ഇനി വിശ്രമം...

വിശ്രമമില്ലാത്ത ജീവിതത്തിന് വ്യാഴാഴ്ച പുതുപ്പള്ളി വലിയ പള്ളിയിൽ അന്ത്യ വിശ്രമം
ഇനി വിശ്രമം...
Metro Vaartha
Updated on

പ്രത്യേക ലേഖകൻ

പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ് കോൺഗ്രസ് രാഷ്‌ട്രീയത്തിലെ അതികായനായി പയറ്റിത്തെളിഞ്ഞ്, നാടറിയുന്ന ഉമ്മൻ ചാണ്ടിയായി മാറിയ തലസ്ഥാന നഗരി, തിരുവനന്തപുരം. അവിടേക്ക് അവസാനമായി പ്രത്യേക വിമാനത്തിലൊരു യാത്ര. പതിവുകളൊക്കെ തെറ്റിപ്പോയ ഒരു പകൽ നേരം. തിരക്കിട്ട ഓട്ടപ്പാച്ചിലുകളില്ല, പതിവിനു വിരുദ്ധമായി പരിപാടികളെല്ലാം നിശ്ചയിക്കുന്നത് മറ്റുള്ളവർ.

സെക്രട്ടേറിയറ്റിൽ, ദർബാർ ഹാളിൽ, പാളയം പള്ളിയിൽ, കെപിസിസി ആസ്ഥാനത്ത്, പിന്നെ കോട്ടയം വരെ എംസി റോഡിൽ ഉടനീളം, കാണാൻ ജനസഞ്ചയം കാത്തുനിൽക്കും, പക്ഷേ, പതിവു പോലെ പരാതി പറയാനും പരിഭവങ്ങളുടെ കെട്ടഴിക്കാനുമല്ല, പ്രിയപ്പെട്ട നേതാവിനെ ഒരുനോക്കുകാണാൻ മാത്രം, അവസാനമായി....

മത്സ്യം ജലത്തിലെന്നപോലെ ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്‍റെ ചേതനയറ്റ ശരീരം ഒരിക്കൽക്കൂടി പഴയ തട്ടകത്തിലെത്തുമ്പോൾ സ്വീകരിക്കാൻ ഒരിക്കൽക്കൂടി വലിയ ജനാവലി തടിച്ചുകൂടി. ഇടറുന്ന ശബ്ദത്തിലും അവർ ആകാശം പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി.

മുഖ്യമന്ത്രിക്കസേരയിൽപ്പോലും അമർന്നിരിക്കാൻ നേരമില്ലാത്ത തിരക്കുകളിൽ ആണ്ടുമുങ്ങുമ്പോഴും ശനിയാഴ്ചകളിൽ നാട്ടുകാരെ കാണാൻ കോട്ടയത്തേക്കും പുതുപ്പള്ളിയിലേക്കും പോയിരുന്ന റൂട്ടിൽ ഇനിയൊരു വിലാപയാത്ര മാത്രം ബാക്കി....

അതിനു മുൻപ്, സ്വന്തം നാടിനെ തലസ്ഥാനത്തേക്കു പറിച്ചുനട്ട ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ പൊതുദർശനം. പിന്നെ, ദർബാർ ഹാളിലും പാളയം പള്ളിയിലും കെപിസിസി ആസ്ഥാനത്തും.

എല്ലാം കഴിഞ്ഞ് പുതുപ്പള്ളിയിലേക്ക്, പോകുന്ന വഴി കോട്ടയം പട്ടണത്തിലടക്കം കാണാൻ കാത്തുനിൽക്കുന്നവരുണ്ട്. വിശ്രമമില്ലാത്ത ജീവിതത്തിന് വ്യാഴാഴ്ച പുതുപ്പള്ളി വലിയ പള്ളിയിൽ അന്ത്യ വിശ്രമം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com