
ഓൺലൈൻ ഡ്രൈവർമാരും യാത്രക്കാരും സുരക്ഷിതരാകും
അജയ് തംത
കേന്ദ്ര ഉപരിതല ഗതാഗത,
ദേശീയപാതാ സഹമന്ത്രി
സ്വാതന്ത്ര്യം, ബഹുമുഖ സൗകര്യങ്ങൾ, ലളിത സാങ്കേതിക വിദ്യ എന്നിവ വാഗ്ദാനം ചെയ്യുന്ന ആപ്പ് അധിഷ്ഠിത റൈഡ്- ഹെയ്‌ലിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് (ടാക്സി സേവനത്തിനുള്ള സാങ്കേതിക സംവിധാനങ്ങൾ) ദശലക്ഷക്കണക്കിന് ഡ്രൈവർമാർ സമീപ കാലത്ത് ആകർഷിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും വർധിച്ചുവരുന്ന കമ്മീഷൻ നിരക്കുകൾ, അവ്യക്തമായ നയങ്ങൾ, ഏകപക്ഷീയമായ സസ്‌പെൻഷനുകൾ, സംരക്ഷണത്തിന്‍റെ അഭാവം എന്നിവ മൂലം ഈ രംഗത്തെ പലരും നിരാശരാണ്. ഓൺലൈൻ ഗതാഗത സേവന രംഗത്തുള്ള 30 ലക്ഷത്തിലധികം ഡ്രൈവർമാർ നേരിടുന്ന ഈ വെല്ലുവിളികൾ സമഗ്രവും പ്രായോഗികവുമായ നിയന്ത്രണത്തിന്‍റെ ആവശ്യകത ഉയർത്തിക്കാട്ടുന്നു.
ഇതിന് പരിഹാരമെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും നിതിൻ ഗഡ്കരിയുടെ മാർഗനിർദേശത്തിലും കേന്ദ്ര ഉപരിതല ഗതാഗത- ദേശീയ പാതാ മന്ത്രാലയം (MoRTH) 1988 ലെ മോട്ടോർ വാഹന നിയമത്തിനു കീഴിൽ, "മോട്ടോർ വാഹന അഗ്രഗേറ്റർ മാർഗനിർദേശങ്ങൾ- 2020' പുറത്തിറക്കി. റൈഡ്- ഹെയ്‌ലിങ് വ്യവസായ വളർച്ചയ്ക്ക് ആക്കം പകരുന്ന അഗ്രഗേറ്റർമാർക്ക് ലൈസൻസ് നൽകാനും മേൽനോട്ടം വഹിക്കാനും സംസ്ഥാന സർക്കാരുകളെ അധികാരപ്പെടുത്തുന്ന ഒരു നിയന്ത്രണ ചട്ടക്കൂട് ഇതു വാഗ്ദാനം ചെയ്യുന്നു. സുരക്ഷ, നീതി, ഉത്തരവാദിത്തം എന്നിവ സംബന്ധിച്ച് ഡ്രൈവർമാരിലും യാത്രക്കാരിലും വർധിച്ചുവരുന്ന ആശങ്കകൾ കണക്കിലെടുത്തു കൂടിയാണ് മന്ത്രാലയം മാർഗനിർദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റൽ ഗതാഗത ആവാസവ്യവസ്ഥയുടെ ഘടന, സംരക്ഷണം, ശാക്തീകരണം എന്നിവ മുൻനിർത്തിയുള്ള ആധുനികവും സുപ്രധാനവുമായ നയ സമീപനമാണിത്.
1988 ലെ മോട്ടോർ വാഹന നിയമത്തിന്‍റെ നിയമദത്തമായ അടിത്തറയിൽ സൃഷ്ടിക്കപ്പെട്ട ഈ മാർഗനിർദേശങ്ങളിലൂടെ ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത ഗതാഗത സേവനദാതാക്കളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. ഭരണഘടനാ ബാധ്യതകളും കോടതി നിർദേശങ്ങളും പാലിക്കാനും, ഡ്രൈവർമാർക്കും യാത്രക്കാർക്കും ന്യായമായ ആനുകൂല്യങ്ങൾ ഉറപ്പാക്കാനും മാർഗനിർദേശങ്ങൾ ശ്രമിക്കുന്നു. ഡ്രൈവർമാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നു എന്നതാണ് മാർഗനിർദേശങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന്. അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡ്രൈവർമാർ കാലാകാലമായി കുറഞ്ഞ വരുമാനം, ഏകപക്ഷീയമായ പിരിച്ചുവിടൽ, ഇൻഷ്വറൻസിന്‍റെ അഭാവം, നിയമപരമായ മാർഗനിർദേശങ്ങളുടെ അഭാവം എന്നിവ മൂലം അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. പുതിയ നിയമ മാർഗനിർദേശങ്ങൾ ഈ പരിമിതികൾ പരിഹരിക്കാൻ ശ്രമിക്കുന്നു.
സംസ്ഥാനങ്ങൾ വിജ്ഞാപനം ചെയ്യുന്ന അടിസ്ഥാന നിരക്കുകൾ ആധാരമാക്കി, മണിക്കൂറിനോ ദിവസത്തിനോ എന്ന കണക്കിൽ ഡ്രൈവർമാർക്ക് കുറഞ്ഞ വരുമാനം ഉറപ്പാക്കാൻ അഗ്രഗേറ്റർമാരോട് മാർഗനിർദേശങ്ങൾ ആവശ്യപ്പെടുന്നു. വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് അഗ്രഗേറ്ററും ഡ്രൈവറും തമ്മിലുള്ള കണക്കുകൾ പരസ്പര കരാറിനനുസൃതമായി ദിവസേനയോ, ആഴ്ചയിലോ, രണ്ടാഴ്ചയിലോ തീർപ്പാക്കണം. തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഉൾപ്പടെ, ആയിരക്കണക്കിന് ഡ്രൈവർമാർ നേരിടുന്ന വരുമാനത്തിലെ ചാഞ്ചാട്ടം ഈ നീക്കത്തിലൂടെ ഇല്ലാതാകും. കൂടാതെ, ഓരോ അഗ്രഗേറ്ററും കുറഞ്ഞത് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും 10 ലക്ഷം രൂപയുടെ ടേം ഇൻഷ്വറൻസും നൽകണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു. ഈ സംരക്ഷണങ്ങൾ സേവന മേഖലയിൽ താൽക്കാലിക ജോലികളിൽ സ്വതന്ത്ര കോൺട്രാക്റ്റർ അല്ലെങ്കിൽ ഫ്രീലാൻസറായി ജോലി ചെയ്യുന്ന ""ഗിഗ്'' തൊഴിലാളികളെ ഔപചാരിക തൊഴിൽ ഘടനയിലേക്ക് ആനയിക്കുന്നു.
പുതിയ മാർഗനിർദേശങ്ങൾ കമ്മീഷൻ നിരക്കുകളിൽ സുതാര്യത കൊണ്ടുവരുന്നു. മിക്ക സാഹചര്യങ്ങളിലും അഗ്രഗേറ്ററുടെ വിഹിതം നിരക്കിന്‍റെ 20% ആയി പരിമിതപ്പെടുത്തി. ഇത് വരുമാനത്തിന്‍റെ ന്യായമായ പങ്ക് ഡ്രൈവർമാർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കിഴിവുകൾ, നിരക്ക് വിഭജനം, പിഴകൾ എന്നിവ സംബന്ധിച്ച ഇനം തിരിച്ചുള്ള വ്യക്തമായ വിവരങ്ങൾ അഗ്രഗേറ്റർമാർ നൽകുകയും വേണം. യാത്ര റദ്ദാക്കൽ, നിരക്കിലെ തർക്കങ്ങൾ, സസ്‌പെൻഷനുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ സമയബന്ധിതവും സുതാര്യവുമായി പരിഹരിക്കാൻ കഴിയുന്ന ഔപചാരിക പരാതി പരിഹാര സംവിധാനം ഓരോ അഗ്രഗേറ്ററും സ്ഥാപിക്കണം. ആപ്പ് ഉപയോഗം, അടിയന്തര പ്രതികരണം, റോഡ് സുരക്ഷ, ഗതാഗത നിയമങ്ങൾ, ലിംഗ സംവേദനക്ഷമത, ദിവ്യാംഗ അവബോധം, ഉപഭോക്തൃ ഇടപെടൽ, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ കാര്യങ്ങളിലെ 40 മണിക്കൂർ പരിശീലനം ഡ്രൈവർമാർക്ക് ലഭിക്കും.
സുരക്ഷ, ഡാറ്റ സ്വകാര്യത, നിരക്കിലെ കൃത്രിമങ്ങൾ എന്നിവ സംബന്ധിച്ച് യാത്രക്കാരിൽ വർധിച്ചുവരുന്ന ആശങ്കകൾ കണക്കിലെടുത്ത് പുതിയ മാർഗനിർദേശങ്ങളിൽ എല്ലാ അവശ്യ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തി. അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകളിലെ എല്ലാ ഡ്രൈവർമാരും നിർബന്ധിത പൊലീസ് പരിശോധന, ആരോഗ്യ പരിശോധന, പെരുമാറ്റ രീതി പരിശീലനം എന്നിവയ്ക്ക് വിധേയരാകണം. എല്ലാ വാഹനങ്ങളിലും ഇൻ-ആപ്പ് എമർജൻസി ബട്ടണുകൾ, ജിപിഎസ് അധിഷ്ഠിത നിരീക്ഷണ സംവിധാനം, ട്രിപ്പ്-ഷെയറിങ് സവിശേഷതകൾ എന്നിവ വേണം. ഇവ യാത്രക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വർധിപ്പിക്കുന്നു. സംസ്ഥാനങ്ങളുടെ മേൽനോട്ടത്തിൽ അഗ്രഗേറ്റർമാർ 24x7 കൺട്രോൾ റൂം, ഹെൽപ്പ്‌ലൈൻ സംവിധാനങ്ങൾ സ്ഥാപിക്കണം.
യാത്രാ നിരക്കുകളുടെയും, സർജ് നിരക്ക് നിർണയത്തിന്‍റെയും (ആവശ്യകത കൂടുമ്പോൾ നിരക്കും കൂട്ടുന്ന സംവിധാനം) നിയന്ത്രണമാണ് മറ്റൊരു പ്രധാന നേട്ടം. ഇക്കാര്യത്തിൽ വ്യക്തമായ പരിധി നിശ്ചയിക്കുന്നു: സംസ്ഥാന നയത്തിന് അനുസൃതമായി സർജ് നിരക്കുകൾ അടിസ്ഥാന നിരക്കിന്‍റെ 1.5 മുതൽ 2 മടങ്ങ് വരെയായി പരിമിതപ്പെടുത്തി. ആവശ്യകത ഉയരുന്ന ഘട്ടങ്ങളിൽ പോലും യാത്രക്കാർ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു. അടിസ്ഥാന നിരക്ക്, ഡൈനാമിക് ചാർജുകൾ, അഗ്രഗേറ്റർ വിഹിതം, സർക്കാർ നികുതികൾ എന്നിവയുൾപ്പെടെ നിരക്ക് സംബന്ധിച്ച വിശദവിവരങ്ങൾ സുതാര്യമായി പ്രദർശിപ്പിക്കണം. മാർഗനിർദേശങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നു എന്നതാണ് മറ്റൊരു ഘടകം.
ഇന്ത്യയ്ക്കുള്ളിലെ സെർവറുകളിൽ ഉപയോക്തൃ ഡാറ്റ സംഭരിക്കാനും ഡിജിറ്റൽ വ്യക്തിവിവര സംരംക്ഷണ നിയമം ഉൾപ്പെടെയുള്ള ഡാറ്റാ സംരംക്ഷണ ചട്ടക്കൂടുകൾ പാലിക്കാനും അഗ്രഗേറ്റർമാർക്ക് നിർദേശം നൽകി. ഡാറ്റകൾ ദുരുപയോഗം ചെയ്യുകയോ ചോർത്തുകയോ ചെയ്യുന്നില്ലെന്നും രാജ്യത്തിന്‍റെ പരമാധികാര ഡാറ്റാ നയങ്ങൾക്കനുസൃതമായി നിലനിർത്തുന്നുവെന്നും ഇതിലൂടെ ഉറപ്പാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "വികസിത് ഭാരത് @2047' എന്ന ദർശനത്തിനും ദിവ്യാംഗരുടെ അന്തസും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും അനുപൂരകമായി, അഗ്രഗേറ്റർമാരുടെ വാഹന ശ്രേണിയുടെ ഒരു ഭാഗം ദിവ്യാംഗ സൗഹൃദമാക്കണം. തൊഴിൽ ശക്തിയിൽ ഡ്രൈവർമാർ എന്ന നിലയിൽ ദിവ്യാംഗരുടെ ഉചിതമായ പ്രാതിനിധ്യം ഉറപ്പാക്കണം.
ആവശ്യങ്ങളും ആവശ്യകതകളും അടിസ്ഥാനമാക്കി അത്തരം വാഹനങ്ങളുടെ എണ്ണം സംസ്ഥാനങ്ങൾക്ക് നിർണയിക്കാം. അഗ്രഗേറ്റർമാർ അവരുടെ വാഹന നിരയിൽ വൈദ്യുത വാഹനങ്ങൾ, ഇതര ഇന്ധന വാഹനങ്ങൾ, സീറോ എമിഷൻ വാഹനങ്ങൾ എന്നിവ ഉൾപ്പെടുത്തണം. ബന്ധപ്പെട്ട എയർ റെഗുലേറ്ററി സ്ഥാപനങ്ങൾ റൈഡ്-ഹെയ്‌ലിങ് പ്ലാറ്റ്‌ഫോമുകൾക്കായി സംസ്ഥാനാടിസ്ഥാനത്തിലുള്ള വൈദ്യുത വാഹന ലക്ഷ്യങ്ങൾ നിശ്ചയിക്കും. ഡൽഹിയിലെ ഇലക്‌ട്രിക് വെഹിക്കിൾ ഇന്‍റർകണക്റ്റർ (DEVI) ബസുകൾ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഇതിനകം വൈദ്യുത വാഹന സമന്വയത്തിനുള്ള ഉത്തമ ഉദാഹരണങ്ങളായി മാറി.
ഭരണഘടനയുടെ അനുച്ഛേദം 39 മുന്നോട്ടുവയ്ക്കുന്ന മാർഗനിർദേശക തത്വം, ഗിഗ് തൊഴിലാളികൾ ഉൾപ്പെടെയുള്ള പൗരന്മാർക്ക് മതിയായ ഉപജീവനമാർഗത്തിനുള്ള അവകാശം ഉറപ്പാക്കാൻ സർക്കാരുകളോട് അനുശാസിക്കുന്നു. കൂടാതെ, ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളായി പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 21ൽ സുരക്ഷിത തൊഴിൽ അന്തരീക്ഷവും അന്തസോടെ സഞ്ചരിക്കാനുള്ള അവകാശവും ഉൾപ്പെടുന്നതായി കോടതികൾ വ്യാഖ്യാനിച്ചിട്ടുണ്ട്. റൈഡ്-ഹെയ്‌ലിങ് മേഖലയിൽ ശരിയായ നിയന്ത്രണത്തിന്‍റെ ആവശ്യകത ഒട്ടേറെ കോടതി വിധികൾ സാധൂകരിച്ചിട്ടുണ്ട്. അനുച്ഛേദം 21ന്‍റെ അവിഭാജ്യ ഘടകമായി ഉപജീവനത്തിനുള്ള അവകാശത്തെ സുപ്രീം കോടതി ഊന്നിപ്പറഞ്ഞു. ഊബർ ഇന്ത്യയുടെ കേസിൽ അഗ്രഗേറ്റർമാരുടെ നിരക്ക് നിർണയവും ലൈസൻസിങ്ങും നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ അവകാശം ഡൽഹി ഹൈക്കോടതി ശരിവച്ചു.
ഉപഭോക്തൃ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകണമെന്നും നിർദേശിച്ചു. ഈ വിധിന്യായങ്ങളാണ് 2025ലെ മാർഗനിർദേശങ്ങൾ പ്രകാരം ഗിഗ് തൊഴിലാളികൾക്ക് നൽകുന്ന സംരക്ഷണങ്ങൾക്കുള്ള അടിസ്ഥാനം. 60 ദിവസത്തിനുള്ളിൽ എല്ലാത്തരം മോട്ടോർ വാഹനങ്ങൾക്കും ബാധകമായ ഒറ്റ ലൈസൻസ് എടുക്കാനുള്ള സൗകര്യം അഗ്രഗേറ്റർമാർക്ക് ഇപ്പോൾ ലഭിക്കുന്നു. റൈഡ്-ഹെയ്‌ലിങ് കമ്പനികൾക്ക് ഡ്രൈവിങ് ടെസ്റ്റ് സൗകര്യത്തിനുള്ള ക്രമീകരണം ഉണ്ടായിരിക്കണമെന്ന ആവശ്യകത ഇത് ഒഴിവാക്കുന്നു. പകരം, ഡ്രൈവിങ് പരിശീലന ഗവേഷണ സ്ഥാപനങ്ങൾ (IDTR), റീജ്യണൽ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ (RDTC), ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ (DTC) എന്നിവയ്‌ക്കായുള്ള മന്ത്രാലയത്തിന്‍റെ പദ്ധതിയുടെ പ്രയോജനം നേടാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. കേന്ദ്ര ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഇവയ്ക്കായി ജനസംഖ്യയും ഭൂമിശാസ്ത്രവും അടിസ്ഥാനമാക്കി IDTRകൾക്ക് ₹17.25 കോടി, RDTCകൾക്ക് ₹5.5 കോടി, DTCകൾക്ക് ₹2.5 കോടി രൂപ വരെ ഗ്രാന്‍റുകൾ നൽകി വിദൂര ദേശങ്ങളിൽ പോലും ശാസ്ത്രീയ പരിശീലനം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.
ഈ സ്ഥാപനങ്ങൾ വിദഗ്ധ പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ വലിയൊരു ഗണത്തെ സൃഷ്ടിക്കുന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്താനും വാഹനാപകടങ്ങൾ കുറയ്ക്കാനും ഈ സംരംഭം ഗണ്യമായി സംഭാവന നൽകുമെന്നാണു പ്രതീക്ഷ. നിലവിൽ റോഡപകടങ്ങൾ മൂലം രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 3% സാമ്പത്തിക നഷ്ടം സംഭവിക്കുന്നു. 2030 ആകുമ്പോഴേക്കും റോഡ് അപകട മരണങ്ങൾ 50% കുറയ്ക്കുക എന്നതാണു സർക്കാരിന്‍റെ ലക്ഷ്യം. നമ്മുടെ ശക്തമായ ഫെഡറൽ ഘടനയെയും ഭരണഘടനാ വ്യവസ്ഥകളെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ മാർഗനിർദേശങ്ങൾ. ഭരണഘടന ഏഴാം പട്ടിക പ്രകാരം ഗതാഗതം കൺകറന്‍റ് ലിസ്റ്റിലാണ്. അഗ്രഗേറ്റർ ലൈസൻസിങ്ങിനും പ്രവർത്തനത്തിനുമുള്ള നിയമങ്ങൾ കൊണ്ടുവരാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഈ ആവശ്യത്തിനായി അത്തരം മാർഗനിർദേശങ്ങളോ ലൈസൻസിങ് ചട്ടക്കൂടുകളോ പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിനെ പ്രാപ്തമാക്കുന്നതിനാൽ നിയമത്തിലെ 93ാം വകുപ്പ് വിശിഷ്യാ പ്രാധാന്യമർഹിക്കുന്നു.
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചതാണെങ്കിലും, 2025ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗനിർദേശങ്ങൾ പ്രാദേശിക അനുപൂരകത്വം ഉറപ്പാക്കി സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുടരാം. സംസ്ഥാനങ്ങൾക്ക് മറ്റ് അധികാരങ്ങളും നൽകിയിട്ടുണ്ട്: അഗ്രഗേറ്റർമാർക്ക് ലൈസൻസുകൾ നൽകുക, നിരക്ക് ഘടനകളും സർജ് നിരക്ക് നിർണയവും നിരീക്ഷിക്കുക, ഡ്രൈവർ പരിശീലനവും പരിശോധനകളും നടപ്പിലാക്കുക, നിരന്തര ലംഘനങ്ങൾ വരുത്തുന്ന പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്തുക, സമാന ഗതാഗത മാതൃകകൾക്ക് കീഴിൽ ഗതാഗതേതര മോട്ടോർ സൈക്കിളുകളുടെ ഉപയോഗം അംഗീകരിക്കുക, അഗ്രഗേറ്റർ വാഹന ശ്രേണിയിൽ വൈദ്യുത വാഹന ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നീ കാര്യങ്ങൾ സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ ഗതാഗത ആവാസവ്യവസ്ഥയെ പരിഷ്കരിക്കാനുള്ള പുരോഗമനപരവും സമയബന്ധിതവുമായ ചുവടുവയ്പാണ് ഈ മാർഗനിർശങ്ങൾ. സംസ്ഥാനങ്ങൾ ഇത് പിന്തുടർന്നാൽ കൂടുതൽ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതും സർവാശ്ലേഷിയുമായ നഗര ഗതാഗത രീതിയായി മാറാനുള്ള സാധ്യത റൈഡ്- ഹെയ്‌ലിങ് സേവനങ്ങൾക്കുണ്ട്. ആപ്പ് അധിഷ്ഠിത ഡ്രൈവർമാരെ സേവന ദാതാവായി മാത്രമല്ല, അവകാശങ്ങളും അന്തസും അഭിലാഷങ്ങളുമുള്ള ഒരു തൊഴിലാളിയായാണ് വീക്ഷിക്കുന്നത് എന്നതാണ് പ്രധാന കാര്യം. യാത്രക്കാരനെ കേവലം ഉപഭോക്താവായി മാത്രമല്ല, സുരക്ഷിതവും ചെലവു കുറഞ്ഞതും സുതാര്യവുമായ സേവനങ്ങൾക്ക് അർഹതയുള്ള പൗരനായും അംഗീകരിക്കുന്നു.
മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗനിർദേശങ്ങൾ- 2025 ഇന്ത്യയിലെ ഡിജിറ്റൽ ഗതാഗത സൗകര്യങ്ങളിൽ സുപ്രധാന നാഴികക്കല്ലാണ്. അഗ്രഗേറ്റർമാർക്ക് വ്യക്തമായ മാനദണ്ഡങ്ങളും ഉത്തരവാദിത്തങ്ങളും അനുശാസിക്കുന്ന ഈ മാർഗനിർദേശങ്ങൾ, ഡ്രൈവർമാർക്ക് ന്യായമായ വരുമാനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുകയും, യാത്രക്കാർക്ക് മെച്ചപ്പെട്ട സുരക്ഷയും സൗകര്യവും സാധ്യമാക്കുകയും, പരിസ്ഥിതി സുസ്ഥിര രീതികൾ അനുവർത്തിക്കേണ്ടതിന്‍റെ പ്രാധാന്യവും ഊന്നിപ്പറയുകയും ചെയ്യുന്നു. ഈ ചട്ടക്കൂട് ഇന്ത്യയുടെ വളരുന്ന ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയെ ശക്തിപ്പെടുത്തുക മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വികസിത് ഭാരത് @2047 ദർശനത്തോട് സമന്വയിക്കുകയും ചെയ്യുന്നു.