ആനയ്ക്ക് 'മൂക്കുകയർ', പൂരങ്ങൾക്ക് 'കടിഞ്ഞാൺ': കേരളത്തിനു മുന്നിൽ ഇനി തമിഴ്നാടിന്‍റെ വഴി മാത്രം

ജല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിയെ മറികടന്ന തമിഴ്നാട് മാതൃക മാത്രമാണ് കേരളത്തിലെ പൂരങ്ങളുടെ സംരക്ഷണത്തിന് ഇനി മുന്നിലുള്ളത്
ജല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിയെ മറികടന്ന തമിഴ്നാട് മാതൃക മാത്രമാണ് കേരളത്തിലെ പൂരങ്ങളുടെ സംരക്ഷണത്തിന് ഇനി മുന്നിലുള്ളത് | Only people's unity is hope to save poorams after HC action, Govt inaction
ആനയ്ക്ക് 'മൂക്കുകയർ', പൂരങ്ങൾക്ക് 'കടിഞ്ഞാൺ': കേരളത്തിനു മുന്നിൽ ഇനി തമിഴ്നാടിന്‍റെ വഴി മാത്രം
Updated on

അജയൻ

കേരളത്തിലെ പ്രശസ്തമായ ക്ഷേത്രോത്സവങ്ങളുടെ ഭാവി വലിയ ചർച്ചകൾക്കു വിഷയമാകുകയാണ്. ആനയെഴുന്നള്ളിപ്പിന് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോടുള്ള എതിർപ്പ് പ്രകടമാക്കുന്നതായിരുന്നു ആറാട്ടുപുഴയിൽ നടത്തിയ പ്രതിഷേധപ്പൂരം. ''ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ടു നടക്കാറുണ്ടിവിടെ...'' എന്നൊക്കെ പാട്ടു പാടാമെങ്കിലും, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പൂരപ്പെരുമകൾ അത്ര പെട്ടെന്ന് മറന്നുകളയാനാവില്ല മലയാളിക്ക്. കോടതി നിയന്ത്രണം, പൂരം നടത്തിപ്പുകാരെ അണിയിച്ച കടിഞ്ഞാണായി മാറിയെന്ന് ഉറപ്പായിട്ടും സർക്കാർ ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകളൊന്നും ഇതുവരെ നടത്തിയിട്ടുമില്ല.

പൂരങ്ങളുടെയും ഉത്സവങ്ങളുടെയും വേലകളുടെയും സീസണിനു നാന്ദി കുറിക്കുന്ന തൃപ്പൂണിത്തുറയിലെ പ്രശസ്തമായ വൃശ്ചികോത്സവത്തിനു മേൽ ഈ നിയന്ത്രണം കരിനിഴൽ വീഴ്ത്തിയതു മലയാളികൾ കണ്ടതാണ്. ഇത്തരം ഉത്സവാഘോഷങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുന്നതാണ് നിയമത്തിന്‍റെ നൂലിഴ കീറുന്ന കോടതി വിധിയെന്നും ഇതോടെ വ്യക്തമായി.

പൂരപ്രേമികൾ കടുത്ത ആശങ്കയിലാണ്. ആനയെഴുന്നള്ളിപ്പിനുള്ള മാർഗനിർദേശങ്ങൾ അതേപടി നടപ്പാക്കിയാൽ ഒരു സാംസ്കാരിക പൈതൃകം തന്നെയാണ് ഇല്ലാതാകുക. തൃപ്പൂണിത്തുറ ഉത്സവസമയത്ത് അപ്രതീക്ഷിതമായി മഴ കൂടി പെയ്തത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. മാർഗനിർദേശം ലംഘിച്ചു എന്നാരോപിച്ച് കൊച്ചിൻ ദേവസ്വം ഓഫീസർക്കെതിരേ കോടതിയലക്ഷ്യത്തിനു കേസെടുത്തിരിക്കുകയാണ്.

ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാരും പി. ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൂരപ്രേമി സംഘം കേരള ചീഫ് ജസ്റ്റിസിനു പരാതി നൽകിയിരിക്കുകയാണിപ്പോൾ. വിരുദ്ധ താത്പര്യങ്ങളില്ലാത്ത ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നും ഇതിൽ അഭ്യർഥിക്കുന്നു.

നിലവിൽ കേസ് പരിഗണിക്കുന്ന ബെഞ്ചിലെ രണ്ട് ജഡ്ജിമാരും മുൻപ് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട നിയമകാര്യ സ്ഥാപങ്ങളിൽ പ്രവർത്തിച്ചിരുന്നു എന്നതാണ് 'വിരുദ്ധ താത്പര്യം' (Conflict of Interest) കൊണ്ട് പരാതിയിൽ ഉദ്ദേശിക്കുന്നത്. ഇതു കണക്കിലെടുത്ത്, ഹർജി പരിഗണിക്കുന്നതിൽനിന്ന് ഈ ജഡ്ജിമാർ വിട്ടുനിൽക്കണമായിരുന്നു എന്നാണ് സംഘത്തിന്‍റെ പക്ഷം. വിഷയം നിഷ്പക്ഷമായി കൈകാര്യം ചെയ്യപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സംഘം പ്രസിഡന്‍റ് ബൈജു പറയുന്നു.

''കേരളത്തിൽ അങ്ങോളമിങ്ങോളം ഏതാണ്ട് എല്ലാ ക്ഷേത്രോത്സവങ്ങളും ഈ വർഷം തടസപ്പെടാനാണ് സാധ്യത'', തൃശൂരിലെ പ്രശസ്തമായ പൂരങ്ങളെക്കുറിച്ച് പുസ്തകമെഴുതിയ വിനോദ് കണ്ടേങ്കാവിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ആനകളുടെ മാത്രം കാര്യമല്ലെന്നാണ് വിനോദ് ചൂണ്ടിക്കാട്ടുന്നത്. സമൃദ്ധമായൊരു സംസ്കാരവും, ഒരു ജീവിതശൈലിയും, പാരമ്പര്യത്തിന്‍റെ ജീവവായുവുമാണ് തടസപ്പെടാൻ പോകുന്നത്. ചെണ്ടമേളം ഹൃദയതാളമാകുന്നൊരു പൈതൃകം നശിക്കുന്നത് ആയിരക്കണക്കിനു കലാകാരൻമാരെയും ബാധിക്കും- അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. സാമൂഹികവും സാംസ്കാരികവുമായ ഈ സാംസ്കാരിക പൈതൃകം എന്നേയ്ക്കുമായി ഇല്ലാതാവുന്നതു തടയാൻ സർക്കാരിന്‍റെ അടിയന്തര ഇടപെടൽ വേണമെന്നും വിനോദ് ആവശ്യപ്പെടുന്നു.

ജല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരേ തമിഴ്നാട് ഒറ്റക്കെട്ടായി പൊരുതി ജയിച്ച സമീപകാല ചരിത്രമാണ് പൂരപ്രേമികൾ ഇപ്പോൾ പ്രതീക്ഷയോടെ ഓർക്കുന്നത്. തമിഴ്നാട് സർക്കാർ നിയമ ഭേദഗതി നടത്തിയതോടെ സുപ്രീം കോടതിക്ക് ജനവികാരം മാനിച്ച് തീരുമാനം മാറ്റുകയല്ലാതെ മാർഗമില്ലാതെ വരുകയായിരുന്നു. കേരളത്തിലോ? ഒരിക്കലും പ്രവൃത്തിപഥത്തിൽ വരാത്ത വാഗ്ദാനങ്ങളുടെ പെരുമ്പറ മുഴക്കുന്നതിൽ വൈദഗ്ധ്യമാർജിച്ച സംവിധാനമാണ് ഇവിടത്തെ സർക്കാർ.

കഴിഞ്ഞ തവണത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായപ്പോൾ, ബിജെപിക്ക് തെരഞ്ഞെടുപ്പ് ജയിക്കാൻ പൂരം കലക്കിയെന്ന് ഇടതുപക്ഷ നേതാക്കൾ തന്നെയാണ് നിലവിളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണവും പ്രഖ്യാപിച്ചു. പതിവുപോലെ വൈകി തുടങ്ങിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ പക്ഷേ, ഇപ്പോഴും നിഗൂഢമായി തുടരുകയാണ്. പോരാത്തതിന്, പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി നേരിട്ട് സർട്ടിഫിക്കറ്റും കൊടുത്തു!

സംസ്ഥാനത്ത് ഉത്സവകാലത്തിനു തുടക്കമായിട്ടും അവയെ സംരക്ഷിക്കുന്നതിനുള്ള നിയമനിർമാണം സ്വപ്നം മാത്രമായി ശേഷിക്കുകയാണ്. ഒരു ഭേദഗതി നിർദേശവും ഇതുവരെ നിയമസഭയുടെ മേശപ്പുറത്ത് വന്നിട്ടില്ല. സർക്കാരിന് അതിൽ ആത്മാർഥമായ താത്പര്യമുണ്ടെന്ന തോന്നൽ പോലും ഉളവാക്കാനായിട്ടില്ല.

തൃശൂരിൽ ഉപവാസ സമരം പരിഗണിക്കുന്നതിനിടെയാണ്, ഏറ്റവും പുരാതനമായ പൂരത്തിന്‍റെ കളിത്തൊട്ടിലായ ആറാട്ടുപുഴയിൽ പ്രതീകാത്മകമായ പ്രതിഷേധം നടത്തിയത്. ആനകളില്ലാതെ, നെറ്റിപ്പട്ടവും ആലവട്ടവും മുത്തുക്കുടയും വെഞ്ചാമരവും മാത്രമായി ഒരു ആചാര പ്രഘോഷണം. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളവും അകമ്പടിയായി. 1443 വർഷത്തിന്‍റെ പാരമ്പര്യമുള്ള ആറാട്ടുപുഴ പൂരത്തിന്‍റെ ഭാവിയെക്കുറിച്ച് ഇപ്പോഴത്തെ നടത്തിപ്പിൽ പ്രധാനിയായ രാജേന്ദ്രൻ പങ്കുവയ്ക്കുന്നത് കടുത്ത ആശങ്കയാണ്.

ദേവമേള എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തിൽ 23 ദേവതകൾ പങ്കെടുക്കുന്നുണ്ടെന്നാണ് വിശ്വാസം. ഒരാഴ്ച നീളുന്ന പൂരത്തിന്‍റെ അവസാനം 60 മുതൽ 70 വരെ ആനകളെയാണ് എഴുന്നള്ളിക്ക‌ാറുള്ളത്. പൂരത്തിലെ പ്രധാന ദേവതയായ തൃപ്രയാറപ്പൻ പുലർച്ചെ ആനപ്പുറത്തെഴുന്നള്ളും. ഊരകത്തുനിന്നും ചേർപ്പിൽനിന്നുമുള്ള ദേവതകൾ കൂടെ ചേരും. കോടതിയുടെ മാർഗനിർദേശങ്ങൾ നടപ്പായാൽ ഇതൊക്കെ ഓർമകൾ മാത്രമാകും.

വെറുമൊരു ആഘോഷം മാത്രമല്ല പൂരം, ആചാരങ്ങളുടെയും ചടങ്ങുകളുടെയും സംയോജനം കൂടിയാണ്. ഒരേസമയം നടത്തുന്ന വിവിധ ദേവതകളുടെ ചെറുപൂരങ്ങളും, ആറാട്ടും, കൃഷിയിടങ്ങളിലേക്കും ജ‌ലസ്രോതസുകളിലേക്കും വൻമരഛായകളിലേക്കുള്ള പ്രതീകാത്മക സന്ദർശനങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

കീഴ്‌വഴക്കങ്ങൾക്കനുസൃതമായി ആറാട്ടുപുഴ പൂരവുമായി ബന്ധപ്പെട്ട ഇത്തരത്തിൽ ഒരു ചടങ്ങും ഇപ്പോഴത്തെ സാഹചര്യത്തിൽ നടത്താൻ സാധിക്കില്ലെന്ന് രാജേന്ദ്രൻ ആശങ്ക പ്രകടിപ്പിക്കുന്നു. ഇതിന്‍റെ അലയൊലികൾ പെരുവനം പൂരത്തെയും മറ്റു സമീപക്ഷേത്രങ്ങളിലെ പുറപ്പാടുകളെയും വരെ പ്രതിസന്ധിയിലാക്കുന്നു.

പാരമ്പര്യത്തിനപ്പുറം ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മേളം കലാകാരൻമാരുടെ ജീവിതങ്ങളെയും ഇതു ബാധിക്കും. കൊവിഡ്-19 കാലഘട്ടത്തിൽ അവരുടെ രക്ഷയ്ക്കെത്തിയത് പൂരപ്രേമി സംഘമായിരുന്നു. ആറു മാസത്തോളം നീളുന്ന പൂരക്കാലം മേളക്കാർക്ക് സാംസ്കാരിക സാന്നിധ്യം എന്നതിലുപരി അവരുടെ ജീവനാഡികൾ കൂടിയാണ്. ശേഷിക്കുന്ന ആറു മാസത്തെ ജീവിതം കൂടി ഇവയെ ആശ്രയിച്ചാണ് നിൽക്കുന്നത്. ''ആചാരങ്ങൾക്ക് മേളം അനിവാര്യമല്ലെന്ന് കോടതികൾ ഇതുവരെ പറഞ്ഞില്ലല്ലോ, ഭാഗ്യം!'' ഒരു മേളം കലാകാരൻ പരിതപിക്കുന്നു.

കോടതിയെ പേടിച്ച് സംഘാടകർ വിപുലമായ ആഘോഷങ്ങളിൽനിന്നു വിട്ടുനിന്നാൽ കേരളത്തിന്‍റെ സമൃദ്ധമായൊരു പൈതൃമാണ് വിസ്മൃതമാകുക. തമിഴ്നാടിന്‍റെ ജല്ലിക്കെട്ട് മാതൃകയിൽ‌ നിന്ന് കേരളം പാഠം ഉൾക്കൊള്ളണമെന്നാണ് പൂരപ്രേമികൾ അഭിപ്രായപ്പെടുന്നത്. അവഗണിക്കാനാവാത്തത്ര വ്യക്തവും ശക്തവുമായ പ്രതികരണത്തിനു മാത്രമേ പൂരങ്ങൾ പോലുള്ള സാംസ്കാരിക പാരമ്പര്യങ്ങളെ സംരക്ഷിക്കാൻ സാധിക്കൂ എന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com