ഓപ്പൺ ബുക്ക് പരീക്ഷ: സാധ്യതകളും വെല്ലുവിളികളും

ഓപ്പൺ ബുക്ക് പരീക്ഷകൾക്കും മുൻകൂർ തയാറെടുപ്പ് ആവശ്യമാണ്
Representative Image
Representative Image

ഡോ. കെ. ലൈലാസ്

നമ്മളിൽ പലരും ഓപ്പൺ ബുക്ക് പരീക്ഷ എന്ന ആശയം വിഭാവന ചെയ്യുന്നതും അതിനോട് ഭാഗികമായെങ്കിലും യോജിക്കുന്നതും അത് മികച്ച സ്കോർ നേടുവാനും അനാവശ്യ പാഠഭാഗങ്ങൾ പഠിക്കുന്നതിൽ നിന്നും വിദ്യാർഥികളെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. സിബിഎസ്ഇ സ്കൂളുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണിപ്പോൾ. ഈ ഒരു പശ്ചാത്തലത്തിൽ എങ്ങനെയാണ് ഓപ്പൺ ബുക്ക് പരീക്ഷ വിദ്യാർഥികളെ ബാധിക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം.

നിലവിലെ പരീക്ഷാ സമ്പ്രദായം

ഉരുവിട്ട് കാണാതെ പഠിച്ചത് എഴുതി വയ്ക്കുന്നതാണ് നിലവിലെ പഠന പരീക്ഷാ രീതി. ആശയങ്ങളും വസ്തുതകളും ഓർമിച്ച് എടുത്ത് ഉത്തരക്കടലാസിൽ എഴുതുന്നു. വസ്തുതകളും ആശയങ്ങളും പ്രായോഗികമായി പഠിക്കുവാനോ പ്രയോഗിക്കുവാനോയുള്ള അവസരങ്ങൾ കുറവാണ് നിലവിലെ പരീക്ഷാ സമ്പ്രദായത്തിൽ. ഇന്‍റർനെറ്റ്, സ്മാർട്ട് ഫോൺ എന്നിവയുടെ കടന്നുവരവോടെ ആശയങ്ങളും വസ്തുതകളും നമ്മുടെ വിരൽത്തുമ്പിലായിട്ടുണ്ട്. ആശയങ്ങളും വസ്തുതകളും വേഗത്തിൽ മനസിലാക്കാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ ഇത് സഹായിക്കുന്നു. അതുകൊണ്ട് വിദ്യാർഥികളുടെ ഓർമശക്തി പരീക്ഷിക്കുന്ന പരമ്പരാഗത പരീക്ഷാ സമ്പ്രദായം ഇനിയും വേണേ എന്ന് ചിന്തിക്കാൻ സമയമായി.

എന്താണ് ഓപ്പൺ ബുക്ക് പരീക്ഷ

ഉത്തരങ്ങൾ എഴുതുന്നതിന് വിദ്യാർഥികൾക്ക് പുസ്തകങ്ങൾ, നോട്ട് ബുക്കുകൾ, ഇന്‍റർനെറ്റ് എന്നിവ അടക്കമുള്ള പഠനസാമഗ്രികൾ തുറന്നു നോക്കാൻ അനുവദിക്കുന്ന പരീക്ഷാ രീതിയാണ് ഓപ്പൺ ബുക്ക് പരീക്ഷ. എന്നാൽ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ടെസ്റ്റ് ബുക്കുകളിലുള്ളതു പോലെ അതേപടി പകർത്തിയെഴുതാൻ പാടില്ല. പകരം, പഠനങ്ങളിലൂടെയും വായനയിലൂടെയും ആർജിച്ചെടുത്ത ആശയങ്ങൾ പ്രതിഫലിപ്പിക്കുന്ന ഉത്തരങ്ങൾ ആയിരിക്കണം. ഇത്തരം പരീക്ഷ വിദ്യാർഥികൾക്ക് ഓൺലൈനായി വീട്ടിലിരുന്ന് എഴുതി ഉത്തരക്കടലാസ് ഓൺലൈനായി തന്നെ അധ്യാപകർക്ക് അല്ലെങ്കിൽ യൂണിവേഴ്സിറ്റിക്ക് അയക്കാവുന്നതാണ്. ഇതിന് പരീക്ഷാസമയത്തിനു ശേഷം പരമാവധി 30 മിനിറ്റ് വരെ വിദ്യാർഥികൾക്ക് അനുവദിക്കും.

ഓപ്പൺ ബുക്ക് പരീക്ഷകൾ നിലവിലെ പരീക്ഷ സമ്പ്രദായത്തിലെ ദുരുപയോഗം ഇല്ലാതാക്കുക മാത്രമല്ല ഓരോ വിദ്യാർഥിക്കും അവരുടെ ആശയങ്ങളെക്കുറിച്ചുള്ള ധാരണയെയും പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളെക്കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടിനെയും അടിസ്ഥാനമാക്കി ഉത്തരമെഴുതാൻ സഹായിക്കും.

നിലവിലെ മാതൃകകൾ

ലോകത്തെ മിക്ക സർവകലാശാലകളും ഇപ്പോൾ ഓൺ ലൈൻ ഓപ്പൺ ടെക്സ്റ്റ് ബുക്ക് എക്സാം അഥവാ ഓപ്പൺ ബുക്ക്എക്സാം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ ലോ സ്കൂളുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ നിലവിലുണ്ട്. വിദ്യാർഥികൾക്ക് നിയമ തത്വങ്ങൾ മനസിലാക്കുന്നതിനും യഥാർഥ ജീവിത സാഹചര്യങ്ങളിൽ അവ പ്രയോഗിക്കാനുമാണ് ഇവിടെ ഊന്നൽ നൽകുന്നത്. അതുപോലെ ജർമൻ സർവകലാശാലകളിലെ എൻജിനീയറിങ് പരീക്ഷകൾ ഓപ്പൺ ബുക്ക് എക്സാം രീതിയിലാണ് നടത്തുന്നത്.ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളും ഇതിനായി ഒരുങ്ങുകയാണ്.

വെല്ലുവിളികൾ

ഓപ്പൺ ബുക്ക് പരീക്ഷകൾക്കും മുൻകൂർ തയാറെടുപ്പ് ആവശ്യമാണ്. റഫറൻസ് മെറ്റീരിയലുകളുടെ അളവ് ക്രമാതീതമായി വർധിക്കുന്നതിനാൽ ആശയങ്ങൾ തമ്മിലുള്ള ബന്ധം പഠിക്കുകയും യഥാർഥ ജീവിതവുമായി ബന്ധിപ്പിക്കാനും പ്രയോഗിക്കാനും അനുയോജ്യമായ സന്ദർഭങ്ങളും പാറ്റേണുകളും തെരഞ്ഞെടുക്കേണ്ടി വരും. അടിസ്ഥാന സൗകര്യങ്ങൾ ഇനിയും വികസിക്കാത്ത ദശലക്ഷക്കണക്കിന് ആളുകൾ ഉള്ള ഇന്ത്യ പോലുള്ള രാജ്യത്ത് ഓപ്പൺ ബുക്ക് പരീക്ഷകൾക്കായി റഫറൻസ് മെറ്റീരിയലുകളുടെ ഒരു വലിയ ശ്രേണി നൽകുന്നത് അപ്രായോഗികമാണ്.

2020ൽ കൊവിഡ് പകർച്ചവ്യാധികൾക്കിടയിൽ ഡൽഹി സർവകലാശാല, ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല, ജവഹർലാൽ നെഹറു സർവകലാശാല, അലിഗഡ് മുസ്‌ലിം സർവകലാശാല എന്നിവ ഓൺലൈൻ ഓപ്പൺ ബുക്ക് പരീക്ഷകൾ ആസൂത്രണം ചെയ്തു. ഇതിനായി പരിശീലനം നടത്തുകയും വിദ്യാർഥികൾക്ക് സ്വന്തം ഉത്തരക്കടലാസുകൾ, ഗാഡ്ജെറ്റുകൾ, പഠന സാമഗ്രികൾ എന്നിവ പരീക്ഷയ്ക്ക് ഉപയോഗിക്കുവാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ ഒരുപാട് സാങ്കേതിക പ്രശനങ്ങൾ വിദ്യാർഥികൾക്ക് അവിടെ നേരിടേണ്ടി വന്നു. പരീക്ഷയ്ക്കിടയിൽ ഓൺലൈൻ പോർട്ടൽ തകരാറിലാകുക വരെയുണ്ടായി.

എന്നിരിന്നാലും സിബിഎസ്ഇ സ്കൂളുകളിൽ 2014-15 മുതൽ 2016-17 വരെയുള്ള കാലയളവിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഓപ്പൺ ബുക്ക് സംവിധാനം പരീക്ഷിച്ചു. കേരളത്തിനും ഓപ്പൺ ബുക്ക് പരീക്ഷ സമ്പ്രദായം പരീക്ഷിക്കാവുന്നതാണ്. പരീക്ഷണം വിജയിച്ചാൽ ഓപ്പൺ ബുക്ക് പരീക്ഷാ സമ്പ്രദായത്തിലേക്ക് മാറാം.

(പട്ടം ഗവൺമെന്‍റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ് ലേഖകൻ)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com