്ഷിക്കലാണ് വെള്ളാപ്പള്ളിയുടെ പുതിയ ആശയമായ നായാടി മുതല്‍ നസ്രാണി വരെ എന്ന ഐക്യം കൊണ്ട് സാധ്യമാകുന്നത്. ആര്‍എസ്എസിന്‍റെ പിന്തുണ ഇക്കാര്യത്തില്‍ നിശ്ചയമായും വെള്ളാപ്പള്ളിക്ക് കിട്ടുകയും ചെയ്യും.
എന്‍എസ്എസ്- എസ്എന്‍ഡിപി യോഗം ഐക്യത്തെ സ്വാഗതം ചെയ്യുന്ന ചില ഇടത് നേതാക്കള്‍ കഥയറിയാതെ ആട്ടം കാണുകയാണ്. വെള്ളാപ്പള്ളിയോടൊപ്പമുള്ള അനുയായികള്‍ ഭൂരിപക്ഷവും ഇതിനകം തന്നെ ബിജെപി പാളയത്തില്‍ എത്തിയിട്ടുണ്ട്. എന്‍എസ്എസ് എന്നും സിപിഎം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സമീപനത്തിലുമാണ്. അതുകൊണ്ടുതന്നെ ഈ ഇരുവിഭാഗത്തിന്‍റെയും പിന്തുണ ഒരിക്കലും കാര്യമായി ഇടതുപക്ഷത്തിനു കിട്ടാന്‍ പോകുന്നില്ല.
നിലവിലുള്ള സിപിഎം വോട്ടുകള്‍ കൂടി നഷ്ടപ്പെടുത്താനേ എസ്എന്‍ഡിപി യോഗം- എന്‍എസ്എസ് സൗഹൃദം സഹായിക്കൂ. ഈ സഖ്യം കൊണ്ടുള്ള ഗുണം വെറും ന്യൂനപക്ഷമായ സവര്‍ണ വിഭാഗത്തിന് മാത്രമാണ്. ഈ ഐക്യം ശക്തിപ്പെട്ടാല്‍ അത് മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളാകെ വഞ്ചിക്കപ്പെടുന്നതിനു മാത്രമേ സഹായിക്കൂ എന്നതിലും സംശയമില്ല.
(ലേഖകന്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്. ഫോണ്‍: 9847132428)