
അഡ്വ. പി.എസ്. ശ്രീകുമാര്‍
നസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഉമ്മന്‍ചാണ്ടി എന്ന, കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവിന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താന്‍ എത്ര നാള് വേണ്ടിവരുമെന്നറിയില്ല. അദ്ദേഹം നമ്മെ വിട്ടുപോയശേഷമുള്ള ആദ്യ ജന്മദിനമാണ് ഇന്ന്. ജീവിച്ചിരുന്നെങ്കില്‍ 80 വയസ് ഇന്ന് പൂര്‍ത്തിയാകുമായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലെ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കാനാണ് ഈ കുറിപ്പ്.
ഒരു മുഖ്യമന്ത്രിയുടെ തിരക്കു പറഞ്ഞറിയിക്കേണ്ടതില്ലല്ലോ; പ്രത്യേകിച്ചും ഉമ്മന്‍ ചാണ്ടിയെപ്പോലെ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു ഭരണാധികാരിയാകുമ്പോള്‍. രാത്രിയുടെ അന്ത്യയാമങ്ങള്‍ ഒഴിച്ചാല്‍ മറ്റെല്ലാ സമയത്തും അദ്ദേഹം സന്ദര്‍ശകരാല്‍ വളയപ്പെട്ടാണ് കാണപ്പെടുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നവരുടെയെല്ലാം കൈകളിൽ നിവേദനങ്ങള്‍ കാണും. കംപ്യൂട്ടറില്‍ രേഖകള്‍ സ്കാന്‍ ചെയ്യുന്ന പോലെയാണ് അദ്ദേഹം അവ വായിക്കുന്നത്. ഓടിച്ചുനോക്കുമ്പോള്‍ തന്നെ അതിലെ ആവശ്യമെന്തെന്ന് ഗ്രഹിക്കും. കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ടെങ്കില്‍ പരാതിക്കാരനോട് ചോദിച്ചു മനസിലാക്കും. എന്നിട്ടാണ് നിവേദനങ്ങളില്‍ ഉത്തരവിടുന്നത്. ഓരോ ദിവസവും നൂറുകണക്കിനു നിവേദനങ്ങളും പരാതികളുമാണ് മുഖ്യമന്ത്രിയുടെ ഉത്തരവോടെ സെക്രട്ടറിമാര്‍ക്കും വിവിധ വകുപ്പ് അധ്യക്ഷര്‍ക്കും അയച്ചുകൊടുത്തിരുന്നത്. ഈ നിവേദനങ്ങളും പരാതികളും ഫയലുകളായാണ് പിന്നീട് മടങ്ങിയെത്തുന്നത്.
സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പൊതുജനങ്ങളുടെ സന്ദർശന സമയം 3 മുതല്‍ 5 മണി വരെയാണ്. അല്ലാത്ത സമയങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത് മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ കത്ത് കിട്ടിയവര്‍ക്കും, ഉന്നത ഉദ്യോഗസ്ഥരെയോ മന്ത്രിമാരെയോ കാണാന്‍ മുന്‍കൂര്‍ അനുമതി ലഭിച്ചവര്‍ക്കും മാത്രമാണ്. എന്നാൽ തന്നെ കാണാൻ സെക്രട്ടേറിയേറ്റിൽ എത്തുന്നവർക്ക് ഒരു വിലക്കും ഏര്‍പ്പെടുത്തരുതെന്നായിരുന്നു ചീഫ് സെക്രട്ടറിക്ക് അദ്ദേഹം നല്കിയ നിര്‍ദേശം. തലസ്ഥാനത്തുള്ള ദിവസങ്ങളില്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ രാവിലെ മുതല്‍ സന്ദര്‍ശകരെ കണ്ടുതുടങ്ങും. 9 മണിയോടെ സെക്രട്ടറിയേറ്റിലെത്തും. ക്ലിഫ് ഹൗസില്‍ വച്ച് കാണാന്‍ സാധിക്കാതിരുന്നവരും, ഫയലുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമുള്ളവരും അദ്ദേഹത്തിനു പിന്നാലെയെത്തും. ഔദ്യോഗിക മീറ്റിങ്ങുകള്‍ക്കു മുമ്പും ശേഷവും, അതുപോലെ രണ്ടു മീറ്റിങ്ങുകള്ക്കിടക്കുള്ള സമയങ്ങളിലും അദ്ദേഹം സന്ദര്‍ശകരെ കാണാന്‍ പ്രത്യേകം ശ്രദ്ധിക്കും.
ഇതിനൊരപവാദം, മന്ത്രിസഭായോഗമുള്ള ദിവസങ്ങള്‍ മാത്രമായിരുന്നു. ആ ദിവസങ്ങളില്‍ മന്ത്രിസഭായോഗം തീരുന്നതു വരെ സന്ദർശകർക്കു വിലക്കുണ്ട്. ബാക്കി സമയങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസ് സന്ദര്‍ശകരെക്കൊണ്ട് നിറയും. ചില സമയങ്ങളില്‍ സന്ദർശകർക്കിടയില്‍ അദ്ദേഹത്തെ കണ്ടെത്തി അത്യാവശ്യ ഫയലുകള്‍ ഒപ്പിടീച്ചു ഞങ്ങള്‍ വാങ്ങിയിരുന്നത് ഭഗീരഥ പ്രയത്നം നടത്തിയായിരുന്നു. തിരക്ക് അൽപമൊന്നു കുറയുമ്പോഴേക്കും രാത്രി 10 മണിയാകും. അപ്പോഴാണ് ഫയല്നോട്ടത്തിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത്. അതിനിടയ്ക്കും, തന്നെ തേടിയെത്തുന്ന എല്ലാ ഫോണ്‍ വിളികളും എടുക്കും. ഫയല്‍ നോട്ടം തീരുമ്പോള്‍ രാത്രി 12 മണി കഴിയും. ഓരോ ഫയലും സംബന്ധിച്ച് അദ്ദേഹത്തെ ബ്രീഫ് ചെയ്യും. ഫയലിലെ പ്രശ്നം എന്താണെന്ന് "മൂന്നാം കണ്ണിലൂടെ കണ്ട് ' അദ്ദേഹം പരിഹാരം കുറിക്കും. സ്വന്തം കൈപ്പടയില്‍ തന്നെയാണ് അദ്ദേഹം ഫയലില്‍ കുറിപ്പുകള്‍ എഴുതിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ള ഫയലുകള്‍ ഓഫിസില്‍ കൊണ്ടുപോയി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാനായി മാറ്റിവയ്ക്കും.
ചില ദിവസങ്ങളില്‍ ഫയല്‍ നോട്ടം കഴിയുമ്പോഴേക്കും ക്ഷീണം കാരണം അദ്ദേഹവും നിദ്രയിലാകും. അഥവാ അതിനോടകം ഫയല്‍ തീര്‍ന്നില്ലെങ്കില്‍ വെളുപ്പിന് അഞ്ചരയോടെ ഞങ്ങള്‍ വീണ്ടും ക്ലിഫ് ഹൗസിലെത്തും. അപ്പോഴേക്ക് അദ്ദേഹം റെഡിയായി ഇരിക്കുകയായിരിക്കും. ഫയല്‍ നോട്ടത്തിനിടെ ചായകുടിയും പത്രപാരായണവും ഒരു വശത്തു കൂടി നടക്കും, വെളുപ്പിനെത്തുന്ന ഫോണ്‍ വിളികളും അറ്റന്‍ഡ് ചെയ്യും. 7 മണിയോടെ ഫയലുകളെല്ലാം നോക്കിത്തീർത്ത് കുളിയും കഴിഞ്ഞ് സന്ദര്‍ശകരെ കാണാന്‍ തുടങ്ങും. 9 മണിയോടെ, ധൃതിയില്‍ കാപ്പികുടിയും കഴിഞ്ഞു വീണ്ടും ഓഫിസിലേക്ക്.
ചില ദിവസങ്ങളില്‍, വിവിധ ഔദ്യോഗിക പരിപാടികളില്‍ സംബന്ധിക്കാന്‍ യാത്രയിലായിരിക്കും. രണ്ടു ദിവസത്തില്‍ കൂടുതല്‍ യാത്രയിലാണെങ്കില്‍ എറണാകുളം, ആലുവ, കോട്ടയം ഗസ്റ്റ് ഹൗസുകളില്‍ എവിടെയെങ്കിലും ഇടയ്ക്കൊരു ദിവസം രാത്രി ഫയല്‍ നോക്കാൻ മാത്രമായി എത്തും. അവയുമായി ഞങ്ങള്‍ പ്രസ്തുത ഗസ്റ്റ് ഹൗസുകളില്‍ ചെന്ന് ഒപ്പിടീക്കും. ഇടയ്ക്കു വരാന്‍ സമയം കിട്ടാത്ത അവസരങ്ങളില്‍ ഞങ്ങളും അദ്ദേഹത്തോടോപ്പം ട്രെയ്നിലോ കാറിലോ യാത്ര ചെയ്ത് ഫയലുകള്‍ ഒപ്പിടീച്ചു വാങ്ങും. ട്രെയ്നിലാണെങ്കില്‍, നോക്കികഴിഞ്ഞ ഫയലുകളുമായി ഞങ്ങള്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങും. കാറിലാണെങ്കില്‍, ഏറ്റവുമടുത്തുള്ള ഗസ്റ്റ് ഹൗസിലോ അല്ലെങ്കില്‍ റസ്റ്റ് ഹൗസിലോ കാർ നിര്‍ത്തി ഞങ്ങള്‍ ഇറങ്ങും. എത്ര തിരക്കുപിടിച്ച യാത്രകളാണെങ്കിലും, രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഫയലുകള്‍ മടക്കി അയക്കും. അദ്ദേഹം തിരുവനന്തപുരത്തുള്ള ദിവസങ്ങളില്‍ ഫയലുകള്‍ മടങ്ങുന്ന വേഗത കണ്ട് സെക്രട്ടറിമാരും വകുപ്പ് അധ്യക്ഷരും അതിശയിക്കാറുണ്ടായിരുന്നു.
ഒരിക്കല്‍ അദ്ദേഹം രോഗബാധിതനായ അവസരത്തില്‍, ഓഫിസിലെ മീറ്റിങ്ങുകള്‍, മറ്റ് ഔദ്യോഗിക പരിപാടികള്‍ എല്ലാം ഒരു ചിട്ടയില്‍ കൊണ്ടുവരാൻ ഞങ്ങളൊരു ശ്രമം നടത്തി. അടുത്ത ദിവസത്തെ പ്രോഗ്രാമെല്ലാം പ്രിന്റ് ചെയ്തു തയാറാക്കി അദ്ദേഹത്തിന്റെ മേശപ്പുറത്തു പ്രത്യേക ബോർഡില്‍ കാണത്തക്ക വിധത്തില്‍ വച്ചു. പകര്‍പ്പ് പൊതുജന സമ്പര്‍ക്ക വകുപ്പിനും കൊടുത്തു. കുറച്ചു ദിവസങ്ങള്‍ എല്ലാം ചിട്ടയായി പോയി. പിന്നീട്, കാര്യങ്ങളെല്ലാം പഴയപടിയായി..!
മുഖ്യമന്ത്രിയായിരുന്ന 2011 -2016 കാലഘട്ടത്തില്‍ രണ്ടുമൂന്നു പ്രാവശ്യം അദ്ദേഹം അസുഖബാധിതനായി തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളെജുകളില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു. സന്ദർശകർക്കു കർശന വിലക്കേര്‍പ്പെടുത്തി മുഴുവന്‍ സമയ വിശ്രമം ഡോക്റ്റര്‍മാര്‍ കല്പ്പിച്ചു. അദ്ദേഹം വിശ്രമിക്കട്ടെയെന്നു കരുതി ഞങ്ങള്‍ ആശുപത്രിയില്‍ പോകാതെ ഡോക്റ്റര്‍മാരുമായി ഫോണില്‍ കൂടി രോഗവിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നു. രണ്ടാം ദിവസമായാപ്പോഴേക്ക് അദ്ദേഹം ഡോക്റ്റര്‍മാരുമായി സംസാരിച്ച് അത്യാവശ്യ ഫയലുകള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നുനോക്കി ഒപ്പിടാനുള്ള അനുവാദം വാങ്ങി. എന്നിട്ട് ഫയലുമായി ആശുപത്രിയില്‍ എത്താന്‍ ഞങ്ങള്‍ക്ക് നിര്‍ദേശം നല്കി. അങ്ങനെ വളരെ അത്യാവശ്യമുള്ള ഫയലുകള്‍ മാത്രം ഒപ്പിടീച്ചു മടങ്ങി.
അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത, ചട്ടവിരുദ്ധമായി ഒരു കാര്യവും ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനോടും പറയില്ല എന്നതാണ്. നിയമപരമായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളില്‍ വേണ്ട സഹായം ചെയ്യണമെന്നേ മുഖ്യമന്ത്രി എന്ന നിലയില്‍പ്പോലും പറഞ്ഞിട്ടുള്ളൂ. ചട്ടങ്ങളില്‍ അയവുവരുത്തേണ്ട ആവശ്യമുണ്ടെങ്കില്‍, അങ്ങിനെയുള്ള ഫയലുകള്‍ മന്ത്രിസഭാ പരിഗണനയ്ക്കു വയ്ക്കും. അശരണർ, സാമൂഹ്യപരവും സാമ്പത്തികവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ എന്നിവരുമായി ബന്ധപ്പെട്ട ഫയലുകളാണെങ്കില്‍ അവയ്ക്കു പ്രത്യേക പരിഗണന നല്കി നിയമാനുസൃതം ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെങ്കില്‍, ആ രീതിയില്‍ മാറ്റം വരുത്തി അവരെ സഹായിക്കുവാന്‍ അദ്ദേഹം മടിച്ചുനില്‍ക്കില്ല.
അതിന്റെ ഒരു ഉദാഹരണമായിരുന്നു മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് 2011ല്‍ കിട്ടിയ ഒരു നിവേദനം. ഒരു യുവാവാണ് നിവേദനവുമായി അദ്ദേഹത്തെ വന്നു കണ്ടത്. നിവേദനത്തില്‍ പറഞ്ഞത്, "അമ്മ മരിച്ചു, പക്ഷേ മരണ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല' എന്ന സങ്കടകരമായ കാര്യമായിരുന്നു. സാധാരണ ബന്ധപ്പെട്ട പഞ്ചായത്തോ നഗരസഭയോ സ്വാഭാവികമായി നല്‍കേണ്ടതാണ്. അത് ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയെ കാണുവാന്‍ നിവേദനവുമായി എത്തിയത്. സര്‍ട്ടിഫിക്കറ്റിനായി രണ്ടു വര്‍ഷത്തോളം ആ യുവാവ് ഓഫിസുകള്‍ കയറിയിറങ്ങി നടക്കുകയായിരുന്നു.
അയാളോട് അദ്ദേഹം വിശദ വിവരങ്ങള്‍ ചോദിച്ചപ്പോളാണ് യഥാർഥ പ്രശ്നം മനസിലായത്. അയാളും അമ്മയും കൂടി ശബരിമല ദര്‍ശനത്തിനു പോയി മടങ്ങുന്ന വഴിയില്‍ അമ്മയ്ക്ക് നെഞ്ചുവേദന അനുവഭവപ്പെട്ടു. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കാണിച്ചപ്പോള്‍ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. കോട്ടയത്തേക്കുള്ള യാത്രാമധ്യേ അമ്മ അന്ത്യശ്വാസം വലിച്ചു. ആശുപത്രിയിലെത്തിയാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടിവരും എന്നതിനാല്‍ മൃതദേഹവുമായി നേരേ വീട്ടിലേക്കു പോയി. അവിടെ നഗരസഭാ ശ്മശാനത്തില്‍ സംസ്കാരം നടത്തി. എന്നാല്‍, യാത്രാമധ്യേ ആയിരുന്നു മരണം എന്നതിനാല്‍, ആര് സര്‍ട്ടിഫിക്കറ്റ് നല്‍കും എന്നതായിരുന്നു തര്‍ക്കവിഷയം. ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തി. മൃതദേഹം സംസ്കരിച്ച സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിന് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഉത്തരവ് നല്കി. പിന്നീട് സര്‍ക്കാരും ഇതിനനുസൃതമായി ഉത്തരവിറക്കിയതോടെ വര്‍ഷങ്ങളായി തർക്കത്തിൽ കിടന്ന ഒരു സുപ്രധാന പ്രശ്നത്തിനു തീർപ്പായി. ആ ഒറ്റ നടപടിയിലൂടെ ഒട്ടേറെപ്പേരുടെ പ്രശ്നത്തിനാണ് പരിഹാരമുണ്ടായത്. അതാണ് ഉമ്മന്‍ ചാണ്ടി എന്ന ഭരണാധിപന്റെ ഭരണപാടവം.
ഏതു പ്രശ്നത്തിന്റെയും കാതല്‍ എന്താണെന്ന് മനസിലാക്കി അത് പരിഹരിക്കാനുള്ള വൈഭവം കാണിക്കാന്‍ വളരെ അപൂര്‍വം ഭരണാധികാരികള്‍ക്കേ സാധിക്കൂ. അതാണ് മറ്റു ഭരണാധികാരികളില്‍ നിന്നും ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയെ വ്യത്യസ്തനാക്കിയത്. 80ാം പിറന്നാള്‍ ദിനത്തില്‍, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
(ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ. ഫോൺ: 9847173177)